സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

April 30, 2019

നക്ഷത്രങ്ങളിൽ നിന്നും വിട്ട് നമുക്ക് ഭൂമിയിൽ ജീവിക്കാം


അടുത്ത സമയത്ത് ഒരു തീർത്ഥാടന യാത്ര നടത്തിയപ്പോൾ കുറെ കാര്യങ്ങൾ ഗ്രഹിക്കാൻ കഴിഞ്ഞു . 
പ്രധാനമായും എന്തൊക്കെ നേടിയാലും പ്രശ്നം വന്നാലും മിക്കവരും ഓടി എത്തുന്ന ഒരിടം.
ദൈവീക വിശ്വാസത്തിന് പുറമെ അന്ധവിശ്വാസം കൊണ്ട് നടക്കുന്നുണ്ട് ചിലർ. അവരുടെ
ജീവിതത്തിൽ പോസിറ്റീവായി പ്രവർത്തിച്ചു ഗുണം ചെയ്യുന്ന ചില അന്ധവിശ്വാസങ്ങളുമുണ്ട് . വിശ്വാസങ്ങൾ എപ്പോഴും ശാസ്ത്രീയമാവണമെന്നില്ല . ചരിത്രാതീതകാലം തൊട്ടുതന്നെ രൂപംകൊണ്ടുവന്നിട്ടുള്ള വിശ്വാസങ്ങൾ പലതും ഇന്നും നിലനിൽക്കുന്നുണ്ട് . ചിലതൊക്കെ വേഷം മാറിയിട്ടാണെന്നു മാത്രം .  അജ്ഞതയെന്നോ അന്ധവിശ്വാസമെന്നോ ഒക്കെ പറയാമെങ്കിലും ഈ വിശ്വാസങ്ങളുടെ ബലത്തിലാണ് മനുഷ്യൻ ജീവിക്കുന്നത് . ഈ വിശ്വാസങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ആത്മഹത്യകളുടെ എണ്ണം വർദ്ധിക്കുമായിരുന്നു . വിശ്വാസം പ്രതീക്ഷ നൽകുന്നു . സ്വപ്നങ്ങൾ നൽകുന്നു .
 അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത് . “ നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും ” എന്ന് . 
വിശ്വാസങ്ങൾ ജീവിതത്തിൽ നെഗറ്റീവായി മാറി ദോഷം ചെയ്യുമെങ്കിൽ അത്തരം വിശ്വാസങ്ങളെ സ്വീകരിച്ചു സന്തോഷവും സമാധാനവും നശിപ്പിക്കരുത് . 


ജ്യോതിഷം , ഹസ്തരേഖ തുടങ്ങി ഭാവി പ്രവചിക്കുന്ന അനവധി കലകളുണ്ട് . ഭാവിയെക്കുറിച്ച് അറിയുവാനുള്ള മനുഷ്യന്റെ ഒരു കൗതുകമായി മതം ഇത്തരം പ്രസ്ഥാനങ്ങളെ കാണുകയാണെങ്കിൽ അതു നിന്നും ദോഷമായി ബാധിക്കുന്നില്ല . എന്നാൽ ഇത്തരം പ്രവചനങ്ങൾ ഗൗരവമായി എടുത്തു ജീവിതം നിയന്ത്രിക്കുന്ന പലരേയും എനിക്കറിയാം . 
 ഇതു സന്തോഷപരമായ ജീവിതത്തെ നെഗറ്റീവായി ബാധിക്കും . ഭാവി പ്രവചനകലകൾ - ശാസ്ത്രങ്ങളല്ല - മനുഷ്യന്റെ ജിജ്ഞാസ പ്രതിരോധിക്കുന്നതിനുള്ള മനശാസ്ത്രപരമായ ഒരു ടെക്നിക്കായി മാത്രം കാണുക . അവ ജീവിതത്തിൽ സത്യമായി ഗണിച്ചു മാർഗ ദർശനം നടത്താനുള്ള വിശ്വാസമായി മാറുമ്പോഴാണ് അപകടമാകുന്നത് . എല്ലാ ജീവജാലങ്ങളിൽ നിന്നും അവയുടെ ഭാവി പ്രകൃതി മറച്ചുവെച്ചിരിക്കുകയാണ് . ഭാവിയെപ്പറ്റി അറിഞ്ഞാൽ ഒരു ജീവിക്കും ജീവിതം സാധ്യമല്ലാതായിതീരും . ഇത് ഒരു പ്രകൃതി സത്യമാണ് , ഇത്തരം പ്രവചനകലകളെ മിക്ക മതങ്ങളും ഗുരുക്കന്മാരും അംഗീകരിക്കുന്നില്ല .

