കിട്ടാനുള്ളതു കണക്കു പറഞ്ഞു മേടിക്കാൻ മിക്കവർക്കും സാമർത്ഥ്യമുണ്ട് . പക്ഷേ , കൊടുക്കുന്ന കാര്യം വരുമ്പോൾ പലരും പിന്നോട്ടു പോകുന്നു . ഇട്ടുമൂടാൻ പണമുള്ളവരിൽ പലരും തങ്ങളുടെ സമ്പാദ്യത്തിലെ നേരിയൊരു പങ്കുപോലും കഷ്ടപ്പെടുന്നവർക്കു മനസ്സറിഞ്ഞു നൽകാൻ വൈമുഖ്യം കാട്ടിയെന്നുവരാം .
വലതുകൈ കൊടുക്കുന്നതു ഇടതുകൈ അറിയരുതെന്നു പറയാറുണ്ട് . പക്ഷേ , പലരും തങ്ങൾ അന്യർക്കു നൽകുന്ന ചെറിയ സഹായംപോലും കൊട്ടിഘോഷിക്കുന്നു .
'കൊടുത്തു പറയരുത് ' എന്ന മൊഴിയോർക്കുക . പണത്തിന്റെ കാര്യത്തിൽ മാത്രമല്ല ദാനത്തിലെ വിമുഖത. കൈവശമുള്ള അറിവ് അന്യർക്കു പകർന്നു നല്കുന്നതിൽ പലർക്കും തീരെ താൽപര്യമില്ല . മേൽക്കൈ നഷ്ടപ്പെടുമോ എന്ന ഭീതിയാണ് ഇതിന് അടിസ്ഥാനം .
ദാനശീലത്തിനു കീർത്തികേട്ടത് കർണനാണ് . ജനിച്ചപ്പോൾത്തന്നെ കവചകുണ്ഡലങ്ങൾ കർണനുണ്ടായിരുന്നു . അവ ദേഹത്തുള്ള കാലത്തോളം ആർക്കും കർണനെ വധിക്കാൻ കഴിയില്ലായിരുന്നു . ഭാരതയുദ്ധത്തിൽ തന്റെ പുത്രൻ അർജുനൻ കർണനെ വധിക്കണമെന്ന് ഇന്ദ്രൻ ആഗ്രഹിച്ചു . ഇക്കാര്യം മനസ്സിൽ വച്ച് ഇന്ദ്രൻ കർണനെക്കണ്ട് കവചകുണ്ഡലങ്ങൾ യാചിച്ചു . അവ മുറിച്ചുനീക്കിയാൽ വ്രണമോ വൈരൂപ്യമോ വരില്ലെന്ന് ഇന്ദ്രൻ വാഗ്ദാനം ചെയ്തു . കർണൻ സ്വശരീരത്തിൽനിന്നു കവചകുണ്ഡലങ്ങൾ സ്വയ്യം അറുത്തെടുത്ത് ഇന്ദ്രനു ദാനംചെയ്തു . അവ നീക്കിയാൽ ശത്രുവിനു തന്നെ കൊല്ലാൻ കഴിയുമെന്ന് അറിഞ്ഞുകൊണ്ട് കർണൻ ബോധപൂർവം ചെയ്ത ദാനം .
യശസ്വിയായ ശിബിരാജാവിന്റെ മടിയിൽ ഒരിക്കൽ ഒരു മാടപ്രാവു പേടിച്ചുവിറച്ചു വന്നുവീണു . പിന്നാലെ , പ്രാവിനെപ്പിടിച്ചു തിന്നാനായി ഒരു പരുന്തുമുണ്ട് . പ്രാണരക്ഷാർത്ഥം ഞാൻ അങ്ങയെ സമീപിച്ചതാണെന്നും എന്നെ രക്ഷിക്കണമെന്നും പ്രാവ് രാജാവിനോട് അപേക്ഷിച്ചു . തൊട്ടു പിന്നാലെ എത്തിയ പരുന്ത് തന്റെ ഭക്ഷണത്തിനു വിഘ്നം വരുത്തരുതെന്നും പ്രാവിനെ വിട്ടുതരണമെന്നും ആവശ്യപ്പെട്ടു . പകരം നല്ല ഭക്ഷണം നല്കാമെന്നു രാജാവു പറഞ്ഞുനോക്കിയെങ്കിലും പരുന്ത് വഴങ്ങിയില്ല . പ്രാവിനെ മാത്രം മതി . പേടിച്ചുവിറയ്ക്കുന്ന പ്രാവിനെ കിട്ടാൻ എന്തിനു നീ നിർബന്ധിക്കുന്നുവെന്നു ചോദിച്ചപ്പോൾ , പരുന്ത് പരിഹാരം നിർദ്ദേശിച്ചു : “പ്രാവിനു പകരം അങ്ങയുടെ വലത്തേ തുടയിൽനിന്നു തുല്യതൂക്കം മാംസം അറുത്തെടുത്തു തരിക .”
ഒട്ടും മടിക്കാതെ ശിബി പ്രാവിനെ ത്രാസിന്റെ ഒരു തട്ടിൽ വച്ച് , സ്വന്തം തുടയിൽനിന്നു മാംസം അറുത്തെടുത്ത് മറുതട്ടിലിട്ടു തൂക്കി . കൂടുതലായി എത്ര മാംസം അറുത്തെടുത്ത് ത്രാസിലിട്ടിട്ടും പ്രാവിനു തൂക്കം കൂടുതൽ . ഒടുവിൽ ശിബിതന്നെ ത്രാസിന്റെ തട്ടിൽക്കയറിയിരുന്നു . ഇതു കണ്ട പരുന്ത് 'രക്ഷിച്ചു' എന്നു പറഞ്ഞു പറന്നുപോയി . ഇത്രയുമായപ്പോൾ പ്രാവ് രഹസ്യം വെളിപ്പെടുത്തി . താൻ അഗ്നിയും പരുന്ത് ഇന്ദ്രനുമാണ് . നാടെങ്ങും കീർത്തിയുടെ നിറവിൽ നിൽക്കുന്ന അങ്ങയെ പരീക്ഷിക്കുന്നതിനു വേഷം മാറി വന്നവരാണ് ഞങ്ങൾ . പ്രാവിനുവേണ്ടി വാളുകൊണ്ടു സ്വന്തം മാംസം അറുത്ത് അങ്ങു നൽകി . ഒടുവിൽ പ്രാവിനുവേണ്ടി സ്വന്തം ജീവൻ പോലും ഉപേക്ഷിക്കുകയെന്ന മഹാത്യാഗം കാട്ടിയ ശിബിക്ക് എല്ലാ നന്മകളും വന്നുഭവിക്കുമെന്ന് അഗ്നിദേവൻ അനുഗ്രഹിച്ചു . മേൽസൂചിപ്പിച്ചവ മഹാഭാരതത്തിലെ രണ്ടു സന്ദർഭങ്ങളാണ് . ദാനശീലത്തിന്റെ മഹത്ത്വം നമ്മുടെ മനസ്സിൽ വേരൂന്നാൻ സഹായിക്കുന്ന ഉദാത്തമായ കഥകൾ :
“ ഉദാരനായ മനുഷ്യൻ സമ്പന്നനാകുന്നു . ” - ബൈബിൾ ( സുഭാഷിതങ്ങൾ : 11 - 25 ) പറഞ്ഞിട്ടുള്ളത് കൂടി നമുക്ക് സ്മരിക്കാം..
No comments:
Post a Comment