സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"
Showing posts with label കൊറോണ വൈറസ്‌. Show all posts
Showing posts with label കൊറോണ വൈറസ്‌. Show all posts

May 05, 2020

കോവിഡ് 19 - എന്നൊരു പഴങ്കഥ | Covid 19 Special


വർഷങ്ങൾക്ക് ശേഷം ഒരു വീട്ടിൽ ------
"അച്ഛാ ഒരു കഥ പറയാമോ" "ശരി മോളെ" 

പണ്ട് വളരെ പണ്ട് 
നമ്മുടെ ഭൂമിയിൽ കുത്തഴിഞ്ഞ ഒരു തലമുറ ജീവിച്ചിരുന്നു . അവരുടെ അത്യാഗ്രഹം മൂലം പ്രകൃതിക്കു വലിയ നാശനഷ്ടം ഉണ്ടായി. സൂര്യ പ്രകാശത്തിന്റെ തീവ്രത കൂടി, ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും സംരക്ഷിച്ചു പോന്നിരുന്നത് നമ്മുടെ ആകാശത്തിനു മുകളിലെ ഓസോൺ പാളികളാണ് ; വ്യവസായികവും, മോട്ടോർ വാഹന മലിനീകരണവും അതിനു വിള്ളലുണ്ടാക്കുകയും എല്ലാ ജീവജാലങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങളും പല ജീവജാലങ്ങളുടെയും വംശനാശത്തിനും അതിനിടവരുത്തി.  മലിനീകരണം മൂലം നദികളും കായലുകളും നശിക്കപെട്ടു . മത്സ്യ സമ്പത്തു കുറഞ്ഞു, ശുദ്ധജലം ലഭിക്കാതെ ആയി, ഓയിലും ഡീസലും കലർന്ന ജലം കൃഷിക്കും നാശം വരുത്താൻ തുടങ്ങി. അന്തരീക്ഷമലിനീകരണം മൂലം അലർജി, ആസ്ത്മ, ക്യാൻസർ തുടങ്ങിയ രോഗം ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു.  മലിനീകരണം മൂലം പക്ഷികളും മറ്റുജന്തുക്കളും നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്കും വികസിത രാജ്യങ്ങളിൽ നിന്നും അവികസിത രാജ്യങ്ങളിലേക്കും മാറിപ്പോയി. ഭൂമി നാശത്തിന്റെ വക്കിലായി ""ഇനി എത്രനാൾ ഈ ഭൂമിയിൽ ജീവൻ 
" എന്നാശങ്കപ്പെട്ടു മഹാപ്രതിഭയായ അബ്‌ദുൾ കാലം എന്ന വലിയ ശാസ്ത്രജ്ഞൻ വിടചൊല്ലി.  പരിസ്ഥിതി വാദികളും പ്രകൃതി സ്നേഹികളും അലമുറയിട്ടു കേണുകൊണ്ടിരുന്നു ആരും ഒന്നും വകവെച്ചില്ല . കുതിച്ചോട്ടവും വെട്ടിപ്പിടുത്തവും അടിച്ചമർത്തലും ചൂഷണവും കൊള്ളയും നിർലോഭം തുടർന്നു. ഭൂമി ആ വരുന്ന 2 തലമുറക്കപ്പുറം ഉണ്ടാവില്ലാത്ത അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു....

  🔊 പെട്ടന്ന് ഒരശരീരി കേട്ടു എല്ലാവരും എല്ലാവരും വീടിനുള്ളിൽ ഇരിക്കുക, വാഹനങ്ങൾ ഓടിക്കരുത്, വ്യവസായങ്ങൾ നിർത്തുക, ആരാധനാലയങ്ങൾ അടയ്ക്കുക,ആഘോഷങ്ങൾ നിർത്തുക , മലയിടിക്കലും ഭൂമിനിരത്തലും നിർത്തുക, ഇത്‌ ലംഘിക്കുന്നവർക്ക് മഹാമാരി പിടിപെടും. ഒരാൾക്ക് പിടിപ്പാട്ടാൽ അയാളോടടുക്കുന്ന എല്ലാവരെയും ബാധിക്കും ആരും അതത്ര കാര്യമാക്കിയില്ല . ദൈവത്തിനു വേണ്ടി പടപൊരുതുന്നതല്ലാതെ ആ തലമുറ ദൈവവാക്കുകളിൽ വിശ്വസിച്ചിരുന്നില്ല,. ദൈവവചനം പ്രവർത്തികമായി തുടങ്ങി മഹാമാരി പടർന്നു പിടിച്ചു ജനം കൂട്ടത്തോടെ മരണപ്പെട്ടു ,. ചികിത്‌സ കിട്ടാൻ മണിക്കൂറുകൾ കാത്തുനിന്നിട്ടും സാധിക്കാതെയായി ഒടുവിൽ ജനം ദൈവവചനം അനുസരിച്ചു തുടങ്ങി.  വാഹനങ്ങൾ നിലച്ചു വ്യവസായ ശാലകൾ അടച്ചു പട്ടിണിയിലും പരിവട്ടത്തിലും ജനം ഒരു പണിക്കും പോകാതെ വീട്ടിൽ തന്നെ കഴിഞ്ഞു. ലംഘിക്കുന്നവരെ ഭരണാധികാരികൾ കഠിനമായി ശിക്ഷിച്ചു വീട്ടിലിരുത്തി, വളരെ കാലം ജനം വീട്ടിലിരുന്നതോടെ പുഴകൾ തെളിഞ്ഞു ,മത്സ്യ സമ്പത്തു വർധിച്ചു, അന്തരീക്ഷം ശുദ്ധമായി, ജീവജാലങ്ങൾ പെരുകി, ഓസോൺ പാളിക്കു വന്ന വിള്ളൽ അടഞ്ഞു, ഭൂമിയിൽ താപനില താഴ്ന്നു, എല്ലാ ജീവികൾക്കും സുഖമായി ജീവിക്കാവുന്ന അന്തരീക്ഷമായി. അങ്ങനെ അന്നേ നശിച്ചു പോകണ്ട ഭൂമി നമ്മൾക്ക് വേണ്ടി നിലനിൽക്കുന്നു ..
അന്നുണ്ടായ ആ മഹാമാരിക്ക് ആ തലമുറ ഒരു പേരിട്ടിരുന്നു
 കോവിഡ് 19.


May 03, 2020

സമയം തെളിയിച്ചു | Covid 19 Special


ഒരു സംശയവും വേണ്ട.. ഭാവിയിൽ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കേണ്ട ഒരു അനുഭവ കഥ തന്നെയായിരിക്കും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോക്ക് ഡൗൺ, കൊറോണയുമായി ബന്ധപ്പെട്ട അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ.. 
"ഏറ്റവും ശുദ്ധവായു കിട്ടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് മുഖത്ത് മാസ്ക് വെച്ച് നടക്കേണ്ട ഗതികേട്" . എന്തൊരു അവസ്ഥയാണ് ഇന്ന് മനുഷ്യൻ നേരിടുന്നത്"

ഒരു വർഷം മുമ്പ് നമ്മളിൽ ആരെങ്കിലും കരുതിയോ ഇതേപോലെ ഒരു സാഹചര്യം, ഇത്രയും കാലം അല്ലെങ്കിൽ ഒരുപക്ഷേ ഇനിയും ഏറെ കാലം നമ്മൾ എന്നെങ്കിലും അഭിമുഖീകരിക്കേണ്ടിവരും എന്ന്..

ചിലതില്ലാതെ ചിലർക്ക് ഒരു ദിവസം പോലും കഴിഞ്ഞു കൂടാൻ പറ്റില്ല എന്ന് നിർബന്ധം പിടിച്ചു കൊണ്ടിരുന്ന സാഹചര്യത്തിൽ നിന്നാണ് പെട്ടെന്ന് ഒരു ദിവസം കൊണ്ട് കാര്യങ്ങൾ ആകെ മാറിമറിഞ്ഞത്.. 
ദിവസവും മീനോ ഇറച്ചിയോ ഇല്ലാതെ ചോറ് ഇറങ്ങാത്ത ആളുകൾ പതിയെ പതിയെ വെജിറ്റേറിയൻ ഭക്ഷണത്തിലേക്ക്കുറച്ചുദിവസത്തേക്ക് എങ്കിലും മാറുന്നത് നമ്മൾ കണ്ടു.. 
ദിവസവും 'കൃത്യസമയമാകുമ്പോൾ' മദ്യപിച്ചില്ലെങ്കിൽ കൈ വിറയ്ക്കുന്ന ആളുകൾ ഒന്നര മാസത്തോളം ഉള്ളിലെ അമർഷവും സംഘർഷവും അടക്കിവെച്ച് ഒതുങ്ങിക്കൂടുന്നതും നമ്മൾ കണ്ടു.. അമ്പലത്തിലും പള്ളികളിലും പോയില്ലെങ്കിൽ ഉറക്കം കിട്ടാത്ത മനുഷ്യർ പ്രാർത്ഥനകൾ വീടിനുള്ളിലേക്ക് ചുരുക്കിയതും നമ്മൾ അറിഞ്ഞു.. 
എന്തിനുമേതിനും വീട്ടിലെ പെണ്ണുങ്ങളോട് വഴക്കടിച്ചിരുന്ന ആണുങ്ങൾ ക്ഷമയുടെ നിറകുടമായി മാറിയതും നമ്മൾ കണ്ടു..

കഴിഞ്ഞില്ല.. വ്യത്യാസങ്ങൾ അളവില്ലാതെ തുടരുകയാണ്..

മുമ്പ് പ്രായഭേദമന്യേ കൂട്ടുകാരുടെ തോളിൽ കൈയിട്ട് അർമാദിച്ചു നടന്നവർ ഇപ്പോൾ വീട്ടിലെ കുട്ടികളുമായി..അവരിലൊരാളായി.. അവർക്കായി സമയം മാറ്റി വെക്കാത്തതിന്റെകുറവ് നീക്കുന്നു..

ബിസിനസിന്റെ തിരക്കുമായി ലോകം ചുറ്റി നടന്നവർ ഒക്കെ ഇപ്പോൾ Work from Home കഴിഞ്ഞ് വണ്ടി കഴുകലും തോട്ടം നനക്കലും വീട് വൃത്തിയാക്കലും ഒക്കെയായി സമയം തള്ളിനീക്കുന്നു..

വൈകിട്ട് മുൻപുണ്ടായിരുന്ന സന്ധ്യപ്രാർത്ഥനകൾ ഒഴിവാക്കി സീരിയൽ അഡിക്റ്റഡായി ഇരുന്ന മുത്തശ്ശിമാർ ഇപ്പോൾ സീരിയലുകൾ ഇല്ലാത്തതുകൊണ്ട് കുഞ്ഞുങ്ങൾക്ക് പഴങ്കഥകൾ പറഞ്ഞു കൊടുക്കുന്നു..

മതവും രാഷ്ട്രീയവും പറഞ്ഞ് പോരടിച്ചവരിൽ ഒരു വലിയ ശതമാനം ഇപ്പോൾ എന്തോ തിരിച്ചറിവ് വന്ന പോലെ പരസ്പരം മോട്ടിവേറ്റ് ചെയ്യുന്നു..

ചില സമയം തോന്നും കൊറോണ എന്ന മഹാമാരി മൂലം ലോകത്ത് എല്ലായിടത്തും ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഇത് മനുഷ്യരുടെ വ്യക്തി ജീവിതത്തിൽ ചില മാറ്റങ്ങൾ ഉണ്ടാക്കാൻ അത്യന്താപേക്ഷിതമായിരുന്നു എന്ന്..

നഷ്ടങ്ങൾ ഉണ്ടായവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു..🙏

കാത്തിരിക്കാം എല്ലാം കലങ്ങിത്തെളിഞ്ഞ ഒരു നല്ല നാളേയ്ക്കായി...

April 14, 2020

The Real Heroes of the KERALA | Covid-19 Special


2018 ലെ പ്രളയകാലത്ത്, നിസ്സഹായരായ മനുഷ്യർക്ക് രക്ഷയേകാൻ
സ്വന്തം മുതുക് ചവിട്ടുപടിയാക്കിക്കൊടുത്ത ജൈസൽ.

ഇടുക്കി ചെറുതോണിയിൽ ഡാം തുറന്നു വിട്ടപ്പോൾ സംഹാര രുദ്രയായി ഇരമ്പിയാർത്തു വന്ന പുഴവെള്ളം ഏത് നിമിഷവും തന്റെ ജീവനെടുക്കുമെന്നുറപ്പുണ്ടായിട്ടും കൊച്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ആ കുഞ്ഞിനെയും കൈയ്യിലേന്തി
സാഹസികമായി മറുകരയിലേക്കോടിയ പേരറിയാത്ത പൊലീസുകാരൻ.

നിപ്പ കാലത്ത് മറ്റുള്ളവർക്ക് ഉയിരേകാൻ
സ്വന്തം ജീവൻ ബലിയർപ്പിച്ച്
നിത്യതയിൽ വിലയം പ്രാപിച്ച നഴ്സ് ലിനി.

2019 ലെ പ്രളയാകാലത്തു അവിശ്വസനീയമായ ദാനധർമ്മം കൊണ്ട് കേരള ജനതയെ വിസ്മയിപ്പിച്ചു കളഞ്ഞ നൗഷാദ്.

കവളപ്പാറയിൽ മണ്ണിടിഞ്ഞ് കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ പള്ളിയങ്കണം വിട്ടു കൊടുത്ത പോത്തുകല്ലിലെ മുജാഹിദ് പള്ളി ഭാരവാഹികൾ തുടങ്ങി മലയാളിയുടെ അതിജീവനത്തിന്റെ പ്രോജ്ജ്വല പ്രതീകങ്ങളുടെ കൂട്ടത്തിലേക്കിതാ ഈ കൊറോണാ കാലത്ത് മറ്റൊരു പേരു കൂടി കൂട്ടിച്ചേർക്കപ്പെടുന്നു.

സൗദിയിൽ കൊറോണ ബാധിച്ചു മരിച്ച, ജീവിതത്തിൽ താനൊരിക്കലും കാണുകയോ കേൾക്കുകയോ ചെയ്‌തട്ടില്ലാത്ത, ചെമ്മാട് സ്വദേശി സ്വഫ്‌വാന്റെ
മയ്യിത്ത് ആരുടെയും സഹായമില്ലാതെ‌, ഏകാകിയായി മറമാടിയ
തുവ്വൂർ സ്വദേശി സിദ്ദീഖ്!

സിദ്ദീഖ് എന്ന നന്മമരത്തിന്റെ സേവന ത്വരക്ക് മുമ്പിൽ നമിക്കാതെ വയ്യ.

12/04/2020 ലെ മലയാള മനോരമയിൽ ഇതു സംബന്ധിച്ച വാർത്ത വായിച്ചപ്പോൾ നയനങ്ങൾ സജലങ്ങളായി.

ഹൃദയം തൊണ്ടയിലേക്ക്‌ കയറിവന്നപോലെ!

ആ വലിയ മനസ്സിന്റെ ത്യാഗ സന്നദ്ധതക്ക് മുമ്പിൽ മനസ്സ് കൊണ്ട് പ്രണാമമർപ്പിച്ചു.

സ്വഫ്‌വാനെക്കുറിച്ച് സിദ്ദീഖ് ആദ്യമായി കേൾക്കുന്നത് ഏപ്രിൽ നാലിന് സ്വഫ്‌വാൻ മരണപ്പെടുമ്പോഴാണ്. സൗദി അറേബ്യയിൽ കർഫ്യു നിലനിൽക്കുന്നു.  കൂടാതെ രോഗഭയവും. ആരും പുറത്തിറങ്ങാൻ ധൈര്യപ്പെടാതിരുന്നപ്പോൾ, താനുമായി ഒരു ബന്ധവുമില്ലാത്ത ഒരാൾക്കുവേണ്ടി ഏതാണ്ട് ഏകനായി ഒരു നിയോഗം പോലെ സിദ്ദീഖ് രംഗത്തിറങ്ങി, മൃതദേഹം സംസ്ക്കരിക്കുന്നതുവരെ നിശ്ചയദാർഢ്യത്തോടെ സിദ്ദീഖ് കൂടെത്തന്നെ നിന്നു.

സിദ്ദീഖിനും തന്റെ വീട്ടിലെ ശീതീകരണിയുടെ ശീതളിമയിൽ സോഷ്യൽമീഡിയയിൽ ട്രോളുകളും തമാശകളുമായിസമയം തള്ളി നീക്കാമായിരുന്നു. പക്ഷേ അദ്ദേഹത്തിന് അത് കഴിയുമായിരുന്നില്ല, കാരണം, സേവനം രക്തത്തിലലിഞ്ഞു ചേർന്നവരുടെ കൂട്ടത്തിലായിരുന്നു , റിയാദ് കെ.എം.സി.സി. ക്ഷേമ വിഭാഗം ചെയർമാൻ കൂടിയായ സിദ്ദീഖ്.

മരിച്ചു നാലാം നാൾ സൗദി ജർമൻ ആശുപത്രിയിൽ നിന്ന്
മൃതദേഹം ഏറ്റുവാങ്ങുമ്പോൾ കബറടക്കാൻ ആളുകൾ ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. 'അൽശിമാലി'ൽ എത്തുമ്പോൾ മൃതദേഹം ആംബുലൻസിൽ നിന്ന് പുറത്തെടുക്കുവാൻ പോലും ആരുമില്ല. അതിനിടെ ആംബുലൻസ് ഡ്രൈവറും സ്ഥലം വിട്ടു. ഇതോടെ മൃതദേഹം മറവു ചെയ്യുന്നതിന് ആശുപത്രി അധികൃതർ നൽകിയ വ്യക്തിസുരക്ഷാ കിറ്റ് ധരിച്ചു. പക്ഷേ, മൃതദേഹം കബറിലേക്ക് ഇറക്കണമെങ്കിൽ രണ്ടു പെരുടെയെങ്കിലും സഹായം വേണം, ആരും പുറത്തിറങ്ങുന്നില്ല. ചിലർ സഹായം ചോദിച്ചത് കേൾക്കാത്ത ഭാവത്തിൽ കടന്നുപോയി. ഉച്ചസമയത്തു മണിക്കൂറുകൾ സഹായികളെ കിട്ടാൻ കാത്തിരുന്നു. ഒടുവിൽ രണ്ടു അറബ് സഹോദരങ്ങൾ മൃതദേഹം കബറിലേക്ക് ഇറക്കാൻ സഹായിച്ചു. പിന്നീട് ഖബർ മണ്ണിട്ടുമൂടാൻ സിദ്ദീഖ് തനിച്ചായിരുന്നു. മുക്കാൽ ഭാഗവും ഖബർ മണ്ണിട്ടുമൂടിയപ്പോൾ അതു വഴി വന്ന രണ്ടു ബംഗ്ളാദേശികളോട് സഹായം ചോദിച്ചു. അവർ കൂലിയും വാങ്ങിച്ചു. ഒട്ടേറെ മൃതദേഹങ്ങൾ ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടാനും കബറടക്കാനും
നേതൃത്വം നൽകിയിട്ടുണ്ടെങ്കിലും ഇത്തരം ഒരനുഭവം ആദ്യമായിരുന്നു സിദ്ദീഖിന്.

നട്ടുച്ച വെയിലിൽ മണിക്കൂറുകളോളം, തനിക്കാരുമല്ലാത്ത ഒരാളുടെ മയ്യിത്ത് മറമാടാനായി ഒരു സഹായിയെ കാത്തുനിൽക്കുന്ന സിദ്ദീഖിന്റെ ചിത്രമൊന്നോർത്തു നോക്കൂ. ആ സമയത്ത് അദ്ദേഹം അനുഭവിച്ച മാനസികസംഘർഷം! ആ മനുഷ്യന്റെ നിസ്സഹായാവസ്ഥ. ഏത് നിശ്ചയധാർഢ്യവും അലിഞ്ഞ് ഇല്ലാതെയാവുന്ന സാഹചര്യം!
പക്ഷേ അദ്ദേഹം പതറാതെ കാത്തിരുന്നു. ആ ശുഭാപ്തി വിശ്വാസത്തിനു മുമ്പിൽ മറ്റെല്ലാം തോറ്റു പോയി!

സിദ്ദീഖ്, താങ്കൾ മലയാളികളുടെ ഹൃദയം കീഴടക്കി!

താങ്കളെപ്പോലുള നിസ്വാർത്ഥ സേവകരുടെ ത്യാഗ സന്നദ്ധമായ മനസ്സുള്ളപ്പോൾ പിന്നെങ്ങനെ ഞങ്ങൾ തളരും ? ! 

സിദ്ദീഖ്, ഈ കൊറോണക്കാലത്ത് മലയാളികളുടെ പോരാട്ടവീര്യത്തിന്റെ തിളങ്ങുന്ന മുഖമായി മാറിയിരിക്കുന്നു താങ്കൾ !

ഈ ഒരൊറ്റ പ്രവർത്തികൊണ്ട്, മാനവികതയുടെ ഗ്രാഫുതന്നെ താങ്കൾ കുത്തനെ ഉയർത്തി. സർവ്വശക്തൻ താങ്കൾക്ക് തക്ക പ്രതിഫലം നൽകട്ടെ.



March 26, 2020

ഇൗ കൊറോണ വൈറസില്‌ നിന്ന് നമുക്ക് അതിജീവിക്കാം..


ഇനി വരുന്ന ഒന്ന് രണ്ടാഴ്ചകളിൽ, ഇന്ത്യയെന്ന നമ്മുടെ മഹത്തായ രാജ്യത്തെ ലോകം മുഴുവനും ഉറ്റുനോക്കാൻ പോവുകയാണ്. ഇറ്റലി പോലുള്ള വികസിത രാജ്യങ്ങളും, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമെന്ന് വിശേഷണമുള്ള, സ്വാധീനശക്തിയായ അമേരിക്ക പോലും. നമ്മുടെ അയൽവാസിയായ ചൈനയും ദൂരദേശങ്ങളായ ഇറാനും എല്ലാം നമ്മുടെ ഓരോ നടപടികളെയും സാകൂതം വീക്ഷിച്ചു കൊണ്ടിരിക്കുന്നു.

നമ്മുടെ ആതുരസേവന മേഖലയ്ക്കും , സാമ്പത്തികരംഗത്തിനും, ഇന്ന് ലോകമാകെ അനുദിനം തഴച്ചുവളരുന്ന ഭീഷണിയെ നേരിടാനും, നമ്മുടെ രാജ്യത്തെ വിലപ്പെട്ട മനുഷ്യജീവനുകളെ രക്ഷിയ്ക്കുവാനുമുള്ള ആർജ്ജവവും ശക്തിയും ഉണ്ടോ എന്നാണ് ലോകം മുഴുവനും കണ്ണും കാതും തുറന്നു കാത്തിരിക്കുന്നത്.
അതിഭയാനകമായ ഒരു വിസ്‌ഫോടനത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഈ സന്ദർഭത്തിൽ, ഒരു രാജ്യമെന്ന നിലയ്ക്ക്, കാര്യക്ഷമമായി, സമചിത്തതയോടെ, വീറോടെ, ഉത്തരവാദിത്തത്തോടെ ഈ പൊതുശത്രുവിനെ നേരിടാനും കീഴടക്കാനും കഴിയുമോ എന്നറിയാൻ.

ഈ  ലോകത്തെയാകെ ഇതിനകം ഭയപ്പെടുത്തിക്കഴിഞ്ഞിരിയ്ക്കുന്നു. ഇത് നമ്മുടെ ഊഴമാണ്. ലോകത്തിന് മുഴുവനും മാതൃകയാവാൻ... നമ്മൾ ഈ ഉദ്യമത്തിൽ വിജയിയ്ക്കുമോ പരാജയപ്പെടുമോ എന്നറിയാനുള്ള ഉദ്ദേശ്യത്തോടെ ഉറ്റുനോക്കുന്ന ലോകത്തിന് മുന്നിൽ, ഒരു മാതൃകയാവാൻ. ലോകജനസംഖ്യയിൽ രണ്ടാമത്തെ വലിയ രാജ്യമായ നമ്മളെ എല്ലാവരും കാണുന്നത് തികഞ്ഞ അവിശ്വാസത്തോടെയാണ് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന, വൃത്തിഹീനമായ നഗരങ്ങളും ഗ്രാമങ്ങളും നിറഞ്ഞതാണ് ഇന്ത്യയെന്ന് പറഞ്ഞ്, വില കുറച്ച് കാണുന്നവരാണ് അവരിൽ മിക്കവരും.

ഇത് നമുക്ക് ഒരു അവസരമാണ്. ഊർജജസ്വലരായ, ജാഗരൂകരായ, ഒത്തൊരുമയുള്ള ജനങ്ങളുടെ രാജ്യമാണ് ഇന്ത്യയെന്നും, കീഴടക്കാൻ കഴിയില്ലെന്ന് കരുതുന്ന ഈ ശത്രുവിനെ നമ്മൾ പോരാടി കീഴ്പ്പെടുത്തുമെന്നും കാണിച്ച് കൊടുക്കുവാനുള്ള അവസരം.

നമുക്ക് നമ്മുടെ കടമ നിറവേറ്റാം. പൗരബോധത്തോടെ. സാമൂഹികമായ അകലം പാലിയ്ക്കാം. ആവശ്യത്തിനുള്ളഭക്ഷ്യവസ്തുക്കൾ വാങ്ങിവെയ്ക്കാം, പക്ഷേ മറ്റുള്ളവർക്കും വേണമെന്ന കരുതൽ വേണം. പൊതുസംവിധാനങ്ങൾ  ഉപയോഗിക്കുമ്പോൾ,
അടിസ്ഥാനജീവിതസൗകര്യങ്ങളില്ലാത്തവരോട് സഹാനുഭൂതിയുണ്ടാവണം.

നമുക്ക് ചരിത്രം കുറിയ്ക്കാനുള്ള അവസരമാണ്. ഒട്ടും വിട്ടുകൊടുക്കാതെ, യുദ്ധസമാനമായ ഈ ഘട്ടം,
നമുക്ക് ഒറ്റക്കെട്ടായി നേരിടാം, വിജയം നേടാം.

March 24, 2020

ശ്രദ്ധിക്കുക....🚫


സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ സത്യവാങ്മൂലം നല്‍കണം.

മാതൃക പോലീസിന്‍റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയുടെ പ്രിന്‍റ് എടുത്തോ ഇതേ മാതൃകയില്‍ വെളളപേപ്പറില്‍ തയ്യാറാക്കിയോ ഉപയോഗിക്കാം. യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ സത്യവാങ്മൂലം പൂരിപ്പിച്ച് വാഹനത്തില്‍ സൂക്ഷിക്കേണ്ടതാണ്. ഇത് പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ പരിശോധനയ്ക്ക് നല്‍കണം. പരിശോധനയ്ക്ക് ശേഷം സത്യവാങ്മൂലം യാത്രക്കാരന് തിരിച്ചുനല്‍കും. സത്യവാങ്മൂലത്തില്‍ സംശയം തോന്നിയാല്‍ പോലീസ് അതിന്‍റെ ഫോട്ടോയെടുത്ത് തുടര്‍ അന്വേഷണം ഉള്‍പ്പെടെയുളള നിയമ നടപടികള്‍ സ്വീകരിക്കും. 
താഴെ കാണുന്ന ലിങ്കിൽ നിന്നും ഈ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്


#keralapolice #covid19 #corona

March 21, 2020

ഇതും നമ്മൾ അതിജീവിക്കും... (Covid-19 Special)

ജീവിതത്തിൽ ആദ്യമായി മഹാമാരിയെ പറ്റി ചിന്തിക്കുന്നത് പന്ത്രണ്ടാം ക്ലാസ്സിൽ പഠിച്ച ഹിന്ദി പുസ്തകത്തിലെ 'പഹൽവാൻ കി ധോലഘ്' എന്ന ചെറുകഥയിലൂടെ ആണ്. ഗ്രാമത്തിൽ മഹാമാരി കാരണം ആളുകൾ ഒന്നൊന്നായി മരിച്ചു കൊണ്ടിരിക്കുന്നു, അതിജീവിക്കാൻ പറ്റും എന്ന പ്രതീക്ഷ ആളുകളിൽ നഷ്ടപ്പെടുന്നു.  രാത്രി കാലങ്ങളിൽ പഹൽവാന്റെ ധോലഘ്ന്റെ (ചെണ്ട കൊട്ടിന്റെ ) താളം പതിയെ ജനങ്ങളിൽ പ്രതീക്ഷ പകർന്നു നൽകുന്നു .

നമ്മൾ കൊറോണയെ പറ്റി വേവലാതിപ്പെടുമ്പോൾ പല വീടുകളിലും പട്ടിണി ആണ് എന്ന് മറക്കരുത്. വ്യക്തിപരമായി അറിയാവുന്ന ഒരു പ്രൈവറ്റ് ബസിന്റെ ഒരു ദിവസത്തെ ആകെ കളക്ഷൻ 200 രൂപ (ഒഴായ്ച്ച മുൻപ് ) ആണ്. ഓട്ടോ-ടാക്സി തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, ടൂറിസം മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവർ എല്ലാം അന്നത്തെ അന്നത്തിനായി പൊരുതാൻ വിധിക്കപ്പെട്ടവർ ആണ്. ബംഗാൾ ഫാമിനെ പറ്റി അമർത്യാസെൻ എഴുതിയ 'hunger and public action' എന്ന പുസ്തകത്തിൽ പറയുന്നത് ഭക്ഷ്യ ദൗർലഭ്യം എന്നതിലുപരി ആളുകളുടെ കൈയിൽ ഭക്ഷ്യ വസ്തു വാങ്ങാൻ പണമില്ലാഞ്ഞത് ആണ് ലക്ഷകണക്കിന് ആളുകളുടെ മരണത്തിൽ കലാശിച്ചത് എന്നാണ്.

44 ലക്ഷത്തോളം ജനങ്ങൾക്കു 14,000 രൂപ (കേരളത്തിന്റെ ശരാശരി ആളോഹരി വരുമാനത്തിന്റെ 10% കൂടുതൽ) പെൻഷൻ തുകയായി എത്തിക്കാൻ സാധിക്കുന്നു എന്നതാണ് കേരളത്തിന്റെ സവിശേഷത. മറ്റു ചെറിയ വരുമാനമാർഗത്തിനൊപ്പം വലിയരീതിയിൽ സാമൂഹ്യ പെൻഷനെ ആശ്രയിക്കുന്നവർ ഉണ്ട്.

ചില തുടിപ്പുകൾ ഉണ്ട് നിന്ന് പോയാൽ വീണ്ടെടുക്കാൻ കഴിയാത്തത്, കൂടെ ഉണ്ട് എന്നൊരു തോന്നൽ പോലും മതിയാകും ഈ തുടിപ്പൂക്കൾ നിന്ന് പോകാതെ ഇരിക്കാൻ. അങ്ങനെ ദുരിതം അനുഭവിക്കുന്നവർക്കുള്ള സ്വാന്തനം ആണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ 20000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനം.

20 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ, എല്ലാവർക്കും ഒരു മാസത്തെ സൗജന്യ റേഷൻ, രണ്ടു മാസത്തെ പെൻഷൻ ഒരുമിച്ച് നൽകുന്നു, കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പ്പ, കറന്റ്‌ ബില്ല് അടയ്ക്കാൻ അധികസമയം, നികുതി ഇളവ് എല്ലാം കോർത്തിണക്കിയ ഗംഭീര പദ്ധതി. ഇതിനെ മഹാമാരിയിലെ ദൂർത്തായി നിർവചിക്കാൻ കാത്തുനിൽക്കുന്ന ഒരു മാനുഷിക പരിഗണന ഇല്ലാത്ത സാമ്പത്തിക വിദഗ്ദ്ധന്മാർക്ക് നടുവിരൽ നമസ്കാരം. ഒന്നുമില്ലേലും മാന്ദ്യസമയത്തെ 'keynesian fiscal boost' യുക്തി ആയി കണക്കാക്കി ഈ കൂട്ടർ ഇതിനെ തള്ളി പറയാതെ ഇരിക്കട്ടെ.

നമ്മൾ ഓരോരുത്തർക്കും ഈ സാമ്പത്തിക ജാഗ്രതയുടെയും ഭാഗമാകാൻ കഴിയും. സ്ഥിരം ഭക്ഷണം കഴിക്കുന്ന ചെറിയ ഭക്ഷണശാല, സ്ഥിരം സാധനം വാങ്ങുന്ന വഴിയോര കച്ചവടക്കാർ, അതുമല്ലേൽ സ്ഥിരം യാത്ര ചെയുന്ന ഓട്ടോ, കൊറോണ കാരണം ജോലി ഇല്ലാതായ വീട്ടുജോലിക്കാർ, ഇവരുടെ വീടുകളിൽ അടുപ്പ് എരിയുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടത് നമ്മുടെയും കടമ അല്ലെ. അതിനായി നമ്മുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം കരുതി വയ്കാം. 50 രൂപയുടെ സാധനം വിലപേശി 40 രൂപയ്ക്ക് വാങ്ങുന്നത് നിർത്തി 60രൂപയ്ക്ക് സ്വമേധയാ വാങ്ങാം. മീറ്റർ ചാർജിൽ നിന്നും പറ്റുമെങ്കിൽ 10രൂപ അധികം നൽകാം. അന്യന്റെ ജീവിതത്തിന്റെ തുടിപ്പ് നിലനിർത്താൻ താളം പകർന്നു നൽകാം.

ഇതിനെയും നമ്മൾ അതിജീവിക്കും!

March 20, 2020

ഇത്രെയുമുള്ളു , നീയും ...ഞാനും


ഒരു നിമിഷം.....!
ഇത് വണ്ടികയറിച്ചത്ത തെരു നായയേ മറവു ചെയ്യുകയല്ല പിന്നെയോ....
ആരുടെയൊക്കെയോ ആരൊക്കൊയോ ആയിരുന്ന നമ്മളിലൊരുവനാണ്...
അല്ലെങ്കിലൊരുവളാണ്....
ഒരിക്കലും തീരാത്ത സ്വപ്നങ്ങൾ നെയ്ത
ഒരു മനുഷ്യനാണ്.
ആരുണ്ട് കൂടെ.....? ഒരുപിടി മണ്ണ് ആ ശരീരത്തിലൊന്നിടാൻ.... ആരുമില്ല...
ഉണ്ടാവും എല്ലാവരും പക്ഷേ അവർക്ക് അവരുടെ ജീവനാണ് വലുത്.
ഭാര്യയില്ല...... ഭർത്താവില്ല.... മക്കളില്ല.... മാതാപിതാക്കളില്ല... കൂട്ടുകാരില്ല.... ബന്ധുക്കളില്ല... എവിടെയെല്ലാവരും...?
സമ്പാദിച്ചതിലെന്തുണ്ട്  കയ്യിൽ...?
ഒരു പനിയ്ക്ക് തികഞ്ഞില്ലല്ലോ അതൊന്നും..
ഓർത്തോളു.... കേവലമൊരു ശ്വാസത്തിനാണ് നമ്മൾ ഈ പെടാപ്പാടൊക്കെപ്പെടുന്നത്.....
അത് മറക്കാതെ ജീവിക്കു.....

March 19, 2020

കോവിഡ് 19 - ജാഗ്രതയിൽ നാട്,.

കൊറോണ ജാഗ്രതയിലാണ് നമ്മുടെ നാട്... 

പലയിടങ്ങളിലും ഒരു ഹര്‍ത്താല്‍ പ്രതീതി.. വീടിന് പുറത്തിറങ്ങാതെ ടി.വി.കണ്ടും മൊബൈലില്‍ കളിച്ചും കഴിയുന്നതിനിടെ ഒരു കാര്യം കൂടി ശ്രദ്ധിക്കണം..നമ്മുടെ അയല്‍പക്കത്തെ വീട്ടില്‍ അടുപ്പെരിയുന്നുണ്ടോ..? അന്നന്ന് ജോലിചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന പലരും പെട്ടെന്ന് വറുതിയുടെ പിടിയിലേക്ക് വീണിരിക്കുന്നു. അവരിൽ ബസ് തൊഴിലാളികളും ഓട്ടോ-ടാക്‌സി ജീവനക്കാരും കൂലിപ്പണിക്കാരും ചുമട്ടുകാരും തിയറ്ററുകളില്‍ ടിക്കറ്റ് വാങ്ങാന്‍ നില്‍ക്കുന്നവരും വഴിയരുകില്‍ കച്ചവടം നടത്തുന്നവരുമൊക്കെയുണ്ട്.
ആത്മാഭിമാനം കൊണ്ട് പലരും തങ്ങളുടെ ദുരവസ്ഥ പറഞ്ഞെന്ന് വരില്ല. അവരെക്കൂടി കരുതാന്‍ നമ്മള്‍ മനസ് വെക്കണം. നമ്മുടെ മക്കള്‍ വയര്‍ നിറച്ചുണ്ണുമ്പോള്‍ അയല്‍പക്കത്തെ മക്കളുടെ അരവയറെങ്കിലും നിറഞ്ഞു എന്ന് ഉറപ്പാക്കണം. അത് മനുഷ്യനെന്ന നിലയില്‍ നമ്മുടെ ബാധ്യതയാണ്. 
പ്രളയകാലത്ത് അതിന്റെ കെടുതികള്‍ ബാധിക്കാത്ത വലിയ സമൂഹം പുറത്തുണ്ടായിരുന്നു. അവര് സഹായത്തിന് മുന്നിട്ടിറങ്ങി. സര്ക്കാര്‍ സംവിധാനങ്ങളും സന്നദ്ധപ്രവര്‍ത്തകും കൈകോര്‍ത്തതോടെ ഭക്ഷണത്തിനും ദൈനംദിന കാര്യങ്ങള്‍ക്കും മുട്ടുണ്ടായില്ല.എന്നാലിപ്പോള്‍ എല്ലാവരും ഭീതിയിലാണ്.. സ്വന്തം വീടുകളില്‍ മറ്റുള്ളവരെ പേടിയോടെ നോക്കികഴിയുകയാണ്...
പണമായി സഹായിക്കണ്ട,ഭക്ഷണത്തിനുവേണ്ട അരിയും പലവ്യഞ്ജനങ്ങളും ആവശ്യമുണ്ടെന്ന് തോന്നുന്നവര്‍ക്ക് നല്‍കുക. പിന്നെ കടകളില്‍ പോയി വേണ്ടതിലധികം വാങ്ങി സ്‌റ്റോക്ക് ചെയ്ത് അനാവശ്യക്ഷാമം സൃഷ്ടിക്കാനും നില്‍ക്കരുത്. കൊറോണ പോലുള്ള മഹാവ്യാധികളാണ് നമുക്ക് സ്‌നേഹത്തിന്റെയും കരുതലിന്റെയും കൂട്ടായ്മയുടെയും പാഠങ്ങളായി മാറേണ്ടതെന്നോര്‍ക്കുക. നമ്മുടെ സഹോദരന്റെ കാവല്‍ക്കാരന്‍ നാമല്ലാതെ മറ്റാരാണ്.

കോവിഡ് 19 - നമ്മൾ പഠിച്ച പാഠം

കൊറോണയിലൂടെ നമ്മൾ പഠിച്ച പച്ചയായ നഗ്ന സത്യം
മതവും വിദ്യാഭ്യാസവും പഠിപ്പിക്കാത്ത 10 കല്പനകൾ ഈശ്വരൻ കൊറോണയിലൂടെ നമ്മെ പഠിപ്പിച്ചു...

1. വെടിക്കെട്ടും ശബ്ദകോലാഹലവുമില്ലാതെ ഉത്സവങ്ങളും, പെരുന്നാളുകളും നടത്താമെന്ന്...
2. ക്ഷേത്രങ്ങളിലും, പള്ളികളിലും പോകാതെതന്നെയും, കൈ മുത്തലും, രൂപം മുത്തലും, വഴിപാടുകളും കഴിക്കാതെതന്നെയും ദൈവത്തോട് പ്രാർത്ഥിക്കാമെന്ന്....
3. എത്ര വലിയ പുരാതന ആചാരങ്ങളും ഒരു കമ്മറ്റിയും കൂടാതെയും, ദേവ പ്രശ്നം വെക്കാതെയും ഒറ്റയടിക്ക് ഉപേക്ഷിക്കാമെന്ന്....
4. അടുത്തുകൂടെ പോയാലും തിരിഞ്ഞു നോക്കാത്തവർ ഇപ്പോൾ ജലദോഷംവും, തുമ്മലും ഉണ്ടോ എന്നെങ്കിലും നോക്കി തുടങ്ങിയെന്ന്‌....
5. കുറച്ചുപേർ മാത്രം പങ്കെടുത്താലും ആർഭാടങ്ങളില്ലാതെ കല്യാണങ്ങളും , ആവശ്യങ്ങളും നടത്താമെന്ന്....
6. ലക്ഷങ്ങൾ മുടക്കി കൺവെൻഷൻ സെന്ററിൽ കല്യാണവും, ആഘോഷങ്ങളും നടത്തിയാലേ സ്റ്റാറ്റസ് ഉണ്ടാവൂ എന്ന അവസ്ഥ മാറി വീട്ടുമുറ്റത്തെ പന്തലാണ് അന്തസ്സ് എന്ന് ...
7. പുറത്തു പോയിട്ടു വന്നാൽ കൈകാൽ മുഖം കഴുകി വീട്ടിൽ കയറുന്നത് പഴഞ്ചൻ ഏർപ്പാടല്ല എന്ന്....
8. ആരെയെങ്കിലും കണ്ടാൽ കൈ പിടിച്ച് കലുക്കാതെ കൈകൂപ്പി തൊഴുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന്‌...
9. രാത്രികളിൽ ഹോട്ടൽ ഭക്ഷണത്തിന് ക്യൂ നിൽക്കുന്നതിലും ഭേദം വീട്ടിലെ കഞ്ഞിയും ചമ്മന്തിയും പപ്പടവും ആണ് ആരോഗ്യത്തിന് നല്ലതെന്ന്‌...
10. മനുഷ്യന്റെ ജീവിതം ഒരു നിമിഷം കൊണ്ടു മാറി മറിയും എന്ന് ....

March 13, 2020

കോവിഡ് - 19 - മൊബൈൽ ആപ്ലിക്കേഷൻ Official

കോവിഡ് - 19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സർക്കാർ മൊബൈൽ ആപ് പുറത്തിറക്കി. GoK Direct എന്ന പേരിലുള്ള അപ്ലിക്കേഷൻ മുഖ്യമന്ത്രിയാണ് പുറത്തിറക്കിയത്

കോവിഡ് - 19 നെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് മൊബൈൽ ആപ്. നിരീക്ഷണത്തിൽ കഴിയുന്നവർ, യാത്ര ചെയ്യുന്നവർ, വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ, പൊതുജനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ ഉള്ളവർക്ക് GoK Direct ലൂടെ വിവരങ്ങൾ ലഭ്യമാകും.ഇൻ്റർനെറ്റ് ഇല്ലാത്ത ഫോണുകളിലും ടെക്സ്റ്റ് മെസേജ് സംവിധാനത്തിലൂടെ വിവരങ്ങൾ ലഭ്യമാക്കും.

GoK Direct ലഭ്യമാകുന്ന ലിങ്ക് http://qkopy.xyz/prdkerala

January 31, 2020

കൊറോണ വൈറസ്‌...ജാഗ്രത മതി...

കൊറോണ വൈറസ്‌ പലരും കരുതുന്നത്‌ പോലെ പുതിയതായി കണ്ട്‌ പിടിക്കപ്പെട്ട ഒരു സൂക്ഷ്‌മജീവിയല്ല. മൂക്കൊലിപ്പും തുമ്മലുമായി 'ജലദോഷം' എന്ന്‌ നമ്മൾ വിളിക്കുന്ന രോഗം മുതൽ ശ്വാസകോശത്തിന്റെ പല ഭാഗങ്ങളെ ബാധിക്കുന്ന ബ്രോങ്കൈറ്റിസ്‌, ന്യൂമോണിയ തുടങ്ങി കുറേയേറെ രോഗങ്ങളുണ്ടാക്കി പണ്ടേ ഇവിടെല്ലാമുള്ള ആളാണ്‌ കക്ഷി. തെക്കൻ ചൈനയിൽ വ്യാപിച്ച സാർസ്‌, മിഡിൽ ഈസ്‌റ്റിൽ മുൻപ്‌ പരന്ന മെർസ്‌ തുടങ്ങിയവയും ചിലയിനം കൊറോണ വൈറസുകളുടെ ഫലമായിരുന്നു. 

ഇപ്പോൾ നമ്മെ ആശങ്കയിലാഴ്‌ത്തുന്ന നോവൽ കോറോണ (2019-nCov) എന്ന വൈറസ്‌ കേരളത്തിൽ സ്‌ഥിരീകരിച്ചിരിക്കുന്നു. ചൈനയിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർത്ഥിനിയാണ്‌ രോഗി. രോഗിയുടെ നില ഗുരുതരമല്ല എന്നും സർക്കാർ അറിയിച്ചിട്ടുണ്ട്‌. ഈ അവസരത്തിൽ നമ്മൾ സൂക്ഷിക്കേണ്ടത്‌ എന്തെല്ലാമാണ്‌?

* കൊറോണയെക്കുറിച്ചുള്ള വ്യാജസന്ദേശങ്ങൾവാട്ട്‌സ്ആപിലും മറ്റുമായി ഏറെ പ്രചരിക്കുന്നുണ്ട്‌. തൊണ്ട സദാ നനഞ്ഞിരുന്നാൽ കൊറോണ വരില്ല എന്നെല്ലാം വായിച്ചു. ഇതിന്‌ യാതൊരു ശാസ്‌ത്രീയതയുമില്ല. എവിടുന്നു വന്നു എങ്ങോട്ട്‌ പോയി എന്ന്‌ മനസ്സിലാകാത്ത ഈ ജാതി മെസേജുകളെ പൂർണമായും അവഗണിക്കുക. നമുക്ക് കൃത്യമായ അറിയിപ്പുകളും മുൻകരുതലുകളും അപ്‌ഡേറ്റുകളും തരാൻ ഇവിടെ സർക്കാരിന്റെ ആരോഗ്യസംവിധാനങ്ങളുണ്ട്‌. അതിനായി കാതോർക്കുക.

* ഭയക്കേണ്ട സമയമല്ല, മറിച്ച്‌ ജാഗ്രതയോടെ നില കൊള്ളേണ്ട നേരമാണിത്‌.

* ചൈനയിലേക്ക്‌ ഈയിടെ യാത്ര ചെയ്‌തിട്ടുള്ളവർ ആരോഗ്യപ്രവർത്തകർ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക. പനിയോ മൂക്കൊലിപ്പോ മറ്റോ അനുഭവപ്പെട്ടാൽ ഒട്ടും വൈകിക്കാതെ ഡോക്‌ടറെ അറിയിക്കുക.

* രോഗബാധിതപ്രദേശങ്ങളിലേക്കുള്ള യാത്ര കഴിഞ്ഞെത്തിയ ശേഷം "എനിക്കൊരു കുഴപ്പവുമില്ല, ഞാൻ പുറത്തിറങ്ങും" എന്ന്‌ പറഞ്ഞ്‌ ഇറങ്ങി നടക്കുന്നതല്ല, "എന്നിലൂടെ ആരും രോഗിയാകരുത്‌" എന്ന്‌ തീരുമാനിച്ച്‌ സ്വയം നിയന്ത്രണങ്ങൾ സൂക്ഷിക്കുന്ന വ്യക്‌തിയാണ്‌ യഥാർത്ഥത്തിൽ ഹീറോ എന്ന്‌ മനസ്സിലാക്കുക. 

* ഇത്തരത്തിൽ ആശുപത്രിയിലോ വീട്ടിലോ നിരീക്ഷണത്തിലിരിക്കുന്നവരെ മാരകരോഗിയാക്കി ചിത്രീകരിക്കേണ്ടതില്ല. അത്തരത്തിലുള്ള 'രോഗിയും' ഭയക്കേണ്ടതില്ല. ചെറിയ ലക്ഷണങ്ങൾ പോലും നേരത്തേ തിരിച്ചറിഞ്ഞ്‌ ഊർജിതമായ ചികിത്സ തുടങ്ങുന്നതിന്‌കൂടി സഹായകമാണ്‌ ഈ രീതി. രോഗാണു ശരീരത്തിൽ കയറി രോഗലക്ഷണങ്ങൾ പുറത്ത്‌ വരാൻ എടുക്കുന്ന സമയത്തിന്‌ ഇൻകുബേഷൻ പിരീഡ്‌ എന്നാണ്‌ പറയുന്നത്‌. കൊറോണ വൈറസിന്റെ കാര്യത്തിൽ ഇത്‌ ഇരുപത്തെട്ട്‌ ദിവസമാണ്‌. അത്രയും ദിവസം രോഗം സംശയിക്കുന്ന ആളെ മാറ്റി നിർത്തുന്നതിന്‌ ക്വാറന്റൈൻ എന്ന്‌ പറയുന്നു. ഇത്‌ ആ വ്യക്‌തി രോഗിയെങ്കിൽ കൂടുതൽ പേരിലേക്ക്‌ പടരാതിരിക്കാനാണ്‌. ഇത്‌ ലോകമെങ്ങുമുള്ളതാണ്‌, മുൻകരുതൽ മാത്രമാണ്‌.

* ക്വാറന്റൈനിലുള്ള വ്യക്‌തി തനിച്ച്‌ ഒരു റൂമിലാണ്‌ കഴിയേണ്ടത്‌. അയാൾ ഉപയോഗിച്ച വസ്‌തുക്കൾ മറ്റു കുടുംബാംഗങ്ങൾ ഉപയോഗിക്കാൻ പാടില്ല. നല്ല വായുസഞ്ചാരമുള്ള മുറിയിലാണ്‌ ഈ വ്യക്‌തി കഴിയേണ്ടത്‌. വികാരത്തിനല്ല വിവേകത്തിനാണ്‌ നമ്മൾ ഈ ദിനങ്ങളിൽ മുൻതൂക്കം കൊടുക്കേണ്ടത്‌. കുറച്ച്‌ ദിവസങ്ങളുടെ മാത്രം കാര്യമാണ്‌, വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്‌.

* നവമാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്‌ പോലെ മത്‌സ്യമോ മാംസമോ വേവിച്ച്‌ കഴിച്ചാൽ കൊറോണ വൈറസ്‌ വരില്ല. പാലും മുട്ടയും ഉൾപ്പെടെ മൃഗങ്ങളിൽ നിന്നുമുള്ള ഉൽപ്പന്നങ്ങളെല്ലാം നന്നായി വേവിച്ച്‌ കഴിക്കുന്നതിൽ യാതൊരു വിധ ആരോഗ്യഭീഷണിയുമില്ല.

* തുമ്മലോ ചുമയോ ഉള്ളവർ കൈമുട്ടിനകത്തേക്ക്‌ തുമ്മുകയും ചുമയ്‌ക്കുകയും ചെയ്യുക. കർച്ചീഫിന്‌ പകരം ടിഷ്യു പേപ്പർ ഉപയോഗിക്കുക. ഓരോ തവണയും തുമ്മിയ ശേഷം പേപ്പർ വേസ്‌റ്റ്‌ ബാസ്‌ക്കറ്റിൽ കളയുക. കൈ നന്നായി സോപ്പിട്ട്‌ കഴുകുക.

* നിലത്ത്‌ തുപ്പുന്നത്‌ പാടേ ഒഴിവാക്കുക. വാസ്‌ബേസിനിലോ തുപ്പാനുള്ള ഇടങ്ങളിലോ മാത്രം തുപ്പി ധാരാളം വെള്ളമൊഴിച്ച്‌ കളയുക.

* പനിയും മൂക്കൊലിപ്പും തുമ്മലുമുള്ളവർ പൊതുപരിപാടികളിൽ നിന്ന്‌ വിട്ട്‌ നിൽക്കുക. കുഞ്ഞുങ്ങളെ സ്‌കൂളിൽ അയക്കുന്നതും രോഗം മാറിയിട്ട്‌ മതി.

* കൈ ഇടക്കിടെ സോപ്പിട്ട്‌ കഴുകുക. ആരോഗ്യപ്രവർത്തകരും രോഗികളെ പരിപാലിക്കുന്നവരും ഓരോ തവണ രോഗിയുമായി നേരിട്ട്‌ സമ്പർക്കമുണ്ടായ ശേഷവും ആൽക്കഹോൾ അടങ്ങിയ ഹാന്റ്‌ റബ്‌ ഇട്ട്‌ കൈ വൃത്തിയാക്കുക. 

* ഭക്ഷണം ഉണ്ടാക്കുന്നതിനും ടോയ്‌ലറ്റിൽ പോകുന്നതിനും മൃഗങ്ങളെ പരിപാലിക്കുന്നതിനും മുൻപും ശേഷവും കൈ സോപ്പിട്ട്‌ വൃത്തിയാക്കുക.

* രോഗബാധിതപ്രദേശങ്ങളിലേക്കുള്ള യാത്രകൾ സാധിക്കുന്നത്ര കുറയ്‌ക്കുക. ചൈനയിൽ നിന്നും നേരിട്ടല്ലാത്ത ഫ്ലൈറ്റുകളിൽ ഇന്ത്യയിൽ എത്തിയവരിൽ ചിലരെങ്കിലും എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യാതെ പോയിരിക്കാം. ആരോഗ്യസംവിധാനത്തിന്‌ മുൻപിൽ ഹാജറാകേണ്ടത്‌ സ്വന്തം കടമയായി കണ്ട്‌ കൊണ്ട്‌ വേണ്ടപ്പെട്ടവരെ അറിയിച്ച്‌ സ്വയവും സമൂഹത്തെയും രക്ഷിക്കുക.

* നിലവിൽ ഈ രോഗത്തിന്‌ ചികിത്സയില്ല. കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയിരിക്കുന്ന കപടചികിത്സകരെ തിരിച്ചറിയുക. ഇങ്ങനെയൊരു രോഗമേ ഇല്ല എന്ന്‌ വിളിച്ച്‌ കൂവുന്ന കപടമുഖങ്ങളെല്ലാം വീടിനകത്തുള്ള സുരക്ഷിതത്വത്തിലാണ്‌ നെഗളിക്കുന്നത്‌എന്നറിയുക. നമ്മൾ ചെവി കൊടുക്കേണ്ടത്‌ നമുക്കായി നില കൊള്ളുന്ന നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ വാക്കുകൾക്ക്‌ വേണ്ടി മാത്രമാണ്‌.

* ജാഗ്രതയോടെ ഒറ്റക്കെട്ടായിരിക്കുക. മുൻ മാതൃകകളില്ലാതെ നിപ്പയുടെ കടൽ പോലും ഒന്നിച്ച്‌ തുഴഞ്ഞ്‌ കരേറിയ കരളുറപ്പുള്ള കേരളമാണ്‌. ഇതും തീർച്ചയായും കടന്ന്‌ പോകും.