സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

June 09, 2019

പങ്കുവെക്കലാകാം നമ്മുടെ ജീവിതം


ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും സമാധാനവും ഉണ്ടാകുന്നതിനുള്ള ഏറ്റവും നല്ല വഴി ജീവിതം മറ്റുള്ളവരുമായി പങ്കുവെയ്ക്കുകയെന്നതാണ്.  നമ്മൾ നമ്മൾക്ക് വേണ്ടിയാണല്ലോ ജീവിക്കുന്നത് . നമ്മൾക്ക് വേണ്ടി എന്നു പറഞ്ഞാൽ കുടുംബാംഗങ്ങൾക്കു വേണ്ടിക്കൂടിയും . ജീവിതം എന്നു പറഞ്ഞാൽ ഒറ്റയ്ക്കല്ല . ഒറ്റയ്ക്കാകണമെങ്കിൽ സന്യാസം സ്വീകരിച്ചു വീടുവിട്ടിറങ്ങണം . എന്നാലും പണ്ടത്തെ സന്യാസികളെപ്പോലെ ആധുനിക കാലത്തെ സന്യാസികൾ കുടുംബ ബന്ധങ്ങൾ പൂർണ്ണമായും മുറിച്ചു മാറ്റുന്നില്ല . - നമ്മൾ നമ്മുടെ കുടുംബാംഗങ്ങൾക്കു വേണ്ടി മാത്രം ജീവിക്കുന്നതുകൊണ്ട് ജീവിതം ഭാഗീകമായ പങ്കുവയ്ക്കുന്നുള്ളൂ . നമ്മുടെ കുടുംബാംഗങ്ങൾ നമ്മുടെ ശരീരത്തിന്റെ ഭാഗമാണ് . അവർക്കു വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്യുമ്പോൾ അതു നമ്മൾക്ക് വേണ്ടി തന്നെയാണ് ചെയ്യുന്നത് . അതുകൊണ്ട് സ്വന്തം കുടുംബാംഗങ്ങൾക്കു വേണ്ടിയുള്ള ജീവിതം ഒരു ത്യാഗമോ ചാരിറ്റിയൊ അല്ല . നമ്മൾ നമ്മളെ സ്നേഹിക്കുന്നതുകൊണ്ടാണ് നമ്മളുടെ രക്തബന്ധത്തിൽപ്പെട്ടവരെക്കൂടി സ്നേഹിക്കുന്നത് , അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ നമ്മൾക്ക് സന്തോഷവും സംതൃപ്തിയും ലഭിക്കുന്നു . വാസ്തവത്തിൽ നമ്മളുടെ ജീവിതം ഇവിടെ പങ്കു വയ്ക്കുകയല്ലെ ചെയ്യുന്നത് ?. എന്നാൽ യഥാർത്ഥത്തിൽ പങ്കുവെക്കൽ എന്നതുകൊണ്ടുദ്ദേശിക്കുന്നത് അന്യർക്കു വേണ്ടി , നമ്മുടെ ബന്ധത്തിൽപ്പെടാത്തവർക്കു വേണ്ടി എന്തെങ്കിലും നന്മ ചെയ്യുമ്പോഴാണ് . അന്യർക്കു വേണ്ടി നമ്മുടെ ജീവിതത്തിന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം ചെലവഴിക്കുമ്പോൾ കിട്ടുന്ന സന്തോഷം , സംതൃപ്തി ഒന്നുവേറെ തന്നെയാണ് . ഇവിടെ നമ്മൾ സ്വയം മറക്കണം . നമുടെ ജീവിതം , നമ്മുടെ പ്രശ്നങ്ങൾ എല്ലാം മറക്കുക . അന്യരുടെ പ്രശ്നങ്ങളെക്കുറിച്ച് , അന്യരുടെ വേദനകളെക്കുറിച്ച് ഓർക്കുകയും അവരെ സഹായിക്കുവാൻ തയ്യാറാവുകയും ചെയ്യണം . എന്നാൽ മാത്രമേ ജീവിതം പങ്കുവെക്കുക എന്ന ലക്ഷ്യം പൂർണ്ണമാകുന്നുള്ളൂ . അതിൽ നിന്നു ലഭിക്കുന്ന സന്തോഷവും സമാധാനവും ഒന്നു വേറെ തന്നെയാണ് . അതൊന്ന് അനുഭവിച്ചു നോക്കുമ്പോഴേ അതിന്റെ സംതൃപ്തി മനസ്സിലാകുകയുള്ളൂ . 

- പ്രതിഫലം വാങ്ങിച്ചുകൊണ്ട് മറ്റുള്ളവർക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നത് ജീവിതം പങ്കുവെയ്ക്കലല്ല . വില്പനയാണ് അവിടെ നടക്കുന്നത് . അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു എന്നൊക്കെ ഡോക്ടറായി സേവനമനുഷ്ഠിച്ചു എന്നൊക്കെ നമ്മൾ ദിനംപ്രതി കേൾക്കുന്നത് അല്ലേ . സേവനം എന്നത് പ്രതിഫലം വാങ്ങാതെ ചെയ്യുന്ന ഒന്നാണ് . അദ്ധ്യാപകനും ഡോക്ടറും കളക്ടറും മന്ത്രിയുമൊക്കെ ഇന്ന് പ്രതിഫലം വാങ്ങിയാണ് ജോലി ചെയ്യുന്നത് . പ്രതിഫലം വാങ്ങി ചെയ്യുന്ന ജോലി സേവനമല്ല . വില്പനയാണ് . നമ്മളുടെ സമയവും അദ്ധ്വാനവും വില്ക്കുന്നു . 
തിരുവനന്തപുരത്ത്‌ ഒരു അനാഥ മന്ദിരത്തിൽ സമയം ചിലവഴിച്ചപ്പോൾ  ഞാൻ കണ്ടത് അവിടെ ഉള്ള കുട്ടികളെ എങ്ങനെയെങ്കിലും പഠിപ്പിക്കുക , പരീക്ഷയിൽ ജയിപ്പിക്കുക എന്നതായിരുന്നു ആ കന്യാസ്ത്രീ അദ്ധ്യാപികമാരുടെ ലക്ഷ്യം . അതിനുവേണ്ടി അവർ സ്കൂൾ സമയം കഴിഞ്ഞാലും രാവിലെയുമൊക്കെ സ്പെഷ്യൽ ക്ലാസുകൾ വച്ച് പഠിപ്പിക്കുമായിരുന്നു . ഇന്ന് അത്തരമൊരു ട്യൂഷൻ ക്ലാസിനെക്കുറിച്ചു ചിന്തിക്കാൻ പോലും പറ്റില്ല . ട്യൂഷൻ എടുത്താൽ ഫീസു വേണം . വാങ്ങിക്കുന്ന ശമ്പളത്തിനു പകരമുള്ള സമയവും അദ്ധ്വാനവും ഇന്ന് ജോലിയെടുക്കുന്നവർ നല്കുന്നതില്ലെന്നു നമുക്കറിയാം . പ്രത്യേകിച്ച് സർക്കാർ ജോലിക്കാർ . ഇവരൊക്കെ സേവനമനുഷ്ഠിക്കുന്നു എന്നാണ് പൊതുവെ സംസാരം . പ്രതിഫലം വാങ്ങിക്കാതെ , പകരം മറ്റൊന്നും ഇച്ഛിക്കാതെ അന്യനു വേണ്ടി ചെയ്യുന്ന നന്മയാണ് ജീവിതം പങ്കുവെയ്ക്കൽ എന്നുകൊണ്ടുദ്ദേശിക്കുന്നത് . അതിൽ നിന്നും ലഭിക്കുന്ന സന്തോഷം അഥവാ സംതൃപ്തി ഒന്നനുഭവിച്ചു നോക്കു . ഇടയ്ക്കൊക്കെ നമ്മുടെ പ്രശ്നങ്ങളും മറ്റും ഒന്നു മാറ്റിവച്ചിട്ട് മറ്റുള്ളവരുടെ പ്രശ്നങ്ങളെക്കുറിച്ചും , വേദനകളെക്കുറിച്ചും ചിന്തിക്കുവാൻ അൽപ സമയം കണ്ടെത്തുക . അവർക്കു വേണ്ടി എന്തെങ്കിലുമൊന്നു ചെയ്യുവാൻ കഴിയുമോ എന്നു നോക്കുക . നമ്മുടെ ടെൻഷനൊക്കെ കുറയുന്നതായും പ്രത്യേകമൊരു സംതൃപ്തിയും സമാധാനവും കൈവരിക്കുന്നതായും അനുഭവപ്പെടും .






No comments: