സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

October 15, 2020

ധർമ്മസങ്കടങ്ങൾ


  

 ചിന്തിക്കുവാൻ ഒരു കല്പിത കഥ പറയാം. പാവപ്പെട്ടൊരു റെയിൽവേ ജീവനക്കാരൻ ഒരു നദിക്കു കുറുകെയുള്ള പാലം നിയന്ത്രിക്കുകയാണ് ജോലി . സാധാരണ സമയങ്ങളിൽ ഉയർന്നുനില്ക്കുന്ന പാലത്തിനടിയിലൂടെ ബോട്ടുകളൊഴുകും . ട്രെയിൻ വരുമ്പോൾ പാലം താഴ്ത്തി അതിനു പാളമൊരുക്കണം . ഒരു കരയിൽ നില്ക്കുന്ന ഗാർഡ് സ്വന്തം അറ്റത്തെ കൊളുത്തുറപ്പിക്കുകയും മറുകരയിലെ അറ്റത്തെ കൊളുത്ത് റിമോട്ട് കൺട്രോൾ വഴി ഉറപ്പിക്കുകയുമാണ് ചെയ്യുക . കൊളുത്തുകൾ സുഭദ്രമായില്ലെങ്കിൽ ട്രെയിൻ പാളംതെറ്റി നദിയിൽ വീണേക്കാം . 


ഒരു നാൾ തീവണ്ടി വരുന്നതറിഞ്ഞ് അയാൾ സ്വന്തം അറ്റത്തെ കൊളുത്തുറപ്പിച്ചെങ്കിലും മറുകരയിലേത് റിമോട്ട് വഴി ഉറപ്പിക്കാനായില്ല . അയാൾ മറുകരയിലേക്കു കുതിച്ചോടി പാളം ഉറപ്പിക്കാനുള്ള ലിവർ അതി ശക്തമായി വലിച്ചുപിടിച്ചുനിന്നു . വണ്ടികടന്നുപോയിക്കഴിയും വരെ അയാൾ ആ നിലയിൽ തുടരണം . ആ സമയത്ത് അയാളുടെ നാലു വയസ്സായ മകൻ വന്ന് അച്ഛൻ മറുകരയിൽ നില്ക്കുന്നതുകണ്ട് അയാളെ ഉറക്കെ വിളിച്ചുകൊണ്ട് പാലത്തിലൂടെ ഓടാൻ തുടങ്ങി . കുഞ്ഞിനെ ഓടിച്ചെന്നെടുത്തു രക്ഷിച്ചാൽ പാലത്തിന്റെ കൊളുത്തുരി വണ്ടി നദിയിലേക്കു മറിയും . അപായത്തിന്റെ ഗൗരവം മനസ്സിലാക്കാൻ വയ്യാത്ത കുഞ്ഞ്. അവന് ഓടി രക്ഷപ്പെടാൻ കഴിയാത്തത്ര അടുത്ത് ട്രെയിനെത്തിക്കഴിഞ്ഞു . കൃത്യനിർവ്വഹണത്തിൽ ശുഷ്കാന്തി പുലർത്തി തീവണ്ടിയിലെ ആയിരം യാത്രക്കാരെ രക്ഷിക്കാൻ ശ്രമിച്ച് , തന്റെ രക്തത്തിൽ പിറന്ന പൊന്നോമന അതേ തീവണ്ടിയിടിച്ച് ആറ്റിലേക്കു തെറിച്ചു മരിക്കുന്നതു കാണണോ ? അതോ എല്ലാം മറന്നു നിഷ്കളങ്കനായ കുഞ്ഞിനെ രക്ഷിക്കണോ ? കൊടിയ ധർമ്മസങ്കടം . 


ഒടുവിൽ കൃത്യം നിർവഹിച്ചു . ആകെത്തളർന്ന് , തങ്ങൾക്കുണ്ടായ ഘോര ദുരന്തം പത്നിയെ അറിയിക്കേണ്ട ഭാഗ്യഹീനന്റെ ചിത്രം ഏതു മനസ്സിനെയാണ് നൊമ്പരംകൊള്ളിക്കാത്തത് ! ഇത് കടുത്തതല്ലെങ്കിലും പല പ്രതിസന്ധികളെയും നമുക്കും നേരിടേണ്ടിവരും . 


നമുക്കൊക്കെ അറിയാവുന്നതല്ലെ  മഹാഭാരതയുദ്ധം തുടങ്ങുന്നതിനു തൊട്ടുമുമ്പ് അർജ്ജുനൻ നേരിട്ട കടുത്ത പ്രതിസന്ധിയും അതിനുണ്ടായ പരിഹാരവും ഐതിഹാസികം . കുരുക്ഷേത്രത്തിൽ കൗരവപാണ്ഡവസേനകൾ യുദ്ധം തുടങ്ങാനായി നേർക്കുനേർ നിൽക്കുന്ന നിർണായകമുഹൂർത്തത്തിൽ എതിർപക്ഷത്തെ മഹാരഥന്മാരുടെ നിര അർജ്ജുനനെ യുദ്ധശ്രമത്തിൽനിന്നു പിന്തിരിപ്പിക്കുന്നു . പിതാമഹൻ ഭീഷ്മർ , ഗുരു ദ്രോണർ , കൃപാചാര്യർ , അപ്പൂപ്പന്റെയും അച്ഛന്റെയും സഹോദരന്റെയും മകന്റെയും സ്ഥാനത്തുവരുന്ന നിരവധി ബന്ധുക്കൾ . തെല്ലു ഭൂമിക്കുവേണ്ടി ഇവരെയെല്ലാം കൊല്ലാൻ എനിക്കു വയ്യ . ഇവരെ വധിക്കണമെന്നോർക്കുമ്പോൾ എന്റെ അവയവങ്ങൾ തളരുന്നു . വായ് വരളുന്നു . ദേഹം വിറയ്ക്കുന്നു . വില്ലു കൈയിൽനിന്നു വഴുതിപ്പോകുന്നു . തൊലി പൊള്ളുന്നു . ഇരിക്കാൻപോലും വയ്യ . മനസ്സാകെ ചുറ്റിത്തിരിയുന്നു . യുദ്ധത്തിൽ എനിക്കു ജയിക്കേണ്ട . സുഖഭോഗങ്ങൾകൊണ്ടോ ജീവിതംകൊണ്ടോ എന്തു പ്രയോജനം ? എന്നായി ചിന്ത .


 വികാരവും രാജധർമ്മമെന്ന കടമയും തമ്മിലുള്ള അതിശക്തമായ സംഘർഷംമൂലം വിഷണ്ണനായ അർജ്ജുനനെ ഉപദേശിച്ച് കർമ്മമാർഗ്ഗത്തിലേക്കു ഭഗവാൻ ശ്രീ  കൃഷ്ണൻ കൊണ്ടുവരുന്നു . മഹാഭാരതത്തിലെ ഈ അസുലഭ സന്ദർഭത്തിലുള്ള അർജ്ജുനൻ നമ്മുടെയെല്ലാം പ്രതിനിധിയാണ് . പല നിർണായകമുഹൂർത്തങ്ങളിലും ക്ലേശകരമായ കടമയിൽനിന്നു പിന്തിരിയാനുള്ള പ്രവണതയെ സദ്ബുദ്ധികൊണ്ടും വിവേകംകൊണ്ടും പരാജയപ്പെടുത്തി ഉത്സാഹത്തോടെ കൃത്യനിർവഹണത്തിലേർപ്പെടുകയാണു വേണ്ടത് .


 പ്രതിസന്ധികളെയും ധർമ്മസങ്കടങ്ങളെയും വിജയകരമായി തരണം ചെയ്യുന്നതു നമ്മുടെ നാഡികളെ ഉരുക്കുകമ്പികളാക്കും . ആത്മവിശ്വാസത്തെ അതിശക്തമാക്കും .


 മനസ്സ് തുറന്നു ഒന്ന് ചിന്തിക്കുക...

No comments: