സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

നന്മയുള്ള അച്ഛൻ ( നിഷാ രഞ്ജിത്ത്)

• കഥ

• എഴുതിയത് - നിഷാ രഞ്ജിത്ത്



മാളൂ അച്ഛൻ ഇറങ്ങുവാ മോളേ ,
ദാ കാപ്പി തയ്യാറായച്ഛാ എന്തെങ്കിലും കഴിച്ചിട്ട് പോകൂ..
വേണ്ട മോളേ ,ഇപ്പൊത്തന്നെ നേരം വൈകി , ഈ ചിട്ടിയെങ്കിലും കിട്ടിയില്ലെങ്കിൽ അറിയാലോ ഇനി രണ്ടാഴ്ച്ചയേ ഉള്ളു കല്യാണത്തിന് , ഇന്നാണ് പറഞ്ഞ കാശ് കൊടുക്കാമെന്നേറ്റ അവസാന ദിവസം. അച്ഛൻ വന്നിട്ട് കഴിച്ചോളാം ,മോള് കതകടച്ചിരിന്നോ....
ഈശ്വരാ മണി പത്തായല്ലോ , ഇനി എപ്പോഴാ അങ്ങെത്തുക , പലരും ഓട്ടോക്ക് കൈ കാണിക്കുന്നുണ്ട് , അല്ലേലും അങ്ങനെയാണല്ലോ ഓട്ടത്തിന് വരുമ്പോ മാത്രം ആരുമുണ്ടാവില്ല , എന്തെങ്കിലും അത്യാവശ്യത്തിന് പോകുമ്പോ ഓട്ടോക്ക് ആവശ്യക്കാര് നൂറ് പേരുണ്ടാവും..


