പരിചയമുള്ളയാളുടെ മരണം നമ്മളെ തളർത്തും. ചിലപ്പോൾ...
എങ്കിൽ അപരിചിതനായ ഒരു വ്യക്തിയുടെ മരണം നിങ്ങളെ സ്വാധീനിക്കുമോ ? ...
നോക്കാം ....
ഒരു പരിചയം ഇല്ലാത്ത ഒരാള് നമ്മുടെ മുറിയിൽ വന്ന് താമസിക്കുന്നു.. , എങ്കിൽ അയാളുടെ ഭാവനയിൽ നിന്ന് ....️✍️
ദിവസങ്ങളോളം താമസിച്ചിട്ടുണ്ടായിരുന്ന അതിനുമുന്നേ ഒരാൾ അവിടെ താമസിച്ചതിന്റെ ശേഷിപ്പുകൾ കണ്ടിട്ടുണ്ടോ ? ഉപേക്ഷിച്ചുപോയ പുസ്തകങ്ങളിലും വസ്ത്രങ്ങളിലും സ്വാഭാവികതയിൽ കവിഞ്ഞ് ഒന്നും തോന്നില്ല ...
അവിടെ നിന്നുമിറങ്ങിയ ശേഷം കണ്ടവയൊക്കെ ആത്മഹത്യ ചെയ്ത ഒരു മനുഷ്യന്റെ അവശേഷിപ്പുകൾ ആണെന്ന് അറിഞ്ഞിട്ടുണ്ടോ ? അദ്ദേഹം മരിച്ചയിടത്താണ് ഒന്നുമറിയാതെ ദിവസങ്ങൾ താമസിച്ചതെന്ന് ആ പുസ്തകങ്ങളും , കട്ടിലും കസേരയും വസ്ത്രങ്ങളും എന്തൊക്കെയോ സംസാരിക്കാൻ ശ്രമിച്ചതായി തോന്നി . ആ പുസ്തകങ്ങളൊന്നും വെറുതെ മറിച്ചു നോക്കുക കൂടി ചെയ്തില്ലല്ലോ ...
അവയ്ക്കിടയിൽ അദ്ദേഹം പറഞ്ഞു വെക്കാൻ ആഗ്രഹിച്ച എന്തെങ്കിലുമൊക്കെ ഉണ്ടായിരിക്കും . അദ്ദേഹത്തിന്റെ ജീവിതമടയാളപ്പെടുത്തി കാണുമോ ? ആ നോട്ട്ബുക്കിൽ പറയാനുള്ള വരികൾ കുറിച്ചിട്ടുണ്ടാക്കില്ലേ ... വായിക്കാതെ , അറിയാതെ അവ മാഞ്ഞുപോവും പതിയെ. അവിടെ കൂടി കിടക്കുന്ന വസ്ത്രങ്ങൾ പോലും മനസിൽ തെളിഞ്ഞുനിൽക്കുന്നില്ലെ , പുതപ്പിൻ്റെ ആ ഗന്ധവും ...
അവിടെയും അയാൾ എന്തെങ്കിലും പറയാൻ ബാക്കി വച്ചുകാണുമോ ? മേശയിൽ കിടക്കുന്ന പേനകൾ, ബുക്കുകൾ, മുറിയിലെ ക്ലോക്ക് ഇനി ഇതൊക്കെ ആർക്കുവേണ്ടിയാണ് ഓടിക്കൊണ്ടിരിക്കുന്നത് . പതിയെ അതും നിശ്ചമാവും . സങ്കടങ്ങളിൽ അയാൾ തല ചായ്ച്ചിരുന്ന മേശയിൽ കഥകൾ കോറിയിട്ടിരിക്കും . ബുക്കുകൾക്ക് ഇടയിൽ എന്തെങ്കിലും കരുതിവച്ചിട്ടുണ്ടാകുമോ ? അദ്ദേഹത്തിന്റെ വിഷമങ്ങളുടെ കണ്ണീരുപ്പ് പതിഞ്ഞയിടത്തല്ലേ പിന്നീട് ഉറങ്ങിയിരുന്നത് ...
ഉറങ്ങാതെ ഇരുന്ന ദിനങ്ങൾക്കും ചിന്തകൾക്കും ഒടുവിൽ ആയിരിക്കുമോ അവൻ ആത്മഹത്യ ചെയ്തത് ... കേൾക്കാനൊരാൾക്ക് വേണ്ടി അലഞ്ഞിട്ടുണ്ടാകും . വ്യർഥമാണെന്ന് അറിയാമെങ്കിലും അയാളുടെ മുഖം എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ . വിഷാദമുള്ള ഒരു യുവാവിന്റെ മുഖം സംസാരിക്കാൻ ആഗ്രഹിക്കുന്നതുപോലെ തോന്നിയോ ...
വിറകൊള്ളുന്ന ചുണ്ടുകളും അപാരമായ തിളക്കമുള്ള കണ്ണുകളും കാണാം . എന്തുകൊണ്ടായിരിക്കുമവൻ ആത്മഹത്യ ചെയ്തത് ? മരണത്തിലേക്ക് നടന്നടുക്കാൻ മാത്രം അവന് ജീവിതം മടുത്ത് കാണും . ആത്മഹൂതി ചെയ്യാൻ മാത്രം അവനെ തളർത്തിയതെന്താവും ... ആ മുറികളിൽ അദ്ദേഹം അനുഭവിച്ച വേദനകൾ കുറ്റപ്പെടുത്തുന്നതുപോലെ തോന്നുന്നു. ആരിലൂടെയെങ്കിലും പറയാൻ എന്തെങ്കിലും ബാക്കി വച്ച് കാണും ആ മനുഷ്യന് വേണ്ടി സംസാരിക്കാൻ ഒരാളുണ്ടാകുമെന്ന് വിചാരിച്ചിരിക്കും ചിലപ്പോൾ .
പറയാൻ ബാക്കി വച്ച കഥകൾക്ക് ജീവിക്കാതെ ഉപേക്ഷിച്ച വർഷങ്ങൾക്ക് അദ്ദേഹം കണ്ടെത്തിയ കാരണങ്ങൾ പലതായിരിക്കും . ദിവസങ്ങളും മാസങ്ങളും നീണ്ട തീരുമാനം ആകാം , ചിലപ്പോൾ നിമിഷങ്ങളുടെ ... എന്തിനദ്ദേഹം മരണത്തെ തിരഞ്ഞെടുത്തു എന്നത് ഉത്തരം കിട്ടാതെ നിലനിൽക്കും . അപരിചിതനായ ആ മനുഷ്യൻ ആരൊക്കെയോ ആയിത്തീരുന്നു . അവന്റെ മരണം വേദനിപ്പിക്കുന്നുണ്ട് . അസ്വസ്ഥനാക്കുന്നുണ്ട് .
മരണത്തിന് ശേഷം അയാൾ മനസിലേക്ക് വന്ന് , നൊമ്പരമായി , ചുരുളറിയാത്ത രഹസ്യമായി നിൽക്കുന്നു , കാരണമില്ലാതെ ... അവന്റെ മരണംകൊണ്ട് തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു ... ഒരാൾ മരണത്തിന് ശേഷം അപരിചിതനായ മറ്റൊരാളിൽ അസ്വസ്ഥത പടർത്തി നിലകൊള്ളുന്നതിന് പിന്നിലെ കാരണമെന്താണ് ?
No comments:
Post a Comment