Coffee Meetup : 1
ഹരിപ്പാട് – വിനു ചേട്ടൻ.
മനുഷ്യന്മാര് നമ്മളെ അത്ഭുതപ്പെടുത്തും. നമ്മടെ പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് അവര് നമ്മളെ കൊണ്ടുപോകും. വിനു ചേട്ടനുമായുള്ള ഹരിപ്പാടിലേക്കുള്ള ആദ്യത്തെ യാത്ര അതായിരുന്നു. കോഫി മീറ്റപ്പ് എന്ന ആശയത്തെ എന്നേക്കാൾ ഏറെ മനസ്സിലാക്കിയത് ചേട്ടൻ ആണെന്ന് തോന്നുന്നു. അല്ലെങ്കിൽ പിന്നെ ഒരു ദിവസത്തെ പരിചയം മാത്രമുള്ള ഒരാൾക്ക് ഇത്രയധികം അനുഭവം തരാൻ ഒരാൾക്കെങ്ങനെ പറ്റും.
കൊറേ സംശയങ്ങളും കൺഫ്യുഷനും കൊണ്ടാണ് ഹരിപ്പാട് വണ്ടി ഇറങ്ങിയത്. പുള്ളിയെ എങ്ങനെ കണ്ടുപിടിക്കും, എങ്ങനെ സംസാരിച്ച് തുടങ്ങും, എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കും. മൊത്തം ഒരു ശൂന്യതയായിരുന്നു മനസ്സ് നിറയെ. ആ ഗ്യാപ് ഫില്ല് ചെയ്തോണ്ടാണ് ‘ കരുണ ‘ ഹോട്ടലിലെ ഞാൻ ഇരുന്ന ടേബിളിലേക്ക് വിനു ചേട്ടൻ വന്നത്. ഉള്ളിലെ ചോദ്യങ്ങൾ ഇല്ലാതാക്കാൻ പുള്ളീടെ മുഖത്തിലെ ആ പുഞ്ചിരി മതിയായിരുന്നു. കാപ്പിയും കഴിച്ച് ഞങ്ങൾ ഇറങ്ങി.
സ്വന്തം നാടിനെ കുറിച്ച് എനിക്ക് എന്തറിയാം എന്ന് ചോദിച്ചാ മാനത്ത് നോക്കി നിന്ന് അങ്കമാലി സൂപ്പറാന്ന് മാത്രേ എനിക്ക് പറയാൻ അറിയത്തൊള്ളൂ. പക്ഷെ വിനു ചേട്ടൻ എന്നെ ഞെട്ടിച്ചു കളഞ്ഞു. ഞാൻ ആഗ്രഹിച്ച കാഴ്ചകൾ തന്നെ ഒരുപക്ഷെ അതിനേക്കാൾ കാഴ്ചകൾ അദ്ദേഹം എനിക്ക് മുൻപിൽ വിളമ്പി. ഹരിപ്പാട് എന്ന പേരിന് കാരണമായ അമ്പലവും, ആ ഐതീഹ്യവും, ചരിത്രവും എല്ലാം ചേട്ടനിൽ നിന്ന് അറിഞ്ഞു. പിന്നീട്, ലോകത്തിലെ സർപ്പക്കാവുകളിൽ ഏറ്റവും പ്രശസ്തിയാർന്ന കാവിലെ കാഴ്ചകളിലേക്ക് ആയിരുന്നു യാത്ര. എന്റെ ഊള ചോദ്യങ്ങൾക്ക് പുഞ്ചിരിയോടെ മറുപടി തന്നതും ഓർമ്മയിലുണ്ട്. അലപ്പുഴക്കാരുടെ വള്ളം കളി പ്രേമം ആ വാക്കുകളിൽ ഞാൻ കണ്ടു. ഗ്രാമവഴികളിലെ നിഷ്കളങ്കത. പുഞ്ചിരിക്കുന്ന മുഖങ്ങൾ. സൗഹൃദം നിറഞ്ഞ അന്തരീക്ഷം.
ആരെങ്കിലും നിങ്ങളെ നിങ്ങളുടെ വീടിന്റെ അകത്തളങ്ങളിലേക്ക് ക്ഷണിക്കുകയെന്നാൽ നിങ്ങളെ അത്രയേറെ അയാൾ വില കല്പിക്കുന്നുണ്ട്. ഒരു ദിവസത്തെ പരിചയം മാത്രം ഉള്ള എന്നെ ആ വീട്ടിലേക്ക് ക്ഷണിക്കാൻ കാണിച്ച മനസ്സ്. വിശക്കുന്നുണ്ടോ എന്ന് ചോദിച്ച് ഭക്ഷണം വച്ച് നീട്ടിയ കരുതൽ. നന്ദി. ( കൂടുതൽ പറഞ്ഞാ ഞാൻ ചിലപ്പോ സെന്റി ആവും. അതോണ്ടാണ്. )
വിനു ചേട്ടന്റെ അമ്മയോട് താറ്റയും പറഞ്ഞ് ഞങ്ങൾ പോയത് അടുത്തുള്ള തൂക്കുപാലത്തിലേക്കാണ്. തുടർന്ന് കവി കുമാരനാശാന്റെ പല്ലനയിൽ ഉള്ള സ്‌മൃതി സ്മാരകം കാണുവാൻ പോയി. ഒരു കവിയുടെ ബലികുടീരത്തിന് അദ്ദേഹത്തിന്റെ ആയുദ്ധതിന്റെ തന്നെ രൂപമാതൃക നല്കിയവർക്ക് അഭിനന്ദനം. യാത്രയുടെ അവസാനം, പമ്പ അറബിക്കടലിനോട് ചേരുന്ന ഇടമായിരുന്നു. വിവിധ കൈവഴികളിൽ ഒഴുകി വന്ന നദി കടലിൽ ഒന്നാകുന്നു. ഒരൊറ്റ ആത്മാവായി മാറുന്നു.
ആരംഭിച്ചതും അവസാനിപ്പിക്കുന്നതും ‘കരുണ’ യിൽ തന്നെ. എല്ലാം കഴിഞ്ഞ് എന്നെ ബസിൽ കയറ്റി വിട്ട് താറ്റ തന്ന മനുഷ്യന് പകരം നല്കാൻ എന്തുണ്ട്. ഒരു ദിവസം മുഴുവൻ എനിക്കൊപ്പം, ഈ അപരിചിതനൊപ്പം ഇദ്ദേഹം ചിലവഴിച്ച ഈ നിമിഷങ്ങൾക്ക് നന്ദി പറഞ്ഞ് അവസാനിപ്പിക്കട്ടെ.
അടിക്കുറിപ്പ് : കൊറേ യാത്രകൾ പോയിട്ടുണ്ട്. കൊറേ ആളുകളെ കണ്ടിട്ടുണ്ട്. പക്ഷെ ചേട്ടാ, ഇങ്ങള് മാസ്സാണ്. 😘 ( തള്ളണതല്ല )
.
യാത്ര വീഡിയോ👉
എഴുത്ത്/വീഡിയോ : സെബാസ്റ്റ്യൻ (Twitter)
No comments:
Post a Comment