അയാൾ പരമാവധി വേഗത കൂട്ടി. ഇടവഴി കടന്ന് മെയിൻ റോഡിലേക്ക് കയറിയതും അയാളുടെ നെഞ്ചൊന്നു പിടച്ചു. എൻറെ ഭഗവതീ നിയെന്നെ പരീക്ഷിക്കുകയാണോ, ഇത്രയും തിരക്കിനിടയിൽ എങ്ങനെ ഞാനിനി പറഞ്ഞ സമയത്തിനെത്തും. ഇടതും വലതും മാറിമാറി വിദഗ്ദമായി കുറച്ച് മുന്നിലെത്തി. അൽപം മുന്നിലായി വഴിയിൽ ഒരാൾക്കൂട്ടം. എന്തോ ഒരപകടം നടന്നിരിക്കുന്നു. ഇനി മുന്നോട്ട് പോകാൻ കഴിയുമെന്ന് തോന്നുന്നില്ല. തിരിച്ചു മറ്റേതെങ്കിലും വഴി പോകാമെന്നു വച്ചാൽ പുറകിലും വരിവരിയായി വാഹനങ്ങൾ നിറഞ്ഞു കഴിഞ്ഞു... നിരാശയോടെ അയാൾ എൻജിൻ ഓഫ് ആക്കി വേഗം ആൾക്കൂട്ടം ലക്ഷ്യമാക്കി നടന്നു. മുന്നിലെ കാഴ്ച കണ്ട് ഒരു നിമിഷം അയാൾ കണ്ണുകൾ മൂടി. ദേഹമാസകലം രക്തത്തിൽ കുളിച്ച് ഒര് പെൺകുട്ടി. റോഡിൽ ഉരഞ്ഞ് വസ്ത്രങ്ങൾ ആകെ കീറി മാറിടം പകുതിയോളം പുറത്ത് കാണാവുന്ന നിലയിലാണ്. അയാൾ ചുറ്റും കൂടി നിൽക്കുന്നവരെ നോക്കി , ഈ അവസ്ഥയിലും പലരുടെയും കണ്ണ് അവളുടെ മാറിടത്തിലാണ് , മറ്റു ചിലർ ആ ദൃശ്യങ്ങൾ മൊബൈലിൽ ഒപ്പി എടുക്കുന്ന തിരക്കിലും. ഈശ്വരാ എന്ത് ലോകം ആണിത്.....
ആരൊക്കെയോ കുറച്ചു പേർ ചേർന്നു പെൺകുട്ടിയെ റോഡിന് അരികിലേക്കായി മാറ്റി കിടത്തി. വാഹനങ്ങൾ ഓരോന്നായി കടന്ന് പോയിത്തുടങ്ങി. അയാൾ വേഗത്തിൽ തിരിഞ്ഞു നടന്നു. സമയം ഒരുപാട് വൈകിയിരുന്നു. തിരക്കിനിടയിലൂടെ മുന്നോട്ടു പോകുമ്പോഴും ആ പെൺകുട്ടിയുടെ മുഖമായിരുന്നു മനസ്സ് നിറയെ. എന്തൊക്കെയോ ചിന്തകൾ അയാളുടെ മനസ്സിനെ അലട്ടാൻ തുടങ്ങി.
മനസ്സുകൊണ്ട് അയാൾ തൻറെ ഭൂതകാലത്തെത്തി. തൻറെ ജീവിതത്തെ തന്നെ മാറ്റി മറിച്ച സംഭവങ്ങൾ ഓരോന്നായി അയാൾ ഭീതിയോടെ ഓർത്തു. മരണത്തോട് മല്ലിട്ട് ആശുപത്രിക്കിടക്കയിൽ കിടന്ന തൻറെ മകളുടെ മുഖം അയാളുടെ മനസ്സിലേക്ക് കടന്നു വന്നു. അന്നും ഇതുപോലെ നോക്കുകുത്തികളായ് ഒരുപാട് പേർ അവൾക്കു ചുറ്റും കൂടി നിന്നിരുന്നു. അതിനിടയിൽ നിന്നും ഏതോ ഒര് പെൺകുട്ടി കാട്ടിയ ധൈര്യം കൊണ്ട് മാത്രമാണ് എൻറെ മകളെ അന്നെനിക്ക് ജീവനോടെ തിരികെ കിട്ടിയത്. ഇവൾക്കും എൻറെ മകളുടെ പ്രായം. സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്ത മകളെ ഓർത്തു അന്ന് ഞാൻ അനുഭവിച്ച അതേ വേദനയോടെ കാത്തിരിക്കുന്ന ഒരച്ഛൻ ഇവൾക്കും ഉണ്ടാകില്ലേ ? കുറ്റബോധം അയാളുടെ മനസ്സിനെ അലട്ടാൻ തുടങ്ങി. ഇല്ല ഇവളെ കണ്ടില്ലെന്നു വച്ചു പോകാൻ എനിക്കാവില്ല. ഈശ്വരൻ പോലും പൊറുക്കില്ല എന്നോട്. അയാൾ വേഗം വണ്ടി തിരിച്ചു , അപ്പോഴും കാഴ്ചക്കാരുടെ എണ്ണം കൂടിയതല്ലാതെ അവളിപ്പോഴും അതേ കിടപ്പ് തന്നെയാണ് , അയാൾ വേഗം സീറ്റിലുണ്ടായിരുന്ന ടവ്വൽ കൊണ്ട് അവളുടെ നഗ്നത മറച്ചു.

