"സ്വാത്മ രൂപത്തിൽ നിന്നു വിട്ടു മറ്റു വ്യക്തികളേയോ പ്രതീകങ്ങളയോ മാർഗ്ഗദീപമാക്കുന്നവർക്കു ജീവിതം സന്തോഷപ്രദമാക്കുന്നതിന് എപ്പോഴും ബാഹ്യപ്രതീകങ്ങളെ ആശ്രയിക്കണ്ടി വരുന്നു . അതേ സമയം സ്വന്തം മാർഗ്ഗദീപം അവന്റെ തന്നെ ആത്മസത്തയാണെന്നു ബോധ്യപ്പെടുന്നിടത്തു ജീവിത സമാധാനത്തിന്റെ ഉറവിടം കണ്ടെത്തപ്പെടുന്നു" .
ഒരു ബുക്കിൽ വായിച്ച ലളിത വാക്യമാണ് ഇത് ..
മനസ്സിലായില്ല അല്ലേ ?
ഞാൻ ഒന്നു വിശദീകരിക്കാം ,
മനുഷ്യൻ നിസ്സഹായനാണെന്നും അവനു പുറമെയുള്ള ശക്തികളുടെ നിയന്ത്രണവും സഹായവും ആവശ്യമാണെന്നും വിശ്വസിക്കുന്നിടത്തു നിന്നും ഒരുവൻ ഭീരുവും ദുർബലനുമായി മാറുന്നു . ഇവിടെ സ്വന്തം ബോധമനസ്സ് അടിയറവയ്ക്കപ്പെടുന്നു . അതോടൊപ്പം , അവന്റെ / അവളുടെ അനുഭവബോധവും പണയത്തിലാവുന്നു . അനുഭവബോധവും മനസ്സിന്റെ സ്വത്രന്താന്വേഷണ ബുദ്ധിയും പണയം വയ്ക്കപ്പെടുന്നതോടെ സത്യാന്വേഷണത്തിനുള്ള വഴിയും അടയുന്നു .
ക്രിസ്തു പറഞ്ഞ ഒരു കാര്യം നോക്കാം
“ നീ നിന്റെ പിതാവിനെപ്പോലെ പൂർണ്ണനായിരിക്കുക . "
ഉപനിഷത്തിൽ പറയുന്നത്
“അഹം ബ്രഹ്മാസ്മി." എന്നാണ് .
എന്താ ഇതിന്റെയൊക്കെയർത്ഥം ?
വലിയ വലിയ ആശയങ്ങളുള്ള വാക്യങ്ങൾ പലരും പലവിധത്തിൽ വ്യാഖ്യാനിക്കാറുണ്ട് . ചിലരൊക്കെ
അവരുടെ സൗകര്യം പോലെ , സ്വന്തം വാദമുഖങ്ങൾ സ്ഥാപിക്കുവാൻ മഹദ്വചനങ്ങൾ വളച്ചൊടിക്കുകയും സ്വന്തം ആശയങ്ങൾ അടിച്ചു കയറ്റി അവതരിപ്പിക്കുകയും ചെയ്യും .
ദൈവമാകണമെന്നോ ദൈവത്തെപ്പോലെ ആകണമെന്നോ അല്ല ക്രിസ്തുവും ഉപനിഷത്തുമൊക്കെ പറഞ്ഞത് . അവനവന്റെ ആത്മസത്തയെക്കുറിച്ചു ബോധമുണ്ടാവണമെന്നും മനുഷ്യനെന്ന നിലയ്ക്ക് സ്വന്തം വിധി അംഗീകരിക്കണമെന്നും ദൈവത്തിലുണ്ടെന്നു നാം വിശ്വസിക്കുന്ന പൂർണ്ണത ഒാരോരുത്തരും കൈവരിക്കണമെന്നുമാണ് ഉദ്ദേശിക്കുന്നത് . ഈ പൂർണ്ണത കൈവരിച്ചു കഴിഞ്ഞാൽ സമാധാനവും സന്തോഷവും അവനവന്റെ ഉള്ളിൽ നിന്നു തന്നെയുണ്ടാകും . എനിക്ക് സമാധാനം തരു , സന്തോഷം തരു എന്നൊക്കെ ദൈവത്തോട് യാചിക്കണ്ട ആവശ്യം വരുന്നില്ല . ഇതൊക്കെ സ്വന്തം മനസ്സിൽ നിന്നു തന്നെ ഉണ്ടാവണം . അകത്ത് ദൈവമുണ്ടെങ്കിൽ പുറത്തേക്കു നോക്കി ദൈവത്തെ വിളിക്കേണ്ട ആവശ്യമെന്താണ് ? ക്രിസ്തു ചൂണ്ടിക്കാണിച്ച ദൈവരാജ്യം നമ്മുടെ ഉളളിലുണ്ടായാൽ സമാധാനവും സന്തോഷവും അവിടെ ഉണ്ടാകുന്നു . അവനവന്റെ ഉള്ളിൽ സമാധാനവും സന്തോഷവും ഉണ്ടാകുമ്പോൾ അതു സമൂഹത്തിലും ഉണ്ടാകുമെന്നു പറയേണ്ടതില്ലല്ലോ ?
പറയുവാനെന്തെളുപ്പം !
മരണം നടക്കാത്ത വീട്ടിൽ നിന്നു കടുകു കൊണ്ടുവരാൻ ശ്രീബുദ്ധൻ ഒരു സ്ത്രീയെ പറഞ്ഞുവിട്ട കഥ കേട്ടിട്ടില്ലേ , മരണത്തെപ്പറ്റി പരാതി പറഞ്ഞു കരഞ്ഞ സ്ത്രീയെയാണു കടുകിനു പറഞ്ഞയച്ചത് . മരണം നടക്കാത്ത വീട്ടിൽ നിന്നു കടുകു കിട്ടാതെ സ്ത്രീ തിരിച്ചു വന്നപ്പോൾ ബുദ്ധൻ പറഞ്ഞു . - " മരണം ഒരു ജീവിത സത്യമാണ് . അതില്ലാത്ത വീടോ ജീവിതമോ ഇല്ല . ഇതുപോലെയുള്ള ജീവിത സത്യങ്ങൾ ധാരാളമുണ്ട് . അതൊക്കെ അംഗീകരിച്ചാൽ ജീവിതത്തിലെ ഒത്തിരി അസാമാധാന ചിന്തകൾ ഒഴിവാക്കാനാകും .
“എല്ലാമറിയുന്നവനു ദുഖമില്ല "
എന്നു കേട്ടിട്ടില്ലേ ?
“ നിങ്ങളുടേതായി ഒന്നും ഇവിടെയില്ല . ഇവിടെ നിങ്ങളുടേതെന്നു പറയുന്ന യാതൊന്നും നിങ്ങൾ കൊണ്ടുവന്നതല്ല . പോകുമ്പോൾ കൊണ്ടുപോകുകയുമില്ല . അതു മറ്റാരുടെയെങ്കിലും സ്വന്തമാകും .”
ഈ അർത്ഥം വരുന്ന സാരോപദേശം " ഭഗവത്ഗീത"യിൽ ഉള്ളതാണ് . എല്ലാം സ്വന്തമാക്കാൻ ഓടി നടന്നു സമാധാനം തകർക്കുന്ന മനസുകളാണ് നമുക്കു ചുറ്റും . വ്യക്തികൾ മാത്രമല്ല , രാഷ്ട്രങ്ങൾപോലും ഈ അതിമോഹം കാരണം ദുരന്തങ്ങൾ ഏറ്റുവാങ്ങുന്നു .
കഴിഞ്ഞ പ്രേളയത്തിൽ നമുക്ക് ഉള്ളതൊക്കെ നമുക്ക് എടുത്തോണ്ട് പോകാൻ സാധിചോ, വില കൂടിയ കാർ വാങ്ങിയിട്ട് അത് കൊണ്ട് രക്ഷപെടാൻ സാധിച്ചോ, സമ്പാദിച്ചു കൂട്ടിയ പണം കൊണ്ട് ദുരിതങ്ങൾ മാറിയോ ,ഇല്ല...!
പണവും ഭൗതിക സമ്പത്തുമൊക്കെ സമ്പാദിച്ചു വച്ചാൽ സമാധാനവും സന്തോഷവുമുണ്ടാകുമെന്നു ബൈബിളിലോ ഭഗവദ്ഗീതയിലോ ഖുറാനിലോ പറഞ്ഞിട്ടില്ല . “ നിനക്കുള്ളതെല്ലാം ദാനം കൊടുത്തിട്ട് എന്റെ കൂടെ വരുക ' , എന്നാണ് ക്രിസ്തു പറഞ്ഞത് . ഭൗതിക സമ്പത്തും അവയോടുള്ള മനുഷ്യന്റെ അത്യാർത്തിയുമാണ് എല്ലാ ദുരന്തങ്ങളുടെയും കാരണമെന്നു ക്രിസ്തു ചൂണ്ടിക്കാണിക്കുകയായിരുന്നു . എന്നാൽ പണമില്ലാതെ ജീവിക്കാൻ കഴിയുമോ ? തീർച്ചയായും ഇല്ല .
"പണമില്ലാത്തവൻ പിണം '' എന്ന പറച്ചിൽ തന്നെയുണ്ട് .
പക്ഷെ.!
ആ പക്ഷേയിലാണ് അസമാധാനത്തിന്റെ , അസന്തുഷ്ടിയുടെ വേരുകൾ കിടക്കുന്നത് .
.
____________________
1 comment:
relay inspiring , keep writing... ❤
Post a Comment