സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

December 31, 2019

2020 പുതുവർഷം പുതുപ്രതീക്ഷ...


2019 ലെ കലണ്ടർ മാറ്റാൻ ഇനി നിമിഷങ്ങൾ മതി.
ഇൗ കഴിഞ്ഞ് പോകുന്ന ദിവസം എല്ലാം മറന്ന് പുതു വർഷത്തിലേക്ക് നമുക്ക് വലത് കാൽ വെച്ച് കടക്കാം.
ഒരുപാട് സന്തോഷവും ദുഃഖവും നേട്ടവും കോട്ടവും ഉണ്ടായ സമ്മിശ്ര നിമിഷങ്ങൾ സമ്മാനിച്ച വർഷം. 2019 ലേക്ക് നമുക്ക് കണ്ണോടിക്കാം,..

മുൻപ് പോയി ഇനി വരില്ല എന്ന് വിചാരിച്ച പ്രളയം വീണ്ടും ഓഗസ്റ്റിൽ വടക്കൻ കേരളത്തിൽ കറുപ്പ് നിഴൽ പതിപ്പിച്ചു, ഒഡിഷയിൽ ഫനി അറിഞ്ഞാടി,
അങ്ങ് ജമ്മുവിൽ പുൽവാമയിൽ സി ആർ പി എഫ് വാഹനത്തിൽ ഉണ്ടായ ചാവേർ ആക്രമണം നമ്മളെ ഞെട്ടിപ്പിച്ചു, മോദി 14മത് പ്രൈം മിനിസ്റ്റർ ആയതും,
ശാസ്ത്ര ലോകം ആകാംഷയോടെ കാത്തിരുന്ന ചന്ദ്രയാൻ 2 അവസാന നിമിഷം മാഞ്ഞു പോയതും, കേരള നിയമ സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന പാലാക്കാരുടെ സ്വന്തം മാണി സർ വിട പറഞ്ഞതും , അയോധ്യ വിധിയും, ഇരുചക്ര വാഹന സഞ്ചാരികൾക്ക് ഹെൽമെറ്റ് നിർബന്ധവും, പ്ലാസ്റ്റിക് നിരോധനവും, യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിചതും , ജമ്മുവിന്റെ പ്രത്യേക പദവി മാറ്റിയതും,മുത്തലക്ക് നിരോധിച്ചതും, പൗരത്വ നിയമത്തിൽ ഭേദഗതി കൊണ്ട് വന്നതുമായ ഒരുപാട് കാര്യങ്ങൾക്ക് നമ്മൾ സാക്ഷ്യം വഹിച്ച വർഷം ആയിരുന്നു 2019.

പുതുവർഷത്തിലേക്കു കാലൂന്നുമ്പോൾ , കടന്നുവന്ന വഴികളെക്കുറിച്ചുകൂടി നാം അറിഞ്ഞിരിക്കണം . അതിൽ നിന്നുള്ള ഊർജംകൊണ്ട് പുതിയൊരു നാളെ , സമത്വസുന്ദരമായൊരു ലോകം കെട്ടിപ്പടുക്കാൻ നമ്മളാലാവുന്നതു ചെയ്യണം . പോയകാലത്തിൻറെ തെറ്റുകളെ വരുംകാല ശരികൾകൊണ്ട് നമുക്ക് തിരുത്താനാകണം . അപരനെ ബഹുമാനിക്കാനും അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതിരിക്കാനും ബദ്ധശ്രദ്ധരാവണം . കൂടുതൽ ശുദ്ധമായ വായു , കൂടുതൽ തെളിഞ്ഞ വെള്ളം , മാലിന്യമുക്തവും വിഷരഹിതവുമായ മണ്ണ് എന്നിവ സാധ്യമാക്കാൻ നമുക്കാവണം . കാടും കാട്ടുമൃഗങ്ങളും പൂർവാധികം കരുത്തോടെ നിലനിൽക്കേണ്ടത് മനുഷ്യരാശിയുടെ നില നിൽപ്പിനുതന്നെ അത്യന്താപേക്ഷിതമാണെന്ന് നമ്മൾ കൂടുതൽ തിരിച്ചറിയേണ്ടിയിരിക്കുന്നു . സ്ത്രീകൾക്ക് സമൂഹത്തിൽ അർഹമായ സ്ഥാനമാനങ്ങൾ നൽകാൻ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു . ഭരണ , അധികാര തലങ്ങളിലേക്ക് അവരെ കൂടുതൽ ഉയർത്തേണ്ടതുണ്ട് . സ്ത്രീസുരക്ഷ സമൂഹത്തിൻറെ ഉത്തരവാദിത്വമായി എല്ലാവർക്കും തോന്നുമാറാകണം . ഇതിനെല്ലാം വേണ്ടുന്ന കാര്യങ്ങൾ ആവും വണ്ണം ചെയ്യുമെന്ന് ഈ പുതുവർഷദിനത്തിൽ നമ്മളോരോരുത്തരും പ്രതിജ്ഞയെടുക്കണം . കൂടുതൽ സഹൃദയത്വത്തോടെ ജാതി , മത , വർഗ , വർണ വ്യത്യാസങ്ങൾക്കപ്പുറം ഒറ്റക്കെട്ടായി ഈ പുതുവത്സരത്തെ നമുക്ക് സ്വാഗതം ചെയ്യാം .
.
എന്നുമെന്നും നന്മകൾ നിറയട്ടെ, ഓരോ ദിനവും സന്തോഷപൂർണ്ണമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
.
എല്ലാ പ്രിയ വായനക്കാർക്കും ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും ഒരു ഉഗ്രൻ പുതുവത്സര ആശംസകൾ നേരുന്നു



വിനൂട്ടി 

December 22, 2019

സന്തോഷം തരുന്ന ജോലി. 🏢



തൊഴിലാണ് എല്ലാവരുടേയും ജീവിതത്തിലെ സുഖദുഃഖങ്ങളുടെ പ്രധാന ഉറവിടം എന്ന് ഓരോരുത്തർക്കും അറിയാം . മനസ്സിനിഷ്ടപ്പെട്ട തൊഴിൽ ലഭിച്ചാൽ അതുതന്നെ മനസ്സിനൊരു ആശ്വാസമായി . എന്നാൽ അധികം പേർക്കും അതു ലഭിക്കാറില്ല . ജോലി ചെയ്യാൻ പ്രായമായാൽ തൊഴിലന്വേഷിച്ചിറങ്ങുകയാണ് സാധാരണ യുവതീയുവാക്കൾ ചെയ്യുന്നത് . എന്നാൽ ബുദ്ധിയുള്ള , അദ്ധ്വാനശേഷിയുള്ള യുവാക്കൾ സ്വയം തൊഴിൽ കണ്ടെത്തുന്നു . തൊഴിലില്ലായ്മയുടെ ഈ കാലത്ത് സ്വയം തൊഴിൽ കണ്ടെത്തുക എന്ന ആശയത്തിന് ഏറെ പ്രാധാന്യമുണ്ട് . അന്യരുടെ കീഴിൽ ജോലിയെടുത്തു സ്വന്തം സമയവും ഊർജ്ജവും വ്യയം ചെയ്യുന്നതുകൊണ്ട് പ്രയോജനമില്ലെന്നു മനസ്സിലായാൽ പിന്നെ അവിടെ നിന്നു മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടുത്തരുത് . -
എനിക്ക് ഒരു അനുഭവം പറയണമെന്ന് ഉണ്ട്, പക്ഷേ അത് പിന്നീടാകാം, ഇപ്പൊൾ ഒരു കഥയിലെ ഒരാളുടെ അനുഭവം പറയാം


 രാഘവൻ എന്ന ചെറുപ്പക്കാരനെ വളരെക്കാലമായി കാണാനില്ലായിരുന്നു . എന്നാൽ ഒരു ദിവസം ഒരു തലച്ചുമട് സ്റ്റീൽ പാത്രങ്ങളും കുറെ തുണിയുമായി എന്റെ വീടിനു മുന്നിൽ രാഘവൻ വന്നു നിന്നപ്പോൾ അത്ഭുതം തോന്നി . അന്വേഷിച്ചപ്പോൾ അവൻ കാര്യങ്ങൾ വിവരിച്ചു . കമ്പനിയിൽ നല്ല ജോലിയായിരുന്നു . സാമാന്യം നല്ല ശമ്പളവും താമസിക്കാൻ ക്വാർട്ടേഴ്സമുണ്ടായിരുന്നു . പക്ഷേ മനസ്സമാധാനമില്ല . എത്ര നന്നായി ജോലി ചെയ്താലും മേലധികാരികളുടെ ശകാരവും കറുത്തമുഖവും കാണണം . മേലുദ്യോഗസ്ഥന്മാരെ മണിയടിച്ച് നിന്നില്ലെങ്കിൽ പല ആനുകൂല്യങ്ങളും നഷ്ടപ്പെടും . സഹപ്രവർത്തകരുടെ കുറ്റം പറഞ്ഞ് മേലധികാരികളുടെ പുറകേ കൂടുന്നവർ ജോലി ചെയ്തില്ലെങ്കിലും പുകഴ്ത്തപെടുകയും നല്ല ജോലിക്കാരനായി അറിയപ്പെടുകയും ചെയ്യും . അവിടെ നിന്നു സ്വസ്ഥമായി രക്ഷപ്പെടണമെന്ന് തോന്നി .
ഒരു ദിവസം രാഘവൻ ജോലി രാജിവച്ചു . കുടുംബവുമായി നാട്ടിലേക്ക് വണ്ടികയറി . നല്ല ജോലി രാജിവച്ചതിനു ഭാര്യയ്ക്കും സ്വന്തം ബന്ധുക്കൾക്കും പരാതിയായിരുന്നു . പിരിഞ്ഞപ്പോൾ കിട്ടിയ പണത്തിൽ കുറച്ചെടുത്ത് ഈ ബിസിനസ്സ് തുടങ്ങി . രാവിലെ ഈ പാത്രവും തുണിയുമായി വീടുകൾ കയറി ഇറങ്ങും . തവണ വ്യവസ്ഥയിൽ കൊടുക്കുന്നതു കൊണ്ട് നല്ല ചെലവുണ്ട് . ഇന്ന് ജീവിതം സ്വസ്ഥമായി . ആരുടെയും കറുത്ത മുഖം കാണണ്ട . ആരേയും മണിയടിക്കേണ്ട . വിറ്റാലും വിറ്റില്ലെങ്കിലും ലാഭമാണെങ്കിലും നഷ്ടമാണെങ്കിലും ആരോടും കണക്കു പറയേണ്ട . ദിവസം മുഴുവൻ കമ്പനിയിൽ കിടന്നു അദ്ധ്വാനിച്ചാൽ കിട്ടുന്നതിന്റെ ഇരട്ടി ഇന്നു വരുമാനമുണ്ട് . സ്വന്തം സമയവും അദ്ധ്വാനവും തനിക്ക് വേണ്ടി തന്നെ ചെലവാക്കുന്നതിന്റെ സംതൃപ്തിയാണ് രാഘവനെ കൂടുതൽ സന്തോഷവാനാക്കുന്നത് . തന്റെ ജീവിതത്തിലെ സമയവും അദ്ധ്വാനശേഷിയും അന്യനുവേണ്ടി ചെലവഴിച്ചു മനസ്സമാധാനം നഷ്ടപ്പെടുത്തി ജീവിതം വ്യർത്ഥമാക്കുന്നതിലെ ബുദ്ധിശൂന്യത രാഘവനു ഇപ്പോൾ ബോധ്യമായി . താമസിയാതെ ഒരു കട തുടങ്ങണമെന്നാണ് അവന്റെ ലക്ഷ്യം 


ഇതുപോലെ പത്രത്തിൽ വായിച്ച  മറ്റൊരു മനുഷ്യന്റെ കഥയുണ്ട് .
 ജയിംസ് എന്നാണ് പേര് . ഇപ്പോൾ രോഗിയായി മരണവും കാത്ത് വീട്ടിൽ കഴിയുന്നു . ജീവിതത്തിലെ നല്ല സമയങ്ങളിൽ കുടുംബവും നാടും വീടും വിട്ട് ഗൾഫിലായിരുന്നു . കിട്ടുന്ന പണം വീട്ടിലേക്കയച്ചു . കുടുംബത്തിലുള്ളവരെല്ലാം ഒരുവിധം രക്ഷപ്പെട്ടു . ജയിംസ് രോഗിയായിട്ടാണ് തിരിച്ചെത്തിയത് . മാറാരോഗവുമായി കഴിയുന്ന അയാൾ ഇന്നു കിടക്കയിൽ തന്നെ . കുടുംബം വിട്ട് അന്യനാട്ടിൽ പോയി ജോലി ചെയ്ത് പണമുണ്ടാക്കിയിട്ടും അയാൾക്ക് അയാളുടെ ജീവിതം കളയേണ്ടിവന്നു . ഭാര്യക്കും മക്കൾക്കും ഭാരമായി കിടക്കു മ്പോൾ എളുപ്പം മരിക്കണേ എന്നാണ് അയാളുടെ പ്രാർത്ഥന . അതേസമയം ജയിംസിന്റെ മൂത്ത സഹോദരൻ വർഗീസിന്റെ കാര്യമെടുക്കുക . വിദേശത്തുപോകാൻ അവസരമുണ്ടായിട്ടും അയാൾ പോയില്ല . നാട്ടിൽ കുറച്ചു സ്ഥലമുള്ളതിൽ പണിയെടുക്കുകയും ആട് , പശു , കോഴി എന്നിവ വളർത്തി ജീവിക്കുവാൻ ശ്രമിക്കുകയും ചെയ്തു . അനിയന്റെ വീടുപോലെ ആർഭാടമില്ലെങ്കിലും സന്തോഷമായിതന്നെ വർഗീസ് ജീവിക്കുന്നു . രണ്ടു പെൺമക്കളെ കെട്ടിച്ചയച്ചു . രണ്ട് ആൺകുട്ടികൾക്കും നാട്ടിൽ തന്നെ ഓരോ ജോലിയുമായി . വയസ്സുകാലത്തും പറമ്പിൽ പണിയെടുത്ത് ആരോഗ്യത്തോടെ ഭാര്യയും കുട്ടികളുമൊത്ത് ജീവിക്കുന്നു . അയാളുടെ ഭരണമാണ് കുടുംബത്തിൽ . താൻ പറയുന്നതിനപ്പുറം എന്തെങ്കിലും നടക്കാൻ വർഗീസ് അനുവദിക്കുകയുമില്ല . ജയിംസിന്റെ കാര്യം അങ്ങനെ ആയിരുന്നില്ല . അയാൾ അയക്കുന്ന പണം ഭാര്യയും മക്കളും കൈകാര്യം ചെയ്തു . അവർക്ക് പണത്തിന്റെ വില അറിയില്ലായിരുന്നു . പണം തീർന്നു രോഗവുമായി വന്ന ഭർത്താവ് കായ്ക്കാത്ത മരമായാണ് അവർക്കു തോന്നിയത് . വലിയ മോഹങ്ങളു മായി ധാരാളം വെട്ടിപ്പിടിക്കുവാൻ യത്നിക്കുമ്പോൾ സ്വന്തം ജീവിതം നഷ്ടപ്പെടാതെ നോക്കണം . 

മോഹങ്ങളും അവ സാധിച്ചെടുക്കുവാനുള്ള യത്നവും ന്യായമാണ് . എന്നാൽ യത്നത്തിനൊടുവിൽ സ്വന്തം ജീവിതം ദുരന്തമാക്കിയിട്ട് എന്താ പ്രയോജനം ? ആദ്യം സ്വന്തം ജീവിതത്ത സ്നേഹിക്കുക . -

 - ഒരു തൊഴിൽ തെരഞ്ഞെടുക്കുമ്പോൾ അതു മനസ്സിനും ശരീരത്തിനും സന്തോഷപ്രദമായിരിക്കാൻ ശ്രദ്ധിക്കണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.. ഭാവിയിൽ രോഗിയാക്കുന്ന തൊഴിലുകൾ കഴിയുന്നതും ഒഴിവാക്കുക . ജീവിതം ബലികൊടുത്ത് നേട്ടങ്ങളുണ്ടാക്കിയിട്ട് എന്താ ഫലം ? 

“ ലോകം മുഴുവനും നേടിയാലും ആത്മാവ് നശിച്ചാൽ എന്തുഫലം ? ” 

എന്ന് ബൈബിൾ വചനം കേട്ടുകാണും . - ജീവിതം നഷ്ടപ്പെടുത്തിയിട്ടു കുറേ സമ്പത്തു നേടിയിട്ട് എന്തു ഗുണം എന്നാണ് ആ വചനത്തിന്റെ അർത്ഥം . ആത്മാവ് എന്നുദ്ദേശിക്കുന്നത് - 

 ! ഉപഭോഗ സംസ്കാരത്തിന്റെ ഈ കാലത്ത് സ്വയം തൊഴിലിന് എന്തെല്ലാം പദ്ധതികൾ തയ്യാറാക്കാം ? സ്വയമതിനു കഴിയില്ലെങ്കിൽ അറിയാവുന്നവരുടെ ഉപദേശം തേടാവുന്നതാണ് . ഞാൻ നേരത്തെ പറഞ്ഞല്ലോ . മറ്റുള്ളവർക്കുവേണ്ടി ജോലിചെയ്തിട്ട് ന്യായമായ പ്രതിഫലം കിട്ടുന്നിലെങ്കിൽ , നിങ്ങൾ ചൂഷണം ചെയ്യപ്പെടുന്നു എന്നു ബോധ്യമായാൽ മറ്റൊരു താവളം അന്വേഷിക്കണം . അതു ലഭിച്ചില്ലെങ്കിൽ സ്വന്തമായി എന്തെങ്കിലും തുടങ്ങുക.
എന്തു ജോലിയാണെങ്കിലും അതു സ്വന്തമാക്കുമ്പോൾ ഉണ്ടാവുന്ന സംതൃപ്തിയും സമാധാനവും മറ്റെവിടെ നിന്നും നിങ്ങൾക്കു ലഭിക്കില്ല . കുറഞ്ഞ മുതൽ മുടക്കിൽ ചെറുതായി തുടങ്ങുന്ന സംരംഭം നാളെ ഒരുവൻ പ്രസ്ഥാനമാകാം . ഇത്തരം പ്രസ്ഥാനങ്ങൾ നമ്മുടെ കൺമുന്നിൽ തന്നെ ധാരാളമുണ്ട് . അങ്ങിനെ വളർന്നാൽ അതൊരു പക്ഷേ നമ്മൾക്കും നമ്മുടെ കുടുംബത്തിനും ഒരു ജീവിതമാർഗമായി മാറിയേക്കും .