സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

March 21, 2020

ഇതും നമ്മൾ അതിജീവിക്കും... (Covid-19 Special)

ജീവിതത്തിൽ ആദ്യമായി മഹാമാരിയെ പറ്റി ചിന്തിക്കുന്നത് പന്ത്രണ്ടാം ക്ലാസ്സിൽ പഠിച്ച ഹിന്ദി പുസ്തകത്തിലെ 'പഹൽവാൻ കി ധോലഘ്' എന്ന ചെറുകഥയിലൂടെ ആണ്. ഗ്രാമത്തിൽ മഹാമാരി കാരണം ആളുകൾ ഒന്നൊന്നായി മരിച്ചു കൊണ്ടിരിക്കുന്നു, അതിജീവിക്കാൻ പറ്റും എന്ന പ്രതീക്ഷ ആളുകളിൽ നഷ്ടപ്പെടുന്നു.  രാത്രി കാലങ്ങളിൽ പഹൽവാന്റെ ധോലഘ്ന്റെ (ചെണ്ട കൊട്ടിന്റെ ) താളം പതിയെ ജനങ്ങളിൽ പ്രതീക്ഷ പകർന്നു നൽകുന്നു .

നമ്മൾ കൊറോണയെ പറ്റി വേവലാതിപ്പെടുമ്പോൾ പല വീടുകളിലും പട്ടിണി ആണ് എന്ന് മറക്കരുത്. വ്യക്തിപരമായി അറിയാവുന്ന ഒരു പ്രൈവറ്റ് ബസിന്റെ ഒരു ദിവസത്തെ ആകെ കളക്ഷൻ 200 രൂപ (ഒഴായ്ച്ച മുൻപ് ) ആണ്. ഓട്ടോ-ടാക്സി തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, ടൂറിസം മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവർ എല്ലാം അന്നത്തെ അന്നത്തിനായി പൊരുതാൻ വിധിക്കപ്പെട്ടവർ ആണ്. ബംഗാൾ ഫാമിനെ പറ്റി അമർത്യാസെൻ എഴുതിയ 'hunger and public action' എന്ന പുസ്തകത്തിൽ പറയുന്നത് ഭക്ഷ്യ ദൗർലഭ്യം എന്നതിലുപരി ആളുകളുടെ കൈയിൽ ഭക്ഷ്യ വസ്തു വാങ്ങാൻ പണമില്ലാഞ്ഞത് ആണ് ലക്ഷകണക്കിന് ആളുകളുടെ മരണത്തിൽ കലാശിച്ചത് എന്നാണ്.

44 ലക്ഷത്തോളം ജനങ്ങൾക്കു 14,000 രൂപ (കേരളത്തിന്റെ ശരാശരി ആളോഹരി വരുമാനത്തിന്റെ 10% കൂടുതൽ) പെൻഷൻ തുകയായി എത്തിക്കാൻ സാധിക്കുന്നു എന്നതാണ് കേരളത്തിന്റെ സവിശേഷത. മറ്റു ചെറിയ വരുമാനമാർഗത്തിനൊപ്പം വലിയരീതിയിൽ സാമൂഹ്യ പെൻഷനെ ആശ്രയിക്കുന്നവർ ഉണ്ട്.

ചില തുടിപ്പുകൾ ഉണ്ട് നിന്ന് പോയാൽ വീണ്ടെടുക്കാൻ കഴിയാത്തത്, കൂടെ ഉണ്ട് എന്നൊരു തോന്നൽ പോലും മതിയാകും ഈ തുടിപ്പൂക്കൾ നിന്ന് പോകാതെ ഇരിക്കാൻ. അങ്ങനെ ദുരിതം അനുഭവിക്കുന്നവർക്കുള്ള സ്വാന്തനം ആണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ 20000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനം.

20 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ, എല്ലാവർക്കും ഒരു മാസത്തെ സൗജന്യ റേഷൻ, രണ്ടു മാസത്തെ പെൻഷൻ ഒരുമിച്ച് നൽകുന്നു, കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പ്പ, കറന്റ്‌ ബില്ല് അടയ്ക്കാൻ അധികസമയം, നികുതി ഇളവ് എല്ലാം കോർത്തിണക്കിയ ഗംഭീര പദ്ധതി. ഇതിനെ മഹാമാരിയിലെ ദൂർത്തായി നിർവചിക്കാൻ കാത്തുനിൽക്കുന്ന ഒരു മാനുഷിക പരിഗണന ഇല്ലാത്ത സാമ്പത്തിക വിദഗ്ദ്ധന്മാർക്ക് നടുവിരൽ നമസ്കാരം. ഒന്നുമില്ലേലും മാന്ദ്യസമയത്തെ 'keynesian fiscal boost' യുക്തി ആയി കണക്കാക്കി ഈ കൂട്ടർ ഇതിനെ തള്ളി പറയാതെ ഇരിക്കട്ടെ.

നമ്മൾ ഓരോരുത്തർക്കും ഈ സാമ്പത്തിക ജാഗ്രതയുടെയും ഭാഗമാകാൻ കഴിയും. സ്ഥിരം ഭക്ഷണം കഴിക്കുന്ന ചെറിയ ഭക്ഷണശാല, സ്ഥിരം സാധനം വാങ്ങുന്ന വഴിയോര കച്ചവടക്കാർ, അതുമല്ലേൽ സ്ഥിരം യാത്ര ചെയുന്ന ഓട്ടോ, കൊറോണ കാരണം ജോലി ഇല്ലാതായ വീട്ടുജോലിക്കാർ, ഇവരുടെ വീടുകളിൽ അടുപ്പ് എരിയുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടത് നമ്മുടെയും കടമ അല്ലെ. അതിനായി നമ്മുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം കരുതി വയ്കാം. 50 രൂപയുടെ സാധനം വിലപേശി 40 രൂപയ്ക്ക് വാങ്ങുന്നത് നിർത്തി 60രൂപയ്ക്ക് സ്വമേധയാ വാങ്ങാം. മീറ്റർ ചാർജിൽ നിന്നും പറ്റുമെങ്കിൽ 10രൂപ അധികം നൽകാം. അന്യന്റെ ജീവിതത്തിന്റെ തുടിപ്പ് നിലനിർത്താൻ താളം പകർന്നു നൽകാം.

ഇതിനെയും നമ്മൾ അതിജീവിക്കും!

No comments: