ആധുനിക ഉപഭോഗസംസ്കാരത്തിന്റെ തിരക്കുപിടിച്ച ഈ നാഗരിക കാലഘട്ടത്തില് മനുഷ്യന് തന്റെ മൂല്യവത്തായ ഒരു സംസ്കൃതിയുടെ നൈരന്തര്യം ഉറപ്പുവരുത്താന്‍ മറന്നുപോകുന്നു. നൈരന്തര്യം തന്റെ സന്താനങ്ങളിലൂടെയാണ് സാധ്യമാകുക. അല്പമൊന്ന് മിനക്കെട്ടാല് നിങ്ങള്ക്കും സന്താനങ്ങളെ ഉത്തമ പൗരന്മാരായി വളര്ത്തിയെടുക്കാനാകും. ഇഹലോകത്തും പരലോകത്തും അവര് വിജയം വരിക്കും. ഇതാ നിങ്ങളുടെ ശ്രദ്ധയിലേക്കായി ചില നിര്ദേശങ്ങള്:
1. കുട്ടികളെ ഉപാധികളില്ലാതെ സ്നേഹിക്കുക; അവനെത്ര തന്നെ കുസൃതിക്കാരനോ, പഠനത്തില് താല്പര്യമോ അച്ചടക്കമോ ഇല്ലാത്തവനായിക്കൊള്ളട്ടെ.
2. എല്ലാ ദിവസവും കുട്ടികളോട് നിങ്ങളവരെ സ്നേഹിക്കുന്നുവെന്ന് പറയുക. നീയെന്റെ പുന്നാരമോളാണ്/മോനാണ് എന്നു പറയാന് പ്രയാസം തോന്നുന്നു എങ്കിൽ അതു പറയല് അനിവാര്യമാണ്.
3. കുട്ടികള് നല്ലവരും സദ്ഗുണ സമ്പന്നരുമാണ് എന്ന വിചാരം ജനിപ്പിക്കുന്ന രീതിയില് അവരോട് സംസാരിക്കുക. 'നിനക്കതിനു കഴിയും' എന്ന് പ്രോത്സാഹജനകമായ രീതിയില് സംവദിക്കുക.
4. കുട്ടികള്ക്കുണ്ടാകണം എന്ന് നിങ്ങള് ആഗ്രഹിക്കുന്ന ഉത്തമ സ്വഭാവഗുണങ്ങള് നിങ്ങള് തന്നെ സ്വയമാര്ജിക്കാന് ശ്രമിക്കുക. നിങ്ങളിലെ സ്വഭാവഗുണങ്ങള് അടുത്തറിയാന് കഴിയും വിധം അവരുമായി സഹവസിക്കാന് സമയം കണ്ടെത്തുക.
5. കുട്ടികള് സ്വാംശീകരിക്കേണ്ട സ്വഭാവ ഗുണങ്ങളെന്തെന്ന് അവരെ ബോധ്യപ്പെടുത്തുകയും അത്തരത്തിലുള്ള സ്വഭാവരീതികള് പ്രകടമാകുമ്പോഴൊക്കെ പുകഴ്ത്തുകയും ചെയ്യുക.
6. ഓരോ കുട്ടികളും സവിശേഷ സ്വഭാവ ഗുണങ്ങളും കഴിവുകളുമുള്ളവരാണ്. അവരുടെ ഏതെങ്കിലും പ്രതിലോമ സ്വഭാവങ്ങള് കാണുമ്പോള് 'വെട്ടൊന്ന് തുണ്ടം രണ്ട്' എന്ന നിലപാട് സ്വീകരിക്കാതിരിക്കുക. ഒരു കുട്ടിയോട് സ്വീകരിക്കുന്ന ശിക്ഷണ നടപടി മറ്റൊരു കുട്ടിയില് വിപരീതഫലം ഉണ്ടാക്കിയേക്കാം.
7. സദ്വിചാരം ഉളവാക്കുന്ന രീതിയില് വാക്കുകളുപയോഗിക്കുക.
'നീയിങ്ങനെ മടിപിടിച്ചിരുന്നാല് ഗതിപിടിക്കത്തില്ലെടാ' എന്നു പറയുന്നതിനു പകരം 'ആ പണിതീര്ത്തുകഴി
ഞ്ഞാല് എല്ലാം വളരെ എളുപ്പമാകുമല്ലോ' എന്ന് പറയാന് ശ്രമിക്കുക
8. കാര്യങ്ങള് എങ്ങനെ നല്ല രീതിയിലും സരളമായും കുട്ടികളെ പറഞ്ഞു മനസ്സിലാക്കാം എന്നതിനെ സംബന്ധിച്ച് എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുക. പ്രത്യേകിച്ചും കുട്ടികള് നമുക്ക് പ്രയാസങ്ങള് സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സന്ദര്ഭങ്ങളില്.
9. നല്ല മഹത്തുക്കളുടെ ജീവചരിത്രങ്ങളും സാഹിത്യങ്ങളും കുട്ടികളെ വായിച്ചു കേള്പ്പിക്കുക
10. സദ്ഗുണങ്ങള് വളര്ത്തിയെടുക്കാന് സഹായകമായ ഗുണപാഠകഥകള് വായിച്ചുകേള്പ്പിക്കുക. അതിലെ ഗുണപാഠമെന്തെന്ന് വ്യക്തമാക്കിക്കൊടുക്കുക.
11. ശാന്തിയും, സ്നേഹവും, ദേഷ്യവിമുക്തവുമായ അന്തരീക്ഷം വീട്ടില് സംജാതമാക്കുക. കുട്ടികള് പറയുന്നത് ക്ഷമയോടെ കേള്ക്കാനും അവയോട് സംയമനത്തോടെ പ്രതികരിക്കാനും പരിശീലിക്കുക.
12. ക്ഷമ പരിശീലിക്കുക. ജീവിതം സ്വഭാവഗുണങ്ങളെ സ്വായത്തമാക്കാനുള്ള പരിശീലനവേദിയാണ്. അറിയുക; നിങ്ങളെ ക്ഷമ പഠിപ്പിക്കാന് പറ്റിയ ഏററവും നല്ല അധ്യാപകന് നിങ്ങളുടെ കുട്ടികള് തന്നെയാണ്.
13. നിങ്ങളുടെ കുട്ടികളോട് എന്തെങ്കിലും അബദ്ധം പ്രവര്ത്തിച്ചു പോയിട്ടുണ്ടെങ്കില് അത് തുറന്നുസമ്മതിക്കുക. നിങ്ങള്ക്ക് കുട്ടികളുടെ ആദരവ് നേടാന് അത് സഹായകരമാകും.
14. മറ്റു രക്ഷിതാക്കള് അവരുടെ കുട്ടികളോട് ഇടപഴകുന്നതിന്റെ അനുകരണീയ മാതൃകകളുണ്ടെങ്കില് അത് സ്വായത്തമാക്കുക.
15. മറ്റു രക്ഷിതാക്കളുടെ അഭിലക്ഷണീയമല്ലാത്ത രീതികള് തങ്ങള് ഒരിക്കലും കൈക്കൊള്ളുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക.
16. നിങ്ങളുടെ പരിചയക്കാരോട് അവരുടെ രക്ഷിതാക്കള് എങ്ങനെ അവരുടെ കുട്ടിക്കാലത്ത് ഇടപെട്ടിരുന്നുവെന്ന് ചോദിച്ചറിയുക
17. നിങ്ങളുടെ കുട്ടികളുടെ മുമ്പില് നിങ്ങള് നന്ദിപ്രകാശിപ്പിക്കുന്ന വര്ത്തമാനങ്ങള്‍ പറയുക.
18. കാര്യങ്ങളെ അതിന്റെ ഗുണദോഷങ്ങളുടെ അടിസ്ഥാനത്തില് വിലയിരുത്തുന്നതിന് പ്രാപ്തരാക്കുക.
ഉദാ: 'ഇതുകൊണ്ട് നമുക്ക് എന്തു ഗുണമാണ് ലഭിക്കുക? ഈ രീതിയില് ചെയ്താല് എത്രത്തോളം നമുക്കത് ഫലപ്രദമാകും?' എന്നിങ്ങനെ ചോദ്യങ്ങളുന്നയിക്കുക.
19. കുട്ടികള് എന്തെങ്കിലും തെറ്റു ചെയ്താല് അതിന്റെ ദൂഷ്യഫലങ്ങളെന്തെന്ന് വിശദീകരിച്ചുകൊടുക്കുക. അബദ്ധങ്ങളൊഴിവാക്കി, കാര്യങ്ങള് ശരിയായി ചെയ്യാനുള്ള മാര്ഗം കാണിച്ചു കൊടുക്കുകയും ചെയ്യുക.
20. എല്ലാദിവസവും എങ്ങനെ നല്ല രക്ഷിതാവാകാമെന്ന് സ്വയം ചോദിച്ചു കൊണ്ടേയിരിക്കുക..
____________________________
എഴുതിയത് : siya ✍
No comments:
Post a Comment