സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

April 14, 2020

The Real Heroes of the KERALA | Covid-19 Special


2018 ലെ പ്രളയകാലത്ത്, നിസ്സഹായരായ മനുഷ്യർക്ക് രക്ഷയേകാൻ
സ്വന്തം മുതുക് ചവിട്ടുപടിയാക്കിക്കൊടുത്ത ജൈസൽ.

ഇടുക്കി ചെറുതോണിയിൽ ഡാം തുറന്നു വിട്ടപ്പോൾ സംഹാര രുദ്രയായി ഇരമ്പിയാർത്തു വന്ന പുഴവെള്ളം ഏത് നിമിഷവും തന്റെ ജീവനെടുക്കുമെന്നുറപ്പുണ്ടായിട്ടും കൊച്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ആ കുഞ്ഞിനെയും കൈയ്യിലേന്തി
സാഹസികമായി മറുകരയിലേക്കോടിയ പേരറിയാത്ത പൊലീസുകാരൻ.

നിപ്പ കാലത്ത് മറ്റുള്ളവർക്ക് ഉയിരേകാൻ
സ്വന്തം ജീവൻ ബലിയർപ്പിച്ച്
നിത്യതയിൽ വിലയം പ്രാപിച്ച നഴ്സ് ലിനി.

2019 ലെ പ്രളയാകാലത്തു അവിശ്വസനീയമായ ദാനധർമ്മം കൊണ്ട് കേരള ജനതയെ വിസ്മയിപ്പിച്ചു കളഞ്ഞ നൗഷാദ്.

കവളപ്പാറയിൽ മണ്ണിടിഞ്ഞ് കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ പള്ളിയങ്കണം വിട്ടു കൊടുത്ത പോത്തുകല്ലിലെ മുജാഹിദ് പള്ളി ഭാരവാഹികൾ തുടങ്ങി മലയാളിയുടെ അതിജീവനത്തിന്റെ പ്രോജ്ജ്വല പ്രതീകങ്ങളുടെ കൂട്ടത്തിലേക്കിതാ ഈ കൊറോണാ കാലത്ത് മറ്റൊരു പേരു കൂടി കൂട്ടിച്ചേർക്കപ്പെടുന്നു.

സൗദിയിൽ കൊറോണ ബാധിച്ചു മരിച്ച, ജീവിതത്തിൽ താനൊരിക്കലും കാണുകയോ കേൾക്കുകയോ ചെയ്‌തട്ടില്ലാത്ത, ചെമ്മാട് സ്വദേശി സ്വഫ്‌വാന്റെ
മയ്യിത്ത് ആരുടെയും സഹായമില്ലാതെ‌, ഏകാകിയായി മറമാടിയ
തുവ്വൂർ സ്വദേശി സിദ്ദീഖ്!

സിദ്ദീഖ് എന്ന നന്മമരത്തിന്റെ സേവന ത്വരക്ക് മുമ്പിൽ നമിക്കാതെ വയ്യ.

12/04/2020 ലെ മലയാള മനോരമയിൽ ഇതു സംബന്ധിച്ച വാർത്ത വായിച്ചപ്പോൾ നയനങ്ങൾ സജലങ്ങളായി.

ഹൃദയം തൊണ്ടയിലേക്ക്‌ കയറിവന്നപോലെ!

ആ വലിയ മനസ്സിന്റെ ത്യാഗ സന്നദ്ധതക്ക് മുമ്പിൽ മനസ്സ് കൊണ്ട് പ്രണാമമർപ്പിച്ചു.

സ്വഫ്‌വാനെക്കുറിച്ച് സിദ്ദീഖ് ആദ്യമായി കേൾക്കുന്നത് ഏപ്രിൽ നാലിന് സ്വഫ്‌വാൻ മരണപ്പെടുമ്പോഴാണ്. സൗദി അറേബ്യയിൽ കർഫ്യു നിലനിൽക്കുന്നു.  കൂടാതെ രോഗഭയവും. ആരും പുറത്തിറങ്ങാൻ ധൈര്യപ്പെടാതിരുന്നപ്പോൾ, താനുമായി ഒരു ബന്ധവുമില്ലാത്ത ഒരാൾക്കുവേണ്ടി ഏതാണ്ട് ഏകനായി ഒരു നിയോഗം പോലെ സിദ്ദീഖ് രംഗത്തിറങ്ങി, മൃതദേഹം സംസ്ക്കരിക്കുന്നതുവരെ നിശ്ചയദാർഢ്യത്തോടെ സിദ്ദീഖ് കൂടെത്തന്നെ നിന്നു.

സിദ്ദീഖിനും തന്റെ വീട്ടിലെ ശീതീകരണിയുടെ ശീതളിമയിൽ സോഷ്യൽമീഡിയയിൽ ട്രോളുകളും തമാശകളുമായിസമയം തള്ളി നീക്കാമായിരുന്നു. പക്ഷേ അദ്ദേഹത്തിന് അത് കഴിയുമായിരുന്നില്ല, കാരണം, സേവനം രക്തത്തിലലിഞ്ഞു ചേർന്നവരുടെ കൂട്ടത്തിലായിരുന്നു , റിയാദ് കെ.എം.സി.സി. ക്ഷേമ വിഭാഗം ചെയർമാൻ കൂടിയായ സിദ്ദീഖ്.

മരിച്ചു നാലാം നാൾ സൗദി ജർമൻ ആശുപത്രിയിൽ നിന്ന്
മൃതദേഹം ഏറ്റുവാങ്ങുമ്പോൾ കബറടക്കാൻ ആളുകൾ ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. 'അൽശിമാലി'ൽ എത്തുമ്പോൾ മൃതദേഹം ആംബുലൻസിൽ നിന്ന് പുറത്തെടുക്കുവാൻ പോലും ആരുമില്ല. അതിനിടെ ആംബുലൻസ് ഡ്രൈവറും സ്ഥലം വിട്ടു. ഇതോടെ മൃതദേഹം മറവു ചെയ്യുന്നതിന് ആശുപത്രി അധികൃതർ നൽകിയ വ്യക്തിസുരക്ഷാ കിറ്റ് ധരിച്ചു. പക്ഷേ, മൃതദേഹം കബറിലേക്ക് ഇറക്കണമെങ്കിൽ രണ്ടു പെരുടെയെങ്കിലും സഹായം വേണം, ആരും പുറത്തിറങ്ങുന്നില്ല. ചിലർ സഹായം ചോദിച്ചത് കേൾക്കാത്ത ഭാവത്തിൽ കടന്നുപോയി. ഉച്ചസമയത്തു മണിക്കൂറുകൾ സഹായികളെ കിട്ടാൻ കാത്തിരുന്നു. ഒടുവിൽ രണ്ടു അറബ് സഹോദരങ്ങൾ മൃതദേഹം കബറിലേക്ക് ഇറക്കാൻ സഹായിച്ചു. പിന്നീട് ഖബർ മണ്ണിട്ടുമൂടാൻ സിദ്ദീഖ് തനിച്ചായിരുന്നു. മുക്കാൽ ഭാഗവും ഖബർ മണ്ണിട്ടുമൂടിയപ്പോൾ അതു വഴി വന്ന രണ്ടു ബംഗ്ളാദേശികളോട് സഹായം ചോദിച്ചു. അവർ കൂലിയും വാങ്ങിച്ചു. ഒട്ടേറെ മൃതദേഹങ്ങൾ ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടാനും കബറടക്കാനും
നേതൃത്വം നൽകിയിട്ടുണ്ടെങ്കിലും ഇത്തരം ഒരനുഭവം ആദ്യമായിരുന്നു സിദ്ദീഖിന്.

നട്ടുച്ച വെയിലിൽ മണിക്കൂറുകളോളം, തനിക്കാരുമല്ലാത്ത ഒരാളുടെ മയ്യിത്ത് മറമാടാനായി ഒരു സഹായിയെ കാത്തുനിൽക്കുന്ന സിദ്ദീഖിന്റെ ചിത്രമൊന്നോർത്തു നോക്കൂ. ആ സമയത്ത് അദ്ദേഹം അനുഭവിച്ച മാനസികസംഘർഷം! ആ മനുഷ്യന്റെ നിസ്സഹായാവസ്ഥ. ഏത് നിശ്ചയധാർഢ്യവും അലിഞ്ഞ് ഇല്ലാതെയാവുന്ന സാഹചര്യം!
പക്ഷേ അദ്ദേഹം പതറാതെ കാത്തിരുന്നു. ആ ശുഭാപ്തി വിശ്വാസത്തിനു മുമ്പിൽ മറ്റെല്ലാം തോറ്റു പോയി!

സിദ്ദീഖ്, താങ്കൾ മലയാളികളുടെ ഹൃദയം കീഴടക്കി!

താങ്കളെപ്പോലുള നിസ്വാർത്ഥ സേവകരുടെ ത്യാഗ സന്നദ്ധമായ മനസ്സുള്ളപ്പോൾ പിന്നെങ്ങനെ ഞങ്ങൾ തളരും ? ! 

സിദ്ദീഖ്, ഈ കൊറോണക്കാലത്ത് മലയാളികളുടെ പോരാട്ടവീര്യത്തിന്റെ തിളങ്ങുന്ന മുഖമായി മാറിയിരിക്കുന്നു താങ്കൾ !

ഈ ഒരൊറ്റ പ്രവർത്തികൊണ്ട്, മാനവികതയുടെ ഗ്രാഫുതന്നെ താങ്കൾ കുത്തനെ ഉയർത്തി. സർവ്വശക്തൻ താങ്കൾക്ക് തക്ക പ്രതിഫലം നൽകട്ടെ.