November 03, 2021
Last words
December 31, 2020
Log out 📴
December 06, 2020
കാരുണ്യചികിത്സ
സംവഭവവും ഭാവനയും ചേർന്ന് ഏറെക്കാലമായി പ്രചാരത്തിലുള്ളാരു കഥ പറയാം. സോഷ്യൽ മീഡിയ സ്റ്റോറി ടെല്ലർ ജോസഫ് അന്നംകുട്ടിയുടെ വീഡിയോയിൽ നിന്ന് ലഭിച്ച കുഞ്ഞു കഥ.
അഞ്ചാം ക്ലാസ്സിലെ കുട്ടികളെ നോക്കി മിസ്സിസ് തോംസൺ എന്ന അദ്ധ്യാപിക ഒരു നുണ പറഞ്ഞു : “നിങ്ങളെയെല്ലാം ഞാൻ ഒരേപോലെ സ്നേഹിക്കുന്നു .” മുൻനിരയിലെ തണുപ്പൻ ടെഡിയെ നോക്കിയാൽ ടീച്ചറുടെ പ്രസ്താവന അസത്യമെന്നു വ്യക്തം. മുഷിഞ്ഞു നാറിയ വേഷം. കുളി വല്ലപ്പോഴും. ചില്ലറ മൊശടത്തങ്ങളും. അവന്റെ പേപ്പറിന് എപ്പോഴും കുറഞ്ഞ മാർക്ക് നല്കുന്നതിൽ ടീച്ചർക്കു രസം.
പക്ഷേ , ഒരിക്കൽ അവന്റെ പഴയ റിക്കോർഡുകൾ നോക്കിയപ്പോൾ തോംസണ് വിസ്മയം. "ബുദ്ധിയും പ്രസന്നതയുമുള്ള കുട്ടി. ഒന്നാന്തരം പെരുമാറ്റം" എന്നായിരുന്നു ഒന്നാം ക്ലാസ്സിലെ കുറിപ്പ്.
രണ്ടാം ക്ലാസ്സിലേത് : “ഏറ്റവും മികച്ച കുട്ടി. പക്ഷേ , മരിക്കാറായ അമ്മയെയോർത്ത് അവനു വിഷമ മുണ്ട് .”
മൂന്നാം ക്ലാസ്സിലെ ടീച്ചറുടെ കുറിപ്പ് : “അമ്മയുടെ മരണം അവനെ വലച്ചു. അവൻ നന്നായി ശ്രമിക്കുന്നു. അച്ഛൻ നോക്കുന്നില്ല. ആരെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ അവന്റെ കാര്യം കഷ്ടത്തിലാകും."
“ടെഡി ആരുമായി ഇടപെടുന്നില്ല. പഠിത്തത്തിൽ താൽപര്യം കുറഞ്ഞു. കൂട്ടുകാരില്ല. പലപ്പോഴും ക്ലാസ്സിൽ ഉറങ്ങുന്നു.” നാലിലെ ടീച്ചറുടെ കുറിപ്പ്.
ടെഡിയോടു വെറുപ്പു തോന്നിയതോർത്ത് മിസ്സിസ് തോംസൺ ലജ്ജിച്ചു. കുട്ടികൾ ടീച്ചർക്കു ക്രിസ്മസ് സമ്മാനങ്ങളുമായെത്തിയപ്പോൾ ലജ്ജ വർദ്ധിച്ചു. മനോഹരമായ വർണക്കടലാസ്സിൽ പൊതിഞ്ഞ് റിബ്ബണിട്ട് മറ്റു കുട്ടികൾ പലതരം ഉപഹാരങ്ങൾ ടീച്ചർക്കു കൊടുത്തപ്പോൾ , പലചരക്കുകടയിൽ നിന്നു കിട്ടിയ മുഷിഞ്ഞ കടലാസ്സിൽ ചുളുക്കിയൊതുക്കിയാണ് ടെഡി സമ്മാനമെത്തിച്ചത്. തുറന്നുനോക്കുമ്പോൾ മറ്റു കുട്ടികൾ പരിഹസിച്ചു ചിരിച്ചു. മുക്കാലും ഒഴിഞ്ഞ പെർഫ്യൂം കുപ്പിയും കുറെ കല്ലുകൾ കൊഴിഞ്ഞുപോയ പഴയ ബേസ്ലെറ്റുമായിരുന്നു ടെഡി സമ്മാനിച്ചത്. ബേസ്ലെറ്റ് എത്ര സുന്ദരമായിരിക്കുന്നുവെന്നു പറഞ്ഞ് ടീച്ചർ കൈയിൽ കെട്ടി. പെർഫും സ്വന്തം കൈയിൽ വീഴ്ത്തി സന്തോഷിച്ചു. അവനെ നോക്കി പുഞ്ചിരിച്ചു. ടെഡി ടീച്ചറോടു പറഞ്ഞു : “ടീച്ചർക്ക് ഇന്ന് എന്റെ അമ്മയുടെ മണമാണ് .”
അന്നു ടീച്ചർ ഏറെ നേരം കരഞ്ഞു. അന്നുമുതൽ അവർ പഠിപ്പിച്ചതു വായനയോ കണക്കോ എഴുത്തോ ആയിരുന്നില്ല. പകരം കുട്ടികളെയാണു പഠിപ്പിച്ചത്. ടെഡിയെ വിശേഷമായി ശ്രദ്ധിച്ചു. അതോടെ അവന്റെ മനസ്സിനു പഴയ പ്രകാശം തിരികെക്കിട്ടി. പ്രോത്സാഹിപ്പിക്കുന്തോറും അവൻ കൂടുതൽ സാമർത്ഥ്യം കാട്ടി. വർഷാവസാനമെത്തിയപ്പോൾ ഏറ്റവും ചുറുചുറുക്കുള്ള കുട്ടിയായി മാറി ടെഡി. എല്ലാ കുട്ടികളെയും ഒരുപോലെ സ്നേഹിക്കുന്നുവെന്നു പറഞ്ഞതു നുണതന്നെ. ടെഡിയോട് ഏറ്റവും കൂടുതൽ വാത്സല്യം. ഒരു കൊല്ലം കഴിഞ്ഞപ്പോൾ മിസ്സിസ് തോംസണൊരു കുറിപ്പുകിട്ടി. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ടീച്ചറാണെന്ന ടെഡിയുടെ കുറിപ്പ്. ആറു കൊല്ലം കഴിഞ്ഞ് അവൻ സ്കൂളിലെ മൂന്നാമനായി ജയിച്ചെന്ന എഴുത്ത്. എങ്കിലും ഏറ്റവും നല്ല ടീച്ചർ തോംസൺ തന്നെ. നാലു കൊല്ലം കൂടി കഴിഞ്ഞപ്പോൾ ഓണേഴ്സോടെ ബിരുദം. പിന്നെയും നാലു കൊല്ലം കൂടിക്കഴിഞ്ഞപ്പോൾ ടെഡിയുടെ കത്തിലെ പേർ തിയഡോർ സ്റ്റൊഡാർഡ് എം ഡി എന്ന്. ഡോക്ടറൊക്കെ ആയെങ്കിലും മികച്ച ടീച്ചർ തോംസൺ. കുറെക്കൂടി കഴിഞ്ഞപ്പോൾ ടെഡി എഴുതി : “മനസ്സിനിണങ്ങിയ പെൺകുട്ടിയെ കണ്ടെത്തി. അച്ഛനും മരിച്ച സ്ഥിതിക്ക് വിവാഹവേളയിൽ അമ്മയുടെ സ്ഥാനത്തു ടീച്ചറിരിക്കണം ." അവർ ചെന്നു . ഇരുന്നു. പണ്ട് ടെഡി കൊടുത്ത ബ്രേസ്ലെറ്റും ധരിച്ച് അതേ പെർഫ്യൂമും പുരട്ടി. വൃദ്ധയായ ടീച്ചറെ പുണർന്ന് ടെഡി കാതിൽ പറഞ്ഞു : “എന്നെ വിശ്വസിച്ചതിനു നന്ദി".
ടീച്ചറുടെ മറുപടി : “നിനക്കു തെറ്റി , മോനേ. നീയാണ് എന്നെ മാറ്റിയത്. എങ്ങനെ പഠിപ്പിക്കണമെന്നു നിന്നെ കാണുന്നതുവരെ എനിക്കറിഞ്ഞു കൂടായിരുന്നു ."
December 01, 2020
അറിയാതെ പോയ സിൽക്ക് സ്മിതയുടെ സങ്കട ചിരി
ആന്ധാപ്രദേശിലെ എളൂർ എന്ന ഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ച വിജയലക്ഷ്മിക്ക് നാലാം ക്ലാസ്സിൽ പഠനമുപേക്ഷിക്കേണ്ടി വന്നു. ഒരു എക്സ്ട്രാ നടിയായാണ് സിനിമയിലെത്തിയത്. കൗമാരമെത്തിയപ്പോഴേക്കും സ്മിതയുടെ വിവാഹം കഴിഞ്ഞെങ്കിലും ദാരിദ്ര്യത്തിന് മാറ്റമുണ്ടായില്ല. 1979ൽ മലയാളിയായ ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ‘ഇണയെത്തേടി’യിലൂടെ ആണ് പത്തൊൻപതാം വയസ്സിൽ വിജയലക്ഷ്മി സിനിമയിലെത്തിയത്. വശ്യമായ കണ്ണുകളും ആരെയും ആകർഷിക്കുന്ന ശരീരവടിവുകളും സിനിമയുടെ മറ്റൊരു ലോകത്തേക്കാണ് അവരെ എത്തിച്ചത്.
വിജയലക്ഷ്മിയെന്ന പാവം പെൺകുട്ടി സിൽക് സ്മിതയെന്ന നക്ഷത്രമായിമാറിയപ്പോൾ കഥകളായി, അപവാദങ്ങളായി. വിജയം തലയ്ക്കുപിടിച്ച് നില മറന്നു വെന്ന് ആക്ഷേപമുയർന്നു. നടികർ തിലകം ശിവാജി ഗണേശൻ സെറ്റിലേക്കു കയറിവന്നപ്പോൾ കാലിന്മേൽ കാൽ കയറ്റിവച്ചിരുന്ന സ്മിതയെ നോക്കി സിനിമാലോകം നെറ്റി ചുളിച്ചു . എംജിആർ മുഖ്യമന്ത്രി , അദ്ദേഹം വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാതെ ആന്ധ്രയിലേക്കു ഷൂട്ടിങ്ങിനു പോയപ്പോൾ 'എന്തൊരു അഹങ്കാരി ' എന്ന മുറുമുറുപ്പുയർന്നു . സ്മിതയ്ക്കും പറയാനുണ്ടായിരുന്നെങ്കിലും അപവാദങ്ങളുടെയത്ര പ്രചാരം അതിനു ലഭിച്ചില്ല . പുറത്തുനിന്നുള്ള ആക്രമണങ്ങളെ ചെറുക്കാൻ പുറന്തോടിനുള്ളിലേക്കു വലിയുന്ന ആമയെപ്പോലെ , സിനിമയുടെ ചതിക്കുഴികളെ അതിജയിക്കാൻ സ്മിത അഹങ്കാരിയുടെ പുറന്തോടെടുത്ത് അണിയുകയായിരുന്നുവെന്ന് അടുപ്പമുണ്ടായിരുന്നവർ മാത്രം അറിഞ്ഞു .
ജീവിതത്തിലെ ആദ്യ വേഷം മേക്കപ്പ് ആർട്ടിസ്റ്റിന്റേതായിരുന്നു . സിനിമപോലൊരു ട്വിസ്റ്റ് സംഭവിക്കുന്നതു പിന്നീടാണ് .
35 ആം വയസിൽ സ്മിത എന്തിന് അങ്ങനെ ചെയ്തു എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ . ?
പല കഥകൾ പ്രചരിച്ചിരുന്നു.. തെലുങ്കിൽ എഴുതിയ ഒരു ആത്മഹത്യ കുറിപ്പ് അന്ന് ലഭിച്ചുവെന്ന് പറയപ്പെടുന്നു.
സ്വപ്നങ്ങൾ കാണാൻ തുടങ്ങിയ പ്രായത്തിൽ തന്ന ഒരു കാളവണ്ടിക്കാരൻ ആയിട്ട് കല്യാണം . അയാളുടെ ഉപദ്രവം സഹിക്കവയ്യാതെ സ്മിത വീടുവിട്ടിറങ്ങി .
എങ്ങനെയും സിനിമയിൽ കയറണം എന്ന് മാത്രേ ആഗ്രഹിച്ചിരുന്നുള്ളൂ .
അവസാനം ആഗ്രഹിച്ചപോലെ സ്മിത എല്ലാം നേടി , പേരും പ്രശസ്തിയും പണവും എല്ലാം ...
പിന്നീട് അങ്ങോട്ട് യഥാർത്ഥത്തിൽ സ്മിത ഒന്നും നേടിയില്ല എന്ന് തിരിച്ചറിയുന്ന ദിവസങ്ങൾ ആയിരുന്നു ..
തൻ്റെ സിനിമകൾ കണ്ട് കയ്യടിച്ചവർക്ക് തിയറ്ററിൽ നിന്ന് ഇറങ്ങി കഴിഞ്ഞാൽ താൻ മോശക്കാരി ആയിരുന്നു ..
സ്നേഹം ചമഞ്ഞ് വന്നവരുടെ എല്ലാം കണ്ണിൽ കാമം മാത്രം ആയിരുന്നു .. തന്നെ ഒരുപാട് പേർ തൊട്ടു , പക്ഷ തൻ്റെ ഹൃദയത്തിൽ തൊടാൻ ആർക്കും സാധിച്ചില്ല ..
അങ്ങനൊരു തീരുമാനം എടുക്കുന്നതിന് മുന്നേ ഒരുപാട് ആലോചിച്ചു , പക്ഷെ ആരോ സ്മിതയുടെ ചെവിയിൽ നീ ഒന്നിനും കൊള്ളില്ല , നിനക്ക് ആരുമില്ല എന്ന് പറയുന്ന പോലെ ആണ് തോന്നിയത് ..
സ്ഫടികം ഇറങ്ങി ഒരു വർഷത്തിന് ശേഷമായിരുന്നു സ്മിതയുടെ ആത്മഹത്യ. പക്ഷേ സിൽക്കിന്റെ ആകസ്മിക വേർപാടിൽ കോളിവുഡും സാൻഡൽവുഡും ടോളിവുഡും ഒന്നും കരഞ്ഞില്ല. പുഷ്പചക്രങ്ങളും കണ്ണീർ പൂക്കളും ആ ദേഹത്തെ പൊതിഞ്ഞില്ല. ഉയർച്ചയ്ക്കായി സ്മിതയുടെ നടന പാടവം ഉപയോഗിച്ചവർ പോലും അന്ത്യാഞ്ജലിക്കെത്തിയില്ല. മൃതശരീരം കാണാൻ തന്നെ ജനം മടിച്ച വിവേചനം.
ഒടുവിൽ സ്മിതയെ വെള്ള പുതപ്പിച്ചു കിടത്തിയപ്പോ പോലും "ആ തുണി കൊറച്ച് ഇറക്കി ഇട്ടിരുന്നെങ്കിൽ " എന്ന് ആരോ വിളിച്ച് പറഞ്ഞത് കേൾക്കാമായിരുന്നു .
നടി ഉർവശി സിൽക്ക് സ്മിതയെ പറ്റി എഴുതിയ ഒരു ആർട്ടിക്കിളിൽ ഉള്ളതാണ് അവസാന വരി . അത് സത്യമാണ് . നടന്ന സംഭവമാണ് . ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം സ്മിത കൂട്ടുകാരിയും നടിയും ആയ അനുരാധയെ വിളിച്ച് അത്യാവശ്യമായി സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞെങ്കിലും അവർക്ക് അന്ന് പല കാരണങ്ങൾ കൊണ്ട് കാണാൻ കഴിഞ്ഞില്ല , പകരം അടുത്ത ദിവസം രാവിലെ തന്നെ വരാം എന്നാണ് അനുരാധ പറഞ്ഞത് . പക്ഷെ നേരം വെളുത്തപ്പോ സ്മിതയുടെ മരണ വാർത്ത ആണ് അവരെ തേടിയെത്തിയത് .
'അന്ന് ഞാൻ അവരെ പോയ് കണ്ടിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കിലായിരുന്നു' എന്ന് ഓർത്ത് അനുരാധ ഇപ്പോഴും വിഷമിക്കുന്നു .
November 28, 2020
അയലത്തെ കഞ്ഞി കളയരുത്
ആറ്റുവക്കത്തെ വീടു വാങ്ങി താമസം തുടങ്ങിയ ഗ്രാമീണൻ അടുത്ത കുളിക്കടവിൽപ്പോയി കുളിക്കാൻ അനുവാദം വാങ്ങിയിരുന്നു . കുളി കഴിഞ്ഞ് മടങ്ങുമ്പോൾ ആ വീട്ടുകാർ കഞ്ഞി കുടിച്ചിട്ടു പോകാം എന്നു പറഞ്ഞ് എന്നും ക്ഷണിക്കുമായിരുന്നു. പക്ഷേ , അയാൾ കഞ്ഞി വേണ്ടെന്നു ചിരിച്ചുകൊണ്ടു പറഞ്ഞു പോരുകയാണു പതിവ്. അയാൾക്കു പ്രായമേറെയായി. മറുനാട്ടിലായിരുന്ന മകൻ കുടെ പാർക്കാനെത്തി. വൃദ്ധൻ മകനെ ഉപദേശിച്ചു : “അയലത്തെ കഞ്ഞി കളയരുത്".
മകനും അടുത്ത വീട്ടുകാരുടെ കടവിൽ പോയി കുളിക്കുന്നതു പതിവാക്കി. കഞ്ഞികുടിക്കാനുള്ള ക്ഷണം ഒരു ദിവസം അയാൾ സ്വീകരിച്ച് അവിടെ കഞ്ഞികുടിച്ചു. പിന്നെ കുറെ ദിവസം ആ പതിവു തുടർന്നു . അതോടെ കുളികഴിഞ്ഞ് അയാൾ മടങ്ങുമ്പോൾ അയലത്തെ വീട്ടുകാർ മുൻവശത്തെ കതകടച്ച് അയാളെ ഒഴിവാക്കാൻ തുടങ്ങി. അപ്പോഴാണ് അച്ഛന്റെ ഉപദേശത്തിന്റെ അർത്ഥം മനസ്സിലായത്. അച്ഛനമ്മമാരോ അവരുടെ അച്ഛനമ്മമാരോ ഒഴികെ ആരും ആർക്കും ഒന്നും സൗജന്യമായി നല്കില്ലെന്നതു പൊതുതത്ത്വമാണ്. ചുരുക്കം ചില അപവാദങ്ങളുണ്ടാകാമെന്നു മാത്രം.
സൗജന്യവാഗ്ദാനങ്ങളടങ്ങുന്ന പരസ്യപ്പെരുമഴയാണ് നമ്മുടെ നാട്ടിൽ. ഒരിനത്തിൽ തരുന്ന സൗജന്യം മറ്റൊരിനത്തിൽ നമ്മിൽനിന്നു വസൂലാക്കുന്ന അടവായിരിക്കും ഇത്തരം വാഗ്ദാനങ്ങളിലെല്ലാം. പക്ഷേ , വ്യവസ്ഥകൾ തെല്ല് അപഗ്രഥിച്ചുനോക്കിയാലേ ഇക്കാര്യം വ്യക്തമാകൂ. നഷ്ടം സഹിച്ച് ആയിരക്കണക്കിന് ഉപഭോക്താക്കൾക്കു സൗജന്യങ്ങൾ നല്കാൻ ഏതു സ്ഥാപനത്തിനാണു കഴിയുക ! നമ്മെ പ്രലോഭിപ്പിച്ച് ഏതെങ്കിലും സാധനമോ സേവനമോ വാങ്ങിപ്പിക്കുകയെന്ന ബിസിനസ് ലക്ഷ്യമാകും ഒട്ടെല്ലാ സൗജന്യവാഗ്ദാനങ്ങളുടെയും പിന്നിൽ . ഒന്നെടുത്താൽ രണ്ടു കിട്ടുമെന്നു കേൾക്കുമ്പോൾ രണ്ടിന്റെ വില ഒന്നിനെന്നു പറയുകയാണെന്നു തിരിച്ചറിയുന്നതാവും ബുദ്ധി .
ഇതൊക്കെ അറിയാവുന്നവരും ചില സാഹചര്യങ്ങളിൽ 'വെറുത കിട്ടുമെങ്കിൽ എനിക്കൊന്ന് ,ചിറ്റപ്പനു രണ്ട് ' എന്നർത്ഥം വരുന്ന തമിഴ്മൊഴിക്ക് അടിമപ്പെട്ടുപോകുന്നു . പൊന്നോടക്കുഴലുകാരൻ എന്നറിയപ്പെടുന്ന അനുഗൃഹീത ഐറിഷ് സംഗീതജ്ഞൻ ജെയിംസ് ഗാൽവേ പറഞ്ഞു : “ഞാൻ ആരിൽനിന്നും സൗജന്യമായി ഓടക്കുഴൽ വാങ്ങില്ല.”
“There's no such thing as a free lunch" എന്ന മൊഴിക്ക് ധനശാസ്ത്രപഠനത്തിൽ വരെ പ്രചാരമുണ്ട്. ഒന്നും കൊടുക്കാതെ എന്തെങ്കിലും കിട്ടില്ല . പുണ്യത്തിനുവേണ്ടി അന്നദാനം നല്കുന്ന പതിവു പലേടത്തുമുണ്ട് . ഇംഗ്ലിഷ് മൊഴിക്ക് ഇതുമായി ബന്ധമില്ല . മദ്യം വാങ്ങിക്കഴിക്കുന്നവർക്ക് അമേരിക്കയിലെയും യൂറോപ്പിലെയും ചില ഷാപ്പുകളിൽ സൗജന്യഭക്ഷണം നല്കിവന്നു . പക്ഷേ , ഇതു സൗജന്യമല്ലെന്നും വ്യാജപ്പരസ്യം നല്കി , മദ്യത്തിനു വിലകൂട്ടി ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്നും ആരോപണമുയരുകയും കോടതിക്കേസ്സുകളുണ്ടാകുകയും ചെയ്തു.
ധനശാസ്ത്രത്തിലെ നോബൽ സമ്മാനം 1976 - ൽ നേടിയ മിൽട്ടൺ ഫഡ്മാൻ ( 1912-2006 ) “There's no such thing as a free lunch" എന്ന പേരിലൊരു പുസ്തകം 1975 - ൽ പ്രസിദ്ധപ്പെടുത്തിയിരുന്നു . ഇപ്പറഞ്ഞതെല്ലാം ചിത്രത്തിന്റെ ഒരു വശം. നമുക്കു ജീവിതത്തിൽ നിരാശ വരാതിരിക്കാൻ മുറുകെപ്പിടിക്കാവുന്ന ആശയം. പക്ഷേ, മറുവശം മറന്നുകൂടാ. അർഹതയുള്ളവർക്കു ദാനംചെയ്യുന്നതു നിശ്ചയമായും നമുക്ക് സന്തോഷവും സമാധാനവും നല്കും. അന്നം കൊടുക്കുന്നയാൾക്ക് ക്ഷയിക്കാത്ത സുഖം എന്നു സംസ്കൃതമൊഴി. സൗജന്യമൊന്നും ആശിക്കാതെ കഴിയുന്നവർക്കു നിരാശ വരില്ലെന്നുമോർക്കാം.