"പേടിയുണ്ടെങ്കിൽ നിങ്ങളാരും കൂടെ വരണ്ട ഒന്നു സഹിയിക്കയെങ്കിലും ചെയ്തു കൂടേ"
അയാൾ ആരോടെന്നില്ലാതെ ഉറക്കെ വിളിച്ച് പറഞ്ഞു. ഒടുവിൽ ഒന്നുരണ്ടു പേരുടെ സഹായത്തോടെ അയാൾ അവളെ ഓട്ടോയിൽ കയറ്റി കഴിയുന്നത്ര വേഗത്തിൽ ആശുപത്രിയിലേക്ക് തിരിച്ചു.
വളരെ വേഗം തന്നെ നേഴ്സുമാർ അവളെ ഒബ്സർവേഷൻ റൂമിലേക്ക് മാറ്റി. ഇതാ കുട്ടിയുടെ പേഴ്സും മൊബൈലും , നിങ്ങൾ പുറത്തു വെയിറ്റ് ചെയ്യൂ. അയാൾ അതു വാങ്ങി , മൊബൈൽ ഓപ്പൺ ചെയ്തു. ഭാഗ്യം ലോക്ക് അല്ല. കാൾ ലിസ്റ്റിൽ ആദ്യത്തെ പേര് നോക്കി "ഏട്ടൻ". റിങ് ചെയ്യുന്നുണ്ട്. ഫോൺ അറ്റൻഡ് ചെയ്തതും നടന്ന സംഭവങ്ങൾ എല്ലാം അയാൾ തുറന്നു പറഞ്ഞു. ഭയപ്പെടാൻ ഒന്നുമില്ല നിങ്ങൾ വേഗം മെഡിക്കൽ സെൻററിലേക്ക് വരൂ ഞാൻ ഇവിടെത്തന്നെയുണ്ട്..... "ഈ കുട്ടിയുടെ കൂടെ വന്നിട്ടുള്ളതാരാ"
നേഴ്സ് ഉറക്കെ വിളിച്ചു ചോദിക്കുന്നത് കേട്ടാണ് അയാൾ വേഗം അവരുടെ അടുത്തേക്ക് ചെന്നത്. അല്പം സീരിയസ് ആണ് എത്രയും പെട്ടെന്ന് ഒരു സർജറി വേണ്ടിവരും. ഒരു നാൽപതിനായിരം രൂപ ആദ്യം തന്നെ അടക്കേണ്ടി വരും.
അയ്യോ സിസ്റ്റർ ഞാൻ ഈ കുട്ടിയുടെ ആരുമല്ല. എൻറെ കൈയിൽ ഇത്രയും പണവുമില്ല ,കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട് അവർ ഉടനെയെത്തും.
സോറി പണമടക്കാതെ സർജറി ചെയ്യാൻ ഞങ്ങൾക്ക് സാധിക്കില്ല ,ഓരോ നിമിഷം കഴിയുംതോറും ആ കുട്ടിയുടെ ജീവന് തന്നെ ആപത്താണ്. നിങ്ങൾ എത്രയും പെട്ടെന്ന് പണമടക്കൂ അല്ലെങ്കിൽ ഡോക്ടറോട് സംസാരിക്കൂ ,അയാൾ വേഗം ഡോക്ടറുടെ മുറിയിലേക്ക് നടന്നു. നടന്ന സംഭവങ്ങൾ എല്ലാം വിശദമായി ഡോക്ടറോട് പറഞ്ഞു.
ക്ഷമിക്കണം, പണമടക്കാതെ സർജറി ചെയ്യാൻ സാധിക്കില്ല. ഞങ്ങൾക്ക് ഹോസ്പിറ്റൽ നിയമങ്ങൾ അനുസരിച്ചേ മതിയാവൂ. അയാൾ കേണപേക്ഷിച്ചിട്ടും ഒരു പ്രയോജനവുമുണ്ടായില്ല. എന്തോ ആലോചിച്ചു അയാൾ തിടുക്കത്തിൽ പുറത്തേക്ക് നടന്നു. അൽപ സമയത്തിനകം തിരിച്ചു ഡോക്ടറുടെ മുറിയിലെത്തി.
സർ ഇവളെൻറെ ആരുമല്ല പക്ഷെ എന്നെപ്പോലെ മകളെ സ്നേഹിക്കുന്ന ഒരച്ഛൻ ഇവൾക്കുമുണ്ടാകില്ലേ. സ്വന്തം മകൾ ഇങ്ങനൊരു അവസ്ഥയിൽ കിടക്കുമ്പോഴുള്ള ഒരച്ഛൻറെ മാനസികാവസ്ഥ അനുഭവിച്ചു അറിഞ്ഞിട്ടുള്ളവനാണ് ഞാൻ. പണത്തിന് മാത്രമേ കുറവു വന്നിട്ടുള്ളു മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ല. ഇതെൻറെ ഓട്ടോയുടെ Rc ബുക്ക് ആണ് , ഡോക്ടർ ഇത് വച്ചോളൂ ,ആ കുഞ്ഞിൻറെ സർജറി നടക്കട്ടെ ,അവളുടെ വീട്ടുകാർ പണമടച്ചിട്ട് ഇതെനിക്ക് തിരികെ തന്നാൽ മതി. ഡോക്ടർ അത്ഭുതത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി. ശരി ഇവിടത്തെ നിയമം ഇതനുവദിക്കുന്നില്ല എങ്കിലും നിങ്ങളുടെ നല്ല മനസ്സ് കണക്കിലെടുത്തു എൻറെ പേഴ്സണൽ റിസ്കിൽ ഞാനതു ചെയ്യാം. വിജയകരമായി സർജറി പൂർത്തിയാകുമ്പോ
ഴേക്കും അവളുടെ ബന്ധുക്കൾ അവിടെ എത്തിയിരുന്നു...
നന്ദി പ്രകടനങ്ങൾക്ക് ഒടുവിൽ അവളുടെ ഏട്ടൻ കുറച്ചു പണം അയാൾക്ക് നൽകി. സ്നേഹത്തോടെ തന്നെ അയാളത് നിരസിച്ചു. തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴും അയാളുടെ മനസ്സ് മുഴുവൻ മകളുടെ വിവാഹമായിരുന്നു. ഈശ്വരാ ആകെയുള്ള പ്രതീക്ഷയായിരിന്നു ഈ ചിട്ടി. ഇനി ഞാനെൻറെ മകളോടെന്ത് പറയും.ഓർക്കും തോറും കണ്ണിൽ ഇരുട്ട് കയറുംപോലെ അയാൾക്ക് തോന്നി. ദേഹം മുഴുവൻ രക്തവുമായി പടി കയറി വരുന്ന അച്ഛനെ കണ്ട് മാളു കരഞ്ഞു കൊണ്ട് ഓടി അടുത്തേക്ക് ചെന്നു. അയാൾ അവളെ ആശ്വസിപ്പിച്ചു നടന്നതെല്ലാം ഒരു കഥ പോലെ അയാളവളോട് പറഞ്ഞു. അപ്പോഴാണ് പ്രതീക്ഷിക്കാതെ രാജീവ് അവിടേക്ക് കടന്നു വന്നത്.
മോനേ വിചാരിച്ച പോലെ പണം ശരിയായില്ല. മോനെനിക്കു ഒരു മാസത്തെ അവധി കൂടി തരണം, അതിനുള്ളിൽ പണം മുഴുവൻ ഞാൻ തന്നു തീർത്തോളാം. അതിൻറെ പേരിൽ ഈ വിവാഹം നടക്കാതിരിക്കരുത്. എൻറെ കുട്ടി, അവളൊരുപാട് ആശിച്ചതാ. അവളെ സങ്കടപ്പെടുത്തരുത്. രാജീവിൻറെ മുന്നിൽ തൊഴു കൈകളോടെ അയാൾ നിന്നു.
ഇല്ലച്ഛാ പണത്തിൻറെ പേരിൽ ഒരിക്കലും ഈ വിവാഹം മുടങ്ങുമെന്ന് അച്ഛൻ പേടിക്കണ്ട. നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ഈ വിവാഹം നടക്കും.
വിശ്വസിക്കാനാവാതെ അയാൾ രാജീവിൻറെ മുഖത്തേക്ക് നോക്കി.
ഇന്ന് അച്ഛൻ രക്ഷിച്ചത് എൻറെ കമ്പനിയുടെ ബോസിൻറെ മകൾ മീരയെയാണ്. അദ്ദേഹം എന്നെ വിളിച്ചിരുന്നു. നടന്നതെല്ലാം എന്നോട് പറഞ്ഞു. മറ്റാരും തിരിഞ്ഞു നോക്കാതിരിന്ന മീരയെ രക്ഷിക്കാനും ആശുപത്രിയിൽ പണമടക്കാനുമൊക്കെ അച്ഛൻ ചെയ്ത കാര്യങ്ങളെല്ലാം ഡോക്ടർ പറഞ്ഞ് അദ്ദേഹം അറിഞ്ഞിരുന്നു. അദ്ദേഹം ഞങ്ങളുടെ പേരിൽ ഒരു വലിയ തുക ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യാമെന്ന് വാക്കു തന്നിട്ടുണ്ട്. എൻറെ അച്ഛൻ പറഞ്ഞ പണം കിട്ടിയാൽ മതി , തീർച്ചയായും ഈ വിവാഹം നടക്കും.... അയാൾ ദയനീയമായി മകളെ നോക്കി. അത്ര നേരവും എല്ലാം കേട്ടു നിന്ന മാളു ആ നോട്ടത്തിൻറെ അർത്ഥം മനസ്സിലായത് പോലെ രാജീവിൻറെ മുന്നിലേക്ക് വന്നു.
ഒരിക്കൽപോലും കണ്ടിട്ട് പോലുമില്ലാത്ത ഒരാളിൻറെ ജീവൻ രക്ഷിക്കാൻ സ്വന്തം മകളുടെ ഭാവി പോലും മറന്ന് ഇറങ്ങിപ്പുറപ്പെട്ട ഒരച്ഛൻറെ മകളാണ് ഞാൻ. ആ അച്ഛൻറെ നന്മക്കുള്ള പ്രതിഫലമാണ് ഇന്ന് നിങ്ങൾ വളരെ നിസ്സാരമായി ഒര് തുകയായി പറഞ്ഞുറപ്പിച്ചത്. അച്ഛനൻറെ വാക്ക് കേട്ട് പെണ്ണിൻറെ മനസ്സറിയാതെ അവളുടെ പൊന്നിൻറെയും പണത്തിൻറെയും തൂക്കം നോക്കുന്ന ഒര് കുടുംബത്തിലേക്ക് കയറി വരാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. എന്നെങ്കിലും ഒരു വിവാഹം ഉണ്ടെങ്കിൽ അതെൻറെ അച്ഛനെപ്പോലെ മനസ്സിൽ നന്മയുള്ള ഒരാൾ ആയിരിക്കണം എന്നെനിക്ക് നിർബന്ധമുണ്ട്. അതുകൊണ്ട് ഈ വിവാഹത്തിന് എനിക്ക് താൽപര്യമില്ല.
രാജീവിന് പോകാം...... അച്ഛനെയും കൂട്ടി അകത്തേക്ക് നടക്കുമ്പോഴും അടുത്ത ജന്മത്തിലും ഈ അച്ഛൻറെ മകളായി തന്നെ ജനിക്കണേന്നൊരു പ്രാർഥന മാത്രമേ അവളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളു.....
 ✍Courtesy:▶ Nisha Renjith



_____________________________________________

നിങ്ങൾക്ക് ഇത് പോലത്തെ കഥയോ , അനുഭവമോ ,കവിതയോ ഇൗ ബ്ലോഗിൽ എഴുതാൻ ആഗ്രഹം ഉണ്ടെങ്കിൽ ഇൗ ഇമെയിൽ ഐഡിയിൽ ബന്ധപെടുക 👉 Contact via Mail 👈

1 comment:

Unknown said...

good story.... (rate 🌟🌟🌟🌟)