സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

October 13, 2020

തെറ്റിദ്ധാരണകൾ..

 


കുസൃതിക്കാരായ രണ്ടു സഹോദരന്മാരെ നല്ല ശീലങ്ങൾ പഠിപ്പിക്കാൻ അമ്മ ഗുരുവിനെ സമീപിച്ചു .  ദൈവഭക്തനായ ഗുരു , ദൈവത്തിന്റെ പാതകാണിച്ച് കുട്ടികളെ നേർവഴിയിലാക്കാമെന്നു കരുതി . ഇളയ ബാലനെ തന്റെ വീട്ടിലേക്ക് അയയ്ക്കാൻ പറഞ്ഞു , ചെന്നപ്പോൾ ഗുരു അവനോടു ചോദിച്ചു : “ഈശ്വരനെവിടെയുണ്ട് ?" 

അന്തം വിട്ടു വാപൊളിച്ചിരിക്കാനല്ലാതെ അവനു യാതൊന്നും പറയാനായില്ല . ഗുരു വിരൽ ചൂണ്ടി ശബ്ദമുയർത്തി “ചോദിച്ചതു കേട്ടില്ലേ ? എവിടെയാണ് ഈശ്വരൻ ? നീ പറേഞ്ഞേ പറ്റൂ. " അവൻ ഉറക്കെക്കരഞ്ഞുകൊണ്ട് മുറിവിട്ടോടി വീട്ടിലെത്തി , കുളിമുറിയിൽക്കയറി കതകടച്ചു . ഇതു കണ്ട് ചേട്ടൻ ഓടിച്ചെന്നു കതകുതുറന്നു ചോദിച്ചു : “ എന്തു പറ്റിയെടാ ? എന്തായാലും ഞാൻ ശരിയാക്കിത്തരാം , ” അനിയൻ ഏങ്ങലടിച്ചു കൊണ്ടു പറഞ്ഞു : “ ചേട്ടാ , നമ്മൾ ആകെ കുഴപ്പത്തിലാണ് , ഈശ്വരനെ കാണാനില്ല . നമ്മൾ ഒളിപ്പിച്ചുവച്ചിരിക്കുയാണെന്നാണ് ആ ഗുരുവിന്റെ വിചാരം . നമ്മളെ വിടുമെന്നു തോന്നുന്നില്ല . "ഗുരു തന്നെ ഉപദ്രവിക്കുകയേ ചെയ്യു എന്ന മുൻവിധിയാണ് തെറ്റിദ്ധാരണയ്ക്ക് വഴിവച്ചത് . 


ഇനി തൊട്ടടുത്ത പറമ്പുകളിൽ വീടുവച്ച് അതീവ സ്നേഹത്താടെ മുപ്പതു വർഷം പിന്നിട്ട കൃഷിക്കാരായ രണ്ടു സഹോദരന്മാരുടെ കഥ കേൾക്കുക : ഏതോ ചെറിയ കാരണത്താൽ തെറ്റിദ്ധാരണവന്ന് പിണക്കമായി , പരസ്പരം മിണ്ടാതായി , ശത്രുക്കളായി . പറമ്പുകളെ ബന്ധിക്കുന്ന വീതികുറഞ്ഞ വഴി മാത്രമേയുള്ളൂ . അവിടെ അനിയൻ ഒരു തോടും കുഴിച്ച് പരസ്പരം കടക്കാൻ വയ്യാതാക്കി . ചേട്ടന് ആ വഴി കാണുകപോലും വേണ്ടെന്നു തോന്നി. 

അങ്ങനെയിരിക്കെ ഒരു നാൾ അതിരാവിലെ ഒരു ആശാരി കടന്നുവന്ന് 'എന്തെങ്കിലും പണി ഇവിടെക്കാണുമെന്ന് അറിയാം . ഞാൻ ഭംഗിയായി ചെയ്തുതരാം' എന്നു പറഞ്ഞു . കുറെ പലകകളും കഴകളും കൊടുത്തു വൈകുന്നേരം താൻ ചന്തയിൽനിന്നു മടങ്ങിയെത്തുന്നതിനുമുമ്പ് നല്ല മരഭിത്തി പണിഞ്ഞ് അനിയന്റെ വീട്ടിലേക്കുള്ള വഴി മറയ്ക്കണമെന്നു ചട്ടംകെട്ടി . ആശാരി ശ്രദ്ധവച്ചു പണിഞ്ഞു . വൈകിട്ടു ചേട്ടൻ വന്നപ്പോൾ തോടിനുമുകളിലൂടെ നല്ല ഭംഗിയുള്ള ചെറുപാലം പറമ്പുകളെ കൂട്ടിയിണക്കി പണിഞ്ഞു വച്ചിരിക്കുന്നു . അനിയനും ആ നേരത്തു മടങ്ങിയെത്തി . ഇരുവരും പാലത്തിന്റെ പകുതി വീതം നടന്നെത്തി . പെട്ടെന്നു വഴക്കെല്ലാം മറന്ന് പരസ്പരം മാറോടണച്ചു . സഹോദരന്മാർക്കു സൗകര്യത്തോടെ നടന്ന് അതിരു കടക്കാൻ പാലം പണിയണമെന്നാണ് ആശാരി മനസ്സിലാക്കിയിരുന്നത് . ആശയവിനിമയത്തിലെ തകരാറുമൂലം പല തെറ്റിദ്ധാരണകളുമുണ്ടാകാറുണ്ട് . 


ഡൽഹിയിൽ ജനിച്ച രണ്ട് ആത്മസുഹൃത്തുക്കളെപ്പറ്റിയുള്ള കഥ കൂടി പറയാം . 

ഒരാൾ ചൈനക്കാരൻ . പ്രൈമറി ക്ലാസ്സുകൾ മുതൽ ഒരുമിച്ചു പഠിച്ച അവർക്കു പ്രായം എൺപതു കഴിഞ്ഞു . ചൈനക്കാരൻ ആശുപ്രതിക്കിടക്കയിൽ പലതരം കുഴലുകൾ ദേഹത്തിന്റെ പലഭാഗങ്ങളിൽ ചേർത്തു മരണവുമായി മല്ലടിച്ചുകിടക്കുന്ന കാര്യം പേരക്കുട്ടി ഇന്ത്യൻ സുഹൃത്തിനെ അറിയിച്ചു . ആദ്യം കാണാൻ പോയില്ല . ഒരാഴ്ച കഴിഞ്ഞു സന്ദേശമെത്തി , രണ്ടു ദിവസത്തിൽക്കൂടുതൽ ചൈനീസ് സ്നേഹിതൻ മുന്നോട്ടുപോവില്ല . മരിക്കാറായെന്നു രോഗിക്കുമറിയാം . പഴയ കൂട്ടുകാരനെക്കാണുമ്പോൾ ഇരുവർക്കും വികാരം ഇരമ്പുമെന്നറിഞ്ഞുകൊണ്ടുതന്നെ ആശുപത്രിക്കിടക്കയ്ക്കരികിൽ ചെന്നു നിന്ന സുഹൃത്തിനെ നോക്കി . ആസന്നമരണനായ രോഗി വികാരാധീനനായി ചൈനീസ് ഭാഷയിൽ എന്തോ ഒരു വാക്യം പറഞ്ഞ് അന്ത്യശ്വാസം വലിച്ചു . വാക്കുകൾ കുറിച്ചെടുത്ത സുഹൃത്ത് പിറ്റേന്ന് ചൈനീസ് എംബസിയിലെത്തി അവിടത്തെ ഉദ്യോഗസ്ഥനോട് ആ വാക്യത്തിന്റെ അർത്ഥം ചോദിച്ചു . ഉദ്യോഗസ്ഥൻ അർത്ഥം പറഞ്ഞു : “സ്നേഹിതാ , നിങ്ങളെന്റെ ഓക്സിജൻ പൈപ്പിലാണു നിൽക്കുന്നത് . വല്ലാതെ ശ്വാസം മുട്ടുന്നു .”

 


3  കഥകളിലും ഓരോ രീതിയിലെ തെറ്റിദ്ധാരണകളിലൂടെയാണ് പോകുന്നത്. എങ്ങനെയാണ് ഇത് ഉണ്ടാകുന്നത്, ചിന്തിച്ചിട്ടുണ്ടോ..? 

അതിനു ഒരു കാരണമെയുള്ളൂ, എന്തെന്നാൽ മനസ്സ് തുറന്നു സംസാരിക്കാതെയിരിക്കുക. ഇന്ന് നമ്മുടെ ചുറ്റും നടക്കുന്ന ഓരോ തെറ്റിദ്ധാരണയ്ക്ക് കാരണം ഇത് തന്നെയാണ്. അതേ ഒന്ന് മനസ്സ് തുറന്ന് പരസ്പരം സംസാരിക്കുമ്പോൾ ആയിരിക്കും  ചിലപ്പോൾ  നമ്മൾ മനസ്സിലാക്കുക അതുവരെ തോന്നിയതും കരുതിവെച്ചതൊന്നുമല്ല സത്യം എന്ന ബോധ്യമുണ്ടാകുന്നത്‌

No comments: