സംവഭവവും ഭാവനയും ചേർന്ന് ഏറെക്കാലമായി പ്രചാരത്തിലുള്ളാരു കഥ പറയാം. സോഷ്യൽ മീഡിയ സ്റ്റോറി ടെല്ലർ ജോസഫ് അന്നംകുട്ടിയുടെ വീഡിയോയിൽ നിന്ന് ലഭിച്ച കുഞ്ഞു കഥ.
അഞ്ചാം ക്ലാസ്സിലെ കുട്ടികളെ നോക്കി മിസ്സിസ് തോംസൺ എന്ന അദ്ധ്യാപിക ഒരു നുണ പറഞ്ഞു : “നിങ്ങളെയെല്ലാം ഞാൻ ഒരേപോലെ സ്നേഹിക്കുന്നു .” മുൻനിരയിലെ തണുപ്പൻ ടെഡിയെ നോക്കിയാൽ ടീച്ചറുടെ പ്രസ്താവന അസത്യമെന്നു വ്യക്തം. മുഷിഞ്ഞു നാറിയ വേഷം. കുളി വല്ലപ്പോഴും. ചില്ലറ മൊശടത്തങ്ങളും. അവന്റെ പേപ്പറിന് എപ്പോഴും കുറഞ്ഞ മാർക്ക് നല്കുന്നതിൽ ടീച്ചർക്കു രസം.
പക്ഷേ , ഒരിക്കൽ അവന്റെ പഴയ റിക്കോർഡുകൾ നോക്കിയപ്പോൾ തോംസണ് വിസ്മയം. "ബുദ്ധിയും പ്രസന്നതയുമുള്ള കുട്ടി. ഒന്നാന്തരം പെരുമാറ്റം" എന്നായിരുന്നു ഒന്നാം ക്ലാസ്സിലെ കുറിപ്പ്.
രണ്ടാം ക്ലാസ്സിലേത് : “ഏറ്റവും മികച്ച കുട്ടി. പക്ഷേ , മരിക്കാറായ അമ്മയെയോർത്ത് അവനു വിഷമ മുണ്ട് .”
മൂന്നാം ക്ലാസ്സിലെ ടീച്ചറുടെ കുറിപ്പ് : “അമ്മയുടെ മരണം അവനെ വലച്ചു. അവൻ നന്നായി ശ്രമിക്കുന്നു. അച്ഛൻ നോക്കുന്നില്ല. ആരെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ അവന്റെ കാര്യം കഷ്ടത്തിലാകും."
“ടെഡി ആരുമായി ഇടപെടുന്നില്ല. പഠിത്തത്തിൽ താൽപര്യം കുറഞ്ഞു. കൂട്ടുകാരില്ല. പലപ്പോഴും ക്ലാസ്സിൽ ഉറങ്ങുന്നു.” നാലിലെ ടീച്ചറുടെ കുറിപ്പ്.
ടെഡിയോടു വെറുപ്പു തോന്നിയതോർത്ത് മിസ്സിസ് തോംസൺ ലജ്ജിച്ചു. കുട്ടികൾ ടീച്ചർക്കു ക്രിസ്മസ് സമ്മാനങ്ങളുമായെത്തിയപ്പോൾ ലജ്ജ വർദ്ധിച്ചു. മനോഹരമായ വർണക്കടലാസ്സിൽ പൊതിഞ്ഞ് റിബ്ബണിട്ട് മറ്റു കുട്ടികൾ പലതരം ഉപഹാരങ്ങൾ ടീച്ചർക്കു കൊടുത്തപ്പോൾ , പലചരക്കുകടയിൽ നിന്നു കിട്ടിയ മുഷിഞ്ഞ കടലാസ്സിൽ ചുളുക്കിയൊതുക്കിയാണ് ടെഡി സമ്മാനമെത്തിച്ചത്. തുറന്നുനോക്കുമ്പോൾ മറ്റു കുട്ടികൾ പരിഹസിച്ചു ചിരിച്ചു. മുക്കാലും ഒഴിഞ്ഞ പെർഫ്യൂം കുപ്പിയും കുറെ കല്ലുകൾ കൊഴിഞ്ഞുപോയ പഴയ ബേസ്ലെറ്റുമായിരുന്നു ടെഡി സമ്മാനിച്ചത്. ബേസ്ലെറ്റ് എത്ര സുന്ദരമായിരിക്കുന്നുവെന്നു പറഞ്ഞ് ടീച്ചർ കൈയിൽ കെട്ടി. പെർഫും സ്വന്തം കൈയിൽ വീഴ്ത്തി സന്തോഷിച്ചു. അവനെ നോക്കി പുഞ്ചിരിച്ചു. ടെഡി ടീച്ചറോടു പറഞ്ഞു : “ടീച്ചർക്ക് ഇന്ന് എന്റെ അമ്മയുടെ മണമാണ് .”
അന്നു ടീച്ചർ ഏറെ നേരം കരഞ്ഞു. അന്നുമുതൽ അവർ പഠിപ്പിച്ചതു വായനയോ കണക്കോ എഴുത്തോ ആയിരുന്നില്ല. പകരം കുട്ടികളെയാണു പഠിപ്പിച്ചത്. ടെഡിയെ വിശേഷമായി ശ്രദ്ധിച്ചു. അതോടെ അവന്റെ മനസ്സിനു പഴയ പ്രകാശം തിരികെക്കിട്ടി. പ്രോത്സാഹിപ്പിക്കുന്തോറും അവൻ കൂടുതൽ സാമർത്ഥ്യം കാട്ടി. വർഷാവസാനമെത്തിയപ്പോൾ ഏറ്റവും ചുറുചുറുക്കുള്ള കുട്ടിയായി മാറി ടെഡി. എല്ലാ കുട്ടികളെയും ഒരുപോലെ സ്നേഹിക്കുന്നുവെന്നു പറഞ്ഞതു നുണതന്നെ. ടെഡിയോട് ഏറ്റവും കൂടുതൽ വാത്സല്യം. ഒരു കൊല്ലം കഴിഞ്ഞപ്പോൾ മിസ്സിസ് തോംസണൊരു കുറിപ്പുകിട്ടി. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ടീച്ചറാണെന്ന ടെഡിയുടെ കുറിപ്പ്. ആറു കൊല്ലം കഴിഞ്ഞ് അവൻ സ്കൂളിലെ മൂന്നാമനായി ജയിച്ചെന്ന എഴുത്ത്. എങ്കിലും ഏറ്റവും നല്ല ടീച്ചർ തോംസൺ തന്നെ. നാലു കൊല്ലം കൂടി കഴിഞ്ഞപ്പോൾ ഓണേഴ്സോടെ ബിരുദം. പിന്നെയും നാലു കൊല്ലം കൂടിക്കഴിഞ്ഞപ്പോൾ ടെഡിയുടെ കത്തിലെ പേർ തിയഡോർ സ്റ്റൊഡാർഡ് എം ഡി എന്ന്. ഡോക്ടറൊക്കെ ആയെങ്കിലും മികച്ച ടീച്ചർ തോംസൺ. കുറെക്കൂടി കഴിഞ്ഞപ്പോൾ ടെഡി എഴുതി : “മനസ്സിനിണങ്ങിയ പെൺകുട്ടിയെ കണ്ടെത്തി. അച്ഛനും മരിച്ച സ്ഥിതിക്ക് വിവാഹവേളയിൽ അമ്മയുടെ സ്ഥാനത്തു ടീച്ചറിരിക്കണം ." അവർ ചെന്നു . ഇരുന്നു. പണ്ട് ടെഡി കൊടുത്ത ബ്രേസ്ലെറ്റും ധരിച്ച് അതേ പെർഫ്യൂമും പുരട്ടി. വൃദ്ധയായ ടീച്ചറെ പുണർന്ന് ടെഡി കാതിൽ പറഞ്ഞു : “എന്നെ വിശ്വസിച്ചതിനു നന്ദി".
ടീച്ചറുടെ മറുപടി : “നിനക്കു തെറ്റി , മോനേ. നീയാണ് എന്നെ മാറ്റിയത്. എങ്ങനെ പഠിപ്പിക്കണമെന്നു നിന്നെ കാണുന്നതുവരെ എനിക്കറിഞ്ഞു കൂടായിരുന്നു ."

No comments:
Post a Comment