സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

August 30, 2018

ഇത് കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പ്.....

ലോകം കണ്ടോളൂ, ഒരു പുതിയ കേരള മോഡൽ...
ഒന്നിച്ചുനിൽക്കും. അതിജീവിക്കും. അതിശയിപ്പിക്കും
. ഇത് കേരളമാണ്. ഒട്ടും പേടിയില്ല.

മൂന്നു കോടി മനസ്സുകൾ ദുരിത ബാധിതരെ സഹായിക്കുന്ന കാര്യത്തിൽ ഒറ്റ മനസ്സായി മാറുമ്പോൾ നമുക്കെന്തിനാണ് ആധി?
മുന്നിൽ നിന്ന് നയിക്കാൻ ജനപ്രതിനിധികൾ. ഒപ്പം നിന്ന് നയിക്കാൻ കളക്ടർ ബ്രോമാരും സിസ് മാരും . കാശ്മീർ മുതൽ കന്യാകുമാരി വരെയും ഒപ്പം ലോകാന്തര രാഷ്ട്രങ്ങളും മനസ്സ് കൊണ്ട് കൂടെ. മലയാള പത്രങ്ങളും ചാനലുകളും മുതൽ ദേശീയ - അന്താരാഷ്ട്രാ മീഡിയകൾ വരെ നമുക്കൊപ്പം. നമ്മൾ എന്തിന് സന്ദേഹപ്പെടണം ?
കയ്യയച്ചു സഹായം. പിഗ്ഗി ബാങ്ക് മുതൽ പിറന്നാളിന് സൈക്കിൾ വാങ്ങാൻ വെച്ച പണം വരെ നൽകുന്ന കുഞ്ഞു മക്കൾ. കയ്യിലും കാതിലും ഉള്ളത് വരെ ഊരിക്കൊടുക്കുന്ന അമ്മമാരും പെങ്ങന്മാരും. സഹായം വൃദ്ധ സദനങ്ങളിൽ നിന്ന് പോലും !!!ആകെയുള്ള ഒന്നര ഏക്കർ മുതൽ ഉള്ളതിൽ നിന്നും അമ്പതു കോടി വരെ മനസ്സറിഞ്ഞു നൽകുന്ന സുനിലുമാരും ഷംസീറുമാരും ഉള്ളപ്പോ നമുക്കെന്തിനാണ് ഭയം ?
ഞങ്ങളുടെ പട്ടാളമായ മൽസ്യ തൊഴിലാളികൾ മുതൽ പോലീസും രാഷ്ട്രത്തിന്റെ കാവൽക്കാരായ ആർമിയും നേവിയും വ്യോമസേനയും വരെ ഞങ്ങളുടെ അരികിലുള്ളപ്പോൾ പേടി ഞങ്ങൾക്ക് അന്യമാണ്..

സ്മാർട് ഫോണിലേക്ക് തല താഴ്ത്തിയിരിക്കുന്ന ഫ്രീക്കന്മാർ മുതൽ ആഗോള ദുരന്ത നിവാരണ വിദഗ്ദൻ തുമ്മാരുകുടിമാർ വരെ കൂടെയുള്ളപ്പോൾ നമ്മൾ എന്തിനു ഉത്കണ്ഠ പ്പെടണം ?
ഉള്ളതിൽ നിന്ന് മിച്ചം പിടിച്ചു ചില്ലറകൾ നൽകുന്ന സാധാരണക്കാരും പ്രവാസികളും മുതൽ മില്യൺ കണക്കിന് സംഭാവന നൽകുന്ന ബിൽ ഗേറ്റ്സിനെ പോലെയുള്ളവരും ഒരു മനസ്സായി നമുക്കൊപ്പം നിൽക്കുമ്പോൾ നമുക്കെന്തിനാണ് മനഃസമാധാന കുറവ് ?
പേരാബ്രയിലെ ചെരുപ്പുകുത്തി ഡയാന മുതൽ ആപ്പിൾ ഫോൺ കമ്പനി വരെ ദുരിതാശ്വാസം നൽകുമ്പോൾ ഞങ്ങൾക്ക് പേടിയില്ല ?ഏക ആശ്രയമായ ക്ഷേമ പെൻഷൻ സംഭാവന നൽകി വയോവൃദ്ധരും സാലറി ചലഞ്ചു ഏറ്റെടുത്തു ഗവർണ്ണർ മുതൽ മുൻ പ്രധാന മന്ത്രി വരെയും ഒരു മാസ ശമ്പളം നൽകി നമ്മളെ സഹായിക്കുമ്പോൾ നമ്മളെന്തിനെ പേടിക്കാൻ ?
ദുരിതാശ്വാസ ക്യാംപുകളിൽ താൽക്കാലികമാണെങ്കിലും സന്തോഷമായിരിക്കാൻ സന്നദ്ധ പ്രവർത്തകരും സംഘടനകളും മുതൽ ആസിയാ ബീവിമാരും പിള്ളേരു സെറ്റുകളും വരെ. ഒരു ദുരിതാശ്വാസ ക്യാമ്പുകളിലും ഇന്നേ വരെ കാണാത്ത കാഴ്ചകൾ. സകലതും നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാമ്പിലേക്ക് വരുന്നവരെ കൈ നിറയെ സാധങ്ങളുമായി തിരികെ വീട്ടിലേക്കു വിടുകയാണ് ഞങ്ങളുടെ സുമനസ്സുകൾ. ഇന്നലെ ഏഴുമണി വരെയുള്ള കണക്കനുസരിച്ച് ദുരിതാശ്വാസനിധിയിൽ ലഭിച്ചത് 713.92 കോടി രൂപ. ഇന്നലെ മാത്രം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ടെത്തിയത് ഇരുപത് കോടി രൂപയുടെ ചെക്കുകൾ. ബുധനാഴ്ച ബാങ്കുകള് തുറക്കുന്നതോടെ ദുരിതാശ്വാസ നിധിയിലെത്തുന്ന സംഭാവന ആയിരം കോടി പിന്നിടുമെന്നാണ് ധന വകുപ്പിന്റെ കണക്ക്.
കേന്ദ്രത്തിൽ നിന്നും 600 കോടി. അടിസ്ഥാന സൗകര്യ വികസനങ്ങൾക്കു ഇനിയും പ്രതീക്ഷിക്കുന്നു. അതിനുമപ്പുറം മാസ ശമ്പളക്കാരായ സാധാരണക്കാരുടെയും ഉദ്യോഗസ്ഥരുടെയും പ്രവാസികളുടെയും സംഭാവനാ പ്രളയം വരാനിരിക്കുന്നതേയുള്ളൂ. പല തുള്ളി പെരു വെള്ളം. ദുരിതാശ്വാസ നിധി ഇനിയും സമ്പന്നമാവട്ടെ.
ഒട്ടും പേടിയില്ല. ഇത് കേരളമാണ്. ആപത്ത് വന്നാൽ അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റി വെച്ച് ഞങ്ങൾ ഒരുമിച്ചു നിൽക്കും.
 ലോകം ഞങ്ങളിലേക്ക് ചുരുങ്ങും. മനുഷ്യത്വം കൊണ്ടും ചങ്കൂറ്റം കൊണ്ടും ഏതു പ്രതിസന്ധിയെയും നേരിടും. അതിജീവിക്കും. അതിശയിപ്പിക്കും. ലോകം കണ്ടോളൂ, ഒരു പുതിയ കേരള മോഡൽ.
അഹങ്കാരമാണെന്ന് ധരിക്കരുത്. ആത്മവിശ്വാസം മാത്രമാണ്. ഒപ്പം, ഒരു നല്ല ജനതക്ക് നല്ലതു മാത്രം തിരികെ തരുന്ന ലോകത്തിന്റെ നന്മക്ക് മനസ്സറിഞ്ഞ നന്ദി 🙏

August 24, 2018

തിരിച്ചറിവാണ് പ്രധാനം...


വിരിയാൻ വച്ചിരിക്കുന്ന കോഴിമുട്ടുകളുടെ കൂട്ടത്തിൽ
ഒരു താറാവിന്റെ മുട്ടയും ഉണ്ടായിരുന്നു. യഥാസമയം എല്ലാ മുട്ടകളും വിരിഞ്ഞ് കുഞ്ഞുങ്ങൾ
പുറത്തിറങ്ങി. അമ്മയുടെ കൂടെ
എല്ലായിടത്തും ചിക്കിച്ചികഞ്ഞ്
താറാവിൻ കുഞ്ഞും നടന്നു. ഒരു
ദിവസം അമ്മയും കുഞ്ഞുങ്ങളും
ഒരു തോടിനരികിലെത്തി. ആരെയും ഗൗനിക്കാതെ താറാവിൻകുഞ്ഞ് വെള്ളത്തിലേക്കിറങ്ങി. പരിഭാന്തയായ തള്ളക്കോഴി അപായ സൂചനയെന്നപോലെ കൊക്കാൻ തുടങ്ങി. താറാവിൻകുഞ്ഞ് മറുപടി പറഞ്ഞു. ഞാൻ എന്റെ ലോകത്തേക്ക് ഇറങ്ങിയിരിക്കുന്നു. നിങ്ങൾ ആകുലപ്പെടുന്നത് എന്റെ തെറ്റല്ല.

സ്വന്തമായ ചുറ്റുപാടുകൾ ഉള്ളവരാണ് ഓരോരുത്തരും. അവരുടെ സ്ഥലത്തെയും സഞ്ചാരത്തെയും ബഹുമാനിക്കണം. തങ്ങളുടെ മൂശയ്ക്കകത്തു രൂപപ്പെടുത്തി എടുക്കേണ്ട വിഗ്രഹങ്ങാളാണ് മക്കൾ എന്നുള്ള ചിന്ത മാതാപിതാക്കൾ ഉപേക്ഷിക്കണം. തലമുറ മാറുന്നതനുസരിച്ച് തനിമയിലും താൽപര്യങ്ങളിലും മാറ്റം വരും.. നിന്റെ പ്രായത്തിലെ ഞാൻ എന്ന പ്രയോഗം ജീർണിച്ചതാണ്.

തിരിച്ചറിയണം മക്കളെയെങ്കിലും. ഏറ്റവും വലിയ അറിവ് തിരിച്ചറിവാണ്. ഒരേ മനസ്സുണ്ടാകുന്നതിനേക്കാൾ ആവശ്യം മറ്റു മനസ്സുകളെ മനസ്സിലാക്കാനുള്ള കഴിവാണ്.
ഒരാളെ ബഹുമാനിക്കാനുള്ള
ഏറ്റവും എളുപ്പമാർഗം അയാളുടെ ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും തിരിച്ചറിയുകയാണ്.
തിരിച്ചറിവ് ഉള്ളിടത്ത് നെറികേട്
ഉണ്ടാകില്ല.
വളർത്തണമെന്നില്ല, വളരാൻ
അനുവദിച്ചാൽ മതി. കൂട്ടിലിട്ടു
വളർത്തുന്ന ഒരു പക്ഷിയുടെ ചിറകിനും ബലമുണ്ടാകില്ല. തുറന്നു
വിട്ടാൽ അത് സ്വയം യാത്ര ചെയ്യും ഏഴാം കടലിനക്കരെവരെ.

August 15, 2018

ശ്രേഷ്ഠമായ പ്രാർത്ഥന....🙏 ..


ശിഷ്യൻ ഗുരുവിനോടു ചോദിച്ചു: “പ്രാർഥനമൂലം
ദൈവം മനുഷ്യന്റെ
അടുത്തു വരുമോ?
അദ്ദേഹം മറുചോദ്യം ചോദിച്ചു: “നിന്റെ പ്രാർഥനകൊണ്ടു
നാളെ സൂര്യൻ ഉദിക്കുമോ?'' ശിഷ്യൻ പെട്ടെന്നുതന്നെ മറുപടി നൽകി: “ഇല്ല, സൂര്യനുദിക്കുന്നതു പ്രപഞ്ചനിയമമനുസരിച്ചാണ്''. ഗുരു പറഞ്ഞു:
“ദൈവം നമ്മുടെ കൂടെയുണ്ട്;
നമ്മുടെ പ്രാർഥന കണക്കിലെടുക്കാതെതന്നെ”. ശിഷ്യൻ ഞെട്ടലോടെ ചോദിച്ചു: ""അപ്പോൾ
പ്രാർഥന നിഷ്ഫലമാണോ?''
ഗുരു ഇങ്ങനെ അവസാനിപ്പിച്ചു:
"നീ വേണ്ട സമയത്ത് ഉണർന്നില്ലെങ്കിൽ സൂര്യോദയം കാണില്ല.
അതുപോലെ, പ്രാർഥിക്കുന്നില്ലെങ്കിൽ ഈശ്വരസാന്നിധ്യം അറിയാനാകില്ല''.
ഈശ്വരനെ ഉണർത്തേണ്ട
ആവശ്യമില്ല. പ്രപഞ്ചതാളത്തിൽ
ഈശ്വരനുണ്ട്. കണ്ടെത്താതെ
പോകുന്നതു മനുഷ്യൻ ഉറങ്ങുന്നതുകൊണ്ടാകാം. കണ്ണടച്ചിരിക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന അത്ഭുത പ്രതിഭാസമായി എന്തിനാണു
ദൈവത്തെ വ്യാഖ്യാനിക്കുന്നത്? തൊട്ടടുത്തിരിക്കുന്ന സഹോദരനെ കാണാൻ വേണ്ടി കണ്ണുതുറക്കാതെ
ദൈവത്തെ കാണാൻ
കണ്ണടച്ചിട്ട് എന്തു പ്രയോജനം? അകലങ്ങളിൽ ഉള്ളവരെയാണു വിളിച്ചുവരുത്തേണ്ടത്.
അടുത്തിരിക്കുന്നവനെ അടുത്തറിഞ്ഞാൽ ഈശ്വരൻ അകലില്ല.
മറ്റെവിടെയെങ്കിലും അന്വേഷിച്ചു
നടക്കുന്നതിലും നല്ലത് അവനവന്റെയുള്ളിലെ ഈശ്വര ചൈതന്യത്തെ തിരിച്ചറിയുന്നതല്ലേ?
കാണുന്നവയിലെല്ലാം ഈശ്വരനെ ദർശിക്കാനുള്ള കഴിവും കരുത്തും നൽകണേ എന്നതാകട്ടെ പ്രാർത്ഥന. മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും ഈശ്വരനാകാൻ പ്രാർത്ഥിക്കണം. പ്രാർത്ഥനകൾ
ഫലദായകമാകുന്നത് അനുഗ്രഹങ്ങൾ വാരിക്കൂട്ടുമ്പോഴല്ല; സ്വയം അനുഗ്രഹമായി മാറുമ്പോഴാണ്. പ്രാർത്ഥിക്കുന്നതിലും ശ്രേഷ്ഠമാണു മറ്റുള്ളവരുടെ പ്രാർഥനകളിൽ നമുക്കൊരു സ്ഥാനമുണ്ടാവുക എന്നത്.
_________________________________________
Yes! #IamTheChange

August 10, 2018

കർമനിരതരാവുക...


സന്ധ്യാ സമയത്ത് ഒരു കടക്കാരൻ കടയടച്ച് പോകാൻ നിൽക്കുമ്പോൾ ഒരു നായ ഒരു സഞ്ചിയും കടിച്ച്പിടിച്ച് കടയിലേക്ക് കയറി വന്നു.
നോക്കിയപ്പോൾ സഞ്ചിയിൽ വാങ്ങേണ്ട സാധനങ്ങളുടെ ലീസ്റ്റും പൈസയും ഉണ്ടായിരുന്നു.
കടക്കാരൻ പൈസയെടുത്ത് സാധനങ്ങൾ സഞ്ചിയിൽ ഇട്ടുകൊടുത്തു.
നായ സഞ്ചി കടിച്ച്പിടിച്ച് നടന്നു പോയി.
കടക്കാരൻ ആശ്ചര്യചകിതനായി... ഇത്രയും ബുദ്ധിമാനായ ഈ നായയുടെ യജമാനൻ ആരാണെന്ന് അറിയാൻ ആഗ്രഹിച്ചു.
അയാൾ കടയടച്ച് അതിൻ്റെ പിന്നാലെ പോയി. നായ അടുത്തുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുന്നുണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു ബസ് വന്നുനിന്നു നായ അതിൽ കയറി.
കണ്ടക്ടറുടെ അടുത്തെത്തിയപ്പോൾ കഴുത്ത് നീട്ടി കാണിച്ചു, കഴുത്തിലെ ബൽറ്റിൽ അട്രസ്സും പൈസയും ഉണ്ടായിരുന്നു. കണ്ടക്ടർ ബാക്കി പൈസയും ടിക്കറ്റും ബൽറ്റിൽ തന്നെ തിരുകിവച്ചു.
തൻ്റെ സ്റ്റോപ്പ് അടുത്തപ്പോൾ നായ മുന്നിലെ വാതിലിൻ്റെ അടുത്തേക്കു നടന്നു. വാലാട്ടികൊണ്ട് തനിക്കിറങ്ങണമെന്ന് കാണിച്ചു, ബസ് നിൽക്കുന്നതിനോടൊപ്പം തന്നെ നായ ഇറങ്ങി നടന്നു.
കടക്കാരനും പിന്നാലെ.. നടന്നു.
വീട്ടിലെത്തിയ നായ മുൻകാലുകൾ കൊണ്ട് വാതിലിൽ 2..3... പ്രാവശ്യം തട്ടി.
അപ്പോൾ വാതിൽ തുറന്ന് യജമാനൻ വന്നു. കൈയ്യിലെ വടികൊണ്ട് പൊതിരെ തല്ലി.
കടക്കാരൻ അദ്ദേഹത്തോട് എന്തിനാണ് അതിനെ തല്ലിയതെന്ന് ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു.... 
കഴുത എൻ്റെ ഉറക്കം കെടുത്തി. വാതിലിൻ്റെ താക്കോൽ കൂടെ കൊണ്ടുപോകാമായിരുന്നില്ലെ..?
_________________________________________
ജീവിത്തിന്റ്റെയും  സത്യാവസ്ഥ ഇതു തന്നെയാണ്..
നമ്മൾ ഓരോരുത്തരിലുമുള്ള ആളുകളുടെ പ്രതീക്ഷ അവസാനമില്ലാത്തതാണ്.
ഒരു ചുവട് പിഴച്ചാൽ നമ്മൾ കുറ്റക്കാരായി
അതുവരെ നമ്മൾ ചെയ്ത നന്മയും, നല്ലകാര്യങ്ങളും സൗകര്യപൂർവ്വം മറന്നുകളയും.
അതുകൊണ്ട്, കർമനിരതരാവുക...നല്ലകാര്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കുക .
ആരേയും ബോധ്യപ്പെടുത്താൻ ശ്രമിക്കാതിരിക്കുക ആളുകൾ ഒരിക്കലും നമ്മളിൽ സന്തുഷ്ടരാവുകയില്ല.
___________________
.


OYM , ( Yes, !m the CHANGE)