സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

May 26, 2020

നമുക്ക് വാക്കു പാലിക്കാം ..

ഇന്നു പറഞ്ഞ ഒരു കാര്യം , താൻ അങ്ങനെ പറഞ്ഞിട്ടേയില്ലെന്നു നാളെ ആണയിട്ടു പറയാൻ ധൈര്യമുള്ള പലരെയും നാം കണ്ടിരിക്കാം . അവർ നല്ല മാതൃകയല്ല . വാക്കു പാലിക്കാത്തവരെ ആരും വിശ്വസിക്കില്ല . വിശ്വാസമാർജ്ജിക്കാത്തവർക്കു വിജയം അന്യമാകും .

എത്ര കൊടിയ ക്ലേശങ്ങളുണ്ടായാലും പറഞ്ഞ വാക്കിൽ ഉറച്ചുനിന്നവരുടെ ചരിത്രങ്ങൾ നമ്മെ നേർവഴിക്കു നീങ്ങാൻ തുണയേകും . ചില മാതൃകകൾ പറയാം : മഹാഭാരതത്തിലെ അദ്വിതീയ കഥാപാത്രമായ ഭീഷ്മർ വിശേഷസാഹചര്യത്തിൽ നിത്യബ്രഹ്മചാരിയായിരിക്കുമെന്നു പ്രതിജ്ഞചെയ്തു . യുവ രാജാവായ താൻ മാത്രമല്ല , തനിക്ക് ഉണ്ടായേക്കാവുന്ന മക്കൾപോലും രാജാവാകാനുള്ള അവകാശം ഒരിക്കലും ഉന്നയിക്കില്ലെന്ന് ഉറപ്പുവരുത്താനായി ചെയ്ത ബ്രഹ്മചര്യശപഥം മരണംവരെ ഭീഷ്മർ ലംഘിച്ചില്ല . ഭീഷ്മമായ ( അതിഭയാനകമായ ) ഈ ശപഥം ചെയ്തതിനാലാണ് ദേവവ്രതന് ഭീഷ്മർ എന്ന പേർ കിട്ടിയതുതന്നെ . കഠിനശപഥത്തിന്റെ ഇക്കഥ ഭീഷ്മശപഥം , ഭീഷ്മപ്രതിജ്ഞ എന്ന പ്രയോഗങ്ങൾക്കു വഴിവച്ചിട്ടുമുണ്ട് .

 മഹാഭാരതത്തിലെ വികാരതരളിതരംഗമാണ് കുന്തീദേവി കർണനെ ഒറ്റയ്ക്കു കണ്ട് രഹസ്യം പങ്കുവയ്ക്കുന്നത് . " കേവലം തേരാളിയായ അധിരഥന്റെയും രാധയുടെയും പുത്രനല്ല , മറിച്ച് സൂര്യഭഗവാന്റെയും എന്റെയും പുത്രനാണ് നീ ' എന്ന് കുന്തി കർണനോടു പറയുന്നു . ഭാരതയുദ്ധം തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് ഈ കൂടിക്കാഴ്ച . " എന്റെ മൂത്തമകനായ നീ അഞ്ച് അനുജന്മാരുടെ കൂടെച്ചേർന്ന് കൗരവരെ നേരിടണം ' എന്ന് അപേക്ഷിക്കുന്ന അമ്മയോട് കർണൻ പറയുന്നത് താൻ കൗരവരെ സഹായിക്കാമെന്നു വാക്കുകൊടുത്തുപോയെന്നും ഈ സന്ദർഭത്തിൽ അവരെ ഉപേക്ഷിക്കുക അസാദ്ധ്യമാണെന്നുമത്ര . പാണ്ഡവപക്ഷത്തു ചേർന്നു പോരാടാൻ വിസമ്മതിച്ച കർണൻ അമ്മയ്ക്ക് മറ്റൊരു വാക്കുകൊടുത്തു : “അർജ്ജുനനെയല്ലാതെ മറ്റു നാലു പേരെയും ഞാൻ കൊല്ലില്ല . അഥവാ അർജ്ജുനൻ മരിച്ചാലും അമ്മയ്ക്കു ഞാനുൾപ്പെടെ അഞ്ചു പുത്രന്മാർ കാണുമല്ലോ ." 
വീണ്ടും കർണൻ വാക്കു പാലിച്ചു . ഭീകരയുദ്ധത്തിനിടയിൽ പാണ്ഡവരിൽ മറ്റു നാവരെയും വധിക്കാൻ അവസരം കിട്ടിയെങ്കിലും കുന്തിയോടു ചെയ്ത ശപഥം കാരണം അവരെയെല്ലാം വിട്ടുകളയുകയാണ് കർണൻ ചെയ്തത് . 

ശ്രീരാമന്റെ രാജ്യാഭിഷേകത്തിനുള്ള ചടങ്ങുകളെല്ലാം പൂർത്തിയായപ്പോഴാണ് , കൈകേയി തറയിൽക്കിടന്നുരുണ്ട് ദുഃഖം കാട്ടിയത് . പരിഹാരത്തിന് എന്തും ചെയ്തുതരാമെന്ന് ദശരഥൻ രാമന്റെ പേരിൽ ആണയിട്ടു പറഞ്ഞു . പണ്ട് വാഗ്ദാനം ചെയ്ത രണ്ടു വരങ്ങൾ ഉടൻ വേണമെന്നു ദശരഥനെ കൈകേയി അറിയിച്ചു . ഭരതനെ രാജാവാക്കുക , രാമനെ പതിന്നാലു വർഷം കാട്ടിലയയ്ക്കുക എന്നിവയാണ് ആവശ്യപ്പെട്ട വരങ്ങൾ . ആണയിട്ടു പറഞ്ഞതിൽ നിന്നു മാറാൻ ദശരഥനു കഴിയില്ല . വനവാസക്കാര്യം നിർബന്ധിക്കരുതെന്ന് ദശരഥൻ അപേക്ഷിച്ചെങ്കിലും കൈകേയി വഴങ്ങിയില്ല . അച്ഛന്റെ വാക്കുപാലിക്കാനായി ശ്രീരാമൻ മനസ്താപമില്ലാതെ പതിന്നാലു വർഷത്തെ വനവാസത്തിനു പോയി . പുത്രദുഃഖത്താൽ , വൈകാതെ ദശരഥൻ മരിച്ചു . കഥയൊന്നുമറിയാതെ അയോദ്ധ്യയിൽ മടങ്ങിയെത്തിയ ഭരതൻ അച്ഛന്റെ മരണവും അതിനു മുമ്പുതന്നെ രാമനും സീതയും ലക്ഷ്മണനും കാട്ടിൽ പോയ കാര്യവും മനസ്സിലാക്കുന്നു . രാമനെ കാട്ടിൽച്ചെന്നു കണ്ടു തിരികെവിളിച്ച് , രാജാവാക്കാൻ ഭരതൻ എത്ര ശ്രമിച്ചിട്ടും രാമൻ സമ്മതിച്ചില്ല .


അച്ഛന്റെ വാക്കു തെറ്റിക്കുകയെന്ന അധർമ്മത്തിന് രാമൻ തയ്യാറായില്ല .
 അധികാരത്തിനുവേണ്ടി എന്തും ചെയ്യുന്നവരെ കാണുന്ന നാം ഓർക്കേണ്ടത് ഇത്തരത്തിൽ വാഗ്ദാനത്തിൽനിന്നു വ്യതിചലിക്കാത്തവരെയാണ് . വാക്കു പാലിച്ചു , വിശ്വാസ്യത വളർത്തി , ആദർശസ്ഥിരത പുലർത്തി , വ്യക്തിബന്ധങ്ങൾ അരക്കിട്ടുറപ്പിക്കുന്നത് വിജയത്തിലേക്കുള്ള പാത നിർമ്മിക്കും ,..

നിങ്ങള് മനസ്സ് തുറന്ന് ഒന്ന് ചിന്തിച്ചു നോക്കുക.

No comments: