സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

November 28, 2020

അയലത്തെ കഞ്ഞി കളയരുത്

 


ആറ്റുവക്കത്തെ വീടു വാങ്ങി താമസം തുടങ്ങിയ ഗ്രാമീണൻ അടുത്ത കുളിക്കടവിൽപ്പോയി കുളിക്കാൻ അനുവാദം വാങ്ങിയിരുന്നു . കുളി കഴിഞ്ഞ് മടങ്ങുമ്പോൾ ആ വീട്ടുകാർ കഞ്ഞി കുടിച്ചിട്ടു പോകാം എന്നു പറഞ്ഞ് എന്നും ക്ഷണിക്കുമായിരുന്നു. പക്ഷേ , അയാൾ കഞ്ഞി വേണ്ടെന്നു ചിരിച്ചുകൊണ്ടു പറഞ്ഞു പോരുകയാണു പതിവ്. അയാൾക്കു പ്രായമേറെയായി. മറുനാട്ടിലായിരുന്ന മകൻ കുടെ പാർക്കാനെത്തി. വൃദ്ധൻ മകനെ ഉപദേശിച്ചു : “അയലത്തെ കഞ്ഞി കളയരുത്".

         മകനും അടുത്ത വീട്ടുകാരുടെ കടവിൽ പോയി കുളിക്കുന്നതു പതിവാക്കി. കഞ്ഞികുടിക്കാനുള്ള ക്ഷണം ഒരു ദിവസം അയാൾ സ്വീകരിച്ച് അവിടെ കഞ്ഞികുടിച്ചു. പിന്നെ കുറെ ദിവസം ആ പതിവു തുടർന്നു . അതോടെ കുളികഴിഞ്ഞ് അയാൾ മടങ്ങുമ്പോൾ അയലത്തെ വീട്ടുകാർ മുൻവശത്തെ കതകടച്ച് അയാളെ ഒഴിവാക്കാൻ തുടങ്ങി. അപ്പോഴാണ് അച്ഛന്റെ ഉപദേശത്തിന്റെ അർത്ഥം മനസ്സിലായത്. അച്ഛനമ്മമാരോ അവരുടെ അച്ഛനമ്മമാരോ ഒഴികെ ആരും ആർക്കും ഒന്നും സൗജന്യമായി നല്കില്ലെന്നതു പൊതുതത്ത്വമാണ്. ചുരുക്കം ചില അപവാദങ്ങളുണ്ടാകാമെന്നു മാത്രം.


       സൗജന്യവാഗ്ദാനങ്ങളടങ്ങുന്ന പരസ്യപ്പെരുമഴയാണ് നമ്മുടെ നാട്ടിൽ. ഒരിനത്തിൽ തരുന്ന സൗജന്യം മറ്റൊരിനത്തിൽ നമ്മിൽനിന്നു വസൂലാക്കുന്ന അടവായിരിക്കും ഇത്തരം വാഗ്ദാനങ്ങളിലെല്ലാം. പക്ഷേ , വ്യവസ്ഥകൾ തെല്ല് അപഗ്രഥിച്ചുനോക്കിയാലേ ഇക്കാര്യം വ്യക്തമാകൂ. നഷ്ടം സഹിച്ച് ആയിരക്കണക്കിന് ഉപഭോക്താക്കൾക്കു സൗജന്യങ്ങൾ നല്കാൻ ഏതു സ്ഥാപനത്തിനാണു കഴിയുക ! നമ്മെ പ്രലോഭിപ്പിച്ച് ഏതെങ്കിലും സാധനമോ സേവനമോ വാങ്ങിപ്പിക്കുകയെന്ന ബിസിനസ് ലക്ഷ്യമാകും ഒട്ടെല്ലാ സൗജന്യവാഗ്ദാനങ്ങളുടെയും പിന്നിൽ . ഒന്നെടുത്താൽ രണ്ടു കിട്ടുമെന്നു കേൾക്കുമ്പോൾ രണ്ടിന്റെ വില ഒന്നിനെന്നു പറയുകയാണെന്നു തിരിച്ചറിയുന്നതാവും ബുദ്ധി .


      ഇതൊക്കെ അറിയാവുന്നവരും ചില സാഹചര്യങ്ങളിൽ 'വെറുത കിട്ടുമെങ്കിൽ എനിക്കൊന്ന് ,ചിറ്റപ്പനു രണ്ട് ' എന്നർത്ഥം വരുന്ന തമിഴ്മൊഴിക്ക് അടിമപ്പെട്ടുപോകുന്നു . പൊന്നോടക്കുഴലുകാരൻ എന്നറിയപ്പെടുന്ന അനുഗൃഹീത ഐറിഷ് സംഗീതജ്ഞൻ ജെയിംസ് ഗാൽവേ പറഞ്ഞു : “ഞാൻ ആരിൽനിന്നും സൗജന്യമായി ഓടക്കുഴൽ വാങ്ങില്ല.”

 “There's no such thing as a free lunch" എന്ന മൊഴിക്ക് ധനശാസ്ത്രപഠനത്തിൽ വരെ പ്രചാരമുണ്ട്. ഒന്നും കൊടുക്കാതെ എന്തെങ്കിലും കിട്ടില്ല . പുണ്യത്തിനുവേണ്ടി അന്നദാനം നല്കുന്ന പതിവു പലേടത്തുമുണ്ട് . ഇംഗ്ലിഷ് മൊഴിക്ക് ഇതുമായി ബന്ധമില്ല . മദ്യം വാങ്ങിക്കഴിക്കുന്നവർക്ക് അമേരിക്കയിലെയും യൂറോപ്പിലെയും ചില ഷാപ്പുകളിൽ സൗജന്യഭക്ഷണം നല്കിവന്നു . പക്ഷേ , ഇതു സൗജന്യമല്ലെന്നും വ്യാജപ്പരസ്യം നല്കി , മദ്യത്തിനു വിലകൂട്ടി ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്നും ആരോപണമുയരുകയും കോടതിക്കേസ്സുകളുണ്ടാകുകയും ചെയ്തു.

      ധനശാസ്ത്രത്തിലെ നോബൽ സമ്മാനം 1976 - ൽ നേടിയ മിൽട്ടൺ ഫഡ്മാൻ ( 1912-2006 ) “There's no such thing as a free lunch" എന്ന പേരിലൊരു പുസ്തകം 1975 - ൽ പ്രസിദ്ധപ്പെടുത്തിയിരുന്നു . ഇപ്പറഞ്ഞതെല്ലാം ചിത്രത്തിന്റെ ഒരു വശം. നമുക്കു ജീവിതത്തിൽ നിരാശ വരാതിരിക്കാൻ മുറുകെപ്പിടിക്കാവുന്ന ആശയം. പക്ഷേ, മറുവശം മറന്നുകൂടാ. അർഹതയുള്ളവർക്കു ദാനംചെയ്യുന്നതു നിശ്ചയമായും നമുക്ക് സന്തോഷവും സമാധാനവും നല്കും. അന്നം കൊടുക്കുന്നയാൾക്ക് ക്ഷയിക്കാത്ത സുഖം എന്നു സംസ്കൃതമൊഴി. സൗജന്യമൊന്നും ആശിക്കാതെ കഴിയുന്നവർക്കു നിരാശ വരില്ലെന്നുമോർക്കാം.



No comments: