സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

May 26, 2020

നമുക്ക് വാക്കു പാലിക്കാം ..

ഇന്നു പറഞ്ഞ ഒരു കാര്യം , താൻ അങ്ങനെ പറഞ്ഞിട്ടേയില്ലെന്നു നാളെ ആണയിട്ടു പറയാൻ ധൈര്യമുള്ള പലരെയും നാം കണ്ടിരിക്കാം . അവർ നല്ല മാതൃകയല്ല . വാക്കു പാലിക്കാത്തവരെ ആരും വിശ്വസിക്കില്ല . വിശ്വാസമാർജ്ജിക്കാത്തവർക്കു വിജയം അന്യമാകും .

എത്ര കൊടിയ ക്ലേശങ്ങളുണ്ടായാലും പറഞ്ഞ വാക്കിൽ ഉറച്ചുനിന്നവരുടെ ചരിത്രങ്ങൾ നമ്മെ നേർവഴിക്കു നീങ്ങാൻ തുണയേകും . ചില മാതൃകകൾ പറയാം : മഹാഭാരതത്തിലെ അദ്വിതീയ കഥാപാത്രമായ ഭീഷ്മർ വിശേഷസാഹചര്യത്തിൽ നിത്യബ്രഹ്മചാരിയായിരിക്കുമെന്നു പ്രതിജ്ഞചെയ്തു . യുവ രാജാവായ താൻ മാത്രമല്ല , തനിക്ക് ഉണ്ടായേക്കാവുന്ന മക്കൾപോലും രാജാവാകാനുള്ള അവകാശം ഒരിക്കലും ഉന്നയിക്കില്ലെന്ന് ഉറപ്പുവരുത്താനായി ചെയ്ത ബ്രഹ്മചര്യശപഥം മരണംവരെ ഭീഷ്മർ ലംഘിച്ചില്ല . ഭീഷ്മമായ ( അതിഭയാനകമായ ) ഈ ശപഥം ചെയ്തതിനാലാണ് ദേവവ്രതന് ഭീഷ്മർ എന്ന പേർ കിട്ടിയതുതന്നെ . കഠിനശപഥത്തിന്റെ ഇക്കഥ ഭീഷ്മശപഥം , ഭീഷ്മപ്രതിജ്ഞ എന്ന പ്രയോഗങ്ങൾക്കു വഴിവച്ചിട്ടുമുണ്ട് .

 മഹാഭാരതത്തിലെ വികാരതരളിതരംഗമാണ് കുന്തീദേവി കർണനെ ഒറ്റയ്ക്കു കണ്ട് രഹസ്യം പങ്കുവയ്ക്കുന്നത് . " കേവലം തേരാളിയായ അധിരഥന്റെയും രാധയുടെയും പുത്രനല്ല , മറിച്ച് സൂര്യഭഗവാന്റെയും എന്റെയും പുത്രനാണ് നീ ' എന്ന് കുന്തി കർണനോടു പറയുന്നു . ഭാരതയുദ്ധം തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് ഈ കൂടിക്കാഴ്ച . " എന്റെ മൂത്തമകനായ നീ അഞ്ച് അനുജന്മാരുടെ കൂടെച്ചേർന്ന് കൗരവരെ നേരിടണം ' എന്ന് അപേക്ഷിക്കുന്ന അമ്മയോട് കർണൻ പറയുന്നത് താൻ കൗരവരെ സഹായിക്കാമെന്നു വാക്കുകൊടുത്തുപോയെന്നും ഈ സന്ദർഭത്തിൽ അവരെ ഉപേക്ഷിക്കുക അസാദ്ധ്യമാണെന്നുമത്ര . പാണ്ഡവപക്ഷത്തു ചേർന്നു പോരാടാൻ വിസമ്മതിച്ച കർണൻ അമ്മയ്ക്ക് മറ്റൊരു വാക്കുകൊടുത്തു : “അർജ്ജുനനെയല്ലാതെ മറ്റു നാലു പേരെയും ഞാൻ കൊല്ലില്ല . അഥവാ അർജ്ജുനൻ മരിച്ചാലും അമ്മയ്ക്കു ഞാനുൾപ്പെടെ അഞ്ചു പുത്രന്മാർ കാണുമല്ലോ ." 
വീണ്ടും കർണൻ വാക്കു പാലിച്ചു . ഭീകരയുദ്ധത്തിനിടയിൽ പാണ്ഡവരിൽ മറ്റു നാവരെയും വധിക്കാൻ അവസരം കിട്ടിയെങ്കിലും കുന്തിയോടു ചെയ്ത ശപഥം കാരണം അവരെയെല്ലാം വിട്ടുകളയുകയാണ് കർണൻ ചെയ്തത് . 

ശ്രീരാമന്റെ രാജ്യാഭിഷേകത്തിനുള്ള ചടങ്ങുകളെല്ലാം പൂർത്തിയായപ്പോഴാണ് , കൈകേയി തറയിൽക്കിടന്നുരുണ്ട് ദുഃഖം കാട്ടിയത് . പരിഹാരത്തിന് എന്തും ചെയ്തുതരാമെന്ന് ദശരഥൻ രാമന്റെ പേരിൽ ആണയിട്ടു പറഞ്ഞു . പണ്ട് വാഗ്ദാനം ചെയ്ത രണ്ടു വരങ്ങൾ ഉടൻ വേണമെന്നു ദശരഥനെ കൈകേയി അറിയിച്ചു . ഭരതനെ രാജാവാക്കുക , രാമനെ പതിന്നാലു വർഷം കാട്ടിലയയ്ക്കുക എന്നിവയാണ് ആവശ്യപ്പെട്ട വരങ്ങൾ . ആണയിട്ടു പറഞ്ഞതിൽ നിന്നു മാറാൻ ദശരഥനു കഴിയില്ല . വനവാസക്കാര്യം നിർബന്ധിക്കരുതെന്ന് ദശരഥൻ അപേക്ഷിച്ചെങ്കിലും കൈകേയി വഴങ്ങിയില്ല . അച്ഛന്റെ വാക്കുപാലിക്കാനായി ശ്രീരാമൻ മനസ്താപമില്ലാതെ പതിന്നാലു വർഷത്തെ വനവാസത്തിനു പോയി . പുത്രദുഃഖത്താൽ , വൈകാതെ ദശരഥൻ മരിച്ചു . കഥയൊന്നുമറിയാതെ അയോദ്ധ്യയിൽ മടങ്ങിയെത്തിയ ഭരതൻ അച്ഛന്റെ മരണവും അതിനു മുമ്പുതന്നെ രാമനും സീതയും ലക്ഷ്മണനും കാട്ടിൽ പോയ കാര്യവും മനസ്സിലാക്കുന്നു . രാമനെ കാട്ടിൽച്ചെന്നു കണ്ടു തിരികെവിളിച്ച് , രാജാവാക്കാൻ ഭരതൻ എത്ര ശ്രമിച്ചിട്ടും രാമൻ സമ്മതിച്ചില്ല .


അച്ഛന്റെ വാക്കു തെറ്റിക്കുകയെന്ന അധർമ്മത്തിന് രാമൻ തയ്യാറായില്ല .
 അധികാരത്തിനുവേണ്ടി എന്തും ചെയ്യുന്നവരെ കാണുന്ന നാം ഓർക്കേണ്ടത് ഇത്തരത്തിൽ വാഗ്ദാനത്തിൽനിന്നു വ്യതിചലിക്കാത്തവരെയാണ് . വാക്കു പാലിച്ചു , വിശ്വാസ്യത വളർത്തി , ആദർശസ്ഥിരത പുലർത്തി , വ്യക്തിബന്ധങ്ങൾ അരക്കിട്ടുറപ്പിക്കുന്നത് വിജയത്തിലേക്കുള്ള പാത നിർമ്മിക്കും ,..

നിങ്ങള് മനസ്സ് തുറന്ന് ഒന്ന് ചിന്തിച്ചു നോക്കുക.

May 08, 2020

ബഹുമാനം കൊടുത്ത് ബഹുമാനം നേടുക.



ഒരിക്കൽ ഒരു അധ്യാപകൻ ക്ലാസിൽ തന്റെയൊരു വിദ്യാർത്ഥിയോട് ചോദിച്ചു.
“നമുക്ക് എത്ര കിഡ്നിയുണ്ട്?”
“നാല് ” അവൻ മറുപടി പറഞ്ഞു.
ക്ലാസ്സിൽ കൂട്ടച്ചിരി മുഴങ്ങി. അവന് പക്ഷെ ഒരു ഭാവ വ്യത്യാസവുമുണ്ടായിരുന്നില്ല.
കുട്ടികൾക്ക് പറ്റുന്ന ചെറിയ തെറ്റുകൾ പോലും പർവ്വതീകരിച്ച് കാണിച്ച് അതിൽ ആനന്ദം കണ്ടെത്തിയിരുന്ന ആ അധ്യാപകൻ അതൊരു നല്ല അവസരമായിക്കണ്ടുകൊണ്ട് മറ്റു കുട്ടികളോടായി പറഞ്ഞു
“എല്ലാവരും കേട്ടല്ലോ? നാല് കിഡ്നിയാണ് പോലും… ആരെങ്കിലും പുറത്തു പോയി കുറച്ച് പുല്ല് പറിച്ചു കൊണ്ടു വരൂ. ഈ ക്ലാസ്സിൽ ഒരു കഴുതയുണ്ട്. അവന് തിന്നാനാ…”
ഉടനെ അവൻ പറഞ്ഞു.
“എനിക്കൊരു ചായയും..”
ഈ മറുപടി കേട്ടതും ക്ലാസ്സ് വീണ്ടുമൊരു കൂട്ടച്ചിരിയിൽ മുഴുകി. അധ്യാപകൻ അപമാനം കൊണ്ട് വിളറിപ്പോയി
“കടക്കെടാ പുറത്ത്…” അയാൾ വാതിലിനു നേർക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവന്റെ നേർക്ക് ആക്രോശിച്ചു.
പുറത്തേക്ക് നടക്കുന്നതിനിടെ തിരിഞ്ഞു നിന്നു കൊണ്ടവൻ പറഞ്ഞു.
“താങ്കൾ എന്നോട് ചോദിച്ചത് നമുക്ക് എത്ര കിഡ്നിയുണ്ടെന്നാണ്. അങ്ങനെയെങ്കിൽ ഞാൻ പറഞ്ഞ ഉത്തരം ശരിയാണ്. നമുക്ക് നാല് കിഡ്നിയുണ്ട്. എനിക്ക് രണ്ടും താങ്കൾക്ക് രണ്ടും. ‘നമുക്ക് ‘ എന്നത് ദ്വന്ദ്വങ്ങളെ (plural) സൂചിപ്പിക്കുന്ന പദമാണ്. താങ്കൾ എനിക്കെത്രയെന്നോ താങ്കൾക്കെത്രയെന്നോ ചോദിച്ചിരുന്നെങ്കിൽ ഞാൻ രണ്ട് എന്ന് ഉത്തരം പറഞ്ഞേനേ. എന്റെ ഉത്തരം തെറ്റാണെങ്കിൽ സാറിന്റെ ചോദ്യവും തെറ്റാണ്. പുല്ല് കഴിച്ചു തീർന്നാൽ വെള്ളം കുടിക്കാൻ മറക്കണ്ട. ദഹനക്കേടുണ്ടാകും.”
ക്ലാസ്സിൽ വീണ്ടും കൂട്ടച്ചിരി.
അധ്യാപകൻ ആകെ ഇളിഭ്യനായി നിന്നു. എപ്പോഴും മറ്റുള്ളവരെ പരിഹസിച്ചും കുറ്റപ്പെടുത്തിയും ആനന്ദിച്ചിരുന്ന അയാൾക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അടിയായിരുന്നു അത്. പിന്നീടയാൾ ഒരു വിദ്യാർത്ഥിയുടെയും മുന്നിൽ ഈ രീതിയിൽ ആളാവാൻ മുതിർന്നിട്ടില്ല.
ഇത് ഇന്ന് പലർക്കും ഒരു പാഠമാണ്. നമുക്ക് പല കാര്യങ്ങളെക്കുറിച്ചും അറിവുണ്ടെന്ന് കരുതി അത് മറ്റുള്ളവരെ പരിഹസിക്കാനും ‘കൊച്ചാക്കാ’നുമുള്ള ലൈസൻസാക്കിയെടുക്കരുത്. ആരെയും വില കുറച്ചു കാണുകയുമരുത്. ആളറിയാതെ ‘ആളാവാൻ’ ശ്രമിച്ചാൽ അത് നമുക്കിട്ട് തന്നെ തിരിച്ചടിച്ചെന്നിരിക്കും. മറ്റുള്ളവരെ അപഹസിക്കാൻ ശ്രമിക്കുന്നവർ സ്വയം അപഹാസ്യരായെന്നും വരും. അതിനാൽ വാക്കും പ്രവൃത്തിയും സൂക്ഷിക്കുക. ബഹുമാനം നൽകി ബഹുമാനം നേടുക.
ഇനി കഥയുടെ ക്ലൈമാക്സിലേക്ക്.
ഇപ്രകാരം തന്റെ അധ്യാപകനെത്തന്നെ പാഠം പഠിപ്പിച്ച ആ വിദ്യാർത്ഥി മറ്റാരുമല്ല. പിന്നീട് ലോകപ്രശസ്ത നർമ്മപ്രഭാഷകനുംഹാസ്യസാഹിത്യകാരനും സ്റ്റാൻഡ് അപ് കൊമേഡിയനുമായിത്തീർന്ന Aparicio Torelly Aporelly (1895 – 1971) ആയിരുന്നു ആ കൊച്ചുമിടുക്കൻ.

May 05, 2020

കോവിഡ് 19 - എന്നൊരു പഴങ്കഥ | Covid 19 Special


വർഷങ്ങൾക്ക് ശേഷം ഒരു വീട്ടിൽ ------
"അച്ഛാ ഒരു കഥ പറയാമോ" "ശരി മോളെ" 

പണ്ട് വളരെ പണ്ട് 
നമ്മുടെ ഭൂമിയിൽ കുത്തഴിഞ്ഞ ഒരു തലമുറ ജീവിച്ചിരുന്നു . അവരുടെ അത്യാഗ്രഹം മൂലം പ്രകൃതിക്കു വലിയ നാശനഷ്ടം ഉണ്ടായി. സൂര്യ പ്രകാശത്തിന്റെ തീവ്രത കൂടി, ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും സംരക്ഷിച്ചു പോന്നിരുന്നത് നമ്മുടെ ആകാശത്തിനു മുകളിലെ ഓസോൺ പാളികളാണ് ; വ്യവസായികവും, മോട്ടോർ വാഹന മലിനീകരണവും അതിനു വിള്ളലുണ്ടാക്കുകയും എല്ലാ ജീവജാലങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങളും പല ജീവജാലങ്ങളുടെയും വംശനാശത്തിനും അതിനിടവരുത്തി.  മലിനീകരണം മൂലം നദികളും കായലുകളും നശിക്കപെട്ടു . മത്സ്യ സമ്പത്തു കുറഞ്ഞു, ശുദ്ധജലം ലഭിക്കാതെ ആയി, ഓയിലും ഡീസലും കലർന്ന ജലം കൃഷിക്കും നാശം വരുത്താൻ തുടങ്ങി. അന്തരീക്ഷമലിനീകരണം മൂലം അലർജി, ആസ്ത്മ, ക്യാൻസർ തുടങ്ങിയ രോഗം ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു.  മലിനീകരണം മൂലം പക്ഷികളും മറ്റുജന്തുക്കളും നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്കും വികസിത രാജ്യങ്ങളിൽ നിന്നും അവികസിത രാജ്യങ്ങളിലേക്കും മാറിപ്പോയി. ഭൂമി നാശത്തിന്റെ വക്കിലായി ""ഇനി എത്രനാൾ ഈ ഭൂമിയിൽ ജീവൻ 
" എന്നാശങ്കപ്പെട്ടു മഹാപ്രതിഭയായ അബ്‌ദുൾ കാലം എന്ന വലിയ ശാസ്ത്രജ്ഞൻ വിടചൊല്ലി.  പരിസ്ഥിതി വാദികളും പ്രകൃതി സ്നേഹികളും അലമുറയിട്ടു കേണുകൊണ്ടിരുന്നു ആരും ഒന്നും വകവെച്ചില്ല . കുതിച്ചോട്ടവും വെട്ടിപ്പിടുത്തവും അടിച്ചമർത്തലും ചൂഷണവും കൊള്ളയും നിർലോഭം തുടർന്നു. ഭൂമി ആ വരുന്ന 2 തലമുറക്കപ്പുറം ഉണ്ടാവില്ലാത്ത അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു....

  🔊 പെട്ടന്ന് ഒരശരീരി കേട്ടു എല്ലാവരും എല്ലാവരും വീടിനുള്ളിൽ ഇരിക്കുക, വാഹനങ്ങൾ ഓടിക്കരുത്, വ്യവസായങ്ങൾ നിർത്തുക, ആരാധനാലയങ്ങൾ അടയ്ക്കുക,ആഘോഷങ്ങൾ നിർത്തുക , മലയിടിക്കലും ഭൂമിനിരത്തലും നിർത്തുക, ഇത്‌ ലംഘിക്കുന്നവർക്ക് മഹാമാരി പിടിപെടും. ഒരാൾക്ക് പിടിപ്പാട്ടാൽ അയാളോടടുക്കുന്ന എല്ലാവരെയും ബാധിക്കും ആരും അതത്ര കാര്യമാക്കിയില്ല . ദൈവത്തിനു വേണ്ടി പടപൊരുതുന്നതല്ലാതെ ആ തലമുറ ദൈവവാക്കുകളിൽ വിശ്വസിച്ചിരുന്നില്ല,. ദൈവവചനം പ്രവർത്തികമായി തുടങ്ങി മഹാമാരി പടർന്നു പിടിച്ചു ജനം കൂട്ടത്തോടെ മരണപ്പെട്ടു ,. ചികിത്‌സ കിട്ടാൻ മണിക്കൂറുകൾ കാത്തുനിന്നിട്ടും സാധിക്കാതെയായി ഒടുവിൽ ജനം ദൈവവചനം അനുസരിച്ചു തുടങ്ങി.  വാഹനങ്ങൾ നിലച്ചു വ്യവസായ ശാലകൾ അടച്ചു പട്ടിണിയിലും പരിവട്ടത്തിലും ജനം ഒരു പണിക്കും പോകാതെ വീട്ടിൽ തന്നെ കഴിഞ്ഞു. ലംഘിക്കുന്നവരെ ഭരണാധികാരികൾ കഠിനമായി ശിക്ഷിച്ചു വീട്ടിലിരുത്തി, വളരെ കാലം ജനം വീട്ടിലിരുന്നതോടെ പുഴകൾ തെളിഞ്ഞു ,മത്സ്യ സമ്പത്തു വർധിച്ചു, അന്തരീക്ഷം ശുദ്ധമായി, ജീവജാലങ്ങൾ പെരുകി, ഓസോൺ പാളിക്കു വന്ന വിള്ളൽ അടഞ്ഞു, ഭൂമിയിൽ താപനില താഴ്ന്നു, എല്ലാ ജീവികൾക്കും സുഖമായി ജീവിക്കാവുന്ന അന്തരീക്ഷമായി. അങ്ങനെ അന്നേ നശിച്ചു പോകണ്ട ഭൂമി നമ്മൾക്ക് വേണ്ടി നിലനിൽക്കുന്നു ..
അന്നുണ്ടായ ആ മഹാമാരിക്ക് ആ തലമുറ ഒരു പേരിട്ടിരുന്നു
 കോവിഡ് 19.


May 03, 2020

സമയം തെളിയിച്ചു | Covid 19 Special


ഒരു സംശയവും വേണ്ട.. ഭാവിയിൽ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കേണ്ട ഒരു അനുഭവ കഥ തന്നെയായിരിക്കും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോക്ക് ഡൗൺ, കൊറോണയുമായി ബന്ധപ്പെട്ട അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ.. 
"ഏറ്റവും ശുദ്ധവായു കിട്ടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് മുഖത്ത് മാസ്ക് വെച്ച് നടക്കേണ്ട ഗതികേട്" . എന്തൊരു അവസ്ഥയാണ് ഇന്ന് മനുഷ്യൻ നേരിടുന്നത്"

ഒരു വർഷം മുമ്പ് നമ്മളിൽ ആരെങ്കിലും കരുതിയോ ഇതേപോലെ ഒരു സാഹചര്യം, ഇത്രയും കാലം അല്ലെങ്കിൽ ഒരുപക്ഷേ ഇനിയും ഏറെ കാലം നമ്മൾ എന്നെങ്കിലും അഭിമുഖീകരിക്കേണ്ടിവരും എന്ന്..

ചിലതില്ലാതെ ചിലർക്ക് ഒരു ദിവസം പോലും കഴിഞ്ഞു കൂടാൻ പറ്റില്ല എന്ന് നിർബന്ധം പിടിച്ചു കൊണ്ടിരുന്ന സാഹചര്യത്തിൽ നിന്നാണ് പെട്ടെന്ന് ഒരു ദിവസം കൊണ്ട് കാര്യങ്ങൾ ആകെ മാറിമറിഞ്ഞത്.. 
ദിവസവും മീനോ ഇറച്ചിയോ ഇല്ലാതെ ചോറ് ഇറങ്ങാത്ത ആളുകൾ പതിയെ പതിയെ വെജിറ്റേറിയൻ ഭക്ഷണത്തിലേക്ക്കുറച്ചുദിവസത്തേക്ക് എങ്കിലും മാറുന്നത് നമ്മൾ കണ്ടു.. 
ദിവസവും 'കൃത്യസമയമാകുമ്പോൾ' മദ്യപിച്ചില്ലെങ്കിൽ കൈ വിറയ്ക്കുന്ന ആളുകൾ ഒന്നര മാസത്തോളം ഉള്ളിലെ അമർഷവും സംഘർഷവും അടക്കിവെച്ച് ഒതുങ്ങിക്കൂടുന്നതും നമ്മൾ കണ്ടു.. അമ്പലത്തിലും പള്ളികളിലും പോയില്ലെങ്കിൽ ഉറക്കം കിട്ടാത്ത മനുഷ്യർ പ്രാർത്ഥനകൾ വീടിനുള്ളിലേക്ക് ചുരുക്കിയതും നമ്മൾ അറിഞ്ഞു.. 
എന്തിനുമേതിനും വീട്ടിലെ പെണ്ണുങ്ങളോട് വഴക്കടിച്ചിരുന്ന ആണുങ്ങൾ ക്ഷമയുടെ നിറകുടമായി മാറിയതും നമ്മൾ കണ്ടു..

കഴിഞ്ഞില്ല.. വ്യത്യാസങ്ങൾ അളവില്ലാതെ തുടരുകയാണ്..

മുമ്പ് പ്രായഭേദമന്യേ കൂട്ടുകാരുടെ തോളിൽ കൈയിട്ട് അർമാദിച്ചു നടന്നവർ ഇപ്പോൾ വീട്ടിലെ കുട്ടികളുമായി..അവരിലൊരാളായി.. അവർക്കായി സമയം മാറ്റി വെക്കാത്തതിന്റെകുറവ് നീക്കുന്നു..

ബിസിനസിന്റെ തിരക്കുമായി ലോകം ചുറ്റി നടന്നവർ ഒക്കെ ഇപ്പോൾ Work from Home കഴിഞ്ഞ് വണ്ടി കഴുകലും തോട്ടം നനക്കലും വീട് വൃത്തിയാക്കലും ഒക്കെയായി സമയം തള്ളിനീക്കുന്നു..

വൈകിട്ട് മുൻപുണ്ടായിരുന്ന സന്ധ്യപ്രാർത്ഥനകൾ ഒഴിവാക്കി സീരിയൽ അഡിക്റ്റഡായി ഇരുന്ന മുത്തശ്ശിമാർ ഇപ്പോൾ സീരിയലുകൾ ഇല്ലാത്തതുകൊണ്ട് കുഞ്ഞുങ്ങൾക്ക് പഴങ്കഥകൾ പറഞ്ഞു കൊടുക്കുന്നു..

മതവും രാഷ്ട്രീയവും പറഞ്ഞ് പോരടിച്ചവരിൽ ഒരു വലിയ ശതമാനം ഇപ്പോൾ എന്തോ തിരിച്ചറിവ് വന്ന പോലെ പരസ്പരം മോട്ടിവേറ്റ് ചെയ്യുന്നു..

ചില സമയം തോന്നും കൊറോണ എന്ന മഹാമാരി മൂലം ലോകത്ത് എല്ലായിടത്തും ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഇത് മനുഷ്യരുടെ വ്യക്തി ജീവിതത്തിൽ ചില മാറ്റങ്ങൾ ഉണ്ടാക്കാൻ അത്യന്താപേക്ഷിതമായിരുന്നു എന്ന്..

നഷ്ടങ്ങൾ ഉണ്ടായവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു..🙏

കാത്തിരിക്കാം എല്ലാം കലങ്ങിത്തെളിഞ്ഞ ഒരു നല്ല നാളേയ്ക്കായി...