സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

January 27, 2019

പ്രതികരിക്കണം ,വിമർശിക്കണം



ശരിക്കും ദുഃഖം ഉണ്ടാകുന്ന ,സഹായത്തിനു ഒന്നും ചെയ്യാൻ പറ്റാതെ പോയല്ലോ, എന്നൊരു തോന്നൽ സൃഷ്ടിക്കുന്ന ഒരു  സംഭവം 2018 ല്‌ നമ്മുടെയൊരു സുഹൃത്തിന് ഉണ്ടായി.
അടുത്തിടെ നടത്തിയ ഒരു യാത്രയിൽ അവളെ കണ്ട് മുട്ടും എന്ന് ഞാൻ കരുതിയിരുന്നത് അല്ല.
അവസാനം കണ്ടതിൽ നിന്ന് ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട്.
സംസാരം തുടങ്ങിയാൽ പിന്നെ നിർത്താതെ സംസാരിക്കുന്ന അവൾക്ക് ഇന്ന് മൗനമാണ്, ഇടക്ക് ഒന്ന് പുഞ്ചിരിക്കും.
എന്താ സംഭവിച്ചത് എന്ന് അറിയാൻ കുറെ നേരം എനിക് സംസാരിക്കേണ്ടി വന്നു.

"ചെറിയ ഒരു മീറ്റിംങ്ങിന്‌ ശേഷം  വീട്ടിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയായിരുന്നു അവള്.
സമയം വല്ലാതെ വൈകിയിരുന്നു..
അവിടെ തിരക്ക് ഉണ്ടെങ്കിലും മിക്കവരും ഫോണിൽ നോക്കി സമയം തള്ളി നീക്കുന്നു. കുറെ യുവാക്കൾ കൂട്ടം ചേർന്ന്  സംസാരിക്കുന്നത് അവള് ശ്രദ്ധയിൽപെട്ടു. പുറത്ത് ധൈര്യം കാണിച്ചുവെങ്കിലും ഉള്ളിൽ നല്ല ഭയത്തോടെ ആയിരുന്നു അവിടെ നിന്നത്.
ട്രെയിൻ താമസിച്ചാണ് സ്റ്റേഷനിൽ എത്തിയത്.
SL ടിക്കറ്റ് ആയിരുന്നു കയ്യിൽ , സീറ്റിൽ ഇരുന്നു, ട്രെയിൻ പുറപ്പെടാൻ വൈകും എന്ന് അടുത്തുള്ള ആളുകളുടെ സംസാരത്തിൽ നിന്ന് മനസ്സിലായി.
അങ്ങനെ ഇരിക്കുമ്പോൾ ഒരാള് വന്നു അവളുടെ ദേഹത്ത് കേറി പിടിച്ചു.
അവള് ബെഹളം വെച്ചു. ആരും ഓടി വന്നില്ല,  ഭയം കൊണ്ട് എന്തൊക്കെ ചെയ്തു എന്നവൾ ഓർക്കുന്നില്ല . ഉള്ള ശക്തി വെച്ച് അയാളെ തള്ളി നീക്കി. അയാള് ഓടി, പ്ലാറ്റ്ഫോമിലേക്ക് എങ്ങനെയും ആരേലും സഹായിക്കും എന്ന് കരുതി അവളും അലറി കൂവി ഓടി. റെയിൽവേ പോലീസ് ഉദ്യോഗസ്ഥനും മറ്റ് ചില ആളുകളും  അലർച്ച കേട്ട് ഇവളെ സഹായിക്കാൻ എത്തി.
ആ യുവാവിനെ പിടിച്ചു.


ആ സമയത്ത് അങ്ങനെ ചെയ്തില്ല എന്നിരുന്നുവെങ്കിൽ അവൻ രക്ഷപെട്ടെനെ എന്നും പറഞ്ഞു അവള് എഴുന്നേറ്റ് എന്റെ മുൻപിൽ നിന്ന്.
നേരിട്ട് ഉണ്ടായ അനുഭവത്തിൽ അവള് പഠിച്ചത് പ്രതികരണ ശേഷി ഇല്ലാത്ത ആളുകൾ ആണ് നമുക്ക് ഇടയിൽ കൂടുതൽ എന്നാണ്."
ഇത് ശെരിക്കും നടന്ന സംഭവം ആണ്.
വീട്ടിലേക്ക് ഉള്ള യാത്രയിൽ ഓർത്തത് മുഴുവൻ ഇൗ സംഭവം ആണ് .
ചിന്തയിൽ ഒരുപാട് കാര്യങ്ങൾ ഓടി എത്തി.

മഹാഭാരത കഥ അറിയത്തവർ ആരും കാണില്ലല്ലോ അല്ലേ,
അതിലെ ഒരു യുദ്ധ സമയത്ത് ഉണ്ടായ അർജ്ജുനന്റെ അനുഭവം
നമുക്ക് ഓർക്കാം.

" എതിർപക്ഷത്ത്  ബന്ധുക്കളേയും ഗുരുക്കന്മാരേയും കണ്ട് അർജുനൻ വിഷമത്തിലാകുന്നു. 

എന്നിട്ട് രഥം നയിച്ചിരുന്ന ശ്രീകൃഷ്ണനോടു പറഞ്ഞു . “എന്റെ ബന്ധുക്കളാണെങ്കിലും ദുര്യോധനോടും ദുശ്ശാസനനോടും യുദ്ധം ചെയ്യാൻ ഞാൻ തയ്യാറാണ് . പാഞ്ചാലിയോട് അവർ കാണിച്ച മഹാപരാധത്തിനു പ്രതികാരം ചെയ്യണം . പക്ഷെ പിതാമഹനായ ഭീഷ്മാചാര്യരോട് ഞാൻ എങ്ങനെയാണ് യുദ്ധം ചെയ്യുക ? ” -
ഇതുകേട്ട് ശ്രീകൃഷ്ണൻ പറഞ്ഞതിങ്ങനെയാണ് ദുര്യോധനനും ദുശ്ശാസനനും മാപ്പുകൊടുക്കാവുന്നതേയുള്ളു . അവർ പാഞ്ചാലിയുടെ വസ്ത്രാക്ഷേപം ചെയ്യുമ്പോൾ, അവർ പ്രതികാരത്തിന്റെയും കാമത്തിന്റെയും സമനില തെറ്റിയവരായിരുന്നു . നേരെമറിച്ച് സർവ്വതിനും അതീതനായ ഭീഷ്മർ ആ സമയത്ത് കൗരവ സദസ്സിലുണ്ടായിരുന്നു . തന്റെ മുന്നിൽ വെച്ച് അധർമ്മം നടക്കുന്നതു കണ്ടിട്ടും അതു തടയാൻ ഒരു ചെറുവിരൽ പോലും അനക്കാതിരുന്ന ഭീഷ്മരാണ് ശെരിക്കും കൗരവരുടെ ഇടയിലെ ക്ഷമ - അർഹിക്കാത്ത കുറ്റവാളി . ” - അധർമ്മം കണ്ടിട്ടും പ്രതികരിക്കാതെ നിശ്ശബ്ദനായിരുന്ന ഭീഷ്മർ - കുറ്റം ചെയ്ത ദുര്യോധനനേക്കാൾ ശിക്ഷാർഹനാണെന്നാണ്‌ ശ്രീകൃഷ്ണന് പറയുന്നത്.
കുറ്റം ചെയ്യുന്നവനേക്കാൾ , അല്ലെങ്കിൽ അതുപോലെ തന്നെ ശിക്ഷാർഹനാണ് , അത് കണ്ടിട്ട് നിശ്ശബ്ദം നോക്കി നിൽക്കുന്ന വ്യക്തിയും .
നമ്മുടെ ചുറ്റും കൺമുന്നിൽ നിത്യവും അരങ്ങേറുന്ന അനീതികൾ , ചൂഷണങ്ങൾ എല്ലാം കണ്ട് ഒന്നു മറിയാതെ വഴിമാറി പോകുന്ന ഭീരുവാകരുത് നമ്മൾ. എന്നുവെച്ച് ഒറ്റയ്ക്ക് കേറിയങ്ങ് ഉടക്കി രക്തസാക്ഷിയാകാനും ശ്രമിക്കരുത് . അനീതിക്കെതിരായി , ചൂഷണത്തിനെതിരായി പ്രതികരിക്കണമെന്നു തോന്നിയാൽ ഒറ്റക്കിറങ്ങി പുറപ്പെടാനുള്ള ധൈര്യം തോന്നുന്നില്ലെങ്കിൽ കുറെപ്പേരെ - സംഘടിപ്പിച്ചു പ്രതികരണ ശേഷി നേടി സമാധാനപരമായി നേരിടുക. പ്രതികരണശേഷി തീരെ നഷ്ടപ്പെട്ട ഒരു തലമുറയിലാണു നമ്മൾ ജീവിക്കുന്നത് .
എത്ര കൊലപാതകങ്ങൾ , ബലാൽസംഗങ്ങൾ ഇവിടെ - നടക്കുന്നു . നേരത്തെ പറഞ്ഞ സംഭവും, ബലാൽസംഗവും പിന്നെ കൊലപാതകവും നടക്കുമ്പോൾ ഓർക്കുക , നാളെ അത് നമ്മുടെ മക്കൾക്കും വേണ്ടപെട്ടവർക്കും സംഭവിക്കാം . -
