സുരക്ഷിതത്വബോധത്തെക്കുറിച്ചു അമിതമായി ഉൽക്കണ്ഠപ്പെടുന്നവനാണ് ആധുനിക മനുഷ്യൻ . ഒരു ശരാശരി മനുഷ്യനെന്ന നിലയിൽ നമ്മൾ ആ കൂട്ടത്തിൽപ്പെടുമോ എന്ന് എനിക്കറിയില്ല . സാമ്പത്തിക സുരക്ഷിതത്വമാണ് ആധുനിക മനുഷ്യനെ അലട്ടുന്ന പ്രധാന പ്രശ്നം . സ്വന്തമായൊരു വീട് , ഒരു കൊച്ചു കുടുംബം , അവർക്കാവശ്യമുള്ള ഭക്ഷണം , - ഇതൊക്കെ ഉണ്ടെങ്കിൽ നമ്മൾ സുരക്ഷിതനാണോ ? ഇതൊക്കെ ഉണ്ടായിട്ടും ഉള്ളതു പോരാ എന്ന പരാതിയോടെ കൂടുതൽ നേടാൻ വേണ്ടി പരക്കം പായുകയാണ്. സ്വന്തമായൊരു വീടും ജീവിക്കാനാവശ്യമായ ചുറ്റുപാടുകളുമുണ്ടെങ്കിൽ സംതൃപ്തിയോടെ , സമാധാനത്തോടെ നിങ്ങൾക്ക് ഉറങ്ങാനാവുമെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ് . നാളെയെക്കുറിച്ചോർത്ത് അമിതമായി ആധി പിടിക്കാതിരുന്നാൽ മതി . . എന്നാലും നമ്മളെയൊക്കെ അലോസരപ്പെടുത്തുന്ന അനവധി കാരണങ്ങൾ ഈ ജീവിതത്തിലുണ്ട് . മോഹഭംഗങ്ങൾ , രോഗങ്ങൾ , ഉറ്റവരുടെ മരണം തുടങ്ങി അനവധി കാരണങ്ങൾ . ഇവയൊക്കെ ഉചിതമായ രീതിയിൽ നേരിടാൻ നിങ്ങൾക്കു കഴിഞ്ഞാൽ നിങ്ങളുടെ സന്തോഷവും സമാധാനവും ഒരു പരിധിവരെ പിടിച്ചു നിർത്താനാവും . ലക്ഷ്യബോധവും വിശ്വാസങ്ങളുമാണ് ഒരു വ്യക്തിയുടെ ജീവിത വീക്ഷണത്തെ രൂപപ്പെടുത്തുന്നത് . ജീവിതത്തിനൊരു ലക്ഷ്യമുണ്ടായിരിക്കണം . ലക്ഷ്യമുണ്ടെങ്കിൽ , ആ ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ നീങ്ങുവാനുള്ള മനസ്സുണ്ടെങ്കിൽ സന്തോഷം എപ്പോളും കൂടെയുണ്ടാകും . വഴിയിലുണ്ടാകുന്ന മോഹഭംഗങ്ങൾ , മാർഗ്ഗതടസ്സങ്ങൾ , പരാജയങ്ങൾ നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം .
ക്രിസ്തുവിന്റെയും ബുദ്ധന്റേയും നബിയുടേയും കൃഷ്ണന്റെയുമൊക്കെ പുറകെ ജനം കൂടിയത് അവരുടെ ഉപദേശങ്ങളിലും ജീവിതത്തിലും ആകൃഷ്ടരായിട്ടാണെങ്കിൽ ആധുനിക "ദൈവ''ങ്ങളുടെ പുറകെ പോകുന്നത് അവയുടെ സമ്പത്ത് കണ്ട് അന്ധത ബാധിക്കുന്നതു കൊണ്ടാണെന്നത് ഒരു യാഥാർത്ഥ്യമാണ് . പണത്തിന്റെ ഒഴുക്ക് കാണുന്നിടത്ത് ജനം കൂടുന്നു . ജന്മം നൽകിയ വിശ്വാസങ്ങൾ പോലും അവർ ഉപേക്ഷിക്കുന്നു .
- ഇങ്ങനെ സമ്പത്തിന്റെ പുറകെ സന്തോഷം തേടിപ്പോകുന്ന ഒരാളാണു നിങ്ങളങ്കിൽ ജീവിതത്തിലൊരിക്കലും നിങ്ങൾക്ക് അതു ലഭിക്കില്ല . മോഹഭംഗങ്ങിൽപ്പെട്ട് നിരാശനായി മരിക്കേണ്ടിയും വരും . സ്വന്തം ജീവിതത്തിൽ നിന്നു പഠിച്ച വിശ്വാസങ്ങളെക്കാൾ സമൂഹം നിങ്ങളിൽ അടിച്ചേൽപ്പിച്ച വിശ്വാസങ്ങളാവാം നിങ്ങളെ ഭരിക്കുന്നത് ശരിയാവാം , തെറ്റാവാം . പക്ഷെ നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളെ സംബന്ധിച്ചിടത്തോളം ശരിയാണ് . ഒരു പക്ഷെ കൂടുതൽ പഠിക്കുന്തോറും കാലം മുന്നോട്ടു പോകുമ്പോൾ നിങ്ങളുടെ വിശ്വാസങ്ങൾക്കു മാറ്റം സംഭവിച്ചേക്കാം .
“ വിശ്വാസമല്ലേ , വിളക്ക് മനുഷ്യന് . . . . ”
എന്നു തുടങ്ങുന്ന ഒരു കവിത മലയാളത്തിലുണ്ട് . ഒരാളുടെ വിളക്ക് അയാളുടെ വിശ്വാസങ്ങളാണ് . ആ വിളക്ക് അണഞ്ഞാൽ അയാൾ അന്ധകാരത്തിലാകും . പിന്നെ വെളിച്ചം കിട്ടണമെങ്കിൽ പുതിയ വിശ്വാസങ്ങൾ കൊണ്ടുള്ള ദീപം തെളിയണം . കൈയിലുള്ള വിളക്ക് കെടാതെ സൂക്ഷിക്കാനും കെട്ടു പോയാൽ പുതിയത് കൊളുത്താനും നിങ്ങൾക്ക് അവകാശമുണ്ട് . വിശ്വാസ സമരങ്ങളുടെ കാലമാണിത് . ഈ വിശ്വാസ സമരങ്ങൾ യുദ്ധങ്ങൾളായി മാറുന്ന ഭീകരമായ കാഴ്ച നാം കാണുന്നു . നിങ്ങളുടെ സുരക്ഷിതത്വം ആരോ ഉണ്ടാക്കി കാത്തു സൂക്ഷിച്ചിട്ടുള്ള ബോംബുകളിലും ജൈവായുധങ്ങളിലും കുടുങ്ങിക്കിടക്കുന്നു . ഇവിടെ നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളെ രക്ഷിക്കുന്നില്ല . നിങ്ങളുടേയും എന്റേയും തലയ്ക്കുമുകളിലൂടെ പറക്കുന്ന ഏതെങ്കിലും വിമാനത്തിൽ നിന്ന് എപ്പോഴാണ് ഒരു ബോംബു വീണു നമ്മുടെ വിശ്വാസങ്ങളേയും സ്വപ്നങ്ങളേയും തകർക്കുക എന്ന് നമുക്കറിയില്ല . ഈ ദുരന്ത പ്രതീക്ഷയിൽ സന്തോഷത്തോടെ , സമാധാനത്തോടെ എങ്ങനെയാണ് നിങ്ങൾക്ക് ഉറങ്ങാൻ കഴിയുക ?
" Slow and steady wins the race ”
എന്നു കേട്ടിട്ടില്ലേ ? സാവധാനത്തിൽ ഉറച്ച മനസ്സോടെ , ഉറച്ച കാൽവെപ്പുകളോടെ ലക്ഷ്യത്തിലേക്ക് മുന്നോട്ടു നീങ്ങുക . വേഗത നല്ലതാണ് . എന്നാൽ അമിതമായ വേഗത ചിന്തിക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തുന്നു . ചിന്തിക്കാതെ മുന്നേറിയാൽ പരാജയ ശതമാനവും കൂടും . ലക്ഷ്യത്തിൽ നിന്നു നിങ്ങളെ പിന്തിരിപ്പിക്കാൻ ചിലപ്പോൾ നിങ്ങളുടെ അടുത്ത ആളുകൾ പോലും ശ്രമിച്ചെന്നു വരും . എന്നാൽ നിങ്ങളുടെ മനസ്സുറച്ചതാണെങ്കിൽ എതിർക്കുന്നവരൊക്കെ അനുകൂലമാകും . നല്ല സുഹൃദ്ബന്ധങ്ങൾ സുരക്ഷിതത്വബോധം ഉണ്ടാക്കും .
വിശ്വാസങ്ങളെക്കുറിച്ചു മുമ്പൊരിക്കൽ പറഞ്ഞിരുന്നു . നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങൾക്ക് സന്തോഷവും സമാധാനവും സുരക്ഷിതത്വവും നൽകുന്നു . നിങ്ങളുടെ വിശ്വാസങ്ങൾ ശരിയാണെന്നു നിങ്ങൾ വിശ്വസിക്കുന്നു . അതങ്ങനെ തന്നെയാവണം . തെറ്റാണെന്നു ബോധ്യമുള്ള വിശ്വാസങ്ങൾ എങ്ങനെയാണു നിങ്ങൾക്കു വെളിച്ചം നൽകുന്നത് ? വെളിച്ചം നൽകാത്ത വിശ്വാസങ്ങളെ തിരസ്കരിക്കാനും ശരിയാണെന്നു തോന്നുന്നവ സ്വീകരിക്കാനും നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ട് . പക്ഷെ ആധുനിക മനുഷ്യന് മറ്റേതിന്റെ കാര്യത്തിലെന്നപോലെ വിശ്വാസങ്ങളുടെ കാര്യത്തിലും സ്ഥിരതയില്ല . ഇവിടെ മനുഷ്യ ദൈവങ്ങൾ കൂടി വരുന്നതിന്റെ കാരണവും അതാണ് .
"നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കുക . അന്യരെ പീഢിപ്പിക്കുന്നത് പാപവും സ്നേഹിക്കുന്നത് പുണ്യവുമാ മെന്ന് നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക ."
അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്ന് ഗുണത്തിനായി വരേണം ' എന്ന് കുട്ടികളുടെ മനസ്സുകൾ ഉരുവിട്ടു പഠിക്കട്ടെ . നാളത്തെ തലമുറയുടെ സ്നേഹം നിറഞ്ഞ മനസ്സുകളിലാണ് നിങ്ങളുടേയും അവരുടേയും സുരക്ഷിതത്വം സ്ഥിതി ചെയ്യുന്നത് . ഈ തലമുറ വിതച്ച വിദ്വേഷവും പ്രതികാരവും അവർ തന്നെ കൊയ്ത് തീർക്കട്ടെ . അടുത്ത തലമുറ സ്നേഹം വിതയ്ക്കണമെങ്കിൽ നിങ്ങൾ അവരുടെ കൈയിൽ സ്നേഹത്തിന്റെ വിത്തുകൾ കൊടുക്കുക .
ഇനിയുള്ള ജീവിത കാലമെങ്കിലും നിങ്ങളും സ്നേഹ വിത്തുകൾ വിതയ്ക്കുക .
.
2 comments:
എന്നാ പ്രശനം ..
ഒരുപാട് മിസ്സിങ് ആണ് ..
temporary suspended
Post a Comment