ഇനി വരുന്ന ഒന്ന് രണ്ടാഴ്ചകളിൽ, ഇന്ത്യയെന്ന നമ്മുടെ മഹത്തായ രാജ്യത്തെ ലോകം മുഴുവനും ഉറ്റുനോക്കാൻ പോവുകയാണ്. ഇറ്റലി പോലുള്ള വികസിത രാജ്യങ്ങളും, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമെന്ന് വിശേഷണമുള്ള, സ്വാധീനശക്തിയായ അമേരിക്ക പോലും. നമ്മുടെ അയൽവാസിയായ ചൈനയും ദൂരദേശങ്ങളായ ഇറാനും എല്ലാം നമ്മുടെ ഓരോ നടപടികളെയും സാകൂതം വീക്ഷിച്ചു കൊണ്ടിരിക്കുന്നു.
നമ്മുടെ ആതുരസേവന മേഖലയ്ക്കും , സാമ്പത്തികരംഗത്തിനും, ഇന്ന് ലോകമാകെ അനുദിനം തഴച്ചുവളരുന്ന ഭീഷണിയെ നേരിടാനും, നമ്മുടെ രാജ്യത്തെ വിലപ്പെട്ട മനുഷ്യജീവനുകളെ രക്ഷിയ്ക്കുവാനുമുള്ള ആർജ്ജവവും ശക്തിയും ഉണ്ടോ എന്നാണ് ലോകം മുഴുവനും കണ്ണും കാതും തുറന്നു കാത്തിരിക്കുന്നത്.
അതിഭയാനകമായ ഒരു വിസ്‌ഫോടനത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഈ സന്ദർഭത്തിൽ, ഒരു രാജ്യമെന്ന നിലയ്ക്ക്, കാര്യക്ഷമമായി, സമചിത്തതയോടെ, വീറോടെ, ഉത്തരവാദിത്തത്തോടെ ഈ പൊതുശത്രുവിനെ നേരിടാനും കീഴടക്കാനും കഴിയുമോ എന്നറിയാൻ.
ഈ ലോകത്തെയാകെ ഇതിനകം ഭയപ്പെടുത്തിക്കഴിഞ്ഞിരിയ്ക്കുന്നു. ഇത് നമ്മുടെ ഊഴമാണ്. ലോകത്തിന് മുഴുവനും മാതൃകയാവാൻ... നമ്മൾ ഈ ഉദ്യമത്തിൽ വിജയിയ്ക്കുമോ പരാജയപ്പെടുമോ എന്നറിയാനുള്ള ഉദ്ദേശ്യത്തോടെ ഉറ്റുനോക്കുന്ന ലോകത്തിന് മുന്നിൽ, ഒരു മാതൃകയാവാൻ. ലോകജനസംഖ്യയിൽ രണ്ടാമത്തെ വലിയ രാജ്യമായ നമ്മളെ എല്ലാവരും കാണുന്നത് തികഞ്ഞ അവിശ്വാസത്തോടെയാണ് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന, വൃത്തിഹീനമായ നഗരങ്ങളും ഗ്രാമങ്ങളും നിറഞ്ഞതാണ് ഇന്ത്യയെന്ന് പറഞ്ഞ്, വില കുറച്ച് കാണുന്നവരാണ് അവരിൽ മിക്കവരും.
ഇത് നമുക്ക് ഒരു അവസരമാണ്. ഊർജജസ്വലരായ, ജാഗരൂകരായ, ഒത്തൊരുമയുള്ള ജനങ്ങളുടെ രാജ്യമാണ് ഇന്ത്യയെന്നും, കീഴടക്കാൻ കഴിയില്ലെന്ന് കരുതുന്ന ഈ ശത്രുവിനെ നമ്മൾ പോരാടി കീഴ്പ്പെടുത്തുമെന്നും കാണിച്ച് കൊടുക്കുവാനുള്ള അവസരം.
നമുക്ക് നമ്മുടെ കടമ നിറവേറ്റാം. പൗരബോധത്തോടെ. സാമൂഹികമായ അകലം പാലിയ്ക്കാം. ആവശ്യത്തിനുള്ളഭക്ഷ്യവസ്തുക്കൾ വാങ്ങിവെയ്ക്കാം, പക്ഷേ മറ്റുള്ളവർക്കും വേണമെന്ന കരുതൽ വേണം. പൊതുസംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ,
അടിസ്ഥാനജീവിതസൗകര്യങ്ങളില്ലാത്തവരോട് സഹാനുഭൂതിയുണ്ടാവണം.
നമുക്ക് ചരിത്രം കുറിയ്ക്കാനുള്ള അവസരമാണ്. ഒട്ടും വിട്ടുകൊടുക്കാതെ, യുദ്ധസമാനമായ ഈ ഘട്ടം,
നമുക്ക് ഒറ്റക്കെട്ടായി നേരിടാം, വിജയം നേടാം.