സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

अपेक्षते (മാതാവ്‌) Release your STRESS...!



ധ്യാൻ നിര്യാതനായി...
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ!
ക്യാസർ ആയിരുന്നു. കരളിനേയും അതിനോട്‌ അനുബന്ധപ്പെട്ട അവയങ്ങളേയും ബാധിക്കുന്ന മൾട്ടിപ്പിൾ ഓർഗ്ഗൻ ക്യാസർ!അസർ നിസ്കാരം കഴിഞ്ഞ്‌ വാട്സാപ് നോക്കിയപ്പോഴാണറിഞ്ഞത്‌.
യുവധാരയുടെ വാട്സാപ് ഗ്രൂപ്പിൽ ആണാദ്യം ആ സന്ദേശം എത്തിയത്‌. അവന്റെ അസുഖം അറിഞ്ഞത്‌ മുതൽ അവനു വേണ്ടി ദുആ ചെയ്യാത്ത ഒരു നിസ്കാരം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.
അപ്പോൾ തന്നെ ഗോൾഡനിൽ വിളിച്ച്‌ പഴയങ്ങാടി വഴിയുള്ള ബസ്സിനു ടിക്കറ്റ്‌ പറഞ്ഞു.
അവൻ മാടായി ആണെങ്കിലും മുട്ടത്തുള്ള എന്നെയും എന്റെ വീട്ടുകാരെയും ഒക്കെ അവനു നല്ല പരിചയമാണ്‌. അവന്റെ വീട്ടുകാരെ എനിക്കും. മറിയഭവനിലെ നേഴ്സറി മുതൽ കൊച്ചിയിൽ എഞ്ചിനിയറിംഗ്‌ വരെ ഒരുമിച്ചായിരുന്നു. വെങ്ങര വെൽഫെയറിലും ജമാഅത്ത്‌ സ്കൂളിലും പ്ലസ്‌ ടൂവിനു എരുപുരം ബോയ്സിലും... അങ്ങനെ എല്ലാവിടെയും ആക്സ്മികമായ്‌ ഒരുമിച്ച്‌എത്തിപെട്ടവരായിരുന്നു ഞങ്ങൾ.
ട്രാഫിക്ക്‌ കാരണം മഗ്രിബ്‌ നിസ്കരിക്കാൻ പറ്റിയില്ല. ഇഷയുടെ കൂടെ നിസ്കരിച്ചു. ബസ്സിലിരുന്നു. ഒന്നും കഴിക്കാൻ തോന്നിയില്ല. ബസ്സ്‌ കലാസിപാളയത്തുനിന്നും പുറപെട്ടു. ബിസ്മില്ലാഹി റഹീം
എന്റെ ചുണ്ടുകൾ മന്ത്രിച്ചു!വാട്സാപിൽ അവനെ കുറിച്ചുള്ള സന്ദേശങ്ങൾ ഒരോ ഗ്രൂപ്പിലും വന്നു കൊണ്ടിരുന്നു. ഞാൻ വെറുതേ അവന്റെ വാട്സാപ് സ്റ്റാറ്റസ്‌ നോക്കി.
"I'm sorry Daad.. I can't fulfill your Dreams..! Forgive me Mom..!".
കണ്ണുകൾ നിറഞ്ഞു.അടുത്തുള്ളയാൾ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഫേസ്ബുക്ക്‌ തുറന്നു.മാടായി ഗ്രാമത്തിലും മറ്റു ഗ്രൂപ്പുകളിലും വിജിത്ത്‌ വിജയന്റെയോ അബു അമന്റയോ വേറെ പോസ്റ്റുകളൊന്നുമില്ല.എല്ലാം അവനു ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള പോസ്റ്റുകൾ മാത്രം!
പ്രൊഫെയിൽ ചിത്രം മാറ്റാൻ അവനും ഒന്നിച്ചുള്ള ചിത്രങ്ങൾ നോക്കി.ഫോണിൽ ഇല്ല.ഗൂഗിൾ ഡ്രൈവ്‌ തുറന്നു.'അഡിക്ടഡ്‌' ഫോൾഡർ എത്തി.
ഞങ്ങളുടെ ജാഹിലിയ കാലഘട്ടത്തിലെ പല പല പുകനിറഞ്ഞ ചിത്രങ്ങൾ.ബിയർ അടിക്കുന്നതും പബ്ബിലെയും സ്റ്റഫ്‌ അടിക്കുന്നതിന്റെയും ഒക്കെ കുറേ ചിത്രങ്ങൾ. അക്കാലത്ത്‌ എപ്പോഴോ ഞങൾ മാടായി പാറയിൽ നിന്നും എടുത്ത ഫോട്ടോ പ്രൊഫെയിലാക്കി മാറ്റി.
ബസ്സ്‌ ഇപ്പോഴും സിറ്റിക്കുള്ളിൽ തന്നെയാണുള്ളത്‌. മുടിഞ്ഞ ട്രാഫിക്ക്‌. സീറ്റ്‌ പിന്നിലോട്ടാക്കി ഞാൻ കണ്ണടച്ചു കിടന്നു. മനസ്സ്‌ എഞ്ചിനിയറിംഗ്‌ കാലത്ത്‌ ഉള്ള ഞങ്ങളുടെ റൂമിനു മുന്നിൽ എത്തിനിന്നു.
"Roll up your Stress" അതായിരുന്നു റൂമിനുള്ളിൽ കയറിയാൽ ആദ്യം കാണുന്നത്‌.
  
കോളജിൽ ഓൺ ദി ജോബ് ട്രെയിനിംഗ് കിട്ടിയത് ബാംഗ്ലൂർ HCLൽ ആയിരിന്നു. താമസം വിൽ‌സൺ ഗാർഡനിലെ ലോഡ്ജിലും. ഞാനും ധ്യാനുമുൾപ്പെടെ ഇരുപതോളം പേർ പല കമ്പനികളിലായിട്ട്. അങ്ങനെയാണ് കൂട്ടുകാരന്റെ പരിചയത്തിൽ ഒരാൾ സ്റ്റഫുമായ്‌ അപ്പ്രോച്ച് ചെയ്തത്‌. പുള്ളി അവിടത്തെ ചോട്ടാ ജോയിന്റ് സപ്ലയർ ആണ്. 
"ജേ" എന്നായിരുന്നു സ്റ്റഫിനു പറയുക. 
കൂട്ടത്തിൽ ഒരാൾ നമ്മുടെ അടുത്ത നാട്ടുകാരൻ. ബാബു തന്നെ ഉപയോഗിക്കുന്നതിനാൽ ഞങ്ങളും ട്രൈ ചെയ്യാൻ തീരുമാനിച്ചു.
"ഇത്‌ സാധനം  ഹെർബൽ ആണ്.പണ്ട്‌ കാലത്ത്‌ ഹിമാലയത്തിലെ തണുപ്പകറ്റാൻ. ശിവനൊക്കെ ഉപയോഗിച്ചിരുന്നു! പിന്നെ ആയുർവ്വേദിക്ക്‌ ആയത്‌ കൊണ്ട്‌  ആൽക്കഹോളിനെക്കാളും നല്ലതല്ലേ..?" ധ്യാൻ ചോദിച്ചു.
ആണെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ ബാബു പറഞ്ഞു. പിന്നെ നോക്കാനുണ്ടോ..?  സാധനം നോർമൽ 'ഗഞ്ച' എന്നാൽ ഇലയും ഹാഷിഷ് അതിന്റെ പശയും. പിന്നെ ഹെറോയിൻ പോപ്പി ചെടിയുടെ പശയും. സംഗതി ക്ലാസാണ്‌. അങ്ങനെ ബീഡിയിൽ വച്ച ഗഞ്ച വാങ്ങി വലി തുടങ്ങി. തണുപ്പകറ്റാൻ!
ആദ്യം പ്രത്യേകിച്ചൊന്നുമില്ല. ജസ്റ്റ് ഫൺ. ഇടയ്ക്ക് എപ്പോഴൊക്കയോ ശീലിച്ച ബിയറോ മിലിട്ടറി മദ്യമോ കഴിച്ചത്‌ പോലെ. ഒരു മൈൻഡ് ആൾട്ടറിംഗ് ഓപ്ഷൻ. നാല് മാസമായിരിന്നു ട്രെയിനിംഗ്. 
എല്ലാ ദിവസവും 'ജേ' ആവശ്യത്തിനും ചിലപ്പോൾ കൂടുതലും കിട്ടികൊണ്ടിരുന്നു. ബാബുവുമായ്‌ ഡീലിംഗ്. വേറെയാർക്കും അയാൾ തരില്ല. അങ്ങനെ ട്രയിനിങ്ങിനിടെ ഒരു ദിവസം ബാബുവിന്റെ നാട്ടിലെ സുഹൃത്ത് വന്നു. അവന്റെ കൂടെ അവന്റെ ചില കൂട്ടുകാർ പഠിക്കുന്ന കോളാർ ഗോൾഡ് ഫീൽഡിലെ കോളജിലേക്ക് പോയി. അവിടെ താമസിക്കാൻ അവരുടെ ഹോസ്റ്റലിൽ തന്നെ സൗകര്യം കിട്ടി. ഞങ്ങൾ മൈനിംഗ് ഏരിയ മുഴുവൻ കറങ്ങി.
നാട്ടിലെ കോളേജിൽ പഠിക്കുന്ന ഞങ്ങൾക്ക്‌ അത്ഭുത ലോകമായിരുന്നു അത്‌. രാത്രി പാട്ടും കൂത്തും കള്ളും ജോയ്ന്റും. അവിടെ പിള്ളേർ "ജേ" അല്ല  ഉപയോഗിക്കുന്നത്. ഗുളികയാണ്. പിന്നെ സിറപ്.
അതായത് മാനുഫാക്ചർഡ് സൈക്കോട്രോഫിക് ഡ്രഗ്സ്!അവിടെ വെച്ച്‌  ഞങ്ങൾ ഉപയോഗിച്ചില്ല, പേടിച്ചിട്ട്.എനിക്ക്‌ ആഗ്രഹമുണ്ടായിരുന്നു ഒന്ന് പരീക്ഷിക്കാൻ. ധ്യാൻ വിലക്കി.
"ഇതൊക്കെ അടിച്ചിട്ടാകും ആൾക്കാരെ പത്തും നൂറും വെട്ട് വെട്ടി കൊല്ലാനുള്ള ധൈര്യം കിട്ടുന്നത്‌".ബാബു പറഞ്ഞു.
ട്രെയിനിംഗ് കഴിഞ്ഞു തിരിച്ചു കോളജിൽ എത്തി. ആദ്യം അന്വേഷിച്ചത് 'ജേ' അല്ലെങ്കിൽ അത്‌ പോലുള്ളത്‌ അടുത്ത് എവിടെ കിട്ടും എന്നാണ്‌.സ്ഥിരം പോകാറുളള കടയിൽ നിൽക്കുന്ന അച്ചായന്റെ അടുത്ത് നിന്നും അത്യാവശ്യത്തിനു കിട്ടുമെന്ന് ബാബു വഴിയാണ് അറിഞ്ഞത്‌‌.അമ്പരപ്പിനെക്കാൾ ആഹ്ലാദമായിരുന്നു.പിന്നെ കാര്യങൾകുറച്ചുകൂടെ ഉഷാറായി തുടങ്ങി.
ആ ഇടയ്ക്കാണ് ചൈനാക്ലേ വിഷയം സോഷ്യൽ മീഡിയയിലൂടെ ശക്തമായത്‌.
 

ഫേസ്ബുക്ക്‌ കൂട്ടയ്മയായ മാടായി ഗ്രാമത്തിന്റെ സമരം കഴിഞ്ഞു നാട്ടിലെ ചിലരെ അറസ്റ്റ്‌ ചെയ്ത കാര്യം ഗ്രൂപ്പിലെ പോസ്റ്റുകളിലൂടെ അറിഞ്ഞു. അന്ന് രാത്രി ധ്യാൻ എവിടെ നിന്നോ ഒരു മിലിട്ടറി ബോട്ടിലുമായ്‌ വന്നു. മിക്കവാറും അച്ചായന്റെ കേറോഫാകും.ഞങ്ങൾ രണ്ടു പേരും രണ്ട്‌ തവണയായി. ബാബുവും വന്നു.കഴിച്ചു കൊണ്ടിരിക്കേ അവൻ ചൈനാ ക്ലേ സമരത്തെ കുറിച്ചും അതിൽ ഇടപെട്ടവരെ അറസ്റ്റ്‌ ചെയ്തതിനെ കുറിച്ചും വേവലാതിപെട്ടു. ഒരെണ്ണം കൂടിയൊഴിച്ച്‌ ഡ്രൈ അടിച്ച്‌ അവൻ എന്നോട്‌ ഉച്ചത്തിൽ സങ്കടത്തോടെ പറഞ്ഞു.
"എടാ മൈഗുണാ.. എന്ന് രാഷ്ട്രീയം മറന്ന് നിന്റെ നാട്ടുകാർ ഒന്നിക്കുന്നുവോ അന്നേ നിങ്ങളുടെ പ്രശ്നം തീരുകയുള്ളൂ. അല്ലെങ്കിൽ നീയൊക്കെ മാത്രമല്ല വരും തലമുറയും കാൻസറും ശരീരം മുഴുവൻ‌ പുണ്ണും വന്ന് പുഴുത്ത്‌ ചാകും മൈ...".
എന്റെ കൈയ്യിലെ സിഗരറ്റ്‌ വാങ്ങി വലിച്ച്‌ അവൻ തുടർന്നു: "ഡാ മൈ.. നമ്മുടെ നാട്ടിലെ ജസീറയില്ലേ.. നിന്റെ നാട്ടുകാർക്ക്‌ എല്ലാം കൂടെ അവരുടെ പുകുതി... വേണ്ട പത്ത്‌ ശതമാനം നിശ്ചയദാർഢ്യം ഉണ്ടായിരുന്നെങ്കിൽ നിന്റെ അടുത്ത വീട്ടിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന പയ്യൻ  കാൻസർ വന്ന് ഇങ്ങനെ ആയുസ്സെത്താതെ മരിക്കില്ലായിരുന്നു. നിന്റെ കസിനില്ലേ അവളുടെ കൈയിലും കാലിലും ഇങ്ങനെ ചൊറിയുണ്ടാകില്ലായിരുന്നു".
അവന്റെ കണ്ണു നിറഞ്ഞിരുന്നു ശബ്ദം ഇടറിയിരുന്നു.സമയം രണ്ടരയായി. ഞാനും എന്റെ നാട്ടുകാരുടെ ദുരിതവും ഗതികേടും കഴിവുകേടും ആലോചിച്ചു കിടന്ന് നേരം വെളുപ്പിച്ചു.
മാസാദ്യം ജെ വലികളും അവസാനമാകുമ്പോൾ മിലിട്ടറി കുപ്പികളും അതിനു ശേഷം ബിയർ കുടികളും ഒക്കെയായി മാസങ്ങൾ കഴിഞ്ഞു. അക്കാലത്ത്‌ ഞങ്ങൾ വീട്ടിൽ മാസത്തിലോ മറ്റോ പോയെങ്കിൽ ആയി. മിക്ക വീക്കെന്റും റൂമിൽ തന്നെ. ഒന്നുക്കിൽ ജേ അല്ലെങ്കിൽ എവിടെ നിന്നെങ്കിലും ഒപ്പിക്കുന്ന മിലിട്ടറി ബോട്ടിലുമായ്‌ തീർക്കും ശനിയും ഞായറും.
ഒരു ഞായറാഴ്ച രാവിലെ കോളേജിനു പത്ത്‌ പതിനഞ്ച്‌ കിലോമീറ്റർ മാത്രം ദൂരെ വീടുള്ള ഷാജു ഒരു ബോട്ടിലുമായ്‌ റൂമിലേക്ക്‌ വന്നു. കൂറച്ചു കഴിഞ്ഞപ്പോൾ ബാബു ഭക്ഷണവുമായി എത്തി. ഒഴിച്ച്‌ അടി തുടങ്ങിയപ്പോൾ അവന്റെ ഫോൺ റിംഗ്‌ ചെയ്തു. അവൻ ഫോണെടുത്ത് ക്ലാസും സിഗരറ്റുമുള്ളത്‌ കൊണ്ട്‌ ലൗഡ്‌ സ്പീക്കർ ഓൺ ചെയ്തു. 
"മമ്മാ ഞാൻ കാന്റീനിൽ നിന്ന് കഴിച്ചോളാം".
"നിനക്ക്‌ വേണ്ടിയല്ലേ മോനേ ഞാൻ അപ്പവും മുട്ടകറിയും ഉണ്ടാക്കിയത്‌.? നിനക്ക്‌ കഴിച്ചിട്ട്‌ പോകാമായിരുന്നില്ലെ മോനേ..?"അവന്റെ മമ്മ പരിഭവം പറഞ്ഞു.
ഇത്‌ കേട്ട്‌ ജേ സെറ്റ്‌ ചെയ്തു കൊണ്ടിരുന്ന ധ്യാൻ എഴുന്നേറ്റ്‌ ഞങ്ങൾക്ക്‌ അടുത്ത്‌ വന്നു നിന്നു.
 "ഡാ മൈ ഗുണാ.. ഉണ്ടാക്കിയ ഭക്ഷണം ഒരിക്കലും കഴിക്കാതെ വീട്ടിൽ നിന്ന് ഇറങ്ങരുത്‌.
അഞ്ചോ പത്തോ മിനുട്ട്‌ കൊണ്ട്‌ കഴിച്ചു തീർക്കാവുന്ന ഭക്ഷണമുണ്ടാക്കാൻ ഒരാളുടെ ഒന്നോ രണ്ടോ മണിക്കൂർ മിനക്കേടുണ്ട്‌. അത്‌ അമ്മയുടേതാകാം പെങ്ങളുടേതാകാം ചിലപ്പോൾ ഭാര്യയുടെതാകാം.കുറഞ്ഞത്‌ അവരുട മിനക്കേടിനെയെങ്കിലും വിലകൽപിക്കണം".
അവന്റെ ശബ്ദം ഇടറി: "ഞാൻ ഒന്നും തൊട്ടിട്ട്‌ പോലുമില്ല. അല്ല നീയൊന്നും വിചാരിക്കേണ്ട രണ്ട്‌ പുകയുടെയോ ഒന്നോ രണ്ടോ പെഗിന്റെയോ ബലത്തിൽ ഞാൻ പറയുന്നതാണ്  ഇതെന്ന്". 
കുപ്പിയും ഭക്ഷണവും തീർത്ത്‌ എപ്പഴോ ഉറങ്ങിപ്പോയി, ഷാജിയും പോയപ്പോൾ സന്ധ്യയായി.

പരീക്ഷ കാലമെത്തി. പരീക്ഷയ്ക്ക് രാത്രി ഉറക്കമുളച്ചിരുന്നു പഠിക്കുമ്പോഴും ചെറിയ ചെറിയ പുകകൾ ഞങ്ങൾ ഷെയർ ചെയ്ത്‌ എടുത്തുകൊണ്ടിരിന്നു.പരീക്ഷ നടന്നുകൊണ്ടിരിക്കേ ഒരു ദിവസം രാവിലെ എണീറ്റപ്പോൾ റൂമിന്റെ താഴെ ശബ്ദം. നോക്കിയപ്പോൾ ബാബു മലർന്നു നോക്കി ചിരിച്ചു പറഞ്ഞു അളിയാ സാധനം ഇല്ല. ഇന്നലെ വലിച്ചു കളഞ്ഞ കുറ്റി എന്തേലും കിട്ടുമോന്നു നോക്കുകയാണ്. ഒരു ഭ്രാന്തനെപ്പോലെ അവിടെ അവൻ  കുത്തിയിരുന്നു. പിന്നെ കുളിക്കാൻ കയറിയപ്പോൾ അവന്റെ ബൈക്കിന്റെ ശബ്ദം കേട്ടു.പരീക്ഷ ഹാളിൽ അവനുണ്ടായിരുന്നില്ല. പരീക്ഷ കഴിഞ്ഞു ഞങ്ങൾ ക്യാന്റീനിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ അവനെത്തി.
"ഗയ്സ്‌ സാധനം ഇവിടെ ഇല്ലായിരുന്നു.ചാലക്കുടിക്കടുത്ത്‌ എലഞ്ഞിപ്രവരെ പോകേണ്ടി വന്നു.അപ്പ്‌ ആൻഡ്‌ ഡൗൺ ഏകദേശം 100 കിലോമീറ്റർ ഉണ്ട്‌".ഒരു വിജയിയെപ്പോലെ അവൻ പറഞ്ഞു.
"ഗയ്സ്‌  പരീക്ഷ വരും പോകും.! നമുക്കതല്ലല്ലോ." 
ഭക്ഷണം എന്റെ തൊണ്ടയിൽ കുരുങ്ങി. ഇറങ്ങുന്നില്ല ഒന്നും. യാ അള്ളാഹ്‌.
സാധനമുണ്ട്‌ വേണോ എന്ന് അവൻ ഞങ്ങളോട്‌ ചോദിച്ചു .എനിക്ക്‌ ഇടി തട്ടിയ ഫീൽ ആയിരുന്നു. ധ്യാനും അവനും അവന്റെ ബൈക്കിൽ കയറി പോയ്‌.
ഞാൻ പതുക്കെ നടന്നു റൂമിലെത്തി. 
കട്ടിലിൽ കമിഴ്ന്നു കിടന്നു. 
വല്ലാത്ത വിമ്മിഷ്ടം. 


ആരോടെങ്കിലും സംസാരിക്കണം. 
മനസ്സ് പൂർണമായും കൈവിട്ടു പോയി. 
ഉമ്മയെ വിളിച്ചു. സലാം പറഞ്ഞു.
കലാശപ്പാളയത്ത്  ഇറങ്ങിയ മുതലുള്ള കാര്യങ്ങൾ പതുക്കെ ഒരോന്നായി പറഞ്ഞു തുടങ്ങി. പിന്നെയെപ്പോഴോ വിതുമ്പൽ മാറി ഏങ്ങലടിച്ചു കരഞ്ഞു തുടങ്ങി. പിന്നെ സർവ നിയന്ത്രണവും വിട്ട് പൊട്ടി കരച്ചിലായി. എന്നെ എങ്ങനെയെങ്കിലും ഇതിൽ നിന്നും രക്ഷിക്കണമെന്ന് പറഞ്ഞു നിലവിളിച്ചു. ഉമ്മ സലാം മടക്കിയതല്ലതെ ഒന്നും മിണ്ടിയില്ല. എല്ലാം ശ്രദ്ധാ പൂർവം കേട്ട് നിന്നു. ഉപ്പയും ബന്ധുക്കളും അറിയാതെ ഹോസ്പിറ്റലിൽ കൊണ്ട്‌ പോകാൻ ഉമ്മയോട് കരഞ്ഞു പറഞ്ഞു. പക്ഷെ ഉമ്മ കരഞ്ഞില്ല, വിഷമിച്ചില്ല, ദേഷ്യപ്പെട്ടില്ല! അതെന്നെ കൂടുതൽ കൂടുതൽ സങ്കടപെടുത്തി.
"ഉമ്മാ ബീബി ഡോക്ടറെ കാണിച്ചാൽ എന്റെ എല്ലാ അസുഖവും മാറും എന്ന് ഉമ്മ തന്നെയല്ലേ പറയാറ്. എന്നെ അവിടെ കൂട്ടികൊണ്ടു പോകുമോ ഉമ്മാ. ഞാൻ ഇന്ന രാത്രി മലബാറിനു അങ്ങോട്ട്‌ വാരാം ഉമ്മാ. നാളേത്തന്നെ എന്നേ അവിടെ കൊണ്ടു പോകുമോ ഉമ്മാ".
ഒട്ടും സ്നേഹമില്ലാതെ  അപരിചിതയെ പോലെ ഉമ്മ സംസാരിച്ചു: "എല്ലാ മക്കൾക്കും ഒരു വിചാരമുണ്ട്‌ ഉമ്മയോട്‌‌ പറഞ്ഞാൽ ഉപ്പ അറിയാതെ എന്തും ചെയ്ത്‌ തരും എന്ന്. ഉപ്പമാറിയാത്ത ഒരു രഹസ്യവും ഉമ്മമാരുടെ ജീവിതത്തിൽ ഉണ്ടാകില്ല. ഉപ്പ അറിയാത്തത്‌ ഒന്നും എന്റെ ജീവിതത്തിലും ഇല്ല. അത്‌ കൊണ്ട്‌ ഉപ്പ അറിയാതെ ഞാൻ ഒന്നും ചെയ്ത്‌ തരും എന്ന് നീ പ്രതീക്ഷിക്കേണ്ട".
ഉമ്മ തീർത്തു പറഞ്ഞു.നീ ഇതിൽ പ്രതിഭ ടാക്കീസിനടുത്തുള്ള ഷാഹുലിനെപ്പോലെ അഡിക്റ്റാണെന്നും പെട്ടന്ന് മാറില്ലെന്നും പറഞ്ഞു.ഞാൻ ഉറക്കെ നിലവിളിച്ചു "യാ അള്ളഹ്‌.അങ്ങനെ പറയല്ലേ ഉമ്മാ".
ഞാൻ എന്തും ചെയ്യാമെന്ന് പറഞ്ഞു.ഉമ്മ പറയുന്നത് പോലെ കേൾക്കാമെന്നു പറഞ്ഞു കരഞ്ഞു.
"ഉമ്മാ ഉമ്മയുടെ കാലിനടിയിൽ ആണുമ്മാ ഇനിയെന്റെ സ്വർഗ്ഗം. എന്നെ ഇതിൽ നിന്ന് രക്ഷിക്ക്‌ ഉമ്മാ.."ഞാൻ യാചിച്ചു.
"ഉമ്മാ പടച്ചോന് നേരിട്ട്‌ എല്ലാവരിലും എത്താൻ പറ്റാത്തത്‌ കൊണ്ടണ് മാതാവിലൂടെ നമ്മെ സൃഷ്ടിക്കുന്നത്‌.ഉമ്മാക്ക്‌ അല്ലാതെ ആർക്കും എന്നെ രക്ഷിക്കാനാകില്ല".
ഉമ്മ സംസാരിച്ചു തുടങ്ങി."ആദ്യം കുളിക്ക്‌. പരീക്ഷ കഴിഞ്ഞു വന്നതല്ലേ. കൈയിൽ കാശില്ലേ..? അല്ല അതും തീർത്തോ..?"
"ഉമ്മാ എന്റെ കയ്യിൽ കാശുണ്ട്‌ ഉമ്മാ.."
ഉമ്മ സംസാരിക്കൻ തുടങ്ങിയ ആശ്വാസത്തിൽ വിതുമ്പലിലൂടെ ഞാൻ പറഞ്ഞു. ഉമ്മ ഹോട്ടലിൽ പോയി വയർ നിറയെ ഭക്ഷണം കഴിക്കാൻ പറഞ്ഞു. പിന്നെ ഐസ് ക്രീമും ഫലൂഡയും പിന്നെ എന്താണു വേണ്ടെതെന്ന് വെച്ചാൽ അതും 
രാത്രിക്കു പാഴ്സലും ഫ്രൂട്സും വാങ്ങാൻ പറഞ്ഞു.ഉമ്മ പറഞ്ഞതു കേട്ട് തൊണ്ട നിറഞ്ഞു കഴിച്ചു.കൂടെ സുബഹിക്ക്‌ എഴുന്നേറ്റ്‌ കുളിച്ച്‌ നിസ്കരിച്ചു കുറച്ചു സമയം ഖുർആൻ പാരായണം ചെയ്ത ശേഷം പരീക്ഷയ്ക്കു വേണ്ടത്‌ പഠിക്കാനും ഉമ്മ പറഞ്ഞു. ഇൻഷാ അല്ലാഹ്‌ ഉമ്മയും പടച്ചോനോട്‌ ദുആ ചെയ്യാം എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു.
പിന്നെ രണ്ട് ദിവസം  അങ്ങനെയായി. എപ്പോ എന്ത് തോന്നിയാലും ഭക്ഷണം കഴിക്കും. ഓയിൽ റിച്ച് ബിരിയാണി ബീഫ് ക്യാന്റീനിലെ ഭക്ഷണം കഴിക്കാറില്ല. അഥവാ കഴിച്ചാലും ഒരു നേരമെങ്കിലും പുറത്തു പോയി കഴിക്കും.
ഉപ്പ ഗൾഫിൽ നിന്ന് ഞാൻ അറിയാതെ നാട്ടിൽ വന്നു. ഉമ്മയും ഉപ്പയും കോളേജിൽ വന്നു.കൂടെ ധ്യാനിന്റെ ആഛ്ചനും അമ്മയും.  അവർ ഡയറക്ടറെ കണ്ടതൊക്കെ ബാബു വഴി ഞങ്ങൾ അറിഞ്ഞു.  പുതിയ വാർഡൻമാർ എല്ലാ ഫ്ളോറിലും വന്നു. എന്നെ ഒഴിവാക്കി ധ്യാൻ ഉൾപ്പെടെ ഫ്രണ്ട്സിനെ എല്ലാം ഒൺ ടു ഒൺ മീറ്റിംഗ് നടത്തി.ബാക്കിയുള്ളവരുടെ രക്ഷകർത്താക്കളെത്തി.കൗൺസിലിംഗ് സ്റ്റാർട്ട് ചെയ്തു. ഞാൻ ഉമ്മയുടെ ഗൈഡൻസിൽ തന്നെ പൂർണമായും എല്ലാ ലഹരിയും ഉപേക്ഷിച്ചു. അൽ ഹംദുലില്ലാഹ് നിസ്കാരവും ഖുർആൻ പരായണവും പതിവാക്കി.
ധ്യാനും ഫ്രണ്ട്സും റിക്കവറാകാൻ സമയം എടുത്തു. യോഗ,പലതരം ഗെയിംസ് അങ്ങനെ. ആദ്യം റിക്കവർ ആയത്‌ ധ്യാൻ ആയിരുന്നു.ബാബുവിന്റെ കാര്യം സംശയമാണെന്ന് തോന്നിയിരുന്നെങ്കിലും  അവനും റിക്കവറായി.
ക്യാമ്പസിൽ ജോബ്‌ ഫേയർ വന്നു. എനിക്കും ധ്യാനിനും ജോലി കിട്ടി.  ഒരേകമ്പനിയിൽ തന്നെ. പക്ഷേ അവനു ഹൈദ്രബാദും എനിക്ക്‌ ബാഗ്ലൂരും. ജോയിൻ ചെയ്ത്‌ ആറുമാസത്തിനു മുന്നേ ധ്യാനിനെ കമ്പനി ജർമ്മനിയിലെ ഹെഡ്ക്വാട്ടേഴ്സിലേക്ക്‌ അയക്കാൻ തീരുമാനിച്ചു. അതിനുള്ള മെഡിക്കൽ ചെക്കപ്പിൽ ആണ് അവന്റെ അസുഖം തിരിച്ചറിഞ്ഞത്‌. ഏറെ വൈകിയിരുന്നു!
ഹൈദ്രബാദിൽ എത്തിയപ്പോൾ മുതൽ പല ചെറിയ അസുഖങ്ങൾ അവനുണ്ടായികൊണ്ടിരുന്നു.  കാലാവസ്ഥയുടെതാണെന്ന് കരുതി  മെഡിക്കൽ സെന്ററിൽ കാണിച്ച്‌ മരുന്ന് വാങ്ങി കഴിച്ച്‌ ഒഴിവാക്കാറാണു പതിവ്‌. കണ്ടു പിടിച്ചപ്പോൾ ഡോക്ടർ അവനു ആറുമാസമാണ് പറഞ്ഞത്‌. എന്നിട്ടും അവൻ ഇപ്പോൾ  മൂന്ന് വർഷം പൂർത്തിയാക്കിയിരിക്കുന്നു.!ചികിത്സാ കാലത്ത്‌ ഇടവേളകളിൽ വിക്കിപീഡിയയിൽ മാടായിയെ കുറിച്ച്‌ പരമാവധി കാര്യങ്ങൾ ചേർക്കുകയായിരുന്നു അവന്റെ വിനോദം.
"ഇരിട്ടി.. ഇരിട്ടി..." കിളിയുടെ വിളികേട്ടാ ഞെട്ടിയത്‌. 
ഉമ്മയെ വിളിച്ചു. ഉമ്മയും ഉപ്പയും ധ്യാനിന്റെ വീട്ടിലായിരുന്നു ഇന്നലെ. പൊരയിലേക്ക്‌ പോകാൻ തോന്നിയില്ല എന്ന് പറഞ്ഞു.ഒരു മണിക്കൂർ കൊണ്ട്‌ എത്തേണ്ടതാണ്‌ പഴയങ്ങാടിയിൽ.പാപ്പിനിശ്ശേരി-പിലാത്തറ റോഡ്‌ പണി നടക്കുന്നതിനാൽ രണ്ടര മണിക്കൂർ എടുത്തു. ധ്യാനിന്റെ വീട്ടിനടുത്തെത്തും തോറും എന്റെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു. കണ്ണുനീർ നിയന്ത്രിക്കാൻ പറ്റാതായി. എന്നെ കാത്തിരുന്നതായിരുന്നു എന്ന് തോന്നി. അവന്റെ ബോഡി കൊണ്ടുപോയി. അങ്ങിങ്ങായി കൂടിനിന്ന ഒരോരുത്തരായി പോയിത്തുടങ്ങി. ഞാൻ അവന്റെ വീടിനടുത്തുള്ള കക്കിതോടിനടുത്തേക്ക്‌ നടന്നു. അവിടെ ഒരു പരിചയമുള്ളമുഖം.
ബാബുവാണ്‌.ആളാകെ മാറിയിരിക്കുന്നു. സ്ഥിരം താടി വെക്കാറുള്ള അവൻ ക്ലീൻ ഷേവ്‌ ഒക്കെ ചെയ്ത്‌ പാറിപ്പറന്നിരുന്ന മുടിയൊക്കെ ചീകി മിനുക്കിയിരിക്കുന്നു. കണ്ണുകളിൽ  പണ്ടുള്ള അതേ വിഷാദം കൂടുതൽ കുഴിഞ്ഞിരിക്കുന്നു.
"അവൻ പോയി അല്ലേ..?" ബാബു നിർവികാരമായ ചോദിച്ചു.
"നീയിപ്പോൾ എന്ത്‌ ചെയ്യുന്നു..?"
"ഇത്‌ തന്നേ..!" അവൻ വലിച്ചുക്കൊണ്ടിരുന്ന സിഗരറ്റ്‌ ഒന്നുകൂടെ ശക്തിയായി വലിച്ച്‌ നിലത്തിട്ട്‌ ചവിട്ടി കെടുത്തു.
"എനിക്കിതില്ലാതെ പറ്റുന്നില്ലെടാ". അവൻ ഒരു കഞ്ചാവ്‌ ബീഡി കത്തിച്ചു തുടർന്നു.
"എല്ലാം നിർത്തിയതായിരുന്നു. സപ്ലി എഴുതുവാൻ പോയി ഹോസ്റ്റലിൽ നിന്നതാ. പരീക്ഷക്ക് ‌ പഠിക്കാൻ കോൺസൻട്രേഷൻ കിട്ടാൻ വേണ്ടിയാ വീണ്ടും തുടങ്ങിയത്‌. അതിപ്പഴുതുടരുന്നു". 
"പണിയൊന്നും കിട്ടിയില്ലേ..?"
"ഇത്‌ തന്നെ പണി. സാധനം മംഗലാപുരത്ത്‌ നിന്ന് അല്ലെങ്കിൽ ഗോവയിൽ നിന്ന് കൊണ്ട്‌ വരും. ഒരിക്കൽ മഹാരാഷ്ട്ര വരെ പോകേണ്ടി വന്നിട്ടുണ്ട്‌. ഒന്നു രണ്ട്‌ തവണ ജയിലായി. എങ്കിലും പോയി വരുമ്പോൾ കുറച്ച്‌ അധികം കൊണ്ടു വരും. ഇവിടെ കൊണ്ട്‌ വിൽക്കാൻ
ഇപ്പോൾ പത്തിലും പ്ലസ്‌ ടൂവിനും പഠിക്കുന്ന പിള്ളേരൊക്കെ ആവശ്യക്കാരായിണ്ട്‌".
അവൻ കുറ്റബോധത്തോടെ തല താഴ്ത്തി ആത്മദിന്ദയോടെ ചിരിച്ചു കൊണ്ട്‌ പറഞ്ഞു.
അവൻ ഫോണെടുത്ത്‌ ആരെയോ വിളിച്ചു. മുഖം ടവ്വൽ കൊണ്ട്‌ മറച്ച ഒരു പയ്യൻ ബുള്ളറ്റുമായ്‌ വന്നു. ഞങ്ങളുടെ അടുത്ത്‌ നിന്നു.
"എന്റെ ഇപ്പോഴത്തെ ശിഷ്യനാ. നിന്റെ നാട്ടുകാരനാണ്‌. വെള്ളച്ചാൽ.  കാണാം". അവൻ ബുള്ളറ്റിനു പിന്നിൽ കയറിയിരിക്കുമ്പോൾ ചിരിച്ചു കൊണ്ട്‌ പറഞ്ഞു.
ബുള്ളറ്റ്‌ മുന്നോട്ട്‌ നീങ്ങി.
അതിനു പിന്നിലെ മഡ്ഗാഡിൽ ഫ്ലൂറസെന്റ്‌ നിറത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു..
"Support Your Local Drug Dealer".

~×~×~×~×~×~×~×~×~×~×~×~×~×~×~×~×

സമർപ്പണം: ലോകത്തുള്ള എല്ലാ അമ്മമാർക്കും







കടപ്പാട് : കമ്മ്യൂണിറ്റി രംഗ്.
വര:  റീന വിജിത്.


No comments: