സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

June 16, 2019

നിങ്ങളുടെ സുരക്ഷിതത്വം..🔏


 സുരക്ഷിതത്വബോധത്തെക്കുറിച്ചു അമിതമായി ഉൽക്കണ്ഠപ്പെടുന്നവനാണ് ആധുനിക മനുഷ്യൻ . ഒരു ശരാശരി മനുഷ്യനെന്ന നിലയിൽ നമ്മൾ ആ കൂട്ടത്തിൽപ്പെടുമോ എന്ന് എനിക്കറിയില്ല . സാമ്പത്തിക സുരക്ഷിതത്വമാണ് ആധുനിക മനുഷ്യനെ അലട്ടുന്ന പ്രധാന പ്രശ്നം . സ്വന്തമായൊരു വീട് , ഒരു കൊച്ചു കുടുംബം , അവർക്കാവശ്യമുള്ള ഭക്ഷണം ,  - ഇതൊക്കെ ഉണ്ടെങ്കിൽ നമ്മൾ സുരക്ഷിതനാണോ ? ഇതൊക്കെ ഉണ്ടായിട്ടും ഉള്ളതു പോരാ എന്ന പരാതിയോടെ കൂടുതൽ നേടാൻ വേണ്ടി പരക്കം പായുകയാണ്. സ്വന്തമായൊരു വീടും ജീവിക്കാനാവശ്യമായ ചുറ്റുപാടുകളുമുണ്ടെങ്കിൽ സംതൃപ്തിയോടെ , സമാധാനത്തോടെ നിങ്ങൾക്ക് ഉറങ്ങാനാവുമെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ് . നാളെയെക്കുറിച്ചോർത്ത് അമിതമായി ആധി പിടിക്കാതിരുന്നാൽ മതി . . എന്നാലും നമ്മളെയൊക്കെ അലോസരപ്പെടുത്തുന്ന അനവധി കാരണങ്ങൾ ഈ ജീവിതത്തിലുണ്ട് . മോഹഭംഗങ്ങൾ , രോഗങ്ങൾ , ഉറ്റവരുടെ മരണം തുടങ്ങി അനവധി കാരണങ്ങൾ . ഇവയൊക്കെ ഉചിതമായ രീതിയിൽ നേരിടാൻ നിങ്ങൾക്കു കഴിഞ്ഞാൽ നിങ്ങളുടെ സന്തോഷവും സമാധാനവും ഒരു പരിധിവരെ പിടിച്ചു നിർത്താനാവും . ലക്ഷ്യബോധവും വിശ്വാസങ്ങളുമാണ് ഒരു വ്യക്തിയുടെ ജീവിത വീക്ഷണത്തെ രൂപപ്പെടുത്തുന്നത് . ജീവിതത്തിനൊരു ലക്ഷ്യമുണ്ടായിരിക്കണം . ലക്ഷ്യമുണ്ടെങ്കിൽ , ആ ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ നീങ്ങുവാനുള്ള മനസ്സുണ്ടെങ്കിൽ സന്തോഷം എപ്പോളും കൂടെയുണ്ടാകും . വഴിയിലുണ്ടാകുന്ന മോഹഭംഗങ്ങൾ , മാർഗ്ഗതടസ്സങ്ങൾ , പരാജയങ്ങൾ നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം .


 ക്രിസ്തുവിന്റെയും ബുദ്ധന്റേയും നബിയുടേയും കൃഷ്ണന്റെയുമൊക്കെ പുറകെ ജനം കൂടിയത് അവരുടെ ഉപദേശങ്ങളിലും ജീവിതത്തിലും ആകൃഷ്ടരായിട്ടാണെങ്കിൽ ആധുനിക "ദൈവ''ങ്ങളുടെ പുറകെ പോകുന്നത് അവയുടെ  സമ്പത്ത് കണ്ട് അന്ധത ബാധിക്കുന്നതു കൊണ്ടാണെന്നത് ഒരു യാഥാർത്ഥ്യമാണ് . പണത്തിന്റെ ഒഴുക്ക് കാണുന്നിടത്ത് ജനം കൂടുന്നു . ജന്മം നൽകിയ വിശ്വാസങ്ങൾ പോലും അവർ ഉപേക്ഷിക്കുന്നു . 

- ഇങ്ങനെ സമ്പത്തിന്റെ പുറകെ സന്തോഷം തേടിപ്പോകുന്ന ഒരാളാണു നിങ്ങളങ്കിൽ ജീവിതത്തിലൊരിക്കലും നിങ്ങൾക്ക് അതു ലഭിക്കില്ല . മോഹഭംഗങ്ങിൽപ്പെട്ട് നിരാശനായി മരിക്കേണ്ടിയും വരും . സ്വന്തം ജീവിതത്തിൽ നിന്നു പഠിച്ച വിശ്വാസങ്ങളെക്കാൾ സമൂഹം നിങ്ങളിൽ അടിച്ചേൽപ്പിച്ച വിശ്വാസങ്ങളാവാം നിങ്ങളെ ഭരിക്കുന്നത് ശരിയാവാം , തെറ്റാവാം . പക്ഷെ നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളെ സംബന്ധിച്ചിടത്തോളം ശരിയാണ് . ഒരു പക്ഷെ കൂടുതൽ പഠിക്കുന്തോറും കാലം മുന്നോട്ടു പോകുമ്പോൾ നിങ്ങളുടെ വിശ്വാസങ്ങൾക്കു മാറ്റം സംഭവിച്ചേക്കാം . 

“ വിശ്വാസമല്ലേ , വിളക്ക് മനുഷ്യന് . . . . ” 

എന്നു തുടങ്ങുന്ന ഒരു കവിത മലയാളത്തിലുണ്ട് . ഒരാളുടെ വിളക്ക് അയാളുടെ വിശ്വാസങ്ങളാണ് . ആ വിളക്ക് അണഞ്ഞാൽ അയാൾ അന്ധകാരത്തിലാകും . പിന്നെ വെളിച്ചം കിട്ടണമെങ്കിൽ പുതിയ വിശ്വാസങ്ങൾ കൊണ്ടുള്ള ദീപം തെളിയണം . കൈയിലുള്ള വിളക്ക് കെടാതെ സൂക്ഷിക്കാനും കെട്ടു പോയാൽ പുതിയത് കൊളുത്താനും നിങ്ങൾക്ക് അവകാശമുണ്ട് . വിശ്വാസ സമരങ്ങളുടെ കാലമാണിത് . ഈ വിശ്വാസ സമരങ്ങൾ യുദ്ധങ്ങൾളായി മാറുന്ന ഭീകരമായ കാഴ്ച നാം കാണുന്നു . നിങ്ങളുടെ സുരക്ഷിതത്വം ആരോ ഉണ്ടാക്കി കാത്തു സൂക്ഷിച്ചിട്ടുള്ള ബോംബുകളിലും ജൈവായുധങ്ങളിലും കുടുങ്ങിക്കിടക്കുന്നു . ഇവിടെ നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളെ രക്ഷിക്കുന്നില്ല . നിങ്ങളുടേയും എന്റേയും തലയ്ക്കുമുകളിലൂടെ പറക്കുന്ന ഏതെങ്കിലും വിമാനത്തിൽ നിന്ന് എപ്പോഴാണ് ഒരു ബോംബു വീണു നമ്മുടെ വിശ്വാസങ്ങളേയും സ്വപ്നങ്ങളേയും തകർക്കുക എന്ന് നമുക്കറിയില്ല . ഈ ദുരന്ത പ്രതീക്ഷയിൽ സന്തോഷത്തോടെ , സമാധാനത്തോടെ എങ്ങനെയാണ് നിങ്ങൾക്ക് ഉറങ്ങാൻ കഴിയുക ? 

" Slow and steady wins the race ” 
എന്നു കേട്ടിട്ടില്ലേ ? സാവധാനത്തിൽ ഉറച്ച മനസ്സോടെ , ഉറച്ച കാൽവെപ്പുകളോടെ ലക്ഷ്യത്തിലേക്ക് മുന്നോട്ടു നീങ്ങുക . വേഗത നല്ലതാണ് . എന്നാൽ അമിതമായ വേഗത ചിന്തിക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തുന്നു . ചിന്തിക്കാതെ മുന്നേറിയാൽ പരാജയ ശതമാനവും കൂടും . ലക്ഷ്യത്തിൽ നിന്നു നിങ്ങളെ പിന്തിരിപ്പിക്കാൻ ചിലപ്പോൾ നിങ്ങളുടെ അടുത്ത ആളുകൾ പോലും ശ്രമിച്ചെന്നു വരും . എന്നാൽ നിങ്ങളുടെ മനസ്സുറച്ചതാണെങ്കിൽ എതിർക്കുന്നവരൊക്കെ അനുകൂലമാകും . നല്ല സുഹൃദ്ബന്ധങ്ങൾ സുരക്ഷിതത്വബോധം ഉണ്ടാക്കും .  

  വിശ്വാസങ്ങളെക്കുറിച്ചു മുമ്പൊരിക്കൽ പറഞ്ഞിരുന്നു . നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങൾക്ക് സന്തോഷവും സമാധാനവും സുരക്ഷിതത്വവും നൽകുന്നു . നിങ്ങളുടെ വിശ്വാസങ്ങൾ ശരിയാണെന്നു നിങ്ങൾ വിശ്വസിക്കുന്നു . അതങ്ങനെ തന്നെയാവണം . തെറ്റാണെന്നു ബോധ്യമുള്ള വിശ്വാസങ്ങൾ എങ്ങനെയാണു നിങ്ങൾക്കു വെളിച്ചം നൽകുന്നത് ? വെളിച്ചം നൽകാത്ത വിശ്വാസങ്ങളെ തിരസ്കരിക്കാനും ശരിയാണെന്നു തോന്നുന്നവ സ്വീകരിക്കാനും നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ട് . പക്ഷെ ആധുനിക മനുഷ്യന് മറ്റേതിന്റെ കാര്യത്തിലെന്നപോലെ വിശ്വാസങ്ങളുടെ കാര്യത്തിലും സ്ഥിരതയില്ല . ഇവിടെ മനുഷ്യ ദൈവങ്ങൾ കൂടി വരുന്നതിന്റെ കാരണവും അതാണ് . 

  "നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കുക . അന്യരെ പീഢിപ്പിക്കുന്നത് പാപവും സ്നേഹിക്കുന്നത് പുണ്യവുമാ മെന്ന് നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക ."
 അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്ന് ഗുണത്തിനായി വരേണം ' എന്ന് കുട്ടികളുടെ മനസ്സുകൾ ഉരുവിട്ടു പഠിക്കട്ടെ . നാളത്തെ തലമുറയുടെ സ്നേഹം നിറഞ്ഞ മനസ്സുകളിലാണ് നിങ്ങളുടേയും അവരുടേയും സുരക്ഷിതത്വം സ്ഥിതി ചെയ്യുന്നത് . ഈ തലമുറ വിതച്ച വിദ്വേഷവും പ്രതികാരവും അവർ തന്നെ കൊയ്ത് തീർക്കട്ടെ . അടുത്ത തലമുറ സ്നേഹം വിതയ്ക്കണമെങ്കിൽ നിങ്ങൾ അവരുടെ കൈയിൽ സ്നേഹത്തിന്റെ വിത്തുകൾ കൊടുക്കുക . 
ഇനിയുള്ള ജീവിത കാലമെങ്കിലും നിങ്ങളും സ്നേഹ വിത്തുകൾ വിതയ്ക്കുക .
.







June 09, 2019

പങ്കുവെക്കലാകാം നമ്മുടെ ജീവിതം


ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും സമാധാനവും ഉണ്ടാകുന്നതിനുള്ള ഏറ്റവും നല്ല വഴി ജീവിതം മറ്റുള്ളവരുമായി പങ്കുവെയ്ക്കുകയെന്നതാണ്.  നമ്മൾ നമ്മൾക്ക് വേണ്ടിയാണല്ലോ ജീവിക്കുന്നത് . നമ്മൾക്ക് വേണ്ടി എന്നു പറഞ്ഞാൽ കുടുംബാംഗങ്ങൾക്കു വേണ്ടിക്കൂടിയും . ജീവിതം എന്നു പറഞ്ഞാൽ ഒറ്റയ്ക്കല്ല . ഒറ്റയ്ക്കാകണമെങ്കിൽ സന്യാസം സ്വീകരിച്ചു വീടുവിട്ടിറങ്ങണം . എന്നാലും പണ്ടത്തെ സന്യാസികളെപ്പോലെ ആധുനിക കാലത്തെ സന്യാസികൾ കുടുംബ ബന്ധങ്ങൾ പൂർണ്ണമായും മുറിച്ചു മാറ്റുന്നില്ല . - നമ്മൾ നമ്മുടെ കുടുംബാംഗങ്ങൾക്കു വേണ്ടി മാത്രം ജീവിക്കുന്നതുകൊണ്ട് ജീവിതം ഭാഗീകമായ പങ്കുവയ്ക്കുന്നുള്ളൂ . നമ്മുടെ കുടുംബാംഗങ്ങൾ നമ്മുടെ ശരീരത്തിന്റെ ഭാഗമാണ് . അവർക്കു വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്യുമ്പോൾ അതു നമ്മൾക്ക് വേണ്ടി തന്നെയാണ് ചെയ്യുന്നത് . അതുകൊണ്ട് സ്വന്തം കുടുംബാംഗങ്ങൾക്കു വേണ്ടിയുള്ള ജീവിതം ഒരു ത്യാഗമോ ചാരിറ്റിയൊ അല്ല . നമ്മൾ നമ്മളെ സ്നേഹിക്കുന്നതുകൊണ്ടാണ് നമ്മളുടെ രക്തബന്ധത്തിൽപ്പെട്ടവരെക്കൂടി സ്നേഹിക്കുന്നത് , അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ നമ്മൾക്ക് സന്തോഷവും സംതൃപ്തിയും ലഭിക്കുന്നു . വാസ്തവത്തിൽ നമ്മളുടെ ജീവിതം ഇവിടെ പങ്കു വയ്ക്കുകയല്ലെ ചെയ്യുന്നത് ?. എന്നാൽ യഥാർത്ഥത്തിൽ പങ്കുവെക്കൽ എന്നതുകൊണ്ടുദ്ദേശിക്കുന്നത് അന്യർക്കു വേണ്ടി , നമ്മുടെ ബന്ധത്തിൽപ്പെടാത്തവർക്കു വേണ്ടി എന്തെങ്കിലും നന്മ ചെയ്യുമ്പോഴാണ് . അന്യർക്കു വേണ്ടി നമ്മുടെ ജീവിതത്തിന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം ചെലവഴിക്കുമ്പോൾ കിട്ടുന്ന സന്തോഷം , സംതൃപ്തി ഒന്നുവേറെ തന്നെയാണ് . ഇവിടെ നമ്മൾ സ്വയം മറക്കണം . നമുടെ ജീവിതം , നമ്മുടെ പ്രശ്നങ്ങൾ എല്ലാം മറക്കുക . അന്യരുടെ പ്രശ്നങ്ങളെക്കുറിച്ച് , അന്യരുടെ വേദനകളെക്കുറിച്ച് ഓർക്കുകയും അവരെ സഹായിക്കുവാൻ തയ്യാറാവുകയും ചെയ്യണം . എന്നാൽ മാത്രമേ ജീവിതം പങ്കുവെക്കുക എന്ന ലക്ഷ്യം പൂർണ്ണമാകുന്നുള്ളൂ . അതിൽ നിന്നു ലഭിക്കുന്ന സന്തോഷവും സമാധാനവും ഒന്നു വേറെ തന്നെയാണ് . അതൊന്ന് അനുഭവിച്ചു നോക്കുമ്പോഴേ അതിന്റെ സംതൃപ്തി മനസ്സിലാകുകയുള്ളൂ . 

- പ്രതിഫലം വാങ്ങിച്ചുകൊണ്ട് മറ്റുള്ളവർക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നത് ജീവിതം പങ്കുവെയ്ക്കലല്ല . വില്പനയാണ് അവിടെ നടക്കുന്നത് . അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു എന്നൊക്കെ ഡോക്ടറായി സേവനമനുഷ്ഠിച്ചു എന്നൊക്കെ നമ്മൾ ദിനംപ്രതി കേൾക്കുന്നത് അല്ലേ . സേവനം എന്നത് പ്രതിഫലം വാങ്ങാതെ ചെയ്യുന്ന ഒന്നാണ് . അദ്ധ്യാപകനും ഡോക്ടറും കളക്ടറും മന്ത്രിയുമൊക്കെ ഇന്ന് പ്രതിഫലം വാങ്ങിയാണ് ജോലി ചെയ്യുന്നത് . പ്രതിഫലം വാങ്ങി ചെയ്യുന്ന ജോലി സേവനമല്ല . വില്പനയാണ് . നമ്മളുടെ സമയവും അദ്ധ്വാനവും വില്ക്കുന്നു . 
തിരുവനന്തപുരത്ത്‌ ഒരു അനാഥ മന്ദിരത്തിൽ സമയം ചിലവഴിച്ചപ്പോൾ  ഞാൻ കണ്ടത് അവിടെ ഉള്ള കുട്ടികളെ എങ്ങനെയെങ്കിലും പഠിപ്പിക്കുക , പരീക്ഷയിൽ ജയിപ്പിക്കുക എന്നതായിരുന്നു ആ കന്യാസ്ത്രീ അദ്ധ്യാപികമാരുടെ ലക്ഷ്യം . അതിനുവേണ്ടി അവർ സ്കൂൾ സമയം കഴിഞ്ഞാലും രാവിലെയുമൊക്കെ സ്പെഷ്യൽ ക്ലാസുകൾ വച്ച് പഠിപ്പിക്കുമായിരുന്നു . ഇന്ന് അത്തരമൊരു ട്യൂഷൻ ക്ലാസിനെക്കുറിച്ചു ചിന്തിക്കാൻ പോലും പറ്റില്ല . ട്യൂഷൻ എടുത്താൽ ഫീസു വേണം . വാങ്ങിക്കുന്ന ശമ്പളത്തിനു പകരമുള്ള സമയവും അദ്ധ്വാനവും ഇന്ന് ജോലിയെടുക്കുന്നവർ നല്കുന്നതില്ലെന്നു നമുക്കറിയാം . പ്രത്യേകിച്ച് സർക്കാർ ജോലിക്കാർ . ഇവരൊക്കെ സേവനമനുഷ്ഠിക്കുന്നു എന്നാണ് പൊതുവെ സംസാരം . പ്രതിഫലം വാങ്ങിക്കാതെ , പകരം മറ്റൊന്നും ഇച്ഛിക്കാതെ അന്യനു വേണ്ടി ചെയ്യുന്ന നന്മയാണ് ജീവിതം പങ്കുവെയ്ക്കൽ എന്നുകൊണ്ടുദ്ദേശിക്കുന്നത് . അതിൽ നിന്നും ലഭിക്കുന്ന സന്തോഷം അഥവാ സംതൃപ്തി ഒന്നനുഭവിച്ചു നോക്കു . ഇടയ്ക്കൊക്കെ നമ്മുടെ പ്രശ്നങ്ങളും മറ്റും ഒന്നു മാറ്റിവച്ചിട്ട് മറ്റുള്ളവരുടെ പ്രശ്നങ്ങളെക്കുറിച്ചും , വേദനകളെക്കുറിച്ചും ചിന്തിക്കുവാൻ അൽപ സമയം കണ്ടെത്തുക . അവർക്കു വേണ്ടി എന്തെങ്കിലുമൊന്നു ചെയ്യുവാൻ കഴിയുമോ എന്നു നോക്കുക . നമ്മുടെ ടെൻഷനൊക്കെ കുറയുന്നതായും പ്രത്യേകമൊരു സംതൃപ്തിയും സമാധാനവും കൈവരിക്കുന്നതായും അനുഭവപ്പെടും .






June 02, 2019

നമ്മുടെ പ്രവൃത്തിയാണ് നമ്മുടെ പ്രാർത്ഥന.


മുഹമ്മദ് നബിയുടെ അടുത്ത് ഒരു അനുയായി ഒരിക്കൽ മറ്റൊരാളുടെ കുറ്റവുമായി എത്തി . “ പ്രഭോ , അവൻ നിയമമനുസരിച്ചു എല്ലാ സമയവും പ്രാർത്ഥിക്കുന്നില്ല . ജോലിത്തിരക്കുമൂലം പ്രാർത്ഥിക്കാൻ സമയം കിട്ടുന്നില്ല പോലും . ”

 “ നല്ലത് , അവൻ എന്തിനാണു ജോലിചെയ്യുന്നത് , ”
 “ അവൻ അവന്റെ കുടുംബത്തേയും മരിച്ചു പോയ ജ്യേഷ്ഠ സഹോദരന്റെ കുടുംബത്തേയും പോറ്റാനാണ് പണിയെടുക്കുന്നത് . ” 
ഇതുകേട്ട മുഹമ്മദ് നബി പറഞ്ഞത് ഇപ്രകാരമാണ് : “അല്ലാഹുവിനു പ്രിയപ്പെട്ടവനാണ് അവൻ . അവനാണ് യഥാർത്ഥത്തിൽ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് .”

 - ചെയ്യുന്ന പ്രവർത്തിയുടെ ഫലമാണ് യഥാർത്ഥത്തിൽ മഹത്തായ പ്രാർത്ഥനയെന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു മുഹമ്മദ് നബി . .
 പ്രവർത്തിയുടെ ഉദ്ദേശം ശ്രേഷ്ഠമാണെങ്കിൽ അതുതന്നെയല്ലെ പ്രാർത്ഥന . ചെയ്യേണ്ടുന്ന ജോലി എന്തു തന്നെയായാലും അതിൽ അഭിമാനവും അന്തസും തോന്നണം . ജോലി പ്രാർത്ഥനയ്ക്ക് തുല്യമായി കരുതിയാൽ നമ്മൾക്ക് ഒരിക്കലും അപകർഷതാ ബോധം ഉണ്ടാകുകയില്ല എന്നാണ് എന്റെ ഒരിത്. - 
 ജോലി പ്രാർത്ഥനയായി കരുതുന്നവനാണ് യഥാർത്ഥത്തിൽ മഹാനായ മനുഷ്യൻ എന്ന് നമുക്ക്  കരുതാം. അതുകൊണ്ട് എന്ത് ജോലിചെയ്യുന്നതിലും മടികാണിക്കേണ്ട ആവശ്യമില്ല . താഴ്ന്ന ജോലികൾ ചെയ്തുകൊണ്ടു തന്നെ ഉയരത്തിലെത്തുവാൻ കഴിയും . ചെറിയൊരു ജോലി സ്വീകരിച്ച് അവിടെയിരുന്നു പഠിച്ച് പരിശ്രമിച്ച് ഐ . എ . എസുകാരനും അഭിഭാഷകനും അദ്ധ്യാപകനുമൊക്കെയായി ഉയർന്ന എത്രയോ പേർ നമ്മുടെയിടയിലുണ്ട് .
മലയാള ചലച്ചിത്രം 'വിക്രമാദിത്യൻ’ ക്ലൈമാക്സ് രംഗങ്ങൾ അതിനു നല്ലൊരു ഉദാഹരണമാണ്.

വെറുതെ നടക്കുന്ന  ആളുകൾ  പരിഹസിക്കും . അതേ സമയം അധ്വാനിച്ചു ജീവിക്കുന്നവനെക്കുറിച്ചു സമൂഹം നല്ലതേ പറയു . പഠിപ്പിൽ മോശമാണെന്നു കണ്ടാൽ , പഠിച്ചിട്ടു മെച്ചമില്ലെന്നു സ്വയം ബോധ്യം വന്നാൽ സ്കൂളിനും കോളേജിനും ശല്യമാകാതെ എന്തെങ്കിലും തൊഴിൽ പഠിക്കുവാൻ ശ്രമിക്കുക . പത്താം ക്ലാസെങ്കിലും കഴിഞ്ഞിട്ടേ ഇറങ്ങാവൂ . ഇന്ന് എന്തെങ്കിലും ജോലി പഠിക്കണമെങ്കിലും പത്തെങ്കിലും പാസ്സായിരിക്കണം .
നാട്ടിൽ  അടിസ്ഥാന വിദ്യാഭ്യാസം പോലും നേടാത്ത ഒരു വ്യക്തി ഉണ്ട്.
സ്വന്തം പേര് പോലും എഴുതാൻ അറിയില്ല എങ്കിലും അദ്ദേഹത്തിന് ഒരു വണ്ടിയുടെ ഏത് കംപ്ലൈന്റ് ആണേലും നന്നാക്കി എടുക്കാൻ അറിയാം.
ഞാൻ ശെരിക്കും അദ്ദേഹത്തെ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്..
ഒന്ന് കുറഞ്ഞാലും അത് ബാലൻസ് ചെയ്ത് പോകാൻ ദൈവം എന്തേലും ഒന്ന് കൂട്ടി തരും.
ഇൗ വ്യക്തിക്ക് കിട്ടിയത് ജോലി ചെയ്യാൻ ഉള്ള കഴിവ് ആയിരിക്കാം, അത് നന്നായി വിനിയോഗിക്കുകയും ചെയ്യുന്നു...