വിരിയാൻ വച്ചിരിക്കുന്ന കോഴിമുട്ടുകളുടെ കൂട്ടത്തിൽ
ഒരു താറാവിന്റെ മുട്ടയും ഉണ്ടായിരുന്നു. യഥാസമയം എല്ലാ മുട്ടകളും വിരിഞ്ഞ് കുഞ്ഞുങ്ങൾ
പുറത്തിറങ്ങി. അമ്മയുടെ കൂടെ
എല്ലായിടത്തും ചിക്കിച്ചികഞ്ഞ്
താറാവിൻ കുഞ്ഞും നടന്നു. ഒരു
ദിവസം അമ്മയും കുഞ്ഞുങ്ങളും
ഒരു തോടിനരികിലെത്തി. ആരെയും ഗൗനിക്കാതെ താറാവിൻകുഞ്ഞ് വെള്ളത്തിലേക്കിറങ്ങി. പരിഭാന്തയായ തള്ളക്കോഴി അപായ സൂചനയെന്നപോലെ കൊക്കാൻ തുടങ്ങി. താറാവിൻകുഞ്ഞ് മറുപടി പറഞ്ഞു. ഞാൻ എന്റെ ലോകത്തേക്ക് ഇറങ്ങിയിരിക്കുന്നു. നിങ്ങൾ ആകുലപ്പെടുന്നത് എന്റെ തെറ്റല്ല.
സ്വന്തമായ ചുറ്റുപാടുകൾ ഉള്ളവരാണ് ഓരോരുത്തരും. അവരുടെ സ്ഥലത്തെയും സഞ്ചാരത്തെയും ബഹുമാനിക്കണം. തങ്ങളുടെ മൂശയ്ക്കകത്തു രൂപപ്പെടുത്തി എടുക്കേണ്ട വിഗ്രഹങ്ങാളാണ് മക്കൾ എന്നുള്ള ചിന്ത മാതാപിതാക്കൾ ഉപേക്ഷിക്കണം. തലമുറ മാറുന്നതനുസരിച്ച് തനിമയിലും താൽപര്യങ്ങളിലും മാറ്റം വരും.. നിന്റെ പ്രായത്തിലെ ഞാൻ എന്ന പ്രയോഗം ജീർണിച്ചതാണ്.
തിരിച്ചറിയണം മക്കളെയെങ്കിലും. ഏറ്റവും വലിയ അറിവ് തിരിച്ചറിവാണ്. ഒരേ മനസ്സുണ്ടാകുന്നതിനേക്കാൾ ആവശ്യം മറ്റു മനസ്സുകളെ മനസ്സിലാക്കാനുള്ള കഴിവാണ്.
ഒരാളെ ബഹുമാനിക്കാനുള്ള
ഏറ്റവും എളുപ്പമാർഗം അയാളുടെ ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും തിരിച്ചറിയുകയാണ്.
തിരിച്ചറിവ് ഉള്ളിടത്ത് നെറികേട്
ഉണ്ടാകില്ല.
വളർത്തണമെന്നില്ല, വളരാൻ
അനുവദിച്ചാൽ മതി. കൂട്ടിലിട്ടു
വളർത്തുന്ന ഒരു പക്ഷിയുടെ ചിറകിനും ബലമുണ്ടാകില്ല. തുറന്നു
വിട്ടാൽ അത് സ്വയം യാത്ര ചെയ്യും ഏഴാം കടലിനക്കരെവരെ.
No comments:
Post a Comment