നമ്മുടെ സ്വന്തത്തിൽപ്പെട്ട ആർക്കെങ്കിലും എന്തെങ്കിലും സംഭവിക്കുന്നതുവരെ നാം നിശബ്ദനായിരുന്നാൽ സ്വന്തത്തിൽപെട്ടയാൾക്കു സംഭവിച്ചാലും പ്രതികരിക്കാൻ കഴിയാതെ , എന്തു ചെയ്യണമെന്നറിയാതെ നമ്മൾ - സ്തബ്ധനായിപ്പോകാം . ഇന്നത്തെ രാഷ്ട്രീയ - സാംസ്കാരിക നേതൃത്വങ്ങളിലൊക്കെ ഭീഷ്മരെപ്പോലെ കണ്ണടച്ചിരിക്കുന്നവരെ ധാരാളമായി നമുക്ക് കാണാവുന്നത് ആണ് . കൂടുതൽ കൂടുതൽ തിന്മകളിലേക്ക് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നതിന്റെ കാരണവും അതാണ് . അതുകൊണ്ട് ജാഗരൂഗരായിരിക്കുക . നമ്മുടെ സന്തോഷവും സമാധാനവും നഷ്ടപ്പെടുത്തുന്ന ദുഷ്ടശക്തികളെ സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ തന്നെ എതിർത്തു തോൽപ്പിക്കുവാൻ നമ്മൾക്ക് കഴിയണം . നിയമപരമായ മാർഗ്ഗങ്ങളിലൂടെ തന്നെ പ്രതികരിക്കാൻ ഇന്നു വഴികളുണ്ട് .
കണ്ണടച്ചു ധ്യാനത്തിലിരുന്ന് അന്ധത നടിക്കരുത് . കണ്ണുകളും കാതുകളും ഉണർന്നിരിക്കണം . നമ്മുടെ സുരക്ഷിതത്വം നമ്മുടെ കൈകളിലാണ് .
വിമർശനം രണ്ടു തരമുണ്ട് . പോസിറ്റീവും നെഗറ്റീവും .
നന്മ ലക്ഷ്യമാക്കിയുള്ള വിമർശനമാണ് പോസിറ്റീവായി കരുതപ്പെടുന്നത് . മറ്റൊരാളെ നശിപ്പിക്കാനുള്ള വിമർശനം നെഗറ്റീവാണ് . . -
സാമൂഹ്യ ജീവിയായ മനുഷ്യന് പരസ്പരം വിമർശിക്കുവാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനും അവകാശമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. തെറ്റുകൾ ചൂണ്ടിക്കാണിച്ച് തിരുത്താൻ ആവശ്യപ്പെടാം . ചെവിക്കൊണ്ടില്ലെങ്കിൽ തെറ്റു ചെയ്യുന്നവനെ ശിക്ഷിക്കുവാനും ബഹിഷ്കരിക്കുവാനും സമൂഹത്തിന് അവകാശമുണ്ട് .
ഇവിടെയൊക്കെ കണ്ണടച്ച് അന്ധത നടിച്ചിരുന്നാൽ നഷ്ടമാകുന്നത് നമ്മുടെ സമാധാനവും സന്തോഷവുമായിരിക്കും .
വിമർശനം പരദൂഷണമായി തരംതാഴാതിരിക്കാനും നമ്മൾ  ശ്രദ്ധിക്കണം .. .
മീഡിയ എന്നു വ്യവഹരിക്കുന്ന പത്രങ്ങളും,ഫോണും ടെലിവിഷനുമെല്ലാം ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെ , തിന്മകളെ തുറന്നു കാണിക്കുവാൻ , ജനങ്ങളുടെ മുന്നിൽ അവതിപ്പിക്കുവാൻ ബാധ്യസ്ഥരാണ് .
മഹാത്മജി ഇതു പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട് . 'യംഗ് ഇന്ത്യ 'യിൽ അദ്ദേഹം എഴുതി : . “ സംസാരസ്വാതന്ത്ര്യം , സംഘടിപ്പിക്കാനുള്ള സ്വാതന്ത്രം ,
സ്വതന്ത്രമായ പത്രപ്രവർത്തനം - ഇവ മൂന്നുമാണ് സ്വരാജ് പൂർണ്ണമാക്കുന്നത് ” - “

ആവിഷ്ക്കാരസ്വാതന്ത്ര്യം - അത് നിങ്ങളെ വേദനിപ്പിക്കുന്നുവെങ്കിൽ കൂടി ചോദ്യം ചെയ്യപ്പെടാനാവാത്തതാണ് . ” ' ഹരിജനിൽ ' ഗാന്ധിജി വീണ്ടും എഴുതുന്നു : “ ആവിഷ്കാര സ്വാതന്ത്ര്യവും തൂലികയുമാണ് സ്വരാജിന്റെ അടിത്തറ . ആ അടിക്കല്ല് അപകടത്തിലാണെങ്കിൽ നിങ്ങളുടെ എല്ലാശക്തിയും ചെലുത്തി അതിനെ നിങ്ങൾ പ്രതിരോധിക്കണം . ”


- അതുകൊണ്ട് സദാജാഗരൂഗരായിരിക്കുക .
പ്രതികരണം നമ്മെ ശക്തനാക്കും എന്നുള്ളതിന് തെളിവ് ആണ് ആ പെൺകുട്ടിക്ക് ഉണ്ടായ സംഭവത്തിൽ നമുക്ക് മനസിൽക്കൻ കഴിയുന്നത്. പ്രതികരിക്കണം,അത് മറ്റുള്ളവർക്ക് പ്രചോദനമാവുകയും ചെയ്യും .
തെറ്റുകളുടെ , അനീതിയുടെ മുന്നിലുള്ള നമ്മുടെ നിശ്ശബ്ദത അതു ചെയ്യുന്നവനു പ്രചോദനമാകും . തെറ്റുകളും അധർമ്മങ്ങളും വർദ്ധിക്കുന്നത് അതുകൊണ്ടാണ് . തെറ്റ് ചെയ്താൽ സമൂഹം ശ്രദ്ധിക്കുമെന്നും ശിക്ഷ ലഭിക്കുമെന്നും വന്നാൽ തെറ്റുചെയ്യുന്നവൻ ഭയപ്പെടും .
അന്ധകാരത്തെ ശപിക്കുന്നതിനു പകരം ഒരു മെഴുകുതിരി കത്തിക്കുന്നത് നല്ലതാണ് , എന്ന് കേട്ടിട്ടില്ലേ ? നിങ്ങൾ ഒരു മെഴുകുതിരിയാവണം . അങ്ങനെ ഓരോരുത്തരും ഓരോ ദീപങ്ങളാകുമ്പോൾ അന്ധകാരം താനേ മറഞ്ഞുകൊള്ളും . അന്ധകാരത്തിൽ ഒളിച്ചിരിക്കുന്ന ദുഷ്ട ശക്തികൾ ഓടിയകലുകയും ചെയ്യും ..

ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞിട്ടുള്ളത് ഇവിടെ ശ്രദ്ധേയമാണ് . -

ഈ ലോകം ജീവിക്കുവാൻ പറ്റാത്തവിധത്തിൽ അപകടകരമായത് , ഇവിടെ തിന്മ ചെയ്യുന്നവർ ഉള്ളതുകൊണ്ടല്ല , ആ തിന്മകൾ നിശബ്ദം നോക്കിയിരുന്ന് അതു സംഭവിക്കുവാൻ അനുവദിക്കുന്നവർ കൂടുന്നതു കൊണ്ടാണ് . '' -


നമ്മൾ ആ കൂട്ടത്തിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക . താത്കാലിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും നാളെ നമ്മുടെ മക്കൾക്ക് ജീവിക്കാൻ പറ്റാത്ത വിധം ഈ ഭൂമിയിൽ തിന്മകൾ നിറയുന്നതിനു നമ്മുടെ നിശ്ശബ്ദത കാരണമാകും .






January 18, 2019

നമ്മൾ സ്വയം മാർഗ്ഗദീപമാകുക


"സ്വാത്മ രൂപത്തിൽ നിന്നു വിട്ടു മറ്റു വ്യക്തികളേയോ പ്രതീകങ്ങളയോ മാർഗ്ഗദീപമാക്കുന്നവർക്കു ജീവിതം സന്തോഷപ്രദമാക്കുന്നതിന് എപ്പോഴും ബാഹ്യപ്രതീകങ്ങളെ ആശ്രയിക്കണ്ടി വരുന്നു . അതേ സമയം സ്വന്തം മാർഗ്ഗദീപം അവന്റെ തന്നെ ആത്മസത്തയാണെന്നു ബോധ്യപ്പെടുന്നിടത്തു ജീവിത സമാധാനത്തിന്റെ ഉറവിടം കണ്ടെത്തപ്പെടുന്നു" . 

ഒരു ബുക്കിൽ വായിച്ച ലളിത വാക്യമാണ് ഇത് ..
മനസ്സിലായില്ല അല്ലേ ?

ഞാൻ ഒന്നു വിശദീകരിക്കാം , 

മനുഷ്യൻ നിസ്സഹായനാണെന്നും അവനു പുറമെയുള്ള ശക്തികളുടെ നിയന്ത്രണവും സഹായവും ആവശ്യമാണെന്നും വിശ്വസിക്കുന്നിടത്തു നിന്നും ഒരുവൻ ഭീരുവും ദുർബലനുമായി മാറുന്നു .  ഇവിടെ സ്വന്തം  ബോധമനസ്സ് അടിയറവയ്ക്കപ്പെടുന്നു . അതോടൊപ്പം , അവന്റെ / അവളുടെ അനുഭവബോധവും പണയത്തിലാവുന്നു . അനുഭവബോധവും മനസ്സിന്റെ സ്വത്രന്താന്വേഷണ ബുദ്ധിയും പണയം വയ്ക്കപ്പെടുന്നതോടെ സത്യാന്വേഷണത്തിനുള്ള വഴിയും അടയുന്നു .

ക്രിസ്തു പറഞ്ഞ ഒരു കാര്യം നോക്കാം 
 “ നീ നിന്റെ പിതാവിനെപ്പോലെ പൂർണ്ണനായിരിക്കുക . " 

ഉപനിഷത്തിൽ പറയുന്നത് 
“അഹം ബ്രഹ്മാസ്മി." എന്നാണ് .

 എന്താ ഇതിന്റെയൊക്കെയർത്ഥം ?
 വലിയ വലിയ ആശയങ്ങളുള്ള വാക്യങ്ങൾ പലരും പലവിധത്തിൽ വ്യാഖ്യാനിക്കാറുണ്ട് . ചിലരൊക്കെ
അവരുടെ സൗകര്യം പോലെ , സ്വന്തം വാദമുഖങ്ങൾ സ്ഥാപിക്കുവാൻ  മഹദ്വചനങ്ങൾ വളച്ചൊടിക്കുകയും സ്വന്തം ആശയങ്ങൾ അടിച്ചു കയറ്റി അവതരിപ്പിക്കുകയും ചെയ്യും .

    ദൈവമാകണമെന്നോ ദൈവത്തെപ്പോലെ ആകണമെന്നോ അല്ല ക്രിസ്തുവും ഉപനിഷത്തുമൊക്കെ പറഞ്ഞത് . അവനവന്റെ ആത്മസത്തയെക്കുറിച്ചു ബോധമുണ്ടാവണമെന്നും മനുഷ്യനെന്ന നിലയ്ക്ക് സ്വന്തം വിധി അംഗീകരിക്കണമെന്നും ദൈവത്തിലുണ്ടെന്നു നാം വിശ്വസിക്കുന്ന പൂർണ്ണത ഒാരോരുത്തരും കൈവരിക്കണമെന്നുമാണ് ഉദ്ദേശിക്കുന്നത് . ഈ പൂർണ്ണത കൈവരിച്ചു കഴിഞ്ഞാൽ സമാധാനവും സന്തോഷവും അവനവന്റെ ഉള്ളിൽ നിന്നു തന്നെയുണ്ടാകും . എനിക്ക് സമാധാനം തരു , സന്തോഷം തരു എന്നൊക്കെ ദൈവത്തോട് യാചിക്കണ്ട ആവശ്യം വരുന്നില്ല . ഇതൊക്കെ സ്വന്തം മനസ്സിൽ നിന്നു തന്നെ ഉണ്ടാവണം . അകത്ത് ദൈവമുണ്ടെങ്കിൽ പുറത്തേക്കു നോക്കി ദൈവത്തെ വിളിക്കേണ്ട ആവശ്യമെന്താണ് ? ക്രിസ്തു ചൂണ്ടിക്കാണിച്ച ദൈവരാജ്യം നമ്മുടെ ഉളളിലുണ്ടായാൽ സമാധാനവും സന്തോഷവും അവിടെ ഉണ്ടാകുന്നു . അവനവന്റെ ഉള്ളിൽ സമാധാനവും സന്തോഷവും ഉണ്ടാകുമ്പോൾ അതു സമൂഹത്തിലും ഉണ്ടാകുമെന്നു പറയേണ്ടതില്ലല്ലോ ?

 പറയുവാനെന്തെളുപ്പം ! 

മരണം നടക്കാത്ത വീട്ടിൽ നിന്നു കടുകു കൊണ്ടുവരാൻ ശ്രീബുദ്ധൻ ഒരു സ്ത്രീയെ പറഞ്ഞുവിട്ട കഥ കേട്ടിട്ടില്ലേ , മരണത്തെപ്പറ്റി പരാതി പറഞ്ഞു കരഞ്ഞ സ്ത്രീയെയാണു കടുകിനു പറഞ്ഞയച്ചത് . മരണം നടക്കാത്ത വീട്ടിൽ നിന്നു കടുകു കിട്ടാതെ സ്ത്രീ തിരിച്ചു വന്നപ്പോൾ ബുദ്ധൻ പറഞ്ഞു . - " മരണം ഒരു ജീവിത സത്യമാണ് . അതില്ലാത്ത വീടോ ജീവിതമോ ഇല്ല . ഇതുപോലെയുള്ള ജീവിത സത്യങ്ങൾ ധാരാളമുണ്ട് . അതൊക്കെ അംഗീകരിച്ചാൽ ജീവിതത്തിലെ ഒത്തിരി അസാമാധാന ചിന്തകൾ ഒഴിവാക്കാനാകും .

 “എല്ലാമറിയുന്നവനു ദുഖമില്ല " 
എന്നു കേട്ടിട്ടില്ലേ ? 

“ നിങ്ങളുടേതായി ഒന്നും ഇവിടെയില്ല . ഇവിടെ നിങ്ങളുടേതെന്നു പറയുന്ന യാതൊന്നും നിങ്ങൾ കൊണ്ടുവന്നതല്ല . പോകുമ്പോൾ കൊണ്ടുപോകുകയുമില്ല . അതു മറ്റാരുടെയെങ്കിലും സ്വന്തമാകും .”

ഈ അർത്ഥം വരുന്ന സാരോപദേശം " ഭഗവത്ഗീത"യിൽ ഉള്ളതാണ് . എല്ലാം സ്വന്തമാക്കാൻ ഓടി നടന്നു സമാധാനം തകർക്കുന്ന മനസുകളാണ് നമുക്കു ചുറ്റും . വ്യക്തികൾ മാത്രമല്ല , രാഷ്ട്രങ്ങൾപോലും ഈ അതിമോഹം കാരണം ദുരന്തങ്ങൾ ഏറ്റുവാങ്ങുന്നു .
കഴിഞ്ഞ പ്രേളയത്തിൽ നമുക്ക് ഉള്ളതൊക്കെ നമുക്ക് എടുത്തോണ്ട് പോകാൻ സാധിചോ, വില കൂടിയ കാർ വാങ്ങിയിട്ട് അത് കൊണ്ട് രക്ഷപെടാൻ സാധിച്ചോ, സമ്പാദിച്ചു കൂട്ടിയ പണം കൊണ്ട് ദുരിതങ്ങൾ മാറിയോ ,ഇല്ല...!

 പണവും ഭൗതിക സമ്പത്തുമൊക്കെ സമ്പാദിച്ചു വച്ചാൽ സമാധാനവും സന്തോഷവുമുണ്ടാകുമെന്നു ബൈബിളിലോ ഭഗവദ്ഗീതയിലോ ഖുറാനിലോ പറഞ്ഞിട്ടില്ല . “ നിനക്കുള്ളതെല്ലാം ദാനം കൊടുത്തിട്ട് എന്റെ കൂടെ വരുക ' , എന്നാണ് ക്രിസ്തു പറഞ്ഞത് . ഭൗതിക സമ്പത്തും അവയോടുള്ള മനുഷ്യന്റെ അത്യാർത്തിയുമാണ് എല്ലാ ദുരന്തങ്ങളുടെയും കാരണമെന്നു ക്രിസ്തു ചൂണ്ടിക്കാണിക്കുകയായിരുന്നു . എന്നാൽ പണമില്ലാതെ ജീവിക്കാൻ കഴിയുമോ ? തീർച്ചയായും ഇല്ല . 
"പണമില്ലാത്തവൻ പിണം '' എന്ന പറച്ചിൽ തന്നെയുണ്ട് . 

പക്ഷെ.!

 ആ പക്ഷേയിലാണ്  അസമാധാനത്തിന്റെ , അസന്തുഷ്ടിയുടെ വേരുകൾ കിടക്കുന്നത് .
.
____________________

January 09, 2019

ആലപ്പാട് ഒരു പാടായി മാറും മുൻപേ ആഞ്ഞടിക്കണം .. #Save_Alappad (Special Story)


കേരളമെന്ന ഭ്രാന്താലയത്തെ കുറിച്ച് ഓർത്ത് നാം ലജ്ജിക്കണം .4 മാസം മുമ്പ് കേരളത്തിൽ നടന്ന മഹാദുരന്തത്തെ ജാതി മത വർഗ ലിംഗ വിവേചനമില്ലാത്തെ നമ്മളെ രക്ഷിക്കാൻ എവിടെ നിന്നോ ചില ആളുകൾ വന്നിരുന്നു. മുക്കുവൻ മാർ ആഴക്കടലിൽ പോയി മത്സ്യം തിരയുന്ന അവരെ നാം മറന്നിരിക്കുന്നു.
 'ഇന്ന് ആലപാട് എന്ന ഗ്രാമത്തിൽ നടക്കുന്ന ഖനനം അതിന് ഏറ്റവും വലിയ ഉദാഹരണമാണ്.
ഒരു ചെറിയ ഗ്രാമം ഭൂപടത്തിൽ ഇല്ലാതെ ആകാൻ പോകുന്നു. സ്വന്തം കാലിനടിയിലുള്ള മണൽ തരിക്ക് പോലും അവകാശമില്ലാത്തവരായിരിക്കുന്നു ആ പാവം മുക്കുവൻമാർ. അവർ ദുരിതത്തിലായപ്പോൾ അവരെ നോക്കാൻ നമുക്ക് സമയമില്ല സമരമില്ല മനുഷ്യന് വേണ്ടി തെരുവിലിറങ്ങാൻ നമുക്ക് സമയമില്ല ദൈവത്തിന് വേണ്ടി നാം തെരുവിലിറങ്ങുന്നു ആ പാവം ജനതയുടെ അവകാശങ്ങൾക്ക് വേണ്ടി നമുക്കൊരുമിച്ച് കൈകോർക്കാം #Save_Alappad




#Save_Alappad നേ കുറിച്ച് അറിയാം

ചോദ്യം നമ്പർ 1: എന്താണ് സംഭവം ??

 കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് എന്ന തീരദേശ ഗ്രാമം ഇന്നു മരണത്തിന്റെ വക്കിൽ ആണ്... ഈ ഗ്രാമം നിങ്ങൾ അറിയും... കേരളം കണ്ട ഏറ്റവും വലിയ മഹാപ്രളയത്തിൽ നിന്നു നമ്മളെ കര കയറ്റിയ മുക്കുവന്മാരുടെ നാട്..... IRE എന്ന പൊതുമേഖല സ്ഥാപനം അവിടെ വർഷങ്ങളായി ഖനനം നടത്തുകയാണ്.. ഇനിയും അത് തുടർന്നാൽ ആ നാട് ചരിത്രത്തിൽ മാത്രം അവശേഷിക്കും... 

ചോദ്യം നമ്പർ 2: ഇത് അത്ര വല്യ പ്രശ്നം ആണോ ??? 

അതെ.. നിങ്ങൾ കരുതുന്നതിലും ഭീകരമാണ് അവിടുത്തെ അവസ്ഥ... 2004 സുനാമി ഏറ്റവും നാശം വിതച്ചത് ആലപ്പാട് അടങ്ങുന്ന തീരത്തെ ആണ്... ഇനി അവിടെ ഒരു ദുരന്തം വിതക്കാൻ സാധാരണയിലും കുറച്ചു ശക്തി കൂടിയ ഒരു തിരമാലക്കു കഴിയും... ഭീതിയുടെ വക്കിൽ കഴിയുകയാണ് ഒരു ജനത... ഇനിയും അവിടെ കുഴിച്ചു നശിപ്പിക്കാൻ ഒരു കാരണവശാലും നമ്മൾ അനുവദിക്കരുത്.... 

ചോദ്യം നമ്പർ 3: ഇതിൽ ഇപ്പോൾ നമുക്ക് എന്താ ചെയ്യാൻ കഴിയുന്നത്‌ ???..

 ഒരു സ്മാർട്ഫോൺ കൊണ്ട് ഒരു പ്രളയം നേരിട്ടവർ ആണ് നമ്മൾ... പലതും മാറ്റി മറിക്കാൻ ഉള്ള കഴിവ് നിങ്ങളുടെ കയ്യിൽ ഇരിക്കുന്ന ആ ഫോണിനു കഴിയും... ഇപ്പോൾ നമുക്ക് വേണ്ടത് പബ്ലിസിറ്റി ആണ്... ഈ പ്രശ്നം മാക്സിമം ആളുകളിൽ എത്തിക്കുക. അധികാരികളുടെ ശ്രദ്ധയിൽ കൊണ്ട് വരുക.. 
മാധ്യമങ്ങൾ ഇപ്പൊൾ മറ്റ് ചില വാർത്തകൾക്ക് പുറകെ ആണ്.
ഇനി നമ്മളെ കൊണ്ടേ അതിനു കഴിയൂ .. ഒരു ജനതയെ രക്ഷിക്കാൻ, ഒരു ഗ്രാമത്തെ പിടിച്ചുയർത്താൻ നമുക്കെ കഴിയു.. 

ഇൗ വിഷയത്തിൽ കൂടുതൽ ശ്രെദ്ധ വേണം .....മറ്റ് മാധ്യമങ്ങൾ ഏറ്റെടുക്കും വരെ, അധികാരികളുടെ ശ്രദ്ധയിൽ കൊണ്ട് വരും വരെ, ഇൗ പ്രശ്നത്തിന് ഒരു അന്ത്യം കാണുന്നത് വരെ.

#Save_Alappad #Stop_Mining


special story