ശിഷ്യൻ ഗുരുവിനോടു ചോദിച്ചു: “പ്രാർഥനമൂലം
ദൈവം മനുഷ്യന്റെ
അടുത്തു വരുമോ?
അദ്ദേഹം മറുചോദ്യം ചോദിച്ചു: “നിന്റെ പ്രാർഥനകൊണ്ടു
നാളെ സൂര്യൻ ഉദിക്കുമോ?'' ശിഷ്യൻ പെട്ടെന്നുതന്നെ മറുപടി നൽകി: “ഇല്ല, സൂര്യനുദിക്കുന്നതു പ്രപഞ്ചനിയമമനുസരിച്ചാണ്''. ഗുരു പറഞ്ഞു:
“ദൈവം നമ്മുടെ കൂടെയുണ്ട്;
നമ്മുടെ പ്രാർഥന കണക്കിലെടുക്കാതെതന്നെ”. ശിഷ്യൻ ഞെട്ടലോടെ ചോദിച്ചു: ""അപ്പോൾ
പ്രാർഥന നിഷ്ഫലമാണോ?''
ഗുരു ഇങ്ങനെ അവസാനിപ്പിച്ചു:
"നീ വേണ്ട സമയത്ത് ഉണർന്നില്ലെങ്കിൽ സൂര്യോദയം കാണില്ല.
അതുപോലെ, പ്രാർഥിക്കുന്നില്ലെങ്കിൽ ഈശ്വരസാന്നിധ്യം അറിയാനാകില്ല''.
ഈശ്വരനെ ഉണർത്തേണ്ട
ആവശ്യമില്ല. പ്രപഞ്ചതാളത്തിൽ
ഈശ്വരനുണ്ട്. കണ്ടെത്താതെ
പോകുന്നതു മനുഷ്യൻ ഉറങ്ങുന്നതുകൊണ്ടാകാം. കണ്ണടച്ചിരിക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന അത്ഭുത പ്രതിഭാസമായി എന്തിനാണു
ദൈവത്തെ വ്യാഖ്യാനിക്കുന്നത്? തൊട്ടടുത്തിരിക്കുന്ന സഹോദരനെ കാണാൻ വേണ്ടി കണ്ണുതുറക്കാതെ
ദൈവത്തെ കാണാൻ
കണ്ണടച്ചിട്ട് എന്തു പ്രയോജനം? അകലങ്ങളിൽ ഉള്ളവരെയാണു വിളിച്ചുവരുത്തേണ്ടത്.
അടുത്തിരിക്കുന്നവനെ അടുത്തറിഞ്ഞാൽ ഈശ്വരൻ അകലില്ല.
മറ്റെവിടെയെങ്കിലും അന്വേഷിച്ചു
നടക്കുന്നതിലും നല്ലത് അവനവന്റെയുള്ളിലെ ഈശ്വര ചൈതന്യത്തെ തിരിച്ചറിയുന്നതല്ലേ?
കാണുന്നവയിലെല്ലാം ഈശ്വരനെ ദർശിക്കാനുള്ള കഴിവും കരുത്തും നൽകണേ എന്നതാകട്ടെ പ്രാർത്ഥന. മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും ഈശ്വരനാകാൻ പ്രാർത്ഥിക്കണം. പ്രാർത്ഥനകൾ
ഫലദായകമാകുന്നത് അനുഗ്രഹങ്ങൾ വാരിക്കൂട്ടുമ്പോഴല്ല; സ്വയം അനുഗ്രഹമായി മാറുമ്പോഴാണ്. പ്രാർത്ഥിക്കുന്നതിലും ശ്രേഷ്ഠമാണു മറ്റുള്ളവരുടെ പ്രാർഥനകളിൽ നമുക്കൊരു സ്ഥാനമുണ്ടാവുക എന്നത്.
_________________________________________
Yes! #IamTheChange
No comments:
Post a Comment