സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

March 31, 2019

ദൈവത്തെ വെറുതെ വിടുക..


സമീപകാലത്ത് നമ്മുടെ നാട്ടിൽ നടന്ന ചില സംഭവങ്ങളുടെ പത്ര വാർത്തയും, അതുമായി ബന്ധപ്പെട്ട ലേഖനങ്ങൾ  കൂടി  ഗ്രഹിച്ചപ്പോൾ പല ഇടത്തു നിന്നും   തുടങ്ങി എല്ലാം
 എത്തി ചേരുന്നത് ഒരേ സ്ഥലത്ത് തന്നെ. പറഞ്ഞ് വന്നത് ദൈവത്തിനെ പറ്റിയാണ് .
നമ്മുക്ക് ഇടയിൽ ചിലരുടെ ചിന്ത ഇങ്ങനെയാണ്, അതായത്
"ജീവിതത്തിൽ നല്ലത് സംഭവിച്ചാൽ അത് നമ്മുടെ സ്വയം പ്രയത്നം കൊണ്ട് നേടി എന്നും, മറിച്ച് സംഭവിച്ചാൽ അത് ദൈവം നമുക്ക് തന്ന വിധി എന്നും.

 ദൈവത്തെ , അതുമല്ലെങ്കിൽ വിധിയെ പഴിച്ചു സ്വയം ആശ്വസിക്കുന്ന സ്വഭാവം മനുഷ്യന്റെ കൂടെപ്പിറപ്പാണ് .
"ഈ ലോകത്തിലെ എല്ലാ കുഴപ്പങ്ങൾക്കും കാരണം ദൈവം ആണെന്നാണ് " ജിദു കൃഷ്ണമൂർത്തി എഴുതിയത് .

 നേരത്തെ സൂചിപ്പിച്ചതു പോലെ എന്തു സംഭവിച്ചാലും വിധിയെന്നു പറഞ്ഞു രക്ഷപ്പെടുന്ന ഈ ഒളിച്ചോട്ടം നമ്മളിലുണ്ടാവരുത് . ഇവിടെ എല്ലാ കുഴപ്പങ്ങൾക്കും കാരണം നമ്മൾ തന്നെയാണ് . അത് സ്വയം അംഗീകരിക്കാൻ മടിയാണ് . മദ്യപിച്ചു വാഹനമോടിച്ച് അപകടത്തിൽപ്പെട്ട് മരിച്ചാലും ദൈവം വിളിച്ചുകൊണ്ടുപോയി എന്നു പറയും . കുടിച്ചു വാഹനമോടിച്ചു എന്നതല്ല കുറ്റം . ദൈവത്തിന്റെ പേരിൽ മനുഷ്യൻ കാണിക്കുന്ന കൊള്ളരുതായ്മകൾക്ക് ഉത്തരവാദി മനുഷ്യൻ തന്നെയാണ് . എവിടെയോ മറഞ്ഞിരിക്കുന്ന ദൈവത്തിന്റെ തലയിൽ ഇതൊക്കെ  കെട്ടിവച്ച് നല്ലവനാകാൻ ശ്രമിക്കുന്ന ഈ മനുഷ്യനെ നന്നാക്കാൻ അവൻ തന്നെ വിചാരിച്ചാലേ നടക്കൂ . ദൈവത്തിന്റേയും മതത്തിന്റേയും പേരിൽ മനുഷ്യൻ കാണിക്കുന്ന വൃത്തികേടുകൾ കണ്ടിട്ടാണ് കൃഷ്ണമൂർത്തി അങ്ങിനെ പറഞ്ഞത് . പക്ഷേ അതിനു ദൈവം എങ്ങനെ ഉത്തരവാദിയാകും ? സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി മതത്തെയും ദൈവത്തേയും ദുരുപയോഗപ്പെടുത്തുന്ന വക്ര ബുദ്ധിയായ മനുഷ്യന്റെ ചൂഷണ തന്ത്രങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ നമ്മൾക്ക് കഴിയണം . മതമൗലീകവാദവും ഭീകരവാദവുമൊക്കെ വളർത്തിയിട്ട് സമുദായ മൈത്രിക്ക് ജാഥ നടത്തുന്ന ക്രിമിനലുകളിൽ നിന്നു മാറി നടക്കാൻ സ്വയം ശ്രദ്ധിക്കുക . ക്രിസ്തുവും കൃഷ്ണനും മുഹമ്മദ് - നബിയും ബുദ്ധനുമൊക്കെ പഠിപ്പിച്ചിട്ടുള്ളത് സ്നേഹത്തോടെ സന്തോഷത്തോടെ എല്ലാ മനുഷ്യരും ഒരു കുടുംബത്തെപ്പോലെ ജീവിക്കുവാനാണ് .

 നല്ല സമരിയാക്കാരൻ എന്ന കഥയിലൂടെ ക്രിസ്തു ഇതു വ്യക്തമായും സൂചിപ്പിച്ചിട്ടുണ്ട് . ജൂത വംശത്തിൽ അന്നുണ്ടായിരുന്ന വിഭാഗീയ ചിന്തയും അമിതമായ വംശീയ ബോധവും ഇല്ലാതാക്കാനാണ് ക്രിസ്തു ഈ കഥ പറഞ്ഞത് . മുറിവേറ്റു വഴിയിൽ വീണു കിടന്ന സഹജീവിയെ രക്ഷപ്പെടുത്താൻ സ്വവംശത്തിൽപെട്ട ഒരുത്തനും തയ്യാറായില്ല . വന്നവരൊക്കെ കാണാത്തതുപോലെ കടന്നു പോയി . അവസാനം അന്യജാതിയിൽപ്പെട്ട ഒരു സമരിയാക്കാരൻ വരേണ്ടി വന്നു ആ ജൂതനെ രക്ഷിക്കുവാൻ . ആവശ്യത്തിന് ഉപകരിക്കുക അന്യജാതിക്കാരനുമാകാം എന്ന സന്ദേശമാണ് ക്രിസ്തു ഈ കഥയിലൂടെ നൽകിയത് . വിഭാഗീയ ചിന്തപുലർത്തുന്ന അന്യമതസ്ഥനെ സ്നേഹം കൊണ്ട് മാറ്റിയെടുക്കുവാൻ കഴിയണം . അതുകൊണ്ട് ദൈവത്തെ വെറുതെ വിടുക . മനുഷ്യൻ ചെയ്യുന്നതിന്റെ ഫലമാണ് അവൻ തന്നെ അനുഭവിക്കുക . പരസ്പരം വിദ്വേഷവും വർഗ്ഗീയ ചിന്തകളുമൊക്കെ അവന്റെ തന്നെ വേലയാണ് . 

- സ്വന്തം വ്യക്തിജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങൾക്കു ഒരു പരിധി വരെ അവൻ തന്നെയാണ് ഉത്തരവാദി . കുറച്ചു പേർ ചെയ്യുന്ന ഒരു തെറ്റിന്റെ ഫലം ചിലപ്പോൾ ഒരു സമൂഹവും രാഷ്ട്രവും തന്നെ അനുഭവിക്കേണ്ടിവരും .  ലോകമഹായുദ്ധങ്ങൾ അതു തെളിയിച്ചിട്ടുള്ളതല്ലെ . ഇങ്ങിനെ മറ്റു ദുഷ്ടശക്തികളിൽ നിന്നു വമിക്കുന്ന വെറുപ്പും വിദ്വേഷവും നിങ്ങളെ ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം . വിദ്വേഷവും പ്രതികാരവും , സമാധാനവും സന്തോഷവും ഇല്ലാതാക്കും . -
 ദൈവത്തേയും വിധിയേയും പഴിക്കുന്നതിനു പകരം കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുകയാണു ചിന്താശക്തിയുള്ള മനുഷ്യൻ ചെയ്യേണ്ടത് . പിന്നെ ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെയുള്ള സ്വയംഭരണ പ്രതിഭാസങ്ങൾ എന്ന വിധിയെ സ്വീകരിക്കുകയല്ലാതെ നിവൃത്തിയില്ല .

ഇനി ചിന്തിക്കേണ്ടത് നിങ്ങള് ഓരോരുത്തരും മാണ്.
ചിന്തിക്കൂ,....



വിനൂട്ടി കരുവാറ്റ

No comments: