ഇന്നലെ രാത്രി ഒരുപാടു താമസിച്ചാണ് അവൻ കിടന്നത്. നല്ല ഉറക്കത്തിൽ കിടന്ന അവൻ, തുടർച്ചയായുള്ള ഫോണിന്റെ ശബ്ദം കേട്ടാണ് ഉണരുന്നത്. അപ്പോൾ സമയം രാവിലെ പത്തുമണി കഴിഞ്ഞിരുന്നു.
"ഹമ്മ് പറയ്...എന്താടെ...ഉറങ്ങിപ്പോയി ഞാൻ... "
മറുതലക്കൽ ധന്യ-അഖിലിന്റെ വാവാച്ചി..
"എണീറ്റില്ലേ അഖിലേട്ടാ, നിങ്ങൾ?.. "
"എണീക്കുവാടി കൊച്ചേ..എന്താ പരിപാടി?...എല്ലാവരും എന്തിയേ?? "
"ഇവിടെയെല്ലാം വെള്ളം കയറി. അതു കാണാൻ അണ്ണനും അച്ചാച്ചനും കൂടി പോയി, അമ്മ വെളിയിൽ ആരോടോ സംസാരിക്കുന്നു..."
"വെള്ളം കയറിയോ?...എവിടെ?... "
"ആറിലെ വെള്ളമാ…ആ...എനിക്കറിയില്ല അവര് പോയേക്കുവാ വെള്ളം കയറിയത് കാണാൻ "
"ആ...ok ഞാൻ എണീക്കട്ടെ പിന്നെ വിളിക്കാം.."
അവൻ എഴുന്നേറ്റു അമ്മയെ അന്വേഷിച്ചു.
"അമ്മേ....അമ്മേ....ചായ എടുക്കു."
പതിവ് ചായ കുടിക്കുവാൻ അടുക്കള വാതിലിൽ പോയി ഇരിക്കുന്നത് അഖിലിന്റെ ഒരു ശീലമാണ്. അവൻ അമ്മയെ പണി ചെയ്യാൻ സമ്മതിക്കാതെ എന്തെങ്കിലും പറഞ്ഞു ഇരിക്കും. അവിടെ ഇരുന്നുകൊണ്ടാണ് ഓരോ ദിവസത്തെയും അവന്റെ പരിപാടികളുടെ പ്ലാനിംഗ് നടക്കുന്നത്. രണ്ടു മാസത്തെ ലീവിനിടയിൽ നിച്ഛയം കഴിഞ്ഞു ഇനി ഒരുമാസം തികച്ചില്ല തിരിച്ചു ദുബൈക്ക് പോകുവാൻ. അതിനു മുമ്പായി ലോൺ ശരിയാകണം. എല്ലാവരേയും പോലെ അവന്റെയും സ്വപ്നമാണ് ഒരു വീട്, അതിപ്പോൾ ഫൌണ്ടേഷൻ വരെയേ ആയിട്ടുള്ളു. ഒരുപാടു പേരെ കാണുവാൻ ഉണ്ട്. പരാതികൾ ഏറെയാണ്, സ്വന്തക്കാരുടെയും കൂട്ടുകാരുടെയും ബന്ധുക്കളുടേയുമെല്ലാം. എല്ലാവരെയും നിച്ഛയം അറിയിക്കാൻ കഴിയാത്തതുകൊണ്ട് പലർക്കും പരിഭവമാണ്. എങ്ങനെ അറിയിക്കാൻ ആണ്? ഒരുപാടു സംഭവബഹുലമായ പോരാട്ടങ്ങൾക്ക് ഒടുവിൽ, ഒരു നിധി വീണു കിട്ടിയപോലെയാണ് നിച്ഛയം നടന്നത്. ആ ഒരു ആകാംഷ, അതിനോടൊപ്പം എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നൊരു ഭയം, കാരണം ഒരുപാടു കല്ലും മുള്ളും നിറഞ്ഞതായിരുന്നു ആശാന്റെ ജീവിതം, അങ്ങനെ ഒരു സങ്കീർണ അവസ്ഥയിൽ നിന്നതുകൊണ്ടു എല്ലാവരെയും വിളിക്കുവാനോ അറിയിക്കുവാനോ ഉള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു അഖിൽ. അതിലേക്കൊക്കെ പോയാൽ, നായകന്റെ ചെകിട്ടത്തു നിങ്ങൾ അടിക്കേണ്ടി വരും. തൽക്കാലം, നമുക്ക് അതു നിർത്താം. അമ്മാതിരി മൊതലാ.
അവൻ അമ്മയുടെ കൈയ്യിൽ നിന്ന് ചായവാങ്ങി കുടിച്ചുകൊണ്ട് ചോദിച്ചു,
"അമ്മ അവളെ വിളിച്ചാരുന്നോ...അവരുടെ വീടിന്റെ അവിടൊക്കെ വെള്ളം കയറുനെന്നു..."
"വെള്ളമോ…മുറ്റത്തേക്കൊക്കെ കയറിയോ"
"ഓ…ഇല്ല...അവരുടെ സ്ഥലം ഇച്ചിരി പൊക്കം ഉണ്ടല്ലോ...അങ്ങോട്ടൊന്നും കയറില്ലായിരിക്കും..."
അത് പറഞ്ഞു അവൻ വാട്സാപ്പ് ഓൺ ആക്കി. അതിൽ കുറെ ഫോട്ടോസ് വന്നു കിടക്കുന്നു. വാവാച്ചി ആയിച്ചതാണ്. ഫോട്ടോസ് എടുത്തു നോക്കികൊണ്ട് അവൻ അമ്മയോട് പറഞ്ഞു.
"അമ്മേ...ഇയ്യോ വെള്ളം വർക്ഷോപ്പിന്റെ വാതിലിൽ വരെ ആയി കുറച്ചൂടെ പൊങ്ങിയാൽ വീടിന്റെ മുറ്റത്തു കയറും"
"നി ഒന്ന് വിളിച്ചേ ചെറുക്കാ, വെള്ളം കേറുവോ ഇനിയും "
"ഹമ്മ്.. നിക്ക്..."
ഫോൺ ബെല്ല് ഉണ്ട് പക്ഷേ എടുക്കുന്നില്ല..
"ആ...ഹെലോ..എന്തായടെ വെള്ളം കയറുവാന്നോ..."
"നി ഇങ്ങോട്ടു എടുത്തേ"
അമ്മ ഫോൺ പിടിച്ചുവാങ്ങി..
"എന്തിയേ സുശീലാമ്മ...ആ ഹെലോ എന്താ സംഭവം...അവരൊക്കെ എന്തിയേ...ആ ok...ഫോൺ ഒന്നുല്ലേ അച്ചാച്ചന്റെ കൈയ്യിൽ...ok എന്തേലും ഉണ്ടേൽ വിളിക്കണേ..."
അമ്മ ആ ഫോൺ അങ്ങ് cut ചെയ്തു അവൻ ശശി ആയി
"ശ്ശെടാ അങ്ങ് വെച്ചോ...എന്താ...എന്ത് പറഞ്ഞു"
"വെള്ളം വീടിന്റെ മുറ്റം വരെ ആയി...അവര് അമ്മയും മോളും മാത്രേ ഉള്ളു.... എല്ലാം പെറുക്കി ഒതുക്കുന്നു...അച്ചാച്ചനും ധനേഷും കൂടെ വെള്ളം കയറുന്നത് കാണാൻ എവിടെയോ പോയി നിൽക്കുവാണെന്ന്..”
അവൻ എഴുന്നേറ്റു കുളിച്ചു ഒരുങ്ങി. ഉച്ചതിരിഞ്ഞു ആഹാരം കഴിക്കുന്നതിനിടക്ക്, ടീവി ഓൺ ആക്കി വാർത്ത വച്ചു. വാർത്തയിൽ എല്ലാം പറയുന്നു, വെള്ളപൊക്കം രൂക്ഷമാണെന്നും പല സ്ഥലങ്ങളും വെള്ളത്തിനു അടിയിൽ ആയെന്നും ഡാമിന്റെ ഷട്ടറുകൾ ഇനിയും തുറക്കുമെന്നും വെള്ളം കൂടുവാൻ ഇനിയും സാധ്യത ഉണ്ടെന്നുമൊക്കെ.
വാർത്തയിൽ പറയുന്നതൊക്കെ കേട്ട് അവന്റെ അമ്മ ചോദിച്ചു,
"വീട്ടിലേക്കു വെള്ളം കയറുവോടാ വാവേ. അവത്തിങ്ങള് പെണ്ണുങ്ങള് രണ്ടുംകൂടെ പറ്റുന്നതൊക്കെ പെറുക്കി വെക്കുന്നെന്നു. അച്ചാച്ചനും കൊച്ചനും കൂടി വീട്ടിൽ വെള്ളം കയറില്ലെന്നു പറഞ്ഞു നിക്കുവാണെന്ന്...ഞാൻ ഇപ്പൊ വിളിച്ചു.."
അവൻ ഒന്ന് മൂളിയിട്ടു കൂട്ടുകാരൻ റോബിന്റെ കാൾ വന്നപ്പോ അവൻ ഒരുങ്ങി കായംകുളം പോകുവാൻ ഇറങ്ങിയിട്ട് അമ്മയോട് പറഞ്ഞു,
"ഓ വീട്ടിലൊട്ടൊന്നും വെള്ളം അങ്ങനെ കയറില്ലാരിക്കും അമ്മേ. ഇതിനുമുമ്പും വെള്ളപൊക്കം ഉണ്ടായിട്ടുള്ളത അവിടെ...അമ്മ ചുമ്മാ എന്നെ കൂടി പറഞ്ഞു പേടിപ്പിക്കാതെ...ഞാൻ റെജിയുടെ പള്ളിയിൽ വരെ പോകുവാ...ഞാൻ വിളിച്ചോളാം...ചുമ്മാ അവരെ വിളിച്ചു പേടിപ്പിക്കരുത്.."
"അല്ലടാ വാവേ അന്ന് വെള്ളപൊക്കം ഉണ്ടായപ്പോ ഇങ്ങനെ മുറ്റത്തെങ്ങും കയറിയിട്ടില്ല...ഒരു മനസ്സമാധാനവും ഇല്ല, അവര് ഇഞ്ഞുവരാൻ പറയടാ. ഇനിയും കേറിയാലോ..."
ധന്യയുടെ അച്ഛന്റെ കാൾ വരുന്നു. അവൻ ചെറിയ പേടിയോടെ ഫോൺ എടുത്തു...
" ഹലോ അച്ചാച്ച...പറഞ്ഞോ.."
"വെള്ളം വർക്ക്ഷോപ്പിൽ കയറി കേട്ടോ, നമ്മടെ വീടിന്റെ പടി വരെ ആയി.."
"ഇയ്യോ ഇനിയെന്ത് ചെയ്യും...വെള്ളം ഇനിയും കയറിയാലോ...അച്ചാച്ച ഞാൻ ഒരു കാര്യം പറയാം, നിങ്ങള് അവിടുന്ന് ഇങ്ങു ഇറങ്ങു കഴിയുമെങ്കിൽ. ഇനിയും വെള്ളം കയറിയാൽ നിങ്ങൾ പെട്ടുപോകും."
"ഹേയ്...ഇല്ലെന്നേ വെള്ളം ഇനിയും കയറിയാൽ വീടിന്റെ മുകളിൽ, ടെറസിലേക്കു കയറാലോ...അവിടെ സൗകര്യം ഉണ്ടല്ലോ..."
"എന്നാലും... വെള്ളം പെട്ടെന്ന് ഇറങ്ങിയില്ലേൽ കുടിക്കാനും കഴിക്കാനും ബാത്‌റൂമിൽ പോകുവാനും ഒക്കെ പ്രശനം ആകില്ലേ. വാർത്തയിൽ ഒക്കെ പറയുന്നു വെള്ളം ഇനിയും കൂടുവാൻ സാധ്യത ഉണ്ടെന്നു."
"ഓ..കുഴപ്പം ഒന്നുമില്ലെന്നേ...ഗ്യാസ്സും അടുപ്പും ഒക്കെ ടെറസിലേക്ക് കയറ്റി...സാധനങ്ങൾ പറ്റുന്നതൊക്കെ ടെറസ്സിന്റെ മുകളിലേക്ക് കയറ്റിക്കൊണ്ടു ഇരിക്കുവാ..."
"ok എന്നാ നടക്കട്ടെ ഫോണിലെ ചാർജ്ജ് കളയണ്ട....എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കണേ..."
ഫോൺ കട്ട് ചെയ്തു കുറച്ചു നേരം അവൻ ആലോചിച്ചു നിന്നു. ഒന്നും സംഭവിക്കില്ലാരിക്കും എന്ന് മനസ്സിൽ പറഞ്ഞു. അമ്മയോട് പറഞ്ഞിട്ട് അവൻ ബൈക്ക് എടുത്തു ഇറങ്ങി.
പള്ളിയിൽ ചെന്നപ്പോ എല്ലാവരും ഉഗ്രൻ കളിയിലാണ്. കുറച്ചു നേരം അവിടെ ഇരുന്നു തമാശകളും കാര്യങ്ങളും ഒക്കെ ആയപ്പോൾ അവന്റെ കുറച്ചു ടെൻഷൻ കുറഞ്ഞു. അപ്പോൾ വീണ്ടും ഫോൺ ബെല്ല് അടിക്കുവാൻ തുടങ്ങി, അമ്മയാണ്. പണിയായോ, മനസ്സിൽ വീണ്ടും ടെൻഷൻ ആയി. അവൻ ഫോൺ എടുത്തു.
"ഹെലോ..എന്താ പറഞ്ഞോ...അവര് വിളിച്ചോ.."
അമ്മ ദേഷ്യത്തിലാണു,
"നി എവിടാ പൊടി അവര് പെണ്ണുങ്ങള് രണ്ടും ടെന്ഷനിലാ...നി ഇഞ്ഞോട്ട് വരുന്നുണ്ടോ...വിളിച്ചോ അവരെ....വെള്ളം പൊങ്ങുവാ...എനിക്ക് പേടി ആകുന്നു...പുരകത്തുമ്പോ വാഴ വെട്ടുന്ന പരുപാടി കാണിക്കാതെ നി ഇങ്ങോട്ടു വന്നേ..."
"എന്നതാമ്മെ ഞാൻ അങ്ങോട്ട് വന്നാൽ അവിടുത്ത വെള്ളം കുറയുമോ. ശരി... ഞാൻ ഒന്ന് വിളിക്കട്ടെ"
"നി എന്തേലും ഒന്ന് ചെയ്യ്....അവര് അവിടെ പേടിച്ചു നിക്കുവാട..."
അവൻ ഫോൺ കട്ട് ചെയ്തു പെണ്ണിന്റെ നമ്പറിൽ വിളിച്ചു,
"ഹെലോ എന്തായടെ വാവാച്ചി വെള്ളം കുറയുന്നുണ്ടോ..."
"ഓ ഇല്ല കൂടുവാണ്...അടുക്കളയിൽ കയറി...അഖിലേട്ട എനിക്ക് പേടിയാകുന്നു വെള്ളം ഇനിയും കയറുമോ..."
"നി പേടിക്കാതെ കുഴപ്പം ഒന്നുമുണ്ടാകില്ല...സാധനം എല്ലാം പെറുക്കി വെക്കു...ഫോണിന്റെ നെറ്റ് ഒക്കെ ഓഫ് ആക്കി വെച്ചിട്ടു ഒരു ഫോൺ മാത്രം ഉപയോഗിക്കാൻ പറ..എല്ലാത്തിന്റെയും ചാർജ് തീർക്കണ്ട...ഞാൻ വിളിക്കാം..."
അത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്തു. അവന്റെ മനസ്സിൽ ആകെ അങ്കലാപ്പായി. അവൻ കൂട്ടുകാരോട് കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ട് ഇറങ്ങുവാൻ തുടങ്ങിയപ്പോൾ റോബിൻ അവനെ നോക്കി പറഞ്ഞു.
"ടാ എന്തേലും ഉണ്ടെങ്കിൽ വിളിക്കണേ..നമുക്ക് വേണേൽ പോകാം അവിടെ.."
"ഓക്കേ ഞാൻ വീട്ടിലോട്ടു ചെല്ലട്ടെ.."
വീട്ടിൽ എത്തി അമ്മയെ സമാധാനപ്പെടുത്തിയിട്ട് വീണ്ടും അവളെ വിളിച്ചു വെള്ളത്തിന്റെ സ്ഥിതി അറിയാൻ. വെള്ളം കയറിക്കൊണ്ടിരിക്കുകയാണ് വീട്ടിനകത്തേക്കൊക്കെ കയറി തുടങ്ങി, കഴിവതും സാധനങ്ങൾ ഒക്കെ ടെറസ്സിന്റെ മുകളിലേക്ക് കയറ്റികൊണ്ടിരിക്കുകയാണ് അവർ.
ഇരുട്ടായി തുടങ്ങി അവിടെ. എല്ലാ ടെറസ്സിന്റെ മുകളിലും വെട്ടങ്ങൾ കണ്ടു തുടങ്ങിയെന്നും സമീപ പ്രദേശങ്ങളിൽ ഉള്ളവർ എല്ലാം ടെറസ്സിൽ ആണെന്നുമൊക്കെ പറഞ്ഞു കേട്ടപ്പോൾ അവന്റെ നെഞ്ചിലെ ഇടുപ്പ് കൂടി. എന്താണ് ഈ സംഭവിക്കുന്നത്? എന്താണ് ചെയ്യാൻ കഴിയുന്നത്? അവന് ഒരു രൂപവും കിട്ടുന്നില്ല.
അമ്മ ഒരറ്റത്ത് അവന്റെ അപ്പായെ വിളിക്കുന്നു. സങ്കടം കൊണ്ടാണെന്നു തോന്നുന്നു, അപ്പയേം വിളിച്ചു ചൂടാകുവാണ് പെട്ടന്ന് വരാൻ പറഞ്ഞ്. അവന്റെ അമ്മ അങ്ങനാണ്, എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും അവര് മൂന്നുപേരും അടുത്ത് വേണം. ഒന്നും ചെയ്യാനല്ല, ചുമ്മാ എന്തുചെയ്യും എന്ന് മാറിയും തിരിഞ്ഞും മൂന്നുപേരോടും ചോദിക്കാനാണ്.
പുറത്തു കോരിച്ചൊരിയുന്ന മഴ.ആറ്റുനോറ്റു, നൂറ് പ്രശ്നങ്ങൾ തരണം ചെയ്തു, എല്ലാം അവസാനിച്ചു, എന്ന് കരുതിയെടുത്തു നിന്ന് എന്തോ ഒരു ദൈവഭാഗ്യം പോലെ ആണ് ഈ ബന്ധത്തിന് എല്ലാവരും സമ്മതിച്ചു നിച്ഛയം പെട്ടെന്ന് നടത്തിയത്. ദൈവമേ ആ സന്തോഷം ഒക്കെ ഈ ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കുവാണോ എന്നൊക്കെ ഒരുപാടു ചിന്തിച്ചു മഴയും നോക്കി നിസ്സഹായനായി നിക്കുന്ന അവന്റെടുത്തു അവന്റെ അപ്പ വന്നു പറഞ്ഞു,
"നി വന്നു കഴിക്കു നമുക്ക് വഴിയുണ്ടാക്കാം."
എങ്ങനെയോ വാരികഴിച്ചുകൊണ്ടിരുന്നപ്പോൾ അവരിപ്പോ വല്ലോം കഴിച്ചുകാണുവോ എന്ന് അമ്മയുടെ ചോദ്യം കേട്ട് വായിൽ വെച്ച ആഹാരം കഴിച്ചു ഇറക്കാൻ പറ്റാത്ത രീതിയിൽ അവര് നാലു പേരും മുഖത്തോടു മുഖം നോക്കി,
"ഈ അമ്മ ചുമ്മാ മനുഷ്യനെ..."
അനിയൻ അതുൽ വെള്ളംകുടിച്ചു ആഹാരം മതിയാക്കി എണിറ്റു പുറകെ അവനും.
വേറൊരു കാര്യമുണ്ട് എണീറ്റില്ലേൽ നാണക്കേടാകും അവന്റെ പെണ്ണും വീട്ടുകാരും ആണ് പ്രശ്നത്തിൽ ആയി കിടക്കുന്നത്, സങ്കടം കാണിക്കണ്ടേ. അത് നമ്മടെ മലയാളികളുടെ ഒരു പൊതു സ്വഭാവം ആണല്ലോ ദേഷ്യം സങ്കടം മുതലായ എല്ലാ വികാരങ്ങളും പട്ടിണി കിടന്നുകൊണ്ടല്ലേ മറ്റുള്ളവരെ ബോധ്യപെടുത്തണേ. പക്ഷേ ഇതതല്ലാട്ടോ അവനു ഒരു അങ്കലാപ്പ് ഉണ്ട് അതു ഉണ്ടെന്നും കാണിക്കാനും ഇല്ലെന്നു കാണിക്കാനും പറ്റുന്നില്ല. ഒരു പരുവത്തില് നിർത്തിയേക്കുവാ...
ഫോൺ എടുത്തു വീണ്ടും വിളിച്ചു അളിയനാണ് ആണ് എടുത്തത്, "ഹലോ...എന്തായി അളിയാ..വെള്ളം കെറുവാന്നോ...എങ്ങനുണ്ട് അവസ്ഥ..."
"ഓ എന്താകാനാ വെള്ളം കേറുവാണ് വർക്ക്ഷോപ് മുങ്ങി വീടിന്റെ ഷേഡ് വരെ വെള്ളം ആയി. കുഴപ്പമില്ല എല്ലാവരും ഉണ്ട് വല്യച്ചാച്ചനോക്കെ ഇവിടെയുണ്ട് അവരുടെ വീട് മൊത്തം മുങ്ങി..."
"ആണോ...എന്റെ ദൈവമേ ഇനി എന്നതാ ചെയ്യുക..ഞാൻ ഇറങ്ങുവാ അങ്ങോട്ട്...എന്താണ് അവിടുത്തെ അവസ്ഥ? എന്തേലും ചെയ്യാൻ പറ്റുവൊന്നു നോക്കട്ടെ..”
"എവിടാ...ചെങ്ങന്നൂർ വരെ വരാൻ പറ്റു അളിയൻ വന്നിട്ട് കാര്യമില്ല അവിടിന്ന് വണ്ടി വരില്ല ഇങ്ങോട്ടു.."
"ഓക്കേ...എന്തായാലും പോലീസ് ഒക്കെ എന്തെങ്കിലും ചെയ്യാണ്ട് ഇരിക്കില്ല. ഞാൻ വന്നു നോക്കട്ടെ എന്തെങ്കിലും ചെയ്യാൻ പറ്റുവൊന്നു"
അഡ്രസ്സും ഡീറ്റൈൽസും ഒക്കെ ചോദിച്ചു വാങ്ങിച്ചിട്ടു അവൻ ഫോൺ വെച്ചു കാരണം ചെങ്ങന്നൂർ വിട്ടാൽ ആറാട്ടുപുഴ ജംഗ്ഷൻ അതുകഴിഞ്ഞുള്ള ട്രാൻഫോർമേർ കാണുന്നിടത്തൂന് വലത്തോട്ട് ആണെന്ന് മാത്രം അവനു അറിയാം ട്രാൻസ്‌ഫോർമർ ആണ് അവന്റെ ലാൻഡ്മാർക് അതു വെള്ളത്തിന് അടിയിലാണ്.
ഫോൺ കട്ട് ചെയ്തു അനിയനോട് അവൻ പറഞ്ഞു
"വണ്ടി ഇറക്കു നമുക്ക് പോയി നോക്കാം എന്തെങ്കിലും വഴി ഉണ്ടാകും...നമ്മൾ ആരെങ്കിലും അവിടെ ഉണ്ടെങ്കിൽ നമുക്ക് അവരോടു പറഞ്ഞു ഇറക്കികൊണ്ടുവരാലോ...ഇവിടെ പറഞ്ഞോണ്ടിരുന്നാൽ ഒന്നും നടക്കില്ല”
അങ്ങനവര് രണ്ടുപേരും കൂടി ഇറങ്ങി, വണ്ടി ഓടിക്കുന്നതിനു ഇടയിലെല്ലാം അവന്റെ മനസ്സിൽ നിച്ഛയം നടത്തിയെടുക്കാൻ പെട്ട പാടുകളും നിശ്ചയദിവസത്തിലെ നിമിഷങ്ങളും ഒക്കെ മിന്നിമറഞ്ഞു ഇത്രയും സന്തോഷത്തോടെ നിന്നിട്ടു വീണ്ടും വിഷമിക്കാൻ ഇടയാക്കിയല്ലോ എന്നൊക്കെ ചിന്തിച്ചു ചെങ്ങന്നൂർ എത്തിയപ്പോൾ വഴിയിൽ പോലീസ് രണ്ടുപേര് ഉണ്ട്,
"റോഡിൽ വെള്ളമാണ് പോകാൻ പറ്റില്ല"
കാര്യം പറഞ്ഞപ്പോ ശരി പോയിനോക്കൂ എന്ന് പറഞ്ഞു അവര് വിട്ടു. നീന്തി എങ്കിലും പോയി ഇറക്കികൊണ്ടുവരണം എന്ന് ചിന്തിയിലാണ് അങ്ങോട്ടുള്ള റോഡിൽ കയറിയത്. വല്യ തിരക്കില്ല, ഇത്രയും വല്യ വെള്ളപൊക്കം നടന്നേന്റെ ഒരു തിരക്കോ ബഹളമോ ആളുകളോ ഒന്നുമില്ല റോഡിലെങ്ങും. ഭാഗ്യം വീടിന്റെ അടുത്തെങ്ങാനം ആണെങ്കിൽ നടന്നോ നീന്തിയോ ഇറക്കികൊണ്ടു വരാം എന്നൊക്കെ ഉള്ള ഒടുക്കത്തെ കോൺഫിഡൻസോടെ വണ്ടി ചവിട്ടി വിട്ടു. പെട്ടെന്ന് ഒന്ന് രണ്ടു വണ്ടികൾ കണ്ടു, അതിനെ ഓവർടേക്ക് ചെയ്തു ചവിട്ടി വിട്ടു വണ്ടിയുടെ ഓട്ടത്തിൽ വത്യാസം തോന്നിയപ്പോൾ ചവിട്ടി നിർത്തി വെള്ളമാണ് ഇനി അങ്ങോട്ട് പോകാൻ പറ്റില്ല വണ്ടി ഓഫ് ആകാതെ റിവേഴ്‌സ് എടുത്തു മാറ്റിയിട്ടു.
ദൈവമേ ഇവിടുന്നെ വെള്ളവോ. എല്ലാംകഴിഞ്ഞു, സംഭരിച്ചു വെച്ച കോൺഫിഡൻസ് എല്ലാം കാറ്റു അഴിച്ചു വിട്ട ബലൂൺ പോലെ പോയി. ഒന്ന് രണ്ടുപേര് അവിടെയുണ്ട്. അവരൊക്കെ ആ സമീപപ്രദേശങ്ങളിൽ ഉള്ളവരാണ്. അവരൊക്കെ കിട്ടിയ സാധനങ്ങൾ ഒക്കെ കൊണ്ട് രക്ഷപെടുവാണ്, അവർക്കൊന്നും അവന്റെ ചോദ്യത്തിനൊന്നും മറുപടി കൊടുക്കുവാൻ സമയമില്ല. ചെറിയ ഒരു വള്ളത്തിലാണ് അവരൊക്കെ വരുന്നത്.
അവൻ വള്ളക്കാരന്റെടുത്തു കാര്യങ്ങൾ പറഞ്ഞു. വീടും വീട്ടുകാരെയും ഒക്കെ അയാൾക്കു മനസിലായി. അയാൾ അവന്റെ കൈയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു,
"പൊന്നുമോനെ ഒരു രക്ഷയുമില്ല ആ പ്രദേശത്തേക്കെ പോകാൻ പറ്റില്ല അവര് ഏകദേശം നടുക്കാണ് വെള്ളത്തിന് നല്ല ഒഴുക്കുമുണ്ട് ഒരു വഴിയുമില്ല."
എല്ലാം കഴിഞ്ഞു ഇനിയെന്തുചെയ്യും. അവന്റെ അമ്മ ഫോൺ ചെയ്തു അതു അവന്റെ അനിയനെ ഏല്പിച്ചു അടുത്ത വള്ളത്തിൽ വരുന്ന ആളുകളെ ഇറക്കുവാനും ഒക്കെ സഹായിക്കാൻ അവൻ വെള്ളത്തിലേക്ക് ഇറങ്ങി. അവൻ അനിയനെകൊണ്ട് വണ്ടി ഓൺ ആക്കിപ്പിച്ചു ലൈറ്റ് ഇട്ടു നിർത്തിക്കൊണ്ട് അവരെയൊക്കെ സഹായിക്കുവാൻ കൂടി. എങ്ങനേലും ആ വള്ളത്തിൽ പോയി അവരെ കൊണ്ടുവരാൻ ആയിരുന്നു അവന്റെ ഉദ്ദേശം. പക്ഷേ ആ ശ്രമവും പാളി. നല്ല മഴ വീണ്ടും തുടങ്ങി ആ മഴയത്തു പോക്ക് ബുദ്ധിമുട്ടാണ്, ഇരുട്ട്, വഴി ഏതാണ് എന്ന് മനസിലാക്കാൻ കഴിയാതെ വെള്ളം കേറി കടലുപോലെ ആയി ആ പ്രദേശം. നോക്കിനിക്കെ വെള്ളം വീണ്ടും കയറുവാണ്. വണ്ടി അതിനനുസരിച്ചു റിവേഴ്‌സ് എടുത്തിട്ടു.
ഫോൺ എടുത്തു അവരെ വിളിച്ചു,
" എന്തായി വാവാച്ചി...വെള്ളം കെറുവാ അല്ലേ… ഞാൻ ചെങ്ങന്നൂർ ഉണ്ട് മാർക്കറ്റ് കഴിഞ്ഞു പമ്പു മുതൽ വെള്ളമാണ്… ഒരു വഴിയും ഇല്ല ഈ രാത്രിയിൽ അങ്ങോട്ട് വരാൻ, നല്ല മഴയാ… എങ്ങനെ ഇരിക്കും ടെറസ്സിന്റെ മണ്ടക്ക് എല്ലാവരും കൂടി..."
"മെത്ത എടുത്തു മണ്ടക്ക് ഇട്ടിട്ടുണ്ട്…ഒരു ഭാഗം ഷീറ്റ് ചെയ്തതാണ് മഴ നനയില്ല..."
"അതു കാര്യമായി..വല്ലോം കഴിച്ചോ നിങ്ങളൊക്കെ..."
"ഹമ്മ്...അടുപ്പും ഗ്യാസും മണ്ടക്ക് വെച്ചാരുന്നു അടുക്കളയിൽനിന്ന്..അരി ചാക്കിൽ ഒഴുകി വന്നു അതു അണ്ണൻ പിടിച്ചുകേറ്റി അമ്മ കഞ്ഞിയുണ്ടാക്കി… ടാങ്കിൽ നേരത്തെ നിറച്ച വെള്ളം ഉണ്ടാരുന്നു..."
"ആണോ ഭാഗ്യം ഇന്നിനി ഇവിടെ നിന്നിട്ടു ഒന്നും നടക്കില്ല വെട്ടം വരണം രാവിലെ എന്തേലും വഴിയുണ്ടാക്കാം നാളെ വെളുപ്പിനെ അതുവിന് (അനിയൻ അതുൽ) തിരുവനന്തപുരം പോകണം ഞാൻ അവനെ വിട്ടേച്ചു രാവിലെ തന്നെ വരാം...പേടിക്കണ്ട ഇന്ന് അവിടെ അഡ്ജസ്റ്റ് ചെയ്യ് ഇനി കുറച്ചു സമയത്തിനുള്ളിൽ നേരം വെളുക്കും...ഞാൻ പോയിട്ട് വന്നിട്ടു എന്തേലും വഴിയുണ്ടാക്കാം ...ഓക്കേ വെച്ചോ ഇനി അത്യാവിശ കാളുകൾ മാത്രം അറ്റൻഡ് ചെയ്യാവു…എന്നിട്ടു ഒരു ഫോൺ മാത്രേ ഉപയോഗിക്കാവു..."
അനിയനോട് വണ്ടിയിൽ കുറച്ചു നേരം ഉറങ്ങാൻ പറഞ്ഞിട്ട് അവൻ തിരിച്ചു വീട്ടിൽ എത്തി. അനിയനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടിട്ടു, നേരെ കൂട്ടുകാരൻ റോബനെ വിളിച്ചു കൂടെ കൂട്ടി. അത്യാവിശം വേണ്ട തുണിയും, ബാക്കി ഉള്ള കാര്യങ്ങളുമായി വീണ്ടും യാത്രതിരിച്ചു...
വരുന്ന വഴി വണ്ടിയിൽ ഇരുന്നു അവൻ രക്ഷാപ്രവർത്തന ചുമതയുള്ള ഉദ്യോഗസ്ഥരെയും സങ്കടനകളെയും നേവി എയർഫോഴ്‌സ് മുതലായ എല്ലാവരെയും വിളിക്കുവാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ഒരു പ്രയോജനവുമില്ല. കൂടുതൽ നമ്പറുകളും വിളിച്ചാൽ കിട്ടുന്നില്ല. എടുത്താൽ തന്നെ നമ്മൾ പറയുന്നത് ഒന്ന് കേൾക്കുവാൻ പോലും സാവകാശം തരുന്നില്ല. ശരിക്കും അപ്പോൾ എന്തിനാണ് ഈ നമ്പറുകൾ പ്രചരിപ്പിക്കുന്നത്. അവൻ അമർഷത്തോടെ മനസ്സിൽ പറഞ്ഞു.
രാത്രി കണ്ടപോലെ അല്ല കാര്യങ്ങൾ ചെങ്ങുന്നൂർ ടൗണിൽ വണ്ടിയുടെ ബഹളം. ഒച്ചിഴയുന്ന പോലെ വണ്ടികൾ നീങ്ങുന്നു. അവസാനം അവൻ വണ്ടി ഒതുക്കി, അഖിലും റോബിനും കൂടി ഇറങ്ങി നടന്നു മാർക്കറ്റ് റോഡിലേക്ക് കയറുന്നിടത്തു പോലീസ്‌കാര് വണ്ടി നിയന്ത്രിക്കാൻ ഒരുപാടു പാട് പെടുന്നു.
അവൻ അതിൽ ഒരു പോലീസ്‌കാരനോട് ചോദിച്ചു,
"എന്താണ് ഇവിടുത്തെ സിറ്റുവേഷൻ എന്തേലും രീതിയിലുള്ള രക്ഷാപ്രവർത്തനം നടക്കുന്നുണ്ടോ..."
"ബോട്ടുകൾ കിട്ടണം ബോട്ടുകൾ ഉണ്ടെങ്കിൽ മാത്രമേ എന്തെങ്കിലും ചെയ്യുവാൻ കഴിയു...നിങ്ങള് ഈ പറഞ്ഞ സ്ഥലം ശരിക്കും നടുക്കാണ് വളരെ ബിദ്ധിമുട്ടാണ് എങ്കിലും പേടിക്കണ്ട അവരെ ഇറക്കികൊണ്ടു വരും നല്ല രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്."
ഉള്ളത് പറഞ്ഞാൽ പോകുന്ന വഴി കൈയ്യിൽ കിട്ടിയാൽ മാത്രം അവരെ കൂട്ടികൊണ്ടു വരും. അല്ലാതെ വേറെ ഒന്നും അവർക്ക് ചെയ്യാൻ പറ്റില്ലെന്നു അവനു മനസിലായി. സങ്കടവും ദേഷ്യവും ഒക്കെ ഒരുപോലെ വന്ന അവൻ നിസ്സഹായനായി ആ ആളുകളുടെ ഒക്കെ ഇടയിൽ കൈകെട്ടി നോക്കി നിക്കുവാൻ വിധിക്കപ്പെട്ടു. ഇനി എന്തായാലും ഇവിടെ നിന്നിട്ടു കാര്യമില്ല. അവരുടെ വീട്ടിൽ എത്തിച്ചേരാൻ ഒരു വഴി കൂടി ഉണ്ട്, അന്ന് നിച്ചയത്തിനു ആ വഴി ആണ് പോയത്. അവിടം വരെ പോയി നോക്കിയാലോ എന്ന ചിന്ത അവനിൽ പ്രതീക്ഷ ഉണർത്തി. അതിനിടയിൽ പോലീസ്‌കാരന്റെ വായിൽ നിന്ന് ബോട്ട് ഇറക്കുന്നതിനെ പറ്റി സംസാരിച്ചത് അവന്റെ കാതിൽ മുഴങ്ങി.
അവൻ തിരിഞ്ഞോടി പോലീസ്‌കാരനോട് ചോദിച്ചു,
"ഞാൻ ബോട്ട് കൊണ്ടുവന്നാൽ നിങ്ങൾ വേണ്ട സൗകര്യം ചെയ്തു തരുവോ"
"തീർച്ചയായും നി കൊണ്ടുവാ ഈ വണ്ടി ഒക്കെ മാറ്റി എല്ലാ സൗകര്യവും ചെയ്യതു തരാം ബോട്ടിനാണ് ക്ഷാമം"
അവനു പകുതി ആശ്വാസം ആയി ഫോൺ എടുത്തു അവന്റെ അപ്പായെ വിളിച്ചു ബോട്ട് അറേഞ്ച് ചെയ്തു എത്തിക്കുന്ന കാര്യം ശരിയാക്കാൻ കൂട്ടുകാരനെ ഏല്പിച്ചു അവൻ പെട്ടെന്ന് വണ്ടിയെടുത്തു പാഞ്ഞു. അവിടെയും റോഡ് വെള്ളത്തിലേക്കാണ് എത്തിച്ചേരുന്നത്. കുറച്ചു ആള് കൂടി നിൽക്കുന്നുണ്ട് അതിൽ പകുതിയും ഒരു സിനിമ ഷൂട്ടിംഗ് കാണുന്ന ലാഘവത്തോടെ കാഴ്ച കാണുവാൻ വന്നു നിൽക്കുന്നവരാണ്.
ഫയർഫോഴ്‌സിന്റെ വണ്ടി കിടക്കുന്നു. അവരോടു അവൻ വിവരങ്ങൾ പറഞ്ഞു ഉദ്ദേശിച്ചപോലെ ഒരു ഉത്തരം അല്ല അവനു അവരുടെ അടുത്ത് നിന്ന് കിട്ടിയത്. ശരിക്കും അവർക്കു അവിടുത്തെ സ്ഥലം തന്നെ നിശ്ചയം ഇല്ല. അങ്ങകലെ കുറച്ചു പട്ടാളക്കാര് വെള്ളത്തിൽ ഇറങ്ങി നില്പുണ്ട് ഹെലികോപ്റ്ററിന്റെ മുരൾച്ച മണ്ടക്ക് കേൾക്കുന്നു തലങ്ങും വിലങ്ങും.
അവൻ വീണ്ടും ധന്യയുടെ നമ്പറിൽ വിളിച്ചു,
"എന്തായി...വല്ല ബോട്ടോ ഹെലികോപ്റ്ററോ അവിടെയൊക്കെ ഉണ്ടോ ഉണ്ടെങ്കിൽ അവർക്കു കാണുവാൻ പറ്റുന്ന രീതിയിൽ എവിടെങ്കിലും കയറി നിന്ന് തുണി വല്ലോം വീശി കാണിക്ക്...ഇവിടുന്നു ബോട്ട് വിടുന്നുണ്ട് കഴിയുമെങ്കിൽ ഞാൻ കേറി വന്നായാലും നിങ്ങളെ ഇന്ന് ഇറക്കിക്കോളാം"
പട്ടാളക്കാരുടെ അടുത്തേക്ക് ചെന്ന് അവൻ, അറിയുന്ന മുറിഹിന്ദിയിൽ കാര്യങ്ങൾ പറഞ്ഞു. അവരിൽ നിന്ന് രണ്ടു ബോട്ട് ഇപ്പൊ വന്നു, ആളെ എടുക്കുവാൻ പോയേക്കുവാണെന്ന് മനസിലാക്കി. അതു വരുന്നത് നോക്കി നിൽക്കുകയാണ് അവരെല്ലാം.
അവൻ ചുറ്റും കണ്ണോടിച്ചു അവിടെ നിൽക്കുന്നവർ ആരും ആ പ്രദേശത്തു ഉള്ളവർ അല്ല. എല്ലാവരും പ്രളയത്തിൽ പെട്ടുകിടക്കുന്ന തന്റെ ഉറ്റവരെയും ഉടയവരെയും തേടി ഓരോ സ്ഥലങ്ങളിൽ നിന്ന് വന്നവർ ആയിരുന്നു. അവിടെ എല്ലാ ജാതിയിലും മതത്തിലും പെട്ടവർ ഉണ്ടായിരുന്നു. എല്ലാ രാഷ്ട്രീയപാർട്ടികളിൽ പെട്ടവരും, സ്ത്രീപുരുഷന്മാരും ഉണ്ടായിരുന്നു. പണം ഉള്ളവരും ഇല്ലാത്തവരും ഒക്കെ ഉണ്ടായിരുന്നു . അവർക്കെല്ലാം ഒരേയൊരു ആവിശ്യം മാത്രമായിരുന്നു. തന്റെ ഉറ്റവരുടെ ജീവൻ രക്ഷപെടുത്തി കൊണ്ടുവന്നാൽ മാത്രം മതി. ഒരു നിമിഷം ദൈവത്തേ മനസറിഞ്ഞു വിളിച്ചു പോകുന്ന കാഴ്ച.
അതിനിടയിൽ അവൻ ഓരോ പട്ടാളക്കാരോടും, അതുപോലെ രക്ഷാപ്രവർത്തനത്തിന് നില്കുന്നവരോടും ഒക്കെ അവരെ പറ്റി പറഞ്ഞുകൊടുത്തുകൊണ്ടിരുന്ന. കാരണം ഒരുകാരണവശാലും അവിടെ ചെല്ലുമ്പോൾ അവർക്കു മറവി ഉണ്ടാകരുത്, അതായിരുന്നു അവന്റെ ഉദ്ദേശ്യം.
പതുക്കെ പതുക്കെ അവനും അവരിൽ ഒരാളായി മാറി. കനത്ത മഴയും വകവെക്കാതെ അവരോടോപ്പോം അവനും നിന്നു. കാലിൽ തണുപ്പ് നന്നായി അടിച്ചു കേറുന്നുണ്ട് അവന്റെ കാലൊക്കെ കെഴച്ചു മരവിച്ചു തുടങ്ങി അതിനിടയിൽ നൂറ് കാളുകൾ വരുന്നുണ്ട് ഫോണിൽ. വീട്ടിൽ നിന്നും പെങ്കൊച്ചിന്റെ ബന്ധുക്കളും ഒക്കെ വിളിച്ചു അന്വേഷിച്ചു തുടങ്ങി. എല്ലാവരെയും സമാധാനപ്പെടുത്തി വിവരങ്ങൾ പറയുമ്പോഴും അവന്റെ ഉള്ളിൽ പേടിയും വിഷമവും അലട്ടുന്നുണ്ട്. സംസാരത്തിൽ വിറയൽ ആയി. നന്നായി തണുക്കുന്നുണ്ട്.
അതിനടുത്ത ഒരു വീട്ടിൽ, വെള്ളം കേറി കിടക്കുന്ന പറമ്പിലെ കപ്പ ഒക്കെ പറിച്ചു ഒന്ന് രണ്ടു സ്ത്രീകൾ അതു പുഴുങ്ങി അവിടെ നിൽക്കുന്നവർക്ക് കൊടുക്കുവാൻ തയാറെടുക്കുന്നു. അതാ ബോട്ടിന്റെ ശബ്ദം.
ബോട്ട് വരുന്നു, അതിൽ കാണുവോ?. ഒരെണ്ണം പോയത് അവരുടെ ഏരിയിലേക്കാണ്. ബോട്ട് വന്നു രണ്ടെണ്ണത്തിലും മാറിയും തിരിഞ്ഞും ഒക്കെ നോക്കി അതിലെങ്ങും അവർ ഇല്ല. പേടിച്ചു ക്ഷീണിച്ചു തളർന്ന കുറെ മുഖങ്ങളിൽ ജീവൻ തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസത്തിൽ നോക്കുന്ന കണ്ണുകൾ ആയിരുന്നു മുഴുവൻ. അവൻ അവരെ ഇറക്കുവാൻ ഉള്ള പ്രവർത്തനത്തിൽ ഏർപ്പെട്ടു ഒരു രക്ഷാപ്രവർത്തകൻ ആയി മാറി. ഒരുരുത്തരെയും അവൻ ശ്രദ്ധാപൂർവം ഇറക്കുവാൻ കൂടി കുറച്ചുകൂടി ധൈര്യം അവനു വന്നു ഈ ബോട്ടുകൾ പോകുമ്പോളെങ്കിലും അവരെ എടുക്കണം എടുപ്പിക്കണം എന്ന ചിന്തയിൽ വഴി കാണിക്കുവാൻ കൂടെ പോകുന്നവരോട് അവൻ അവരെപറ്റി പറയുവാൻ ശ്രമിച്ചു പക്ഷേ കാര്യമുണ്ടായില്ല. ഇരയെ കാക്കകൾ കൊത്തിപ്പറിക്കുന്നതു പോലെ ആളുകൾ എല്ലാവരും കൂടി അയാളോട് ഒരോരുത്തരും അവരവരുടെ കുടുംബത്തെ പറ്റി പറയുകയാണ്. കുറേപ്പേര് ചാടി കയറുവാൻ ശ്രമിക്കുന്നു. ആകെ ബഹളം. അവസാനം രംഗം വഷളായി. തർക്കങ്ങൾ ആയി. പട്ടാളക്കാര് ക്ഷമ കെട്ടു. പോലീസ് എല്ലാവരും നിസ്സഹായരായി. പട്ടാളം ശക്തമായി ഇടപെട്ടു ആളുകളെ ഓടിച്ചു. അതിൽ രണ്ടുമൂന്നുപേരെ മാത്രം അവിടെ നിർത്തി. അതിൽ ഏതോ ഭാഗ്യത്തിന് അവനും ഉണ്ടാരുന്നു ഒരുപക്ഷെ കുറച്ചു മുമ്പ് അവരെയൊക്കെ കണ്ടു സംസാരിച്ചു നിന്നതു കൊണ്ടായിരിക്കാം. പിന്നെ അവൻ ഉൾപ്പെടുന്ന ടീം ആയി കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഓരോ ബോട്ടിലും വിടേണ്ട ആളുകളെ കവർ ചെയ്യണ്ട ഏരിയകൾ അങ്ങനെ അവരൊരു പ്ലാനിംഗ് ഉണ്ടാക്കി. ശരിക്കും അവനു അവിടെയുള്ള ജീവനെല്ലാം രക്ഷിക്കണം എന്ന ചിന്തയിലേക്ക് എത്തപ്പെട്ടു. ഒരുപക്ഷെ പട്ടാളക്കാരുടെ സംസാരങ്ങളും അവരോടു ഇടപഴകി നിന്നതുകൊണ്ടുമായിരിക്കാം...
വീണ്ടും അവരെ വിളിക്കുവാൻ ശ്രമിച്ചു. അവര് കുഴപ്പമില്ലാതെ ആണ് നില്ക്കുന്നത് ആ ആശ്വാസത്തിൽ അവൻ വീണ്ടും രക്ഷാപ്രവർത്തനങ്ങളിൽ മുഴുകി. ബോട്ടുകൾ അടുത്ത റൗണ്ടുകൾ ഒന്ന് രണ്ടുവട്ടം പോയിട്ട് വന്നു. അവരെ കിട്ടിയില്ല. നേരം വൈകി തുടങ്ങി. അവന്റെ മനസ്സിൽ വീണ്ടും, പേടിയും സങ്കടവും ദേഷ്യവും എല്ലാംകൂടി ആകെമൊത്തം എന്തോ വല്ലാത്ത ഒരു അവസ്ഥയിൽ എത്തപ്പെട്ടു. ഇരുട്ടായി ഇനി ബോട്ടുകാർക്കു പോകുവാൻ കഴിയില്ല എന്ന രീതിയിൽ ആയി. അവൻ ഉരുകി തീരുന്ന അവസ്ഥയിൽ നിന്നു. ഇനി ഒരു രാത്രികൂടി അവര് ടെറസിൽ, ഈശ്വരാ..ആലോചിക്കാൻ കൂടി വൈയ്യാ...
മഴ തകർക്കുകയാണ്. നിന്റെ ആളുകൾ വന്നില്ലേ എന്ന് കൂടെ നിന്ന പട്ടാളക്കാരൻ വന്നു ചോദിച്ചു. ഇല്ലന്ന് പറഞ്ഞപ്പോൾ അവരിലൊരാൾ അവിടെ നിന്ന ഒരാളെ ചൂണ്ടികാണിച്ചു അയാളോട് പോയി കാര്യം പറയാൻ പറഞ്ഞു.
അവൻ അയാളുടെ അടുത്തേക്ക് ഓടി ചെന്ന്, അറിയാവുന്ന ഹിന്ദിയിൽ പറഞ്ഞു,
"ഒരു കൊച്ചു കുഞ്ഞു സഹിതം രണ്ടു ദിവസം കൊണ്ട് ടെറസിൽ ആണ് ഒരുതവണ കൂടി ഒന്ന് ശ്രമിക്കുമോ"
എന്ന് അയാളോട് കെഞ്ചി
അയാൾ വിവരങ്ങൾ എല്ലാം കേട്ട് പട്ടാളക്കാരെ വിളിച്ചു സിറ്റുവേഷൻ കൺട്രോളിൽ ആണോ പോകുവാൻ സാധിക്കുമോ എന്ന് ചോദിക്കുമ്പോൾ, എല്ലാവരും "sure sir" ഒരേ സ്വരത്തിൽ പറഞ്ഞു. ശരിക്കും പട്ടാളക്കാരുടെ വീര്യം ആ ഒരു നിമിഷത്തിൽ നമുക്ക് മനസിലാക്കുവാൻ. അവർക്കു ഒരു ടോർച്ചു ഒക്കെ അറേഞ്ച് ചെയ്തു കൊടുത്തു. അവൻ മനസ്സിൽ സകല ദൈവങ്ങളെ വിളിച്ചു അവരു പോകുന്നത് നോക്കി നിന്നു. മൂന്നാലു പേര് മാത്രം അവസാനമായി അവന്റെ കൂടെ കോരിച്ചൊരിയുന്ന മഴയത്തു അരപൊക്കം വെള്ളത്തിൽ നനഞ്ഞു കാത്തു നിന്ന്.
അവൻ ഫോൺ എടുത്തു വിളിച്ചു, അവന്റെ സ്വരം കേൾക്കുമ്പോൾ ധന്യക്ക് സ്വരം ഇടറുന്നു. അളിയൻ ധനേഷ് ഫോൺ അവളുടെ കൈയ്യിൽ നിന്ന് വാങ്ങി സംസാരിച്ചു,
"വാവച്ചിക്കു എന്തുപറ്റി…ok... അളിയാ ഇത് അവസാന ബോട്ട് ആണ് ഇതിലെങ്കിലും നിങ്ങൾ കയറി എത്തണം അവർക്കു ഏരിയ മനസിലാക്കാൻ മാക്സിമം വെട്ടം കിട്ടുന്ന രീതിയിൽ ടോർച്ച വട്ടം ചുറ്റി അടിച്ചു നന്നായി ഉച്ചത്തിൽ സൗണ്ടും ഉണ്ടാക്കുവാൻ ശ്രമിക്കണം.”
ഫോൺ വെച്ചയുടൻ കണ്ണുനീരാൽ അവന്റെ കാഴ്ച മങ്ങി. മനസ്സിൽ അവന്റെ വീടിന്റെ ചുറ്റുവട്ടത്തുള്ള അമ്പലങ്ങളിലെ വിഗ്രഹങ്ങൾ ഒക്കെ കടന്നുവന്നു. അവൻ ഒന്ന് കണ്ണടച്ചു കണ്ണുനീർ ഓരോ തുള്ളികളായി മുഖത്തു വീണ മഴത്തുള്ളികളോടൊപ്പം ആർക്കും പിടികൊടുക്കാതെ ഒഴുകി പോയി.
പക്ഷേ വിചാരിക്കുന്നതിനേക്കാൾ വേഗത്തിൽ അവര് തിരിച്ചെത്തി. പോകുന്ന വഴിയിൽ നിറയെ ആളുകളുമായി ഒരു ബോട്ട് കേടായി ആറിൽ ഒഴുക്കിൽ പെട്ട് കിടക്കുന്നു. അവരെ കയറ്റി ആ ബോട്ട് തിരിച്ചുപോന്നു. വളരെയേറെ പ്രയാസപ്പെട്ടാണ് അവര് തിരിച്ചുപോന്നത് അതുപോലെ ഒഴുക്കും, നല്ല മഴയും, കൂടാതെ ഇരുട്ടും. അവരുടെ നിസഹായത അവനോടു പറഞ്ഞുതു കേൾക്കാണ്ടിരിക്കുവാൻ അവനു പറ്റിയില്ല. അവന്റെ നിർബന്ധത്തിൽ പോയതുകൊണ്ടാണ് ഇത്രയും ആൾക്കാരെ അവർക്കു രക്ഷപെടുത്താൻ കഴിഞ്ഞത്. കൂടുതലും കൊച്ചു കുട്ടികളും സ്ത്രീകളും ആയിരുന്നു. ഒരു പട്ടാളക്കാരൻ അവന്റെ തോളിൽ കൈവെച്ചു ഉറപ്പു നൽകി,
“നാളെ തീർച്ചയായും നിന്റെ ആളുകളെ ഞങ്ങൾ രാവിലെ എടുത്തിരിക്കും”.
അവൻ വീണ്ടും വിളിച്ചു അവരെ ഇന്നത്തെ അവസ്ഥയും പറഞ്ഞു മനസിലാക്കി. അവനു ഇല്ലാത്ത ധൈര്യം അവർക്കു അവൻ കൊടുക്കുവാൻ ശ്രമിച്ചു. അവന്റെ മനസ്സിൽ ഉള്ള ഭയം മറച്ചുവെച്ചു അവനെ വിളിച്ചു അന്വേഷിച്ച എല്ലാവരെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അവൻ തിരിച്ചു വീട്ടിലേക്കു മടങ്ങി. നാളെ അവരെ എടുത്തിട്ട് വരുമെന്ന പട്ടാളക്കാർ കൊടുത്ത വാക്കിൽ സ്വയം സമാധാനിച്ചു ബാക്കി ഉള്ളവരെയും സമാധാനിപ്പിച്ചു വീട്ടിൽ എത്തി ആഹാരം കഴിച്ചു
അവരെ ഒന്നുകൂടി വിളിച്ചു,
"വാവാച്ചി ഇന്ന് ഒരു ദിവസം കൂടി അഡ്ജസ്റ്റ് ചെയ്താൽ മതി നാളെ എന്തായാലും ഇറക്കിയിരിക്കും"
അതു അവന്റെയൊരു വാക്കായിരുന്നു
ശരിക്കും അവൻ അവളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലായ ഒരു ദിവസം കൂടിയായിരുന്നു. ഒരു പക്ഷേ നിച്ഛയം നടന്നപ്പോളും അതിനുമുമ്പും അവനു ആ സ്നേഹം ഉണ്ടായിരിനിരിക്കില്ല. അതിനു കാരണവും ഉണ്ട് കുറെ പ്രശ്നങ്ങൾക്ക് നടുവിൽ നിന്നാണ് എന്തോ ഒരു വാക്കിന്റെയോ വാശിയുടെയോ പുറത്തായിരുന്നു ഇത് നടത്തിയെടുക്കണം എന്ന് തീരുമാനിച്ചത്. അന്നൊക്കെ അവന്റെ മനസ്സിൽ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നൊക്കെ ഉള്ള ഭയങ്ങളും, ഒന്നും ഉണ്ടാകരുതേ... എല്ലാവരും സന്തോഷത്തോടെ ഇത് നടത്താൻ ആഗ്രഹിച്ചതാണ്. അതിനു ഒരു കോട്ടവും വരുത്തരുതേ എന്നുള്ള പ്രാർത്ഥനയും ഒക്കെ ആയിരുന്നു അവന്റെ മനസ്സ് മുഴുവൻ. ആ ഒരു അവസ്ഥയിൽ അർഹിക്കുന്ന ഒരു സ്നേഹം അവന്റെ ഉള്ളിലെവിടെയോ ഉണ്ടെങ്കിലും അതു പുറത്തു വന്ന നിമിഷങ്ങൾ ആയിരുന്നു അന്ന് മുഴുവൻ. രാത്രി ഉറങ്ങുവാൻ അവനു കഴിഞ്ഞില്ല എങ്ങനെയോ നേരം വെളുപ്പിച്ചു.
അവന്റെ അനിയനെയും കൂട്ടി രാവിലെ ഇറങ്ങാൻതുടങ്ങിയപ്പോൾ അവൻ അമ്മയോട് ഉറപ്പുപറഞ്ഞു,
“ഇന്ന് അവരെ കൊണ്ടുവരും അമ്മ എല്ലാം ഒരുക്കിക്കൊ”.
ഇന്നലെ പോയപോലെ അല്ല പോകുന്ന വഴികൾ ഒക്കെ വെള്ളം കയറിക്കൊണ്ടിരിക്കുന്നു. റോഡുകൾ ഒക്കെ ബ്ലോക്ക് ആകുന്നു. ഒരുപാടു ചുറ്റി കറങ്ങി പോകേണ്ടി വന്നു ഇന്ന് അവർക്കു ചെങ്ങന്നൂരെത്താൻ. എങ്ങനൊക്കെയോ അവര് അവിടെ എത്തി. അവൻ എല്ലാം സാധനങ്ങളും അനിയനെ ഏല്പിച്ചു പട്ടാളക്കാരുടെ അടുത്തേക്ക് ഓടി.
അപ്പോഴേക്ക് ഒരുപാടു ബോട്ടുകൾ ഇറങ്ങിയിട്ടുണ്ടാരുന്നു. അവൻ ഓടി എത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോൾ രക്ഷാപ്രവർത്തനത്തിന്റെ രീതികൾ മാറി. ബോട്ടുകൾ ഒരുപാടു എത്തികൊണ്ടിരിക്കുന്നു.
മൂന്ന് ബോട്ടുകൾ ആളുകളെ എടുത്തുകൊണ്ടു വന്നു അവൻ അതിലെല്ലാം അവരുടെ മുഖങ്ങൾ തിരഞ്ഞു, അതിലും അവരില്ലായിരുന്നു. അവരെ വിളിച്ചു നോക്കുവാൻ ഫോണിലെ റേഞ്ച് ഇല്ലായിരുന്നു. ഇറങ്ങിയോ ഇല്ലിയോ എന്നൊന്നും അറിയാതെ പ്രതീക്ഷയർപ്പിച്ചു അവൻ വന്ന ആളുകളെ ഒക്കെ ഇറക്കുവാൻ സഹായിച്ചു. അതിൽ ഒരു അത്യാസന്ന നിലയിൽ ഉള്ള അമ്മച്ചിയുണ്ടായിരുന്നു. ആ അമ്മച്ചിയെ കുറച്ചുപേർ ചേർന്നു ആംബുലൻസിൽ കയറ്റി വിടുന്നതിന്റെ തിരക്കിൽ നിൽകുമ്പോൾ, രണ്ടുബോട്ടുകൾ കൂടി വന്നു. ആദ്യത്തേത് അടുപ്പിച്ചു അതിൽ നിന്ന് ആളെ ഇറക്കുവാൻ ശ്രമിക്കുമ്പോൾ, കൂടെ വന്ന ബോട്ടിൽ ഒരാളുടെ മുഖത്തു അവന്റെ കണ്ണ് ഉടക്കി. അതെ അവൻ രണ്ടുദിവസം തേടിയ ആ മുഖങ്ങൾ ഒക്കെ അതിൽ ഉണ്ടായിരുന്നു അവൻ ഓടി അവിടെ ചെന്ന്, അവന്റെ കണ്ണുകൾ തിളങ്ങി, ശബ്ദം പുറത്തേക്കു വന്നില്ല. ബോധം വീണ്ടെടുത്ത് മറ്റൊരു ബോട്ടിലെ ആളുകളെ ഇറക്കാൻ സഹായിക്കുന്ന അവന്റെ അനിയനെ ഉറക്കെവിളിച്ചുകൊണ്ടു അവൻ അവരെയെല്ലാം ഇറക്കി. അവരോടു അനുവാദം ചോദിക്കുവാൻ നില്കാതെ വണ്ടി എടുത്തുകൊണ്ടുവന്നു തന്റെ പെണ്ണിനെയും വീട്ടുകാരെയും അവൻ വണ്ടിയിൽ കയറ്റി യാത്ര തിരിക്കുവാൻ ഇറങ്ങി.
ആരോടൊക്കെയോ നന്ദി പറയണം എന്ന് മനസ്സിൽ വിചാരിച്ചു കുറെ മുഖങ്ങൾ തിരഞ്ഞു. അവരെല്ലാം അടുത്ത വരുന്ന ബോട്ടുകളിൽ നിന്ന് ആളുകളെ ഇറക്കുവാനുള്ള തിരക്കിലായിരുന്നു. മനസ്സുകൊണ്ട് എല്ലാവരോടും നന്ദി പറഞ്ഞു അവരെകൂട്ടികൊണ്ടു വണ്ടിയിൽ കയറി വീട്ടിലേക്കു തിരിച്ചു.
അവനു അവരെ സുരക്ഷിതമായി എങ്ങനേലും വീട്ടിൽ എത്തിക്കുക എന്നതായിരുന്നു പിന്നീട് മനസിലുള്ളത്. നിച്ഛയം കഴിഞ്ഞാൽ കല്യാണത്തിന് മുന്നേ കാണുവാൻ പോലും സാധിക്കാതെ ഇരിക്കുന്ന കാലഘട്ടത്തിൽ നിന്ന് ഈ ഹൈടെക് യുഗത്തിൽ ജീവിക്കുന്ന അവൻ ഒരു പുതിയ ചരിത്രം, അല്ലെങ്കിൽ ഒരാൾക്കും ജീവിതത്തിൽ കിട്ടാത്ത ഒരു ഭാഗ്യവുമായിട്ടാണ് അവൻ യാത്ര ചെയ്യുന്നത്.
എല്ലാം ഒരു നിമിത്തം ആണ്. കല്യാണത്തിന് മുന്നേ ദൈവം വെള്ളപൊക്കത്തിലൂടെ ആ പെൺകുട്ടിയെ ഒഴുക്കി അവന്റെ കൈകളിൽ എത്തിച്ചു.
അതെ പ്രളയം കൈകളിൽ എത്തിച്ച സൗഭാഗ്യം.
എല്ലാവർക്കും ഈ പ്രളയം ഒരു ദുരുന്തം ആകുമ്പോൾ അവനു അതു ഒരു അനുഗ്രഹമായിരുന്നു. അവൻ കല്യാണം കഴിക്കുവാൻ പോകുന്ന, അതും ഒരുപാടു വിഷമങ്ങൾക്കു ഒടുവിൽ നേടിയെടുത്ത, ആ കുട്ടിയോടും അവളുടെ കുടംബത്തോടും അവന്റെ കുടുംബത്തോടുമൊപ്പം ഇരുപതു ദിവസത്തോളം, ദൈവത്തിന്റ അനുഗ്രഹത്തോടെ സന്തോഷത്തോടെ ഒരു ഓണവും ആഘോഷിക്കുവാൻ അവനു ഭാഗ്യമുണ്ടായി. ശരിക്കും ഈ പ്രളയം ഒരുപാടു ആളുകൾക്ക് കുറെ പാഠങ്ങൾ പഠിപ്പിച്ചു പക്ഷേ എനിക്ക് തോനുന്നു ഈ പ്രളയം അവനു വേണ്ടി ഈശ്വരൻ അനുഗ്രഹിച്ചു കൊടുത്തതാണെന്നു...
വിവാഹദിവസത്തേക്കുള്ള കാത്തിരുപ്പുമായി അവൻ പ്രവാസജീവിതത്തിലേക്കു വീണ്ടും യാത്ര തിരിച്ചു…
ശുഭം
രചന : അഖിൽ പവിത്രൻ
നിങ്ങളുടെ എഴുത്തുകൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ബന്ധപെടുക
3 comments:
Thankz for your support...
Nannayitund akhil
👍💐✌
Post a Comment