(Average Reading time 05:26min)
(NB : കഥാപാത്രങ്ങളും സന്ദർഭങ്ങളും സാങ്കല്പികം മാത്രം)
"ഡെയ്, പെങ്ങളുടെ കല്യാണം കഴിഞ്ഞെന്നു അറിഞ്ഞു. നമ്മളെയൊന്നും അറിയിച്ചതുമില്ല വിളിച്ചതുമില്ല. നീ ഇന്ന് അതിന്റെ ചെലവ് നടത്തിയിട്ടു വണ്ടി എടുത്താൽ മതി."
വണ്ടിയുടെ ചാവി ഊരി ആൻസൻ കമ്പ്യൂട്ടർ കഫേ നടത്തുന്ന ബിനുവിന് നേരെ എറിഞ്ഞു.
ബിനുവിന്റെ കഫേയിൽ ആണ് പ്രശാന്തിന്റെയും കൂട്ടുകാരുടെയും എല്ലാദിവസത്തെ സൊറപറച്ചിലും തമാശകളും ഒക്കെ, എന്നത്തേയും പോലെ കുറച്ചു നേരം ഇരുന്നു സമയം ചിലവഴിച്ചിട്ടു ഇറങ്ങാൻ തുടങ്ങിയതാരുന്നു അവൻ...
'കുരു പിടിക്കാനായിട്ടു..പെട്ടല്ലോ ദൈവമേ...ആ ഒരു കല്യാണം നടത്താൻ പെട്ട പാട് ഇവന്മാർക്ക് വല്ലോം അറിയുമോ..സ്വന്തം പെങ്ങള് കൂടിയല്ല, അച്ഛന്റെ ചേട്ടന്റെ മകൾ, സ്വന്തം ആങ്ങള ഉണ്ടായിട്ടും ആ കല്യാണം തന്റെയും അച്ഛന്റെയും കടമയായി മാറിയത് ആ കുടംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ടാണ്....'
പ്രശാന്ത് ഡിഗ്രി ചെയ്യുകയാണ്, കൂട്ടത്തിൽ ഡ്രൈവിംഗ് അറിയാവുന്നത് കൊണ്ട് വണ്ടി ഓട്ടത്തിനൊക്കെ പോകും, കൂടാതെ അത്യാവിശം വെൽഡിങ് ജോലികൾ കൈവശം ഉണ്ട്.
എല്ലാം ഒരുനിമിഷം മനസ്സിൽ ആലോചിച്ചു പ്രശാന്ത് വണ്ടിയിൽ നിന്ന് ഇറങ്ങി ആൻസനോടായി പറഞ്ഞു,
"അളിയാ ചെയ്യാം, നാളെ ഇരുപത്തെട്ടാം ഓണമല്ലേ...എന്റെ വക ആയിക്കോട്ടെ നാളത്തെ പരിപാടികൾ...ഇപ്പൊ നീ ചാവി താ.."
ആ ഉറപ്പിന്മേൽ ചാവി വാങ്ങി പ്രശാന്ത് വീട്ടിലേക്കു തിരിച്ചു.
അമ്പലം ഇല്ലാതെ ആൽത്തറയിൽ പ്രതിഷ്ഠയുള്ള പ്രശസ്തമായ ക്ഷേത്രമാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രം. അവിടുത്തെ വിശിഷ്ടമായ ഉത്സവങ്ങളിൽ ഒന്നാണ് ഇരുപത്തെട്ടാം ഓണം.
പൊതുവെ മാന്യനായ ഒരു വ്യക്തിത്വത്തിനു ഉടമയാണ് പ്രശാന്ത് അല്ലറചില്ലറ കൂട്ടുകാരുമൊത്തുള്ള തമാശകൾ ഒഴിച്ചാൽ...നാട്ടിൽ അച്ഛനുള്ള വില ഒരിക്കലും താൻ കാരണം നശിക്കരുത് എന്ന അവന്റെ ചെറിയ ഒരു വാശി...
പൊതുവെ നാട്ടിൽ ഉള്ള രീതിയാണല്ലോ, എന്ത് ചെയ്താലും,
"ആ ഇതു നമ്മടെ മാധവന്റെ മോൻ അല്ലേ ഈ തല്ലു ഉണ്ടാക്കിയത്..."
അങ്ങനെ അച്ചന്മാരുടെ പേരുകൾ പറഞ്ഞാണ് ഓരോ കാര്യങ്ങൾ നാട്ടിൽ സംസാര വിഷയങ്ങൾ ആകുന്നത്...അത് പേടിച്ചു പരമാവധി ശ്രദ്ധിച്ചാണ് അവൻ നടക്കാറുള്ളത്...
അങ്ങനെ നേരം വെളുത്തു, ഇരുപത്തെട്ടാം ഓണം ആയി...
രാവിലെ മുതൽ അമ്മയുടെ പരാതികൾ ഒക്കെ ഒഴിവാക്കാനായി അവൻ അത്യാവിശം സഹായങ്ങൾ ഒക്കെ ചെയ്തു വീട്ടിൽ ഇരുന്നു ഒന്ന് രണ്ട് ബന്ധുക്കൾ ഒക്കെ ഉണ്ടാകും വീട്ടിൽ, ഉച്ചക്ക് ഊണിനു. അങ്ങനെ ഊണൊക്കെ കഴിഞ്ഞ് വണ്ടിയെടുത്തു വീട്ടിൽ നിന്ന് അവൻ ഇറങ്ങി.
ഇന്ന് അവന്മാർക്ക് ചെലവ് ചെയ്യണം, എവിടുന്നു വാങ്ങും? എന്ത് വാങ്ങും?
നേരെ കൂട്ടുകാരൻ റോബിനെ കൂട്ടികൊണ്ടു അവൻ കാണിച്ചു കൊടുക്കുന്ന വഴിയിൽ കൂടെയൊക്കെ പ്രശാന്തിന്റെ വണ്ടി മുരണ്ടു കൊണ്ട് നീങ്ങി...
"മോനെ നമ്മളടിക്കുന്ന സാധനം ഒന്നുല്ല..ജെഡി, ഇതു വിസ്കി ആണ്. നീ വണ്ടിയെടുക്കു"
പ്രശാന്ത് എന്തെന്നില്ലാത്ത ഒരു ചെറിയ ചങ്കിടിപ്പോടെ വണ്ടി മുന്നോട്ടെടുത്തു. അത്, പൊതുവെ ഇതുപോലെ ഉള്ള സാഹചര്യത്തിൽ അവൻ പോലും അറിയാതെ ചെറിയ ഒരു പേടി അവന്റെയുള്ളിൽ എപ്പോഴും കടന്നുകൂടും കൂടെ പൊടിക്കൊരു പശ്ചാത്താപവും...
അതുമായി നേരെ ബിനുവിന്റെ കഫേയിൽ ചെന്ന് ഓരോരുത്തരെയായി ഫോൺ വിളിച്ചു. പക്ഷെ അവരൊക്കെ രാവിലെ മുതൽ വെള്ളത്തിൽ മുങ്ങി നിൽക്കുകയാണ്, ഇന്നത്തെ പ്രശാന്തിന്റെ ചിലവിന്റെ കാര്യമൊക്കെ അവര് മറന്നിരുന്നു...
"എന്തായാലും ഇതിനി വീട്ടിൽ എങ്ങും കൊണ്ടുവെക്കാൻ പറ്റില്ല. നമ്മൾ മൂന്നുപേരില്ലെ നമുക്കങ്ങു തീർക്കാം."
റോബിൻ പറഞ്ഞത് കേട്ടു പ്രശാന്ത് ഞെട്ടി. "ഒന്നുപോയെ റോബിനെ എന്നെ കുടുംബത്തു കേറ്റില്ല ഇതെങ്ങാണം വീട്ടിൽ അറിഞ്ഞാൽ, നിങ്ങള് കഴിച്ചോ ഞാൻ ബിയർ വാങ്ങിക്കോളാം"
"ഡാ ഇതു ഞങ്ങളെ കൊണ്ട് നടക്കത്തില്ല, നീ പറയുന്നത് കേൾക്കു...പൈസ ചിലവാക്കിയേന്റെ അല്ല ഇതു വാങ്ങാൻ ബുദ്ധിമുട്ടിയത് അറിയാലോ..കളയുന്നത് എങ്ങനാടാ..നീയും കൂട്...എന്നിട്ട് നമുക്ക് കെട്ടുകാഴ്ചക്കു പോകാം...വീട്ടിൽ ചെല്ലുമ്പോഴേക്കു സംഭവം ok ആകും...നീ കേറടാ, ബിനു ഷട്ടർ ഇട്, ബാ"
അങ്ങനെ മൂന്നുപേരും കൂടി ഒരു ബൈക്കിൽ നേരെ പൊഴിയിലെത്തി (കടലും കായലും ചേരുന്ന സ്ഥലം), അവിടെ അവർക്കു ഒരു ഇടമുണ്ട്, ഇതുപോലെ ചെറിയ സംഗം കൂടലുകൾക്കൊക്കെ...
എത്തിയപാടെ ചുറ്റുപാടുകൾ ഒക്കെ നോക്കി കാര്യപരിപാടിയിലേക്കു കടന്നു റോബിൻ. നെഞ്ചിടിപ്പോടെ ഒരെണ്ണം വീതം ഓരോരുത്തര് കഴിച്ചു കഴിഞ്ഞപ്പോ പ്രേത്യേകിച്ചു ബുദ്ധിമുട്ടുകൾ ഒന്നും തോന്നിയില്ല ആർക്കും..ഒരു പക്ഷെ മിലിറ്ററി ആയതു കൊണ്ടായിരിക്കും, സാധാരണയായുള്ള രുചി വത്യാസങ്ങൾ ഒന്നും അധികം തോന്നിയില്ല, രണ്ടാമത്തേതും മൂന്നാമത്തേതും കഴിഞ്ഞപ്പോൾ തലയ്ക്കു പിടിക്കുന്ന ലക്ഷണങ്ങൾ ഒന്നുമില്ല.ഒരു ധൈര്യം വന്നു, കടലിൽ നിന്ന് വീശിയെത്തുന്ന കാറ്റിന്റെ ഉന്മാദത്തിൽ അവർ മൂന്നുപേരും കൂടി അത് എങ്ങനൊക്കെയോ തീർത്തു. കടൽക്കരയിൽ ഇരുന്നത് കൊണ്ട് നേരം വൈകിയതു അറിഞ്ഞില്ല.
"കെട്ടുകാഴ്ചകൾ ഒക്കെ അമ്പലത്തിൽ കേറിയിട്ടുണ്ടാകും. ഇനി ചെന്നാൽ അമ്പലത്തിനുള്ളിൽ നമ്മൾക്ക് അറിയുന്നവരൊക്കെ ഉണ്ടാകും. എന്റെ വീട്ടിൽ പോകാം വാ.."
റോബിൻ പറഞ്ഞത് കേട്ടു മൂന്നുപേരും കൂടി അവന്റെ വീട്ടിലേക്കു വണ്ടി വിട്ടു.
പക്ഷെ അവിടെത്തിയതും അവരുടെ പ്ലാൻ മുഴുവൻ തെറ്റി. അവന്റെ വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നു. അവന്റെ അമ്മ അവനെ കണ്ടമാത്രയിൽ വഴക്ക് പറഞ്ഞു പിടിച്ചു അകത്തു കയറ്റി.
"പൊന്നുമോനെ അവൻ ഇന്ന് പടമാകും നമുക്ക് സ്ഥലംവിടാം"
പ്രശാന്ത് അവിടുന്ന് നേരെ വണ്ടിയെടുത്തു എങ്ങനെയോ തന്റെ വീടിനു മുന്നിൽ എത്തി, തോളിൽ ചാരി കിടക്കുന്ന ബിനുവിനോട് പറഞ്ഞു,
"നീ ഇവിടെ നിൽക്കണം ഞാൻ വണ്ടി വച്ചിട്ട് വരാം, നമുക്കു ഗ്രൗണ്ടിൽ പോയിരിക്കാം, ഇല്ലെങ്കിൽ എനിക്ക് വീട്ടിൽ കയറേണ്ടി വരും. എല്ലാം അറിയും. Ok ഇറങ്ങടാ..."
വണ്ടി ഉരുട്ടി കാർപോർച്ചിൽ വച്ചു ഇറങ്ങാൻ ശ്രമിക്കുമ്പോൾ ആകെ മൊത്തമൊരു വത്യാസം. കാല് തറയിൽ മുട്ടിക്കാൻ ശ്രമിച്ചിട്ടൊന്നും നടക്കുന്നില്ല. അകന്നു അകന്നൊക്കെ പോകുന്നു. പെട്ടെന്ന് മുഖം തിരിച്ചു നോക്കിയപ്പോളാണ് അവൻ വണ്ടിയിൽ അല്ല താഴെ വീണു കിടക്കുകയാണ് എന്ന് അറിയുന്നത്.
'ദൈവമേ എന്താണ് സംഭവിക്കുന്നത് ഒന്നും മനസിലാകുന്നില്ല.' മനസ്സിൽ കരുതികൊണ്ടു
അവൻ വളരെ പ്രയാസപ്പെട്ടു എഴുനേറ്റു റോഡിലേക്ക് പെട്ടെന്നിറങ്ങി. വീണ്ടും വീണ്ടും വീഴുവാൻ പോകുകയാണ്, ബിനു റോഡിൽ ഇല്ല.
'ഈശ്വര ചതിച്ചു എല്ലാവരും അറിയും ഇന്ന്. എന്ത് ചെയ്യും ഞാൻ ഇനി. അമ്മക്കും അച്ഛനും എല്ലാം വിഷമം ആകും.'
ഇങ്ങനെ ചിന്തിക്കുമ്പോഴും വെളിയിലേക്കു ഇറങ്ങി നാട്ടുകാര് അറിയുന്നതിൽ പേടിച്ചു അവൻ തിരിച്ചു നടന്നു കാർപോർച്ചിൽ വണ്ടിയിൽ തന്നെ ചാരി നിന്നു. അടുത്തു കണ്ട പൈപ്പിൽ നിന്നു വെള്ളം കോരിയൊഴിച്ചു മുഖം കഴുകി. ശകലം ആശ്വാസം തോന്നിയപ്പോൾ മുഖം ഉയർത്തി ജനലിൽ കൂടി ഹാളിലേക്കു നോക്കി, അവന്റെ നെഞ്ച് ശക്തിയിൽ ഇടിച്ചു, അച്ഛനും അമ്മയും ടീവി കണ്ടു ഹാളിൽ തന്നെയുണ്ട്. റൂമിലേക്ക് പോകാൻ വേറെ മാർഗങ്ങൾ ഒന്നുമില്ല.
യാതൊരുവിധ ദൈവ വിശ്വാസവും ഇല്ലാത്ത അവൻ,
'ഇനി ഒരു കാരണവശാലും ഇങ്ങനെ ചെയ്യില്ല. എങ്ങനെയെങ്കിലും ഇതിൽ നിന്നു ഒന്ന് രക്ഷപെടുത്തി തരണേ',
എന്ന് സകല ദൈവങ്ങളെയും വിളിച്ചു അപേക്ഷിച്ചുകൊണ്ടു രണ്ടും കല്പിച്ചു സിറ്റ് ഔട്ടിലെ കമ്പികളിൽ പിടിച്ചു, വെച്ച് വെച്ച് നടന്നു വാതിലിന്റെ കട്ടിളപ്പടിയിൽ, അമ്മയുടെ മുഖത്തു എന്തെങ്കിലും ഭവവത്യാസങ്ങൾ ഉണ്ടോ എന്ന് നോക്കികൊണ്ട് കാലുവെക്കുകയും, കൊക്കയിൽ വീണ പോലെ നിലവിളിച്ചുകൊണ്ട് ഉരുണ്ടു വീണു.
പെട്ടെന്ന് അമ്മ ഓടിവന്നു പിടിച്ചു പൊക്കി മുഖത്തേക്ക് സൂക്ഷിച്ചു നോക്കി,
"എന്താടാ നീ ഇങ്ങനെ കുഴഞ്ഞു നിക്കുന്നെ, കണ്ണൊക്കെ കലങ്ങി കിടക്കുന്നു"
പെട്ടെന്ന് അമ്മ അവനെ ഷിർട്ടിന് പിടിച്ചു അടുപ്പിച്ചു മണത്തുകൊണ്ടു ചോദിച്ചു,
"എന്തുവാ നിന്നെ മണക്കുന്നേ.."
"ഒന്നുമില്ല, മാറ് അങ്ങോട്ട്.."
പിടിക്കപ്പെട്ടു എന്ന് മനസ്സിലായി, കുറ്റബോധം കൊണ്ട് ഇല്ലാത്ത ഒരു ദേഷ്യം മുഖത്തു വരുത്തി അവൻ അമ്മയെ തട്ടി മാറ്റി റൂമിലേക്ക് നടക്കുന്നതിനു ഇടയിൽ അച്ഛന്റെ മുഖത്തേക്ക് നോക്കി. അച്ഛൻ മുഖം താഴ്ത്തി കണ്ണടയുടെ മുകളിൽ കൂടി താൻ കാണിക്കുന്ന കാര്യങ്ങൾ നോക്കികൊണ്ട് അനങ്ങാതെ ഇരിക്കുന്നു. മനസിലായിട്ടുണ്ടാവണം.
എല്ലാം കഴിഞ്ഞു, ഇന്ന് ലോകം അങ്ങ് അവസാനിച്ചിരുന്നെങ്കിൽ എന്ന് വരെ ചിന്തിച്ചു കട്ടിലിലേക്ക് ചാഞ്ഞു. കിടക്കാൻ അവനു കഴിയുന്നില്ല ഭിത്തിയെല്ലാം കറങ്ങുവാൻ തുടങ്ങി, പെട്ടെന്ന് ചാടി എഴുനേറ്റു, വീണ്ടും കിടന്നു കണ്ണടക്കുമ്പോൾ ഏതോ ആഴത്തിലേക്ക് ചരിഞ്ഞു വീഴുവാൻ പോകുന്നപോലെ തോന്നി, ഞെട്ടി കണ്ണ് തുറന്നു ജനലിലേക്ക് നോക്കുമ്പോൾ അവിടെ മുറിയിൽ ഉള്ള വസ്തുക്കൾ എല്ലാം തെറിച്ചു തെറിച്ചു നീങ്ങുന്ന പോലെ തോന്നി.
ഛർദിക്കുവാൻ തോന്നി പെട്ടെന്ന് എഴുന്നേറ്റു ജനനിലിന്റെ ഭാഗത്തേക്ക് എങ്ങനെയോ എത്തി ഛർദിച്ചു, പിന്നീടാണ് അവൻ അറിയുന്നത് അവൻ ഛർദിച്ചതു മുറിക്കുളിൽ തന്നെയായിരുന്നു.
ഇപ്പോൾ അവനു കുറച്ചു ബുദ്ധിമുട്ടുകൾ മാറിയിട്ടുണ്ട്. തിരിഞ്ഞു കിടക്കയിലേക്ക് നീങ്ങുമ്പോളാണ് അവൻ അറിയുന്നത് കതകു അടച്ചിട്ടില്ലാരുന്നു, അച്ഛനും അമ്മയും വാതിലിൽ ഇതെല്ലാം കണ്ടുകൊണ്ടു നിൽക്കുകയാണെന്ന്. അവരെ ഗൗനിക്കാതെ അവൻ വീണ്ടും കിടന്നു.
പകുതി മയക്കത്തിൽ അച്ഛന്റെ ശബ്ദം കേൾക്കുന്നു,
"ആദ്യമായാണ്, ആരോ നിർബന്ധിപ്പിച്ചതാരിക്കും..അല് ലാതെ അവൻ ഇങ്ങനെ ചെയ്യില്ല."
അതുകേട്ടതും അവന്റെ കണ്ണിൽ നിന്നു വീണ കണ്ണീർ ആരോ തുടക്കുന്നതും അവൻ അറിഞ്ഞു. അമ്മ ആയിരിക്കാം.
മനസ്സിൽ അവൻ പറഞ്ഞു,
"ഇല്ല ഇനി ഒരിക്കലും ഇല്ല..."
ശുഭം !
എഴുതിയത് : അഖിൽ പവിത്രൻ
No comments:
Post a Comment