ഒരു വിലയുമില്ലാത്തതാണു പൂജ്യമെന്നു നാം പറയും . പക്ഷേ ഏതെങ്കിലും സംഖ്യയുടെ വലതുഭാഗത്ത് അതെഴുതിയാലോ ? സംഖ്യയുടെ വില പത്തിരട്ടി. പെരുമാറ്റവുമിങ്ങനെ തന്നെ . പെരുമാറ്റം കൊണ്ടു മാത്രം എല്ലാം നേടാനാവില്ല , പക്ഷേ നിത്യജീവിതത്തിൽ പലതിന്റെയും മാറ്റു കൂട്ടാൻ നല്ല പെരുമാറ്റത്തിനു കഴിയും . യാത്രാവിവരണസാഹിത്യത്തിനു മികച്ച സംഭാവന നൽകി 101 -ാം വയസ്സിൽ അന്തരിച്ച യൂറോപ്യൻ വനിത ഫ്രെയാ സാർക്കിന്റേതാണ് ( 1893 - 1993 ) ഈ ആശയം .
അന്യരുടെ വികാരം മനസ്സിലാക്കി അതിനെ മാനിക്കുന്നതാണ് നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനം . അന്യന്റെ ദു:ഖം സ്വന്തം ദു:ഖമായി കാണുക , അന്യരോടു കാരുണ്യം കാട്ടുക , സഹായിക്കാൻ കഴിയുമെങ്കിൽ സഹായിക്കുക , മുഖത്തുനോക്കി ചിരിക്കുകയും തിരിഞ്ഞു നിന്നു പരിഹസിക്കുകയും ചെയ്യാതിരിക്കുക , പരദൂഷണം ഒഴിവാക്കുക ഇത്രയുമൊക്കെയായാൽ ഏവരുടെയും സ്വീകാര്യതയേറും.
എന്തിനു സ്വീകാര്യതയേറണം , എനിക്കിഷ്ടമുള്ളതുപോലെ ഞാൻ പെരുമാറും ; ആവശ്യമുണ്ടെങ്കിൽ മാത്രം എന്നെ സ്വീകരിച്ചാൽ മതി എന്നു കരുതുന്നവരുണ്ട് . അഹന്തയുടെ ആ സമീപനം നമുക്കു വേണ്ട . ആരാണ് അയാളുടെ സുഹൃത്തുക്കളെന്നു പറയൂ . അയാളാരെന്നു ഞാൻ പറയാം എന്ന് ഇംഗ്ലിഷ് മൊഴി .
ഈ ആശയം ബൈബിളിലുണ്ട് : “വിജ്ഞാനികളുടെ സഹചരൻ വിജ്ഞാനിയാകും ; ഭോഷരുടെ ചങ്ങാതിക്കോ ദോഷം ഭവിക്കും ." ( സുഭാഷിതങ്ങൾ 13 : 20 ) .
അന്യരുമായി എത്രയടുത്തു പെരുമാറണമെന്നു സംശയമുള്ളവർക്ക് ഓർക്കാവുന്ന ജർമ്മനിയിലെ നാടൻ സങ്കൽപം എന്ന് ഞാൻ ഒരു മാഗസിനിൽ വായിച്ചത് ഓർക്കുന്നു .
കൂട്ടുകൂടി ചുരുണ്ട് ഒരുമിച്ചു കിടന്നെങ്കിലേ മുള്ളൻപന്നികൾക്കു തണുപ്പിൽ നിന്നു രക്ഷപെടാനാവൂ . പക്ഷേ കൂടുതലടുത്താൽ അടുത്തു കിടക്കുന്നതിന്റെ മുള്ളുകുത്തി കണ്ണു പൊട്ടും . ആ സാഹചര്യത്തിൽ അവയുടെ അടുപ്പത്തിൽ മാന്യമായ അകലം പാലിക്കണം . മറ്റൊരു നല്ലപാഠവും മുള്ളൻപന്നി പകരുന്നു . തരത്തിനൊത്തു തലോടിയാൽ പുറത്തിനു നല്ല മിനുസം തോന്നും . തടകൽ എതിർ ചൊവ്വിലായാൽ കൈയതയും മുള്ളു തറച്ചതു തന്നെ .
മര്യാദക്കാർക്കു പ്രചോദനം നല്ല ഹൃദയമാണെന്ന് എമേഴസൺ പറയുന്നു. അവർ ആനന്ദം വിതറുന്നു . നരച്ച മുടിയല്ല , സൽസ്വഭാവമാണ് നിങ്ങളെ മാന്യനാക്കുന്നത്.
പ്രശസ്ത ബ്രിട്ടീഷ് നടൻ റോജർ മോർ ഒരു പ്രമുഖ ഇംഗ്ലീഷ് മാസികയിൽ സരസമായി പറഞ്ഞത് ഇവിടെ ഞാൻ കൂട്ടിച്ചേർക്കുന്നു : "സ്നേഹവും മഹാമനസ്കതയും നല്ല പെരുമാറ്റവും പഠിപ്പിക്കുക . ചിലതെല്ലാം ക്ലാസ്മറിയിൽ നിന്നു വീട്ടിലേക്കൊഴുകിയെത്തി കുട്ടികൾ മാതാപിതാക്കളെ പഠിപ്പിക്കില്ലെന്ന് ആരു കണ്ടു ? ” പെരുമാറ്റത്തിൽ പുലർത്തേണ്ട ചില കാര്യങ്ങൾ റഷ്യൻ കഥാകൃത്ത് ആന്റൺ ചെക്കോവ് ( 1860 - 1904) ചൂണ്ടിക്കാട്ടിയിരുന്നു . ചിത്രകാരനായ സഹോദരൻ നിക്കൊലേയ് ചെക്കോവിനയച്ച കത്തിലെഴുതിയ സൂചനകൾ കാണുക . മനുഷ്യരെ വ്യക്തികളെന്ന നിലയിൽ മാനിക്കുക . മര്യാദയോടെ പെരുമാറുക . സഹിഷ്ണുത പുലർത്തുക . യാചകരല്ലാത്തവരോടും കാരുണ്യം കാട്ടുക . കടങ്ങൾ വീട്ടി അന്യരുടെ സ്വത്തിനെ മാനിക്കുക . കളവു പറയുന്നതിനെ തീ യെന്ന പോലെ പേടിക്കുക . ഇല്ലാത്തതു കൃത്രിമമമായി കാട്ടി ഞെളിയരുത് . സ്വയം മോശക്കാരനാണെന്നു വരുത്തി അനുകമ്പ നേടാൻ ശ്രമിക്കേണ്ട . കൃത്രിമാഭരണം അണിഞ്ഞും മറ്റും പൊങ്ങച്ചത്തിനു പോകരുത് . പ്രശസ്തരോടു പരിചയം നടിച്ചും സ്വന്തം സ്ഥാനമഹിമ പെരുപ്പിച്ചുകാട്ടിയും മേനി നടിക്കരുത് . വലിയ പുസ്തകങ്ങൾ വായിച്ചതുകൊണ്ടായില്ല , സംസ്കാരം തുടിക്കുംവിധം ജീവിക്കുകയും ഒരു നല്ല മാറ്റത്തിന് വഴി തെളിയിക്കുകയും വേണം .
.
നമുക്ക് മാറ്റം ഉണ്ടാക്കി പ്രചോദനം നൽകാം , മറ്റുള്ളവരുടെ മനസ്സ് തുറപ്പിക്കാൻ ആദ്യം നമുക്ക് മനസ്സ് തുറക്കാം.
Just #OpenYourMind #LetsChange
______________________________________________________________
1 comment:
Nice one!
Post a Comment