 ശ്രീ ബുദ്ധൻ ഇവ വെറും തട്ടിപ്പായി അവഗണിച്ചു . ബൈബിളിൽ ഭാവി പ്രവചനക്കാർക്കെതിരെ ശക്തമായ താക്കീതുണ്ട് . -- 
ഭാവി പ്രവചിക്കുന്നവരുടെ കൂടെ നിങ്ങളെ കണ്ടു പോകരുത് . മന്ത്ര വിദ്യകളിലൂടെ ഭാവി പറഞ്ഞ് നിങ്ങളെ വശത്താക്കാൻ ശ്രമിക്കുന്നവരുടെ പുറകെയോ പോകുന്നവർ നിങ്ങളുടെ ദൈവത്തിന്റെ വിദ്ധോഷം സമ്പാദിക്കുന്നു .” ( ആവർത്തന പുസ്തകം 18 : 1020 ) 

പക്ഷെ ഇന്ന് മിക്ക മത വിഭാഗത്തിലെ ആളുകൾ ജ്യോതിഷവും നക്ഷത്രവും കാലവുമൊക്കെ നോക്കി കാര്യങ്ങൾ നടത്തുന്നു .
 ഈയിടെ ഞാൻ ഒരു  ക്രൈസ്തവ കുടുംബ വീട്ടിൽ വിവാഹത്തിൽ പങ്കെടുക്കുവാൻ പോയി . സമയം കഴിഞ്ഞിട്ടും പുറപ്പെടാൻ വൈകുന്നത് കണ്ടു അന്വേഷിച്ചപ്പോഴാണ് അറിയുന്നത് രാഹുകാലം കഴിഞ്ഞിട്ടേ ഇറങ്ങുകയുള്ളൂവെന്ന് . 

ഭാവി പ്രവചന വിദ്യകൾ വെറും കലകളായി കാണുവാനുള്ള പ്രായോകിക ബുദ്ധി നമുക്കുണ്ടാവണം .
“ നിങ്ങൾക്ക് ശനികാലമാണ് , സമയം മോശമാണ് ” എന്ന് ഒരു ജോത്സ്യൻ നിങ്ങളോടു പറഞ്ഞാൽ , നിങ്ങൾ അതിൽ വിശ്വസിക്കുന്നയാളാണെങ്കിൽ അതോടെ നിങ്ങളുടെ ആത്മവിശ്വാസം തകരുന്നു . പിന്നെ മുന്നോട്ടുള്ള പ്രവർത്തികളിൽ പ്രചോദനവും - ആത്മാർത്ഥതയും നഷ്ടപ്പെടുകയും ചെയ്യും .പ അനന്തരഫലം . ഇവിടെ നിങ്ങളെ നശിപ്പിക്കുന്നത് നിങ്ങളുടെ സമയമല്ല , വിശ്വാസമാണ് . അതുകൊണ്ടാണ് പ്രവചനകലകളിൽ വിശ്വസിച്ചു ജീവിതം നശിപ്പിക്കരുതെന്ന് പറയുന്നത് . നല്ലകാലം മോശമായ കാലം എന്നൊന്നും ജീവിതത്തിൽ ഇല്ല . എല്ലാം നല്ലകാലമാണ് . ലക്ഷ്യം മുന്നിൽ കണ്ട് പ്രവർത്തിച്ചു കൊണ്ടിരിക്കുക . ഫലം പോസിറ്റീവോ നെഗറ്റീവോ ആയിരിക്കും . അതു കാലത്തിന്റെ വ്യത്യാസം കൊണ്ടല്ല . പ്രവർത്തിയുടെ സ്വാഭാവിക പ്രതികരണം മാത്രമാണ് . ഫലം നിങ്ങൾക്കനുകൂലമല്ലെങ്കിൽ മറ്റൊരാൾക്ക് അനുകൂലമായിരിക്കും . ഇതൊന്നും സമയഗുണം കൊണ്ടോ ദോഷം കൊണ്ടോ അല്ല സംഭവിക്കുന്നത് . എല്ലാ പ്രവർത്തിക്കും അനുകൂലമായോ പ്രതികൂലമായോ പ്രതികരണമുണ്ടാക്കാതെ പറ്റില്ലല്ലോ .- 
പ്രവർത്തിച്ചു കൊണ്ടിരിക്കണം . ഫലം മെച്ചമാകുന്നത് നിങ്ങളുടെ പ്രവർത്തിയുടെ ആത്മാർത്ഥതപോലെയിരിക്കും .
.
ഭഗവദ് ഗീതയിൽ പറഞ്ഞിട്ടുണ്ട്

" കർമണ്യേവാധികാരസ്തേ

മാ ഫലേഷു കദാചന

മാ കർമഫലഹേതുർ ഭൂഃ

മാ തേ സംഗോfസ്ത്വകർമണി  "    (അധ്യായം 2 ശ്ലോകം 47)


ഫലം കിട്ടണമെന്ന ആഗ്രഹത്തോടെ കർമ്മം ചെയ്യരുത്‌. കർമ്മം ചെയ്യുന്നതിന്‌ മാത്രമാണ്‌ നിനക്ക്‌ അധികാരം , കർമഫലത്തിൽ അത്‌ ഒരിക്കലും അധിഷ്ഠിതമാവരുത്‌. എന്നാൽ കർമ്മം ചെയ്യാതിരിക്കുന്നതിലും നിനക്ക്‌ താൽപര്യമുണ്ടാവരുത്‌.
.
നമ്മൾ ഭാവിയിൽ എന്ത് നടക്കും എന്നും കരുതി ഇന്നത്തെ പ്രവൃത്തി  ചെയ്യാൻ പാടില്ല, അതായത് കർമ്മഫലം നോക്കരുതെന്ന്. 

നല്ലത് തന്നെ നടക്കും. പോസിറ്റീവ് ആയി ചിന്തിക്കൂ.
മനസ്സ് തുറക്കു

.