കുത്തഴിഞ്ഞ ജീവിതം നയിച്ച ഒരാൾ ജീവിതാന്ത്യത്തോടടുത്തപ്പോൾ അയച്ചുതന്നൊരു ചിത്രം ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു. അടിക്കുറിപ്പില്ലാത്ത അഞ്ചു കുപ്പികളുടെ നിര . പൊടിക്കുഞ്ഞുങ്ങൾക്കു പാൽ നൽകുന്ന മുലക്കുപ്പിയിൽ തുടങ്ങി , ക്രമേണ കോള , വിസ്കി , മിനറൽ വാട്ടർ എന്നിവയുടെ കുപ്പികൾ . ഏറ്റവും ഒടുവിൽ ആശുപത്രിക്കിടക്കയിൽ മരണത്തോടു മല്ലടിക്കുന്നയാൾക്കു ഡ്രിപ് നൽകുന്നതിനു തലകീഴായിവച്ചിരിക്കുന്ന കുപ്പി .
മുലക്കുപ്പി ശൈശവത്തിന്റെ നിഷ്കളങ്കതയെയും നൈർമ്മല്യത്തെയും ഓർമ്മിപ്പിക്കുന്നു. ക്രമേണ കൃത്രിമത്തിലേക്കു കാൽവയ്ക്കുന്നതിനെ കോള സൂചിപ്പിക്കുന്നു. വഴിവിട്ട പലതിലേക്കും മദ്യം നയിച്ചേക്കാമെന്നു വിസ്കിക്കുപ്പി ഓർമ്മിപ്പിക്കുന്നു . അതിരുകടന്ന മദ്യപാനം രോഗങ്ങൾക്കു വഴിവച്ച് , തുടർന്ന് മദ്യസേവ പാടില്ലെന്ന് ഡോക്ടറുടെ വിലക്കുകിട്ടിയ കാലത്തിന്റെ സ്മരണ മിനറൽ വാട്ടർക്കുപ്പി പകരുന്നു. ഒടുവിൽ ഏവരും മരണത്തെ സമീപിക്കേണ്ടിവരുമെന്ന സൂചനയാണ് ഡ്രിപ് നൽകുന്ന കുപ്പി.
ഇത് ഒരാളുടെ വീക്ഷണമെന്നു കരുതിയാൽ മതി. പക്ഷേ , ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നന്മകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതു വേഗമാവട്ടെ . ജീവിതം അതീവ ഹ്രസ്വമാണ്. ഗർഭപാത്രത്തിൽ തുടങ്ങി ശവകുടീരത്തിലെത്തുന്നതുവരെയുള്ള നേരം തീപ്പൊരിയുടെ ആയുസ്സോളമേയുള്ളൂ എന്നു സൂചിപ്പിക്കുന്ന മൊഴി : "Life is a spark from the womb to the tomb."
ഇതേ ആശയം എഴുത്തച്ഛന്റെ അതിമനോഹരമായ വരികളിൽ ലക്ഷണോപദേശത്തിൽ കാണാം : “വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാസന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം" (തീയിൽ ചുട്ടുപഴുത്ത ഇരുമ്പിലെ നീർത്തുള്ളിപോലെ ക്ഷണഭംഗുരമാണ് മനുഷ്യജന്മം).
അന്യർക്കുവേണ്ടി നയിക്കുന്ന ജീവിതത്തിനേ വിലയുള്ളു എന്ന് ഐൻസ്റ്റൈൻ . “ഇടയ്ക്കു മായ്ക്കാൻ റബ്ബറില്ലാത്ത ചിത്രരചനയാണു ജീവിതം." പക്ഷേ , ചെയ്തുപോയ തെറ്റുകൾ തിരുത്തി മുന്നേറാം .
ജീവിതം നമുക്കു കിട്ടിയെങ്കിലും , ദാനംവഴി നാം അതു സമ്പാദിക്കണമെന്ന് ടാഗൂർ പറഞ്ഞിട്ടുണ്ട്. പൂവ് ഒന്നു മാത്രമെങ്കിലും എണ്ണമറ്റ മുള്ളുകളെ നോക്കി അത് അസൂയപ്പെടേണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു .
കുടുംബവും ജോലിയും തമ്മിൽ സമരസപ്പെടുത്തി ആവശ്യമായ ശ്രദ്ധ രണ്ടിനും നൽകുക , കഴിയുന്ന സഹായം അന്യർക്കു ചെയ്യുക , വിജ്ഞാനത്തോടൊപ്പം വിവേകവും കൈവരിക്കാൻ യത്നിക്കുക , ചുറ്റുമുള്ള വിസ്മയങ്ങളിലേക്കു കണ്ണയയ്ക്കുക , ആഹ്ലാദിച്ചു ജോലി ചെയ്യുക , ഭാവിയെപ്പറ്റി സ്വപ്നം കാണുന്നതോടൊപ്പം കൈവന്ന ഭാഗ്യങ്ങളിലും കണ്ണുനട്ട് ഇന്ന് സന്തോഷിക്കുകയും ചെയ്യുക എന്നിവയെല്ലാം ജീവിതത്തിന് അർത്ഥവും സൗന്ദര്യവും നൽകും .
'കുട്ടികളെ നിങ്ങളുടെ അറിവിന്റെ പരിധിക്കുള്ളിൽ തളച്ചിടരുത് , അവർ ജനിച്ചത് മറ്റൊരു യുഗത്തിലാണ് ' എന്ന് ടാഗൂർ ഓർമ്മിപ്പിക്കുന്നു . നാളെ കുട്ടികൾ അവർ അർഹിക്കുന്ന പരമോന്നതസ്ഥാനങ്ങളിലെത്തിച്ചേരണമെങ്കിൽ അത്തരം നിയന്ത്രണങ്ങൾ പാടില്ല .
ഐൻസ്റ്റൈൻ : “ജനനത്തിൽ തുടങ്ങുന്ന ബുദ്ധിപരമായ വളർച്ച മരണത്തിലേ അവസാനിക്കാവൂ .”
“ജീവിതത്തെ കാണേണ്ടതു കാറിന്റെ മുന്നിലുള്ള വലിയ ഗ്ലാസ്സിലുടെയാണ് , പിൻവശം കാണാനുള്ള കണ്ണാടിയിലൂടെയല്ല .” ശ്വസിക്കുന്നത്ര തന്നെ ചിരിക്കാനും ജീവിക്കുന്ന കാലത്തോളം സ്നേഹിക്കാനും കഴിയുന്നവർ ഭാഗ്യവാന്മാർ .
എല്ലാം തീർത്തും ശരിയാണെന്ന് ഉറപ്പുവന്നെങ്കിലേ ഏതും തുടങ്ങു എന്നു വാശിപിടിച്ചാൽ , ഒരു കാര്യവും ഏറെയൊന്നും ചെയ്യാൻ നിങ്ങൾക്കു കഴിയില്ല . “ഇടയ്ക്കിടെ കണ്ണീരുകൊണ്ടു കണ്ണുകഴുകിയാൽ ജീവിതത്തെ നല്ല തെളിച്ചത്തോടെ കാണാൻ കഴിയും. ” എന്നുള്ളത് സ്മരിക്കുക...