ജ്യേഷ്ഠൻ വീട്ടുമുറ്റത്ത് ഒരു മരത്തൈ കൊണ്ടു നട്ടു. മുട്ടപ്പഴം ആണെന്നു പറഞ്ഞാണ് തൈ വെച്ചത്.അല്പം വളർച്ചയായപ്പോൾ അമ്മ പറഞ്ഞു: ഇത് മുട്ടപ്പഴമല്ല, ഇല കണ്ടിട്ട് റമ്പുട്ടാൻ ആണെന്ന് തോന്നുന്നു. ചേച്ചി പറഞ്ഞു അത് സബർ ജല്ലി ആണെന്ന്.
എന്നാൽ ഞാൻ മരത്തെ ആകെ അടിമുടി നോക്കി. ഒരിലയെടുത്ത് ചവച്ചു നോക്കി. വല്ലാത്തൊരു ചവർപ്പ്....! പണ്ടു പഠിച്ച സസ്യശാസ്ത്രത്തിലെ ബൊട്ടാണിക്കൽ നെയിംസ് ഒക്കെ ഒന്നോർത്തെടുത്തു.
ക്രോട്ടലേറിയ സ്ട്രയേറ്റ, ഇക്സോറ കോക്സിനിയ എന്നൊക്കെ ചേർത്ത് വലിയൊരു വാചക കസർത്ത് നടത്തിയിട്ട് പറഞ്ഞു :ഇതൊരു പാഴ്മരമാണ്, ഇതിൽ കായ്കൾ ഒന്നും ഉണ്ടാകാൻ പോകുന്നില്ല, അതിനാൽ വെട്ടിക്കളഞ്ഞേക്കാം.
എന്തായാലും ചാച്ചന്റെ അഭിപ്രായം എന്തുമരമായാലും അവിടെ നിൽക്കട്ടെ എന്നതായിരുന്നു. ഏതായാലും അത്രയൊക്കെ പറഞ്ഞതല്ലേ മരത്തിന് വല്ല മാറ്റവുമുണ്ടോ എന്നു ഞാൻ അടുത്ത ദിവസം ചെന്നു നോക്കി. അതിന് ഒരു വാട്ടവുമില്ല.മാത്രമല്ല പുതിയ ചില ചില്ലകൾ കൂടി പുറത്തേയ്ക്കു വന്നതല്ലാതെ മരത്തിന് ഒരു കുലുക്കവുമില്ല. അങ്ങനെ ചില നാളുകൾ പിന്നിട്ടു. മരത്തിന് അല്പം വലുപ്പം വെച്ചതോടെ രാത്രിയിൽ പക്ഷികൾ ചേക്കേറാൻ തുടങ്ങി. പകൽ നല്ല വെയിലുള്ളപ്പോൾ ഞാൻ അതിന്റെ ചുവട്ടിൽ കട്ടിൽ കൊണ്ടു വന്നിട്ട് ഇളം കാറ്റേറ്റ് ഉറങ്ങുന്നതും പതിവായി. ചില വർഷങ്ങൾ കടന്നു പോയി. ഒരു ദിവസം അമ്മ വിളിച്ചു പറഞ്ഞു: "ദേ നമ്മുടെ മരം കായ്ച്ചു. "എന്തോ കായ്കൾ അതിന്റെ ചില്ലകളിൽ തൂങ്ങി നിൽക്കുന്നു. എന്നിട്ടും അതെന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. കാത്തിരിപ്പിനൊടുവിൽ കായ്കൾ പഴുത്തു .പറിച്ചെടുത്തു കഴിച്ചു നോക്കി.
രുചികരമായ "പനിനീർ ചാമ്പക്ക... "
ആരും കാണാതെ ഞാൻ അടുത്ത ദിവസം മരത്തോട് ചോദിച്ചു.ഞങ്ങൾ അത്രയൊക്കെ പറഞ്ഞിട്ടും നീ വീണുപോകാതിരുന്നതെന്തുകൊണ്ടാണ്? അതിന്റെ മറുപടി എന്നെ അത് ഭുതപ്പെടുത്തി.
" ഞാൻ ആരാണ് എന്ന് എനിയ്ക്കറിയാമായിരുന്നു. നിങ്ങളുടെ വാക്കുകൾ എന്റെ വളർച്ചയ്ക്ക് തടസ്സമായതേയില്ല.എന്നാൽ നിങ്ങൾ അറിയാതെ എന്റെ ഇലകൾ സൂര്യപ്രകാശം സ്വീകരിച്ചു. വേരുകൾ വളവും വെള്ളവും. എനിയ്ക്കാവശ്യം അതായിരുന്നു. നിങ്ങൾ എന്നെ വിമർശിച്ചപ്പോഴും വെട്ടിക്കളയാൻ പറഞ്ഞപ്പൊഴും ഞാൻ തണൽ തന്നതോർമയില്ലേ? ചില പക്ഷികൾക്കെങ്കിലും അഭയം നൽകാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിയ്ക്കുന്നു. ഞാൻ ആരാണ് എന്ന് തെളിയിയ്ക്കാൻ അന്നെനിയ്ക്ക് കഴിയില്ലായിരുന്നു....
...... ഒടുവിൽ എന്റെ ഫലം പുറപ്പെടുന്നതു വരെ ഞാൻ കാത്തിരുന്നു."
പ്രിയ സുഹൃത്തേ.... നിന്നെക്കുറിച്ച് ആരും എന്തും പറയട്ടെ.... !! മുഖം വാടേണ്ട,മറുപടി പറയാനും പോകേണ്ട. അവർ വിമർശിയ്ക്കുമ്പോഴും കുലുങ്ങരുത് വീണുപോകരുത് മറിച്ച് അവർക്കായ് തണലേകുക..... സഹായഹസ്തം നീട്ടുക. ഒടുവിൽ നിന്റെ ഫലത്തിലൂടെ പ്രവൃത്തിയിലൂടെ അത് വെളിപ്പെടുമ്പോൾ നിന്നെ പരിഹസിച്ചവർ അവരുടെ വാക്കുകൾ തിരുത്തുന്ന ഒരു കാലം വരും....
" നീ ആരെന്ന് നിനക്കറിയുന്നിടത്തോളം നിശബ്ദനായിരിയ്ക്കുക..... നാളെയുടെ നാൾ വഴികളിൽ നിന്നെ നിന്ദിച്ചവർ നിന്നിൽ നിന്നും നന്മയനുഭവിയ്ക്കുന്ന ഒരു ദിനമുണ്ട്'........ കാത്തിരിയ്ക്കുക.".
.
______________________________________
(ഇവിടെ നിങ്ങൾക്കും എഴുതാം,നിങ്ങളുടെ സ്വന്തം കഥകൾ.
ആഗ്രഹമുള്ളവർ ബന്ധപ്പെടുക...)
No comments:
Post a Comment