സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

December 31, 2019

2020 പുതുവർഷം പുതുപ്രതീക്ഷ...


2019 ലെ കലണ്ടർ മാറ്റാൻ ഇനി നിമിഷങ്ങൾ മതി.
ഇൗ കഴിഞ്ഞ് പോകുന്ന ദിവസം എല്ലാം മറന്ന് പുതു വർഷത്തിലേക്ക് നമുക്ക് വലത് കാൽ വെച്ച് കടക്കാം.
ഒരുപാട് സന്തോഷവും ദുഃഖവും നേട്ടവും കോട്ടവും ഉണ്ടായ സമ്മിശ്ര നിമിഷങ്ങൾ സമ്മാനിച്ച വർഷം. 2019 ലേക്ക് നമുക്ക് കണ്ണോടിക്കാം,..

മുൻപ് പോയി ഇനി വരില്ല എന്ന് വിചാരിച്ച പ്രളയം വീണ്ടും ഓഗസ്റ്റിൽ വടക്കൻ കേരളത്തിൽ കറുപ്പ് നിഴൽ പതിപ്പിച്ചു, ഒഡിഷയിൽ ഫനി അറിഞ്ഞാടി,
അങ്ങ് ജമ്മുവിൽ പുൽവാമയിൽ സി ആർ പി എഫ് വാഹനത്തിൽ ഉണ്ടായ ചാവേർ ആക്രമണം നമ്മളെ ഞെട്ടിപ്പിച്ചു, മോദി 14മത് പ്രൈം മിനിസ്റ്റർ ആയതും,
ശാസ്ത്ര ലോകം ആകാംഷയോടെ കാത്തിരുന്ന ചന്ദ്രയാൻ 2 അവസാന നിമിഷം മാഞ്ഞു പോയതും, കേരള നിയമ സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന പാലാക്കാരുടെ സ്വന്തം മാണി സർ വിട പറഞ്ഞതും , അയോധ്യ വിധിയും, ഇരുചക്ര വാഹന സഞ്ചാരികൾക്ക് ഹെൽമെറ്റ് നിർബന്ധവും, പ്ലാസ്റ്റിക് നിരോധനവും, യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിചതും , ജമ്മുവിന്റെ പ്രത്യേക പദവി മാറ്റിയതും,മുത്തലക്ക് നിരോധിച്ചതും, പൗരത്വ നിയമത്തിൽ ഭേദഗതി കൊണ്ട് വന്നതുമായ ഒരുപാട് കാര്യങ്ങൾക്ക് നമ്മൾ സാക്ഷ്യം വഹിച്ച വർഷം ആയിരുന്നു 2019.

പുതുവർഷത്തിലേക്കു കാലൂന്നുമ്പോൾ , കടന്നുവന്ന വഴികളെക്കുറിച്ചുകൂടി നാം അറിഞ്ഞിരിക്കണം . അതിൽ നിന്നുള്ള ഊർജംകൊണ്ട് പുതിയൊരു നാളെ , സമത്വസുന്ദരമായൊരു ലോകം കെട്ടിപ്പടുക്കാൻ നമ്മളാലാവുന്നതു ചെയ്യണം . പോയകാലത്തിൻറെ തെറ്റുകളെ വരുംകാല ശരികൾകൊണ്ട് നമുക്ക് തിരുത്താനാകണം . അപരനെ ബഹുമാനിക്കാനും അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതിരിക്കാനും ബദ്ധശ്രദ്ധരാവണം . കൂടുതൽ ശുദ്ധമായ വായു , കൂടുതൽ തെളിഞ്ഞ വെള്ളം , മാലിന്യമുക്തവും വിഷരഹിതവുമായ മണ്ണ് എന്നിവ സാധ്യമാക്കാൻ നമുക്കാവണം . കാടും കാട്ടുമൃഗങ്ങളും പൂർവാധികം കരുത്തോടെ നിലനിൽക്കേണ്ടത് മനുഷ്യരാശിയുടെ നില നിൽപ്പിനുതന്നെ അത്യന്താപേക്ഷിതമാണെന്ന് നമ്മൾ കൂടുതൽ തിരിച്ചറിയേണ്ടിയിരിക്കുന്നു . സ്ത്രീകൾക്ക് സമൂഹത്തിൽ അർഹമായ സ്ഥാനമാനങ്ങൾ നൽകാൻ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു . ഭരണ , അധികാര തലങ്ങളിലേക്ക് അവരെ കൂടുതൽ ഉയർത്തേണ്ടതുണ്ട് . സ്ത്രീസുരക്ഷ സമൂഹത്തിൻറെ ഉത്തരവാദിത്വമായി എല്ലാവർക്കും തോന്നുമാറാകണം . ഇതിനെല്ലാം വേണ്ടുന്ന കാര്യങ്ങൾ ആവും വണ്ണം ചെയ്യുമെന്ന് ഈ പുതുവർഷദിനത്തിൽ നമ്മളോരോരുത്തരും പ്രതിജ്ഞയെടുക്കണം . കൂടുതൽ സഹൃദയത്വത്തോടെ ജാതി , മത , വർഗ , വർണ വ്യത്യാസങ്ങൾക്കപ്പുറം ഒറ്റക്കെട്ടായി ഈ പുതുവത്സരത്തെ നമുക്ക് സ്വാഗതം ചെയ്യാം .
.
എന്നുമെന്നും നന്മകൾ നിറയട്ടെ, ഓരോ ദിനവും സന്തോഷപൂർണ്ണമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
.
എല്ലാ പ്രിയ വായനക്കാർക്കും ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും ഒരു ഉഗ്രൻ പുതുവത്സര ആശംസകൾ നേരുന്നു



വിനൂട്ടി 

December 22, 2019

സന്തോഷം തരുന്ന ജോലി. 🏢



തൊഴിലാണ് എല്ലാവരുടേയും ജീവിതത്തിലെ സുഖദുഃഖങ്ങളുടെ പ്രധാന ഉറവിടം എന്ന് ഓരോരുത്തർക്കും അറിയാം . മനസ്സിനിഷ്ടപ്പെട്ട തൊഴിൽ ലഭിച്ചാൽ അതുതന്നെ മനസ്സിനൊരു ആശ്വാസമായി . എന്നാൽ അധികം പേർക്കും അതു ലഭിക്കാറില്ല . ജോലി ചെയ്യാൻ പ്രായമായാൽ തൊഴിലന്വേഷിച്ചിറങ്ങുകയാണ് സാധാരണ യുവതീയുവാക്കൾ ചെയ്യുന്നത് . എന്നാൽ ബുദ്ധിയുള്ള , അദ്ധ്വാനശേഷിയുള്ള യുവാക്കൾ സ്വയം തൊഴിൽ കണ്ടെത്തുന്നു . തൊഴിലില്ലായ്മയുടെ ഈ കാലത്ത് സ്വയം തൊഴിൽ കണ്ടെത്തുക എന്ന ആശയത്തിന് ഏറെ പ്രാധാന്യമുണ്ട് . അന്യരുടെ കീഴിൽ ജോലിയെടുത്തു സ്വന്തം സമയവും ഊർജ്ജവും വ്യയം ചെയ്യുന്നതുകൊണ്ട് പ്രയോജനമില്ലെന്നു മനസ്സിലായാൽ പിന്നെ അവിടെ നിന്നു മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടുത്തരുത് . -
എനിക്ക് ഒരു അനുഭവം പറയണമെന്ന് ഉണ്ട്, പക്ഷേ അത് പിന്നീടാകാം, ഇപ്പൊൾ ഒരു കഥയിലെ ഒരാളുടെ അനുഭവം പറയാം


 രാഘവൻ എന്ന ചെറുപ്പക്കാരനെ വളരെക്കാലമായി കാണാനില്ലായിരുന്നു . എന്നാൽ ഒരു ദിവസം ഒരു തലച്ചുമട് സ്റ്റീൽ പാത്രങ്ങളും കുറെ തുണിയുമായി എന്റെ വീടിനു മുന്നിൽ രാഘവൻ വന്നു നിന്നപ്പോൾ അത്ഭുതം തോന്നി . അന്വേഷിച്ചപ്പോൾ അവൻ കാര്യങ്ങൾ വിവരിച്ചു . കമ്പനിയിൽ നല്ല ജോലിയായിരുന്നു . സാമാന്യം നല്ല ശമ്പളവും താമസിക്കാൻ ക്വാർട്ടേഴ്സമുണ്ടായിരുന്നു . പക്ഷേ മനസ്സമാധാനമില്ല . എത്ര നന്നായി ജോലി ചെയ്താലും മേലധികാരികളുടെ ശകാരവും കറുത്തമുഖവും കാണണം . മേലുദ്യോഗസ്ഥന്മാരെ മണിയടിച്ച് നിന്നില്ലെങ്കിൽ പല ആനുകൂല്യങ്ങളും നഷ്ടപ്പെടും . സഹപ്രവർത്തകരുടെ കുറ്റം പറഞ്ഞ് മേലധികാരികളുടെ പുറകേ കൂടുന്നവർ ജോലി ചെയ്തില്ലെങ്കിലും പുകഴ്ത്തപെടുകയും നല്ല ജോലിക്കാരനായി അറിയപ്പെടുകയും ചെയ്യും . അവിടെ നിന്നു സ്വസ്ഥമായി രക്ഷപ്പെടണമെന്ന് തോന്നി .
ഒരു ദിവസം രാഘവൻ ജോലി രാജിവച്ചു . കുടുംബവുമായി നാട്ടിലേക്ക് വണ്ടികയറി . നല്ല ജോലി രാജിവച്ചതിനു ഭാര്യയ്ക്കും സ്വന്തം ബന്ധുക്കൾക്കും പരാതിയായിരുന്നു . പിരിഞ്ഞപ്പോൾ കിട്ടിയ പണത്തിൽ കുറച്ചെടുത്ത് ഈ ബിസിനസ്സ് തുടങ്ങി . രാവിലെ ഈ പാത്രവും തുണിയുമായി വീടുകൾ കയറി ഇറങ്ങും . തവണ വ്യവസ്ഥയിൽ കൊടുക്കുന്നതു കൊണ്ട് നല്ല ചെലവുണ്ട് . ഇന്ന് ജീവിതം സ്വസ്ഥമായി . ആരുടെയും കറുത്ത മുഖം കാണണ്ട . ആരേയും മണിയടിക്കേണ്ട . വിറ്റാലും വിറ്റില്ലെങ്കിലും ലാഭമാണെങ്കിലും നഷ്ടമാണെങ്കിലും ആരോടും കണക്കു പറയേണ്ട . ദിവസം മുഴുവൻ കമ്പനിയിൽ കിടന്നു അദ്ധ്വാനിച്ചാൽ കിട്ടുന്നതിന്റെ ഇരട്ടി ഇന്നു വരുമാനമുണ്ട് . സ്വന്തം സമയവും അദ്ധ്വാനവും തനിക്ക് വേണ്ടി തന്നെ ചെലവാക്കുന്നതിന്റെ സംതൃപ്തിയാണ് രാഘവനെ കൂടുതൽ സന്തോഷവാനാക്കുന്നത് . തന്റെ ജീവിതത്തിലെ സമയവും അദ്ധ്വാനശേഷിയും അന്യനുവേണ്ടി ചെലവഴിച്ചു മനസ്സമാധാനം നഷ്ടപ്പെടുത്തി ജീവിതം വ്യർത്ഥമാക്കുന്നതിലെ ബുദ്ധിശൂന്യത രാഘവനു ഇപ്പോൾ ബോധ്യമായി . താമസിയാതെ ഒരു കട തുടങ്ങണമെന്നാണ് അവന്റെ ലക്ഷ്യം 


ഇതുപോലെ പത്രത്തിൽ വായിച്ച  മറ്റൊരു മനുഷ്യന്റെ കഥയുണ്ട് .
 ജയിംസ് എന്നാണ് പേര് . ഇപ്പോൾ രോഗിയായി മരണവും കാത്ത് വീട്ടിൽ കഴിയുന്നു . ജീവിതത്തിലെ നല്ല സമയങ്ങളിൽ കുടുംബവും നാടും വീടും വിട്ട് ഗൾഫിലായിരുന്നു . കിട്ടുന്ന പണം വീട്ടിലേക്കയച്ചു . കുടുംബത്തിലുള്ളവരെല്ലാം ഒരുവിധം രക്ഷപ്പെട്ടു . ജയിംസ് രോഗിയായിട്ടാണ് തിരിച്ചെത്തിയത് . മാറാരോഗവുമായി കഴിയുന്ന അയാൾ ഇന്നു കിടക്കയിൽ തന്നെ . കുടുംബം വിട്ട് അന്യനാട്ടിൽ പോയി ജോലി ചെയ്ത് പണമുണ്ടാക്കിയിട്ടും അയാൾക്ക് അയാളുടെ ജീവിതം കളയേണ്ടിവന്നു . ഭാര്യക്കും മക്കൾക്കും ഭാരമായി കിടക്കു മ്പോൾ എളുപ്പം മരിക്കണേ എന്നാണ് അയാളുടെ പ്രാർത്ഥന . അതേസമയം ജയിംസിന്റെ മൂത്ത സഹോദരൻ വർഗീസിന്റെ കാര്യമെടുക്കുക . വിദേശത്തുപോകാൻ അവസരമുണ്ടായിട്ടും അയാൾ പോയില്ല . നാട്ടിൽ കുറച്ചു സ്ഥലമുള്ളതിൽ പണിയെടുക്കുകയും ആട് , പശു , കോഴി എന്നിവ വളർത്തി ജീവിക്കുവാൻ ശ്രമിക്കുകയും ചെയ്തു . അനിയന്റെ വീടുപോലെ ആർഭാടമില്ലെങ്കിലും സന്തോഷമായിതന്നെ വർഗീസ് ജീവിക്കുന്നു . രണ്ടു പെൺമക്കളെ കെട്ടിച്ചയച്ചു . രണ്ട് ആൺകുട്ടികൾക്കും നാട്ടിൽ തന്നെ ഓരോ ജോലിയുമായി . വയസ്സുകാലത്തും പറമ്പിൽ പണിയെടുത്ത് ആരോഗ്യത്തോടെ ഭാര്യയും കുട്ടികളുമൊത്ത് ജീവിക്കുന്നു . അയാളുടെ ഭരണമാണ് കുടുംബത്തിൽ . താൻ പറയുന്നതിനപ്പുറം എന്തെങ്കിലും നടക്കാൻ വർഗീസ് അനുവദിക്കുകയുമില്ല . ജയിംസിന്റെ കാര്യം അങ്ങനെ ആയിരുന്നില്ല . അയാൾ അയക്കുന്ന പണം ഭാര്യയും മക്കളും കൈകാര്യം ചെയ്തു . അവർക്ക് പണത്തിന്റെ വില അറിയില്ലായിരുന്നു . പണം തീർന്നു രോഗവുമായി വന്ന ഭർത്താവ് കായ്ക്കാത്ത മരമായാണ് അവർക്കു തോന്നിയത് . വലിയ മോഹങ്ങളു മായി ധാരാളം വെട്ടിപ്പിടിക്കുവാൻ യത്നിക്കുമ്പോൾ സ്വന്തം ജീവിതം നഷ്ടപ്പെടാതെ നോക്കണം . 

മോഹങ്ങളും അവ സാധിച്ചെടുക്കുവാനുള്ള യത്നവും ന്യായമാണ് . എന്നാൽ യത്നത്തിനൊടുവിൽ സ്വന്തം ജീവിതം ദുരന്തമാക്കിയിട്ട് എന്താ പ്രയോജനം ? ആദ്യം സ്വന്തം ജീവിതത്ത സ്നേഹിക്കുക . -

 - ഒരു തൊഴിൽ തെരഞ്ഞെടുക്കുമ്പോൾ അതു മനസ്സിനും ശരീരത്തിനും സന്തോഷപ്രദമായിരിക്കാൻ ശ്രദ്ധിക്കണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.. ഭാവിയിൽ രോഗിയാക്കുന്ന തൊഴിലുകൾ കഴിയുന്നതും ഒഴിവാക്കുക . ജീവിതം ബലികൊടുത്ത് നേട്ടങ്ങളുണ്ടാക്കിയിട്ട് എന്താ ഫലം ? 

“ ലോകം മുഴുവനും നേടിയാലും ആത്മാവ് നശിച്ചാൽ എന്തുഫലം ? ” 

എന്ന് ബൈബിൾ വചനം കേട്ടുകാണും . - ജീവിതം നഷ്ടപ്പെടുത്തിയിട്ടു കുറേ സമ്പത്തു നേടിയിട്ട് എന്തു ഗുണം എന്നാണ് ആ വചനത്തിന്റെ അർത്ഥം . ആത്മാവ് എന്നുദ്ദേശിക്കുന്നത് - 

 ! ഉപഭോഗ സംസ്കാരത്തിന്റെ ഈ കാലത്ത് സ്വയം തൊഴിലിന് എന്തെല്ലാം പദ്ധതികൾ തയ്യാറാക്കാം ? സ്വയമതിനു കഴിയില്ലെങ്കിൽ അറിയാവുന്നവരുടെ ഉപദേശം തേടാവുന്നതാണ് . ഞാൻ നേരത്തെ പറഞ്ഞല്ലോ . മറ്റുള്ളവർക്കുവേണ്ടി ജോലിചെയ്തിട്ട് ന്യായമായ പ്രതിഫലം കിട്ടുന്നിലെങ്കിൽ , നിങ്ങൾ ചൂഷണം ചെയ്യപ്പെടുന്നു എന്നു ബോധ്യമായാൽ മറ്റൊരു താവളം അന്വേഷിക്കണം . അതു ലഭിച്ചില്ലെങ്കിൽ സ്വന്തമായി എന്തെങ്കിലും തുടങ്ങുക.
എന്തു ജോലിയാണെങ്കിലും അതു സ്വന്തമാക്കുമ്പോൾ ഉണ്ടാവുന്ന സംതൃപ്തിയും സമാധാനവും മറ്റെവിടെ നിന്നും നിങ്ങൾക്കു ലഭിക്കില്ല . കുറഞ്ഞ മുതൽ മുടക്കിൽ ചെറുതായി തുടങ്ങുന്ന സംരംഭം നാളെ ഒരുവൻ പ്രസ്ഥാനമാകാം . ഇത്തരം പ്രസ്ഥാനങ്ങൾ നമ്മുടെ കൺമുന്നിൽ തന്നെ ധാരാളമുണ്ട് . അങ്ങിനെ വളർന്നാൽ അതൊരു പക്ഷേ നമ്മൾക്കും നമ്മുടെ കുടുംബത്തിനും ഒരു ജീവിതമാർഗമായി മാറിയേക്കും .




November 28, 2019

രോഗങ്ങളില്ലാതെ ജീവിക്കുക.. .


ജീവിതത്തിലെ സന്തോഷവും സമാധാനവും നശിപ്പിക്കുന്ന , ജീവിതം ദുരന്തമാക്കുന്ന ഒന്നാണു രോഗം , രോഗവും വാർദ്ധക്യവും മരണവുമാണ് മനുഷ്യജീവിതത്തിന്റെ ബാക്കിപത്രമെന്ന് ദോഷൈകദൃക്കുകൾ പറയുന്നതു നിങ്ങൾ കേട്ടിരിക്കും . അതു ശരിയല്ല . വാർദ്ധക്യവും മരണവും നേരത്തെ സൂചിപ്പിച്ചതുപോലെ സ്വയംഭരണ പ്രതിഭാസങ്ങളാണ് . അവ അംഗീകരിക്കുകയും നേരിടുകയും വേണം . പ്രകൃതിയുടെ വികൃതികളാണിവ . മനുഷ്യന്റെ ജീവിതം ദുരന്തമാക്കാൻ എന്തിനാണ് പ്രകൃതി ഇങ്ങനെ മനുഷ്യനെ ദ്രോഹിക്കുന്നതെന്ന് നമുക്കിപ്പോൾ ചിന്തിക്കേണ്ട . അത് ഒത്തിരി പ്രശ്നങ്ങളുണ്ടാക്കുന്ന , വിവാദങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളാണ് . വിവാദങ്ങളുണ്ടാക്കി എന്തിനാണ് നിങ്ങളുടെ സമാധാനം തകർക്കുന്നത് . നമുക്ക് കാര്യത്തിലേയ്ക്ക് കടക്കാം . രോഗങ്ങളെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത് . രോഗങ്ങൾ രണ്ടു തരമുണ്ട് . സ്വയമുണ്ടാക്കുന്നതും പുറത്തു നിന്നുള്ളതും രോഗാണുക്കൾ ഉണ്ടാക്കുന്നതും . പാപത്തിന്റെ ഫലം മരണമാണ് എന്ന ഒരു പഴയ ചൊല്ല് നിങ്ങൾ കേട്ടിരിക്കും . പാപം ചെയ്താൽ മരിക്കും എന്ന് അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട് . ഇവിടെ പാപം എന്നുദ്ദേശിക്കുന്നത് പ്രകൃതി വിരുദ്ധമായ പ്രവർത്തികളാണ് . ചില പ്രകൃതി വിരുദ്ധവേലകൾ കാണിച്ചാൽ രോഗമുണ്ടാകും മരിക്കും . നമുക്ക് ചുറ്റും എപ്പോഴും കാണുന്ന രണ്ട് പ്രകൃതിവിരുദ്ധ പ്രവർത്തികളെക്കുറിച്ചു പറയാം . പുകവലിയും മദ്യപാനവും . ശരീരത്തിനു ദോഷം ചെയ്യുന്നവയാണ് പുകയും മദ്യവും . ഇതു രണ്ടും ഇഷ്ടംപോലെ ഉപയോഗിച്ചിട്ട് രോഗങ്ങളുണ്ടാക്കി മരിക്കുന്നവരെ നിങ്ങൾ കണ്ടിരിക്കും . പുകവലിയും മദ്യപാനവും ശരീരത്തോടു ചെയ്യുന്ന പാപമാണ് . പാപം ചെയ്താൽ മരിക്കും . അപ്പോൾ ഇതുമൂലമുണ്ടാകുന്ന രോഗങ്ങൾ സ്വയം ഉണ്ടാക്കുന്നവയാണ് . മാതാപിതാക്കൾ അമിതമായി പുകവലിയും മദ്യപാനവും നടത്തി രോഗം ബാധിച്ചാൽ അവർ ജനിപ്പിക്കുന്ന കുഞ്ഞുങ്ങൾക്കും രോഗമുണ്ടാകാൻ ഇടയുണ്ട് . പാരമ്പര്യമായി ലഭിക്കുന്ന ഇത്തരം രോഗങ്ങൾ സ്വന്തം കുറ്റംകൊണ്ടുണ്ടായതല്ലല്ലോ . ഇവിടെ ആരാണു കുറ്റവാളി ? തീർച്ചയായും മനുഷ്യൻ തന്നെ . പുകവലിയും മദ്യപാനവും കൊണ്ടുണ്ടാകുന്ന പലരോഗങ്ങളും ഈ ദുശ്ശീലങ്ങളൊന്നും ഇല്ലെങ്കിലും ഉണ്ടാകാറുണ്ട് . അതിനു കാരണങ്ങൾ വേറെയാണ് . സ്വന്തം പെരുമാറ്റവൈകല്യംകൊണ്ട് ഉണ്ടാകുന്ന രോഗങ്ങളിൽ നിന്നും അകന്നു നിൽക്കാൻ നിങ്ങൾക്കു കഴിയും . പുകവലിക്കാതിരിക്കുക . മദ്യപിക്കാതിരിക്കുക തുടങ്ങി കുറേ നിരോധനങ്ങൾ നിങ്ങളുടെ ജീവിതത്തിൽ അടിച്ചേൽപ്പിക്കുക  .
 അമിത ഭക്ഷണം കഴിച്ചാലും രോഗങ്ങളുണ്ടാകും . ആവശ്യത്തിനു ഭക്ഷണം കഴിച്ചില്ലെങ്കിലും രോഗങ്ങളുണ്ടാകും . ഇതൊക്കെ മനുഷ്യന്റെ സ്വയം നിർമ്മിത രോഗങ്ങളാണ് . വ്യക്തിപരവും സാമൂഹികപരവും സാമ്പത്തികപരവുമായ കാരണങ്ങൾ പലതുമുണ്ടാകാം . ശരീരം വെറുതെയിരുന്നാലും രോഗങ്ങൾ ഉണ്ടാകും . അദ്ധ്വാനമുള്ള ജോലിയല്ലെങ്കിൽ നിത്യവും വ്യായാമം ചെയ്താൽ പലരോഗങ്ങളേയും അകറ്റി നിറുത്താൻ പറ്റും . മടിയൻ വളരെയധികം രോഗങ്ങൾ സ്വയമുണ്ടാക്കുന്നു . രോഗവും മരണവും വിധിയല്ലെന്ന് ഓർമ്മിക്കുക . സ്വയം രോഗങ്ങളു ണ്ടാക്കി വിധിയെ പഴിക്കുക എന്ന വിവേകശൂന്യത നിങ്ങൾ കാണിക്കരുത് . 

ആവശ്യത്തിനുള്ള വ്യായാമം പലരോഗങ്ങളേയും അകറ്റിനിർത്തും . താനൊരു രോഗിയാണ് , എപ്പോഴും രോഗങ്ങൾ വരുന്നു എന്നൊക്കെ 
യുള്ള വിചാരം നിങ്ങൾക്കുണ്ടെങ്കിൽ അതു കളയണം . തനിക്കൊരു രോഗ വുമില്ല , രോഗങ്ങളൊന്നും പെട്ടെന്നു ആക്രമിക്കില്ല എന്ന് അടിയുറച്ചു . വിശ്വസിക്കുക . സ്വന്തം ശരീരത്തെക്കുറിച്ചു ഒരുൾക്കാഴ്ച നിങ്ങൾക്കുണ്ടാകണം . ശരീരം ഒരു യന്ത്രമാണ് . യന്ത്രത്തിനു ചെറിയ എന്തെങ്കിലും കുഴപ്പമുണ്ടെന്നു തോന്നിയാലുടനെ കാരണം കണ്ടുപിടിച്ചു പരിഹരിക്കണം . - സ്വയം കാരണം കണ്ടുപിടിക്കാൻ കഴിയില്ലെങ്കിൽ വിദഗ്ദ്ധനായ ഒരു - ഡോക്ടറുടെ സഹായം തേടുക . വെറുതെയിരിക്കുന്ന യന്ത്രം തുരുമ്പു - പിടിച്ചു നശിച്ചുപോകും . അതുപോലെ ശരിയായ വ്യായാമത്തിലൂടെ - പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്നില്ലങ്കിൽ ശരീരത്തിനു രോഗങ്ങൾ വന്നു നാശമുണ്ടാകും .

  നല്ല ഉറക്കം നിത്യവും വേണം . ഉറക്കമില്ലാത്തതുകൊണ്ട് പല അസുഖങ്ങളും ഉണ്ടാകാറുണ്ട് . ജീവിക്കുവാനുള്ള തിരക്കിനിടയിൽ പണിത്തിരക്കിനിടയിൽ ഉറക്കത്തിന് ആവശ്യമായ സമയം കണ്ടെത്താൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ അതു പലരോഗങ്ങൾക്കും കാരണമാകും . ഇനിയുള്ളത് രോഗങ്ങൾക്ക് കാരണം ഉണ്ടാക്കുന്ന അസുഖങ്ങളാണ് . രോഗാണുക്കളെ അകറ്റി നിറുത്തുക . രോഗാണുക്കൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ ഉണ്ടാക്കാതിരിക്കുക . അത്തരം സാഹചര്യങ്ങളിൽ നിന്നു വിട്ടു നിൽക്കുക . 

ശുചിത്വമുള്ള ശരീരം , ശുചിത്വമുള്ള ചുറ്റുപാടുകൾ , ഇതിലൊക്കെ ഉപരി ശുചിത്വമുള്ള വ്യക്തികൾ ഇതൊക്കെ രോഗാണുക്കളിൽ നിന്നു അകന്നു നിൽക്കുവാനുള്ള വഴികളാണ് . ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും ഏതെങ്കിലും രോഗാണു ശരീരത്തിൽ പ്രവേശിച്ചുവെന്നു ബോധ്യം വന്നാൽ ഉടനെ വിദഗ്ദ്ധനായ ഒരു ഡോക്ടറെ കാണണം . രോഗം വച്ചു വലുതാക്കരുത് .
രോഗം വലുതായാൽ അത് ശരീരത്തെ തളർത്തും, പിന്നെ മനസ്സിനെയും..
മനസ്സ് തളർന്നാൽ പിന്നെ ഒരു തിരിച്ച് വരവ് അസാധ്യമാണ്...
.

November 17, 2019

എല്ലാം ശരിയാണ് ☑




നമ്മൾ സ്വയം മാർഗ്ഗദീപമാകണം , അതായത്  ഓരോരുത്തരും അവനവന്റെ ജീവിതത്തിലെ വെളിച്ചമാകണം എന്നാണ് . അന്യന്റെ കയ്യിലെ വെട്ടം നോക്കി അതിലൂടെ നടക്കുന്നവനു ജീവതത്തിൽ സന്തോഷവും സമാധാനവും ലഭിക്കുകയില്ല . അപരന്റെ കയ്യിലെ ദീപം അണയുമ്പോൾ അതു നോക്കി നടക്കുന്നവനും ഇരുട്ടിലാകും . അതുകൊണ്ടാണ് , സ്വയം മാർഗ്ഗദീപമാകണമെന്നു പറഞ്ഞത് . - എന്നാൽ വിരലിലെണ്ണാവുന്നവർക്കേ ഇങ്ങനെ സ്വയം മാർഗ്ഗദീപമാകാൻ കഴിയുകയുള്ളൂ . അസാമാന്യമായ മനശ്ശക്തിയും വ്യക്തമായ ലക്ഷ്യബോധമുള്ളവർക്കേ സ്വയം മാർഗ്ഗദീപമാകാനാവു . അവർ മറ്റുള്ള വരെ നയിക്കുകയും ചെയ്യും . സ്വയം മാർഗ്ഗദീപമാകാൻ കഴിയാത്തവർ പ്രതീകങ്ങളെ ആശ്രയിക്കുന്നു . അതു വ്യക്തികളാവാം . വസ്തുക്കളാവാം . ഈ പ്രതീകങ്ങളാണ് മതങ്ങളുടെ ഉത്ഭവത്തിനു കാരണമായത് . " അമാനുഷിക ശക്തികളെയോ പ്രതി ഭകളെയോ ആശ്രയിച്ചു ജീവിതം നയിക്കുന്നവരാണ് ബഹുഭൂരിപക്ഷം പേരും . ഒരു പ്രതീകത്തിന്റെ വെട്ടം മുന്നിലില്ലെങ്കിൽ അവർക്ക് ജീവിതത്തിന്റെ “ ഗൈഡൻസ് ” നഷ്ടപ്പെടും . -
 നിരീശ്വരവാദിയായി അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വീട്ടിൽ ചെന്നപ്പോൾ ചുമരിൽ നിറയെ ചിത്രങ്ങൾ കാറൽമാർക്സ് , ഏംഗത്ത് , ലെനിൻ , ഇ. എം. എസ്. തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങൾ . ഈ നേതാക്കൾ അയാളുടെ ജീവിതത്തിലെ പ്രതീകങ്ങളാകുന്നു . ദൈവങ്ങളുടെ പടങ്ങൾ ഇല്ലെങ്കിൽ താൻ ആരാധിക്കുന്ന നേതാക്കളുടെയങ്കിലും പടങ്ങൾ ചുമരിൽ വേണം . ആ ചിത്രങ്ങൾ അയാളുടെ പ്രവർത്തനത്തിനും അതുവഴി ജീവിതത്തിനും പ്രചോദനം നൽകുന്നു . ഇതൊരു " പോസിറ്റീവ് ' പ്രതിഭാസമാണെന്നു പറയാം .




- ഈശ്വരനെക്കുറിച്ചു വ്യക്തമായൊന്നും പറയാത്ത ശ്രീബുദ്ധനെ ദൈവമാക്കി പ്രതിഷ്ഠിച്ചു കൊണ്ടാണ് അനുയായികൾ ജീവിതം നയിക്കുന്നത് . അവർക്ക് ബുദ്ധനെന്ന പ്രതീകം ആവശ്യമായിരുന്നു . എന്നാൽ ബുദ്ധന് ഒരു പ്രതീകത്തിന്റെയും ആവശ്യം ഉണ്ടായിരുന്നില്ല . റഷ്യയിലും മറ്റും കമ്മ്യൂണിസത്തിന്റെ തകർച്ചയോടെ ലെനിൻ തുടങ്ങിയവരുടെ പ്രതിമകൾ മാറ്റി . മതവിശ്വാസം പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു . മനശാസ്ത്രപരമായി പറഞ്ഞാൽ പ്രതീകങ്ങളോടുള്ള മനുഷ്യമനസ്സിന്റെ ഈ ആശ്രിതത്വം ചരിത്രത്തിലുടനീളം കാണാം., 

ആരെ , അല്ലെങ്കിൽ എന്തിനെ പ്രതീകമായി സ്വീകരിക്കണം എന്നു തീരുമാനിക്കുവാൻ ഓരോരുത്തർക്കും അവകാശമുണ്ട് . ഈ അവകാശം പരസ്പരം അംഗീകരിക്കുമ്പോൾ ഓരോരുത്തർക്കും സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുവാനാകും . അപ്പോൾ നിങ്ങളുടെ മനസ്സിൽ നിന്നു വിഭാഗീയ ചിന്തകൾ താനെ ഒഴിഞ്ഞു പോകുകയും ചെയ്യും . - പല മതങ്ങളും വിശ്വാസാചാരങ്ങളും നിലവിലുള്ള ഇവിടെ , സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കണമെങ്കിൽ പരസ്പരം അംഗീകരിക്കുകയാണു വേണ്ടത് . ഈ പുസ്തകം എഴുതിക്കൊണ്ടിരിക്കുമ്പോൾ അഫ്ഗാനിസ്ഥാനിൽ ഭീകര യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ് . രണ്ടുകൂട്ടരും " വിശുദ്ധ യുദ്ധമെന്നാണ് തങ്ങളുടെ ഭാഗത്തെ ന്യായീകരിക്കുന്നത് . ഇതിനിടയിൽപ്പെട്ടു കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെട്ട നിരപരാധികൾ പിടഞ്ഞു മരിക്കുന്നു . സ്വന്തം വിശ്വാസങ്ങൾക്കു വേണ്ടി പരസ്പരം കൊല്ലുന്നു .  വംശീയകലാപങ്ങൾ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുന്നു ! പരസ്പരം അംഗീകരിക്കുവാനും സ്നേഹിക്കുവാനുമുള്ള മാനസികാവസ്ഥ ഉണ്ടായാൽ ഈ ദുരന്തങ്ങളൊക്കെ ഒഴിവാക്കാം . നമുക്ക് ഓരോരുത്തർക്കും നമ്മളിൽ നിന്നുതന്നെ തുടങ്ങാം . സമാധാനത്തോടെ , സന്തോഷത്തോടെ പരസ്പര വൈരമില്ലാത്ത , യുദ്ധങ്ങളില്ലാത്ത ഒരു ലോകത്ത് നമ്മുടെ കുട്ടികളെങ്കിലും ജീവിക്കണമെന്ന ലക്ഷ്യത്തോടെ നമ്മുടെ മനസ്സുകൾ തുറന്നുവെക്കാം , പരസ്പരം അംഗീകരിക്കുക . പരസ്പരം ആരോപണങ്ങൾ നടത്തുകയും ആക്രമിക്കുകയും ചെയ്യുന്നതിനു പകരം പരസ്പരം അംഗീകരിച്ചു . - കഴിഞ്ഞാൽ സമുദായ മൈത്രിയുടെ ആദ്യത്തെ പടികടന്നു .


- “ നിന്റെ കണ്ണിലെ കുന്തം എടുത്തുമാറ്റിയിട്ട് അപരന്റെ കണ്ണിലെ കരട് മാറ്റുക ” എന്നാണ് ക്രിസ്തു ചൂണ്ടിക്കാണിച്ചിട്ടുള്ളത് . സ്വന്തം മനസ്സും സ്വന്തം കുടുംബവും സ്വന്തം സമുദായവും കൂടുതൽ കൂടുതൽ നന്മയുള്ളതാക്കാൻ ഓരോരുത്തരും ശ്രമിച്ചു തുടങ്ങിയാൽ ഈ ലോകം തന്നെ മാറും . 
“പരോപകാര : പുണ്യായ പാപായ പരപീഡനം ” 
എന്നതാണ് “മഹാഭാരതത്തിന്റെ” സന്ദേശം . 
മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്നതാണ് പുണ്യം , അന്യരെ വേദനിപ്പിക്കുന്നത് പാപവും . മഹദ്ഗ്രന്ഥങ്ങളിൽ എഴുതിവെച്ചതൊക്കെ നാം വായിക്കുന്നു പ്രചരിപ്പിക്കുന്നു . പക്ഷെ ജീവിക്കുന്നത് നേരെ വിപരീതവും ഇതിനൊരു മാറ്റം വേണം . അത് നിങ്ങളിൽ നിന്നു തുടങ്ങുക ..

.
ചിന്തിക്കുക, മനസ്സ് തുറക്കുക....

October 29, 2019

ഹാപ്പിയായി ജീവിക്കാൻ ഒരു ഫോർമുല - IKIGAI

പലരും നമ്മോടൊക്കെ  പറയുന്ന ഒന്നാണ് " ജീവിതത്തിനു  ഒരു ലക്ഷ്യമില്ല , Ambitions ഇടക്ക് ഇടക്ക് മാറുന്നു , എന്ത് ചെയ്യണം എങ്ങനെ മുന്നോട്ട് പോണം ? എന്നിങ്ങനെയുള്ള ചോദ്യം . 
നമ്മുടെ Young  age  ൽ  ഉള്ള എല്ലാർക്കുമുള്ള പ്രശ്നമാണിത്. ഭൂരിഭാഗം പേർക്കും ഒറ്റ ലക്ഷ്യമേ ഉണ്ടാകൂ . നല്ലൊരു Salary യുള്ള   ജോലി . 
നമ്മളെ  പറഞ്ഞിട്ട് കാര്യമില്ല , നമ്മുടെ Education System-വും സമൂഹവും നമ്മളെ 'ഒരു ജോലി' എന്നതാണ് നമ്മുടെ കോമൺ ലക്ഷ്യമാക്കിവെച്ചേക്കുന്നത് . ചിലർക്ക്  ജോലി കിട്ടുന്നു , ചിലർ കിട്ടിയ ജോലിയിൽ സന്തോഷിക്കുന്നു , ചിലർക്ക് കിട്ടുന്നില്ല , ചിലർക്ക് ആകട്ടെ കിട്ടിയാലും തൃപ്തനല്ല . ജീവിതത്തിൽ ഒരു സന്ദർഭത്തിൽ നമുക്ക് തോന്നും നമ്മൾ ആർക്കു വേണ്ടിയാണ് കഷ്ടപ്പെടുന്നതെന്ന് .. എത്ര നല്ല സാലറിയുള്ള ജോലി കിട്ടിയാലും  ഹാപ്പി അല്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല . നമ്മുടെ Young  age  ൽ  നമ്മൾ  ഈ ഭൂമിയിൽ എന്ത് ചെയ്യാനാണ് ജനിച്ചിരിക്കുന്നത് എന്ന് മനസിലാക്കിയാൽ  കുറെ കഴിയുമ്പോൾ നമുക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല. ചെയ്യുന്നത് ഹാപ്പിയായി  ചെയ്താലേ നാളെ ഹാപ്പിയായി  എഴുനേൽക്കാൻ ഒരു കാരണം ഉണ്ടാവുള്ളു.
അതിനൊരു ഫോർമുല ഉണ്ട് .

  IKIGAI (ഇകിഗൈ) (生き甲斐)  - A Reason for Being-  
 അണുബോംബ്  വീണും , സുനാമിയും , ഭൂമികുലുക്കവും വന്നിട്ടും തളരാതെ പുരോഗമനത്തിന്റെ  ഒരു മുഖ മുദ്രയായി, ഇന്ത്യയേക്കാൾ ചെറിയ രാജ്യമായ ജപ്പാനിലെ Okinawa (ഒക്കിനാവ) എന്ന സ്ഥലത്തു നിന്നാണ് IKIGAI വന്നത്. Land of  Immortals എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത് . കാരണം ഇവിടെ ജീവിക്കുന്നവരുടെ ശരാശരി ആയുസ് നൂറിന് മുകളിലാണ് . എങ്ങനെയാണു അങ്ങനെ ആയത് .  IKIGAI  കൊണ്ട് . പഠനം പറയുന്നത് ഒരാൾ അയാളുടെ ജീവിതമൂല്യം മനസിലാക്കി ജീവിച്ചാൽ അവർ കൂടുതൽ ആരോഗ്യവാനായും സന്തോഷവാനായും കാണപ്പെടുമെന്നതാണ്.  ആ ജീവിതമൂല്യം കണ്ടെത്തുന്നതിന്റെ  ഒരു Formula യാണ് IKIGAI .
ഇത് കണ്ടെത്താൻ നിങ്ങൾ നിങ്ങളോടു തന്നെ 4  ചോദ്യങ്ങൾ  ചോദിക്കുക . പറയാൻ എളുപ്പമാണെങ്കിലും ചോദ്യമൽപ്പം  ബുന്ധിമുട്ടുള്ളതാണ് . കാരണം അത് നിങ്ങളുടെ ജീവിതമാണ് . IKIGAI  എന്നത് ഈ 4 ചോദ്യങ്ങളുടെ കൂടിച്ചേരലാണ് . 4  ന്റെയും ഉത്തരം ഒരേ പോലെ വന്നാൽ അതാണ് നിങ്ങളുടെ  IKIGAI .
                               

നിങ്ങൾ ചെയ്യേണ്ടത് ഈ 4 ന്റെയും ഉത്തരങ്ങൾ 100%  സത്യസന്ധമായി നിങ്ങളോടു തന്നെ പറയുക . 

1) What you love to do ?.


നിങ്ങൾക്ക് എന്ത് ചെയ്യാനാണ് കൂടുതൽ ഇഷ്ട്ടം .  ചിലർക്ക് Drawing, Dance , Songs, അങ്ങനെ . നമുക്ക് ചെയുമ്പോൾ തന്നെ feel ചെയ്യും ഏതാണ് കൂടുതൽ ഇഷ്ട്ടമെന്നു . ചിലർക്ക് ഒന്നിൽ കൂടുതൽ ഇഷ്ടങ്ങളൾ ഉണ്ടാകാം . അപ്പോളാണ് അടുത്ത ചോദ്യം ചോദിക്കേണ്ടത് . 

2) What are you good at ?. 


ഇതിൽ  നിങ്ങൾക്ക് ഏതാണ് നന്നായിട്ട് Confident ആയിട്ട് ചെയ്യാനാവുക .. ഇതിന്റെയും ഒന്നാമത്തേതിന്റെയും ഉത്തരം ഒന്ന് തന്നെ കിട്ടിയാൽ അതാണ് നിങ്ങളുടെ PASSION .   


ഇനി IKIGAI  ടെ  മൂന്നാമത്തെ കാര്യം നോക്കാം . 

3) What you can be paid for ?. 


ആ Passion  നിങ്ങൾക്ക് നല്ല വരുമാനം ഉണ്ടാക്കി തരുന്നു എന്നു നോക്കുക .  എല്ലാരും പറയും സന്തോഷമായി ഇരിക്കാൻ പണം ആവശ്യമില്ലെന്ന് .. എന്നാൽ ഉള്ളത് പറയാമല്ലോ , എല്ലാര്ക്കും ആഗ്രഹം ഒരു വീട് , വണ്ടി , ട്രാവൽ ചെയ്യുക എന്നത് .  ഇതിനൊക്കെ പണം  വേണം .  പണം ഇല്ലെങ്കിൽ ലോൺ എടുക്കേണ്ടി വരും .  കയ്യിൽ ഉള്ള പണം  ലോൺ അടച്ചു തീർക്കും . പിന്നെ എങ്ങനെയാണ് നമുക്ക് സന്തോഷം കിട്ടുക . എന്നാൽ ഇത് ഒന്ന് നോക്കുക  നമുക്ക് നന്നായി ചെയ്യാൻ പറ്റുന്നതും , നല്ല വരുമാനവും ഉണ്ടാക്കി തരുന്നതാണ് PROFESSION . 


ഇഷ്ടമല്ലാത്ത ജോലി ചെയ്യുന്നതിനേക്കാളും താൻ ചെയ്യുന്ന ജോലി ഇഷ്ടത്തോടെ ചെയ്യുമ്പോൾ കിട്ടുന്ന വരുമാനത്തിന്റെ ഫീൽ ഒന്ന് വേറെ തന്നെയാണ് . ഇനി IKIGAI  യുടെ 4 മത്തെ component ആയി ചേരുന്നോ  എന്ന് നോക്കുക 

4) What the world needs ? 


നമ്മൾ ചെയ്യുന്നത് നമുക്ക് മാത്രമല്ലാതെ അത് മറ്റുള്ളവർക്ക് കൂടി  ഉപകാരപ്രദമാണോ എന്ന് നോക്കുക .. ആ പ്രൊഫഷൻ 4 മത്തെ  ആയി കണക്ട് ആകുമ്പോൾ കിട്ടുന്നതാണ് VOCATION .


അത് സമൂഹത്തിനു  അത്യാവശ്യമായിട്ടുള്ള നിങ്ങളുടെ തൊഴിൽ .  ഉദാഹരണം : നേരത്തെ പറഞ്ഞ 3  കാര്യം  ചേർത്ത്  ഒരു Passion ഉണ്ടാക്കി ഒരു ഡോക്ടർ ആയെന്ന് കരുതുക. അതിനു നല്ലൊരു വരുമാനം ഉണ്ട് , അത് സമൂഹത്തിനു അത്യാവശ്യവുമാണ് . ഇനി IKIGAI  യുടെ ഒന്നാമത്തെ നമ്മൾ ചെയ്യാൻ ഇഷ്ട്ടപെട്ട കാര്യവുമായി ചേർത്താൽ അതാണ് നമ്മുടെ MISSION .  നിങ്ങളുടെ ജീവിത ദൗത്യം .


ഈ  നാലിന്റെയും  ഉത്തമമായ ഉദാഹരണമാണ് Steve Jobs ( സ്റ്റീവ് ജോബ്സ് ) . അദ്ദേഹം പുതിയ ക്രീയേറ്റീവ്  ആയ ഡിസൈൻ കണ്ടെത്തുന്നതിൽ Passionate ആയിരുന്നു. അത് Profession ആക്കി ബിസിനസിലൂടെ കോടികൾ ഉണ്ടാക്കി . ലോകത്തിനു ആവിശ്യം പുതിയ അതിവിശിഷ്‌ടമായ ആയിട്ടുള്ള കണ്ടുപിടുത്തങ്ങൾ ആയിരുന്നു .
അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ IKIGAI  അദ്ദേഹത്തിന് മനസിലാകുകയും ഉയര്ന്ന നിലയിൽ വിജയിക്കുകയും ചെയ്തു .


                  കുറച്ച്  ഹാർഡ് വർക്കിലൂടെ  നമുക്ക് നമ്മുടെ IKIGAI  കണ്ടെത്താം .  അതിനു കുറച്ച് സമയം എടുക്കുമെന്ന് മാത്രം . ട്രൈ ചെയ്യൂ . നമുക്ക് ചിലപ്പോൾ സ്റ്റീവ് ജോബ്സ് നെ പോലെ ആകാൻ കഴിഞ്ഞെന്ന് വരില്ല . എന്നിരുന്നാലും  നമ്മൾ വിചാരിക്കുന്നത് പോലെ വിജയം നേടാൻ നമുക്ക് സാധിക്കും . ആ യാത്രയിൽ നമുക്ക് ഒരുപാട്  തോൽവികൾ നേരിട്ടേക്കാം .  അത് ചെയ്ത തെറ്റുകളിൽ നിന്ന് പഠിക്കാനുള്ള അവസരമാക്കി മാറ്റുക . നിങ്ങൾക്ക് നിങ്ങളുടെ IKIGAI  കണ്ടെത്താൻ ആകട്ടെ





വിനൂട്ടി  കരുവാറ്റ 

September 29, 2019

ബന്ധങ്ങൾ നില നിർത്താം , ഇൗ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ..


1. തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിക്കലും ഒരു ഫോണിലേക്കു വിളിക്കരുത്. അവർ നമ്മുടെ കാൾ അറ്റൻഡ് ചെയ്യുന്നില്ലെങ്കിൽ , മനസിലാക്കുക, പ്രധാനപ്പെട്ട മറ്റേതോ തിരക്കിൽ അയാൾ പെട്ടിരിക്കുന്നു..

2. കടം വാങ്ങിയ പണം , അതവർ ഓർമ്മിപ്പിക്കും മുന്നേ തിരിച്ചു കൊടുക്കാൻ ശ്രമിക്കുക. അതവർക്ക് നമ്മോടുള്ള ഇഷ്ടവും വിശ്വാസവും വർദ്ധിപ്പിക്കും.. പണമെന്നല്ല, പേന , കുട എന്തുമായിക്കോട്ടെ..

3. ഹോട്ടലിൽ നമുക്കൊരു സൽക്കാരം ആരെങ്കിലും ഓഫർ ചെയ്‌താൽ, ഒരിക്കലും മെനുകാർഡിലെ വിലയേറിയ ഡിഷുകൾ ഓർഡർ ചെയ്യാതിരിക്കുക.. കഴിവതും അവരെക്കൊണ്ടു നമുക്കുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ നിർബന്ധിക്കുക.

4. ഒരിക്കലും മറ്റൊരാളോട് ഇതുവരെ കല്യാണം കഴിച്ചില്ലേ..? ഇതുവരെ കുട്ടികളായില്ലേ...? എന്താ ഒരു വീട് വാങ്ങാത്തത്..? എന്താ ഒരു കാർ വാങ്ങാത്തത് പോലുള്ള തീർത്തും അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കാതിരിക്കുക...

5. എപ്പോഴും, നമുക്ക് തൊട്ടു പിന്നാലെ കടന്നുവരുന്ന ആൾക്ക് വേണ്ടി, അത് ആൺ ~പെൺ ആയിക്കോട്ടെ ജൂനിയർ ~സീനിയർ ആയിക്കോട്ടെ, നമ്മൾ തുറന്ന വാതിലുകൾ അൽപനേരം കൂടി തുറന്നു പിടിക്കുക.

6. ഒരു സുഹൃത്തിനൊപ്പം ഒരു ടാക്സി ഷെയർ ചെയ്തു യാത്ര കൂലി ഇത്തവണ അദ്ദേഹം കൊടുത്താൽ, തീർച്ചയായും അടുത്ത തവണ നിങ്ങൾ തന്നെ അത് കൊടുക്കുക

7. പലർക്കും പലവിധ അഭിപ്രായങ്ങൾ ഉണ്ടാവാം.. അത് മാനിക്കുക . ഓർക്കുക നിങ്ങളുടെ വലതുവശം, നിങ്ങള്ക്ക് അഭിമുഖമിരിക്കുന്നയാൾക്കു ഇടതു വശം ആയിരിക്കും... (ചില കാര്യങ്ങളിൽ second opinion എടുക്കാൻ മറക്കരുത്. )

8. ഒരാൾ സംസാരിക്കുന്നതിന്റെ ഇടയിൽ കയറി സംസാരിക്കാതിരിക്കുക.

9. ഒരാളെ നമ്മൾ കളിയാക്കുമ്പോൾ , അതയാൾ ആസ്വദിക്കുന്നില്ല എന്ന് കണ്ടാൽ , അത് തുടരാതിരിക്കാൻ ശ്രദ്ധിക്കുക.

10. എപ്പോഴും, സഹായത്തിനു നന്ദി പറയുക

11. പുകഴ്ത്തുന്നത് പബ്ലിക് ആകാം.. ഇകഴ്ത്തുന്നത് രഹസ്യമായും ആയിരിക്കണം.

12. ഒരാളുടെ പൊണ്ണത്തടിയെ കുറിച്ച് സംസാരിക്കാതിരിക്കുക, അതിനു പല കാരണങ്ങളുണ്ടാകാം..ഉപദേശം അയാൾ ആവശ്യപ്പെട്ടാൽ മാത്രം മതി.

13. ഒരാൾ അയാളുടെ ഫോണിൽ ഒരു photo നിങ്ങളെ കാണിച്ചാൽ , ആ photo മാത്രം നോക്കുക, ഒരിക്കലും ഫോണിൽ മുന്നോട്ടോ പിന്നോട്ടോ സ്വൈപ് ചെയ്യരുത്. കാരണം നമുക്കറിയില്ല എന്താണ് next എന്ന്..

14. സുഹൃത്ത്‌, എനിക്കൊരു ഡോക്ടർ അപ്പോയ്ന്റ്മെന്റ് ഉണ്ടെന്നു പറഞ്ഞാൽ, ഏതു എന്തിനു എന്ന് അവർ പറയാത്തിടത്തോളം കാലം ചികഞ്ഞു ചോദിച്ചു അവരെ ബുദ്ധിമുട്ടിലാക്കരുത്‌.. ചിലപ്പോ പങ്കുവെക്കാൻ അവർക്കു ആഗ്രഹം കാണില്ല

15. മേലുദ്യോഗസ്ഥനെയും കീഴുദ്യോഗസ്ഥനെയും ഒരുപോലെ പെരുമാറാൻ സാധിച്ചാൽ നല്ലത്, നമ്മളിലെ മനുഷ്യത്വം അത് കാണിക്കും.

16. നമ്മോട് നേരിൽ ഒരാൾ സംസാരിക്കുമ്പോ നമ്മൾ നമ്മുടെ ഫോണിൽ ശ്രദ്ധിച്ചിരിക്കുന്നത് ശരിയല്ല..

17. ഒരാൾ ആവശ്യപ്പെടാതെ , അയാളെ ഉപദേശിക്കരുത്.

18. പരിചയപ്പെടുന്ന ഒരാളോട് അയാളുടെ പ്രായം ശമ്പളം പോലുള്ള ചോദ്യങ്ങൾ ഒഴിവാക്കുക

19. മറ്റൊരാളുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽ , നിന്നൊഴിഞ്ഞു നിൽക്കുക, അയാൾ സഹായം അഭ്യർത്ഥിക്കും വരെ..

20. ഒരാളോട് സംസാരിക്കുമ്പോൾ നിങ്ങളുടെ സൺ ഗ്ലാസ്‌ മാറ്റുക..സംസാരം എപ്പോഴു നല്ലത് eye കോൺടാക്ടോഡ് കൂടിയുള്ളതാണ്.

21. നിങ്ങളുടെ പണത്തെയും പ്രതാപത്തെയും പറ്റി പാവപ്പെട്ടവരോട് സംസാരിക്കാതിരിക്കുക.. മക്കളില്ലാത്തവരോട് നിങ്ങളുടെ മക്കളുടെ വർണ്ണനകൾ ഒഴിവാക്കുക.. 
അതുപോലെ ഭാര്യ/ഭർത്താവ് നഷ്ടപ്പെട്ടവരോടും..

.


ഇങ്ങനെ ഒന്ന് ചെയ്ത് നോക്കൂ..
മാറ്റം ഉണ്ടാകും , എല്ലാത്തിനും..
ബന്ധങ്ങൾ നില നിൽക്കട്ടെ ,എക്കാലവും...

September 07, 2019

ചാന്ദ്രയാൻ 2 തോറ്റട്ടില്ല...തോൽക്കുകയുമില്ല

നക്ഷത്രങ്ങളെ കാണാനുള്ള ഇന്ത്യാ മഹാരാജ്യത്തിന്റെ ഇച്ഛാശക്തിക്കും സ്വപ്നങ്ങൾക്കും മുൻപിൽ ശാസ്ത്രംപോലും തോറ്റൊരു ചരിത്രമുണ്ട്.....



🌙തിരുവനന്തപുരത്തിനടുത്ത് തുമ്പ കടപ്പുറത്തുള്ള സെൻറ്​ മേരി മഗ്​ദലിൻ പള്ളിയായിരുന്നു നമ്മുടെ ആദ്യത്തെ റോക്കറ്റ്‌ വിക്ഷേപണ കേന്ദ്രം.

🌙1960 കളിലെ ഒരു ഞായാറാഴ്ച സെൻറ്​ മേരി മഗ്​ദലിൻ 
പള്ളിയിൽ നടന്ന കുറുബാനയായിരുന്നു ഇന്ത്യയുടെ റോക്കറ്റ്‌ വിക്ഷേപണത്തിന്റെ ആദ്യത്തെ ഔദ്യോദിക കൂടിയാലോചന. ഡോക്ടർ വിക്രം സാരാഭായി ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞരായിരുന്നു ആ കുർബ്ബാനയിൽ പങ്കെടുത്തത്.

🌙സെൻറ്​ മേരി മഗ്​ദലിൻ പള്ളിയെ റോക്കറ്റ്‌ വിക്ഷേപിക്കാനായി വിട്ടുകൊടുക്കാൻ സാധിക്കുമോ എന്നതായിരുന്നു തിരുവനന്തപുരം ബിഷപ്പും ഡോ. വിക്രം സാരാഭായും പങ്കെടുത്ത കുർബ്ബാനയ്ക്ക് ശേഷം നടന്ന ചർച്ച. കുർബാനയ്ക്ക് ഒടുവിൽ ബിഷപ്പ് ഇങ്ങനെ പറഞ്ഞു.. "My children, I have a famous scientist with me who wants our church and the place I live for the work of space science and research. Science seeks truth that enriches human life. The higher level of religion is spirituality. The spiritual preachers seek the help of the Almighty to bring peace to human minds. In short, what Vikram is doing and what I am doing are the same - both science and spirituality seek the Almighty's blessings for human prosperity in mind and body. Children, can we give them God's abode for a scientific mission?"

പള്ളിയുടെ അകത്തളം ഒരു നിമിഷം നിശബ്ദമായി..., തുടർന്ന് ഹൃദ്യമായ "ആമേൻ " വിളികൾ മുഴങ്ങി. ഒരു ആരാധനാലയം നക്ഷത്രങ്ങളുടെ ലോകങ്ങൾക്കായി തുറക്കപ്പെടുന്നു...

🌙റവറന്റ് ഡോക്ടർ പീറ്റർ ബെർണാഡ് പെരേര എന്ന തിരുവനന്തപുരം ബിഷപ്പ് ആരാധനാലയം തന്നെ വിട്ടു നൽകി ഇന്ത്യൻ ബഹിരാകാശ പര്യവേഷണ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി.

🌙പള്ളിയിലെ പ്രാർത്ഥനാമുറി ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ പര്യവേഷണ ലാബോറട്ടറിയായി മാറിയ ചരിത്ര നിമിഷം.

🌙ബിഷപ്പിന്റെ റൂം, ശാസ്ത്രജ്ഞരുടെ ഡ്രോയിങ് റൂമായി മാറി.

🌙പള്ളി അങ്കണത്തിലെ പശുത്തൊഴുത്ത് ലാബോറട്ടറിയായി. പള്ളിയുടെ മുന്നിലെ പൂന്തോട്ടത്തിൽ റോക്കറ്റ്‌ വിക്ഷേപണ കേന്ദ്രം ഒരുങ്ങി.

🌙ആ ഗ്രാമത്തിലെ ജനങ്ങളെ മറ്റൊരു ഗ്രാമത്തിലേക്ക്പുനരധിവസിപ്പിച്ചു.

🌙Nike Appache എന്ന നാസ നിർമ്മിച്ച റോക്കറ്റുകളുടെ ഭാഗങ്ങൾ സൈക്കിളിലും, കാളവണ്ടിയിലുമായിട്ടാണ് പള്ളി അങ്കണത്തിലെ റോക്കറ്റ്‌ വിക്ഷേപണ സ്ഥലത്തേക്ക് എത്തിച്ചത്.

🌙അങ്ങനെ സെന്റ് മേരി മഗ്ദലിൻ പള്ളിയുടെ പൂന്തോട്ടത്തിൽ നിന്നും. 1963 നവംബർ 21 ന് ഇന്ത്യ നക്ഷത്രങ്ങളിലേക്ക് സഞ്ചരിച്ചു. ആദ്യത്തെ റോക്കറ്റ്‌ വിക്ഷേപിക്കപ്പെട്ടു. 

🌜അവിടെ നിന്നും അങ്ങനെയൊക്കെയാണ് ഭായി നമ്മൾ ഇന്ന് നക്ഷത്രങ്ങളിൽ നിന്നും നക്ഷത്രങ്ങളിലേക്ക് കുതിക്കുന്നത്. അമേരിക്കയെയും റഷ്യയെയും, ചൈനയേയുമൊക്കെ മറികടക്കുന്ന നമ്മുടെ സാങ്കേതിക കുതിപ്പിന് പിന്നിൽ തീയിൽ കുരുത്ത ഇത്തരം യാഥാർഥ്യങ്ങളുമുണ്ട്.

സൈക്കിളിലും, കാളവണ്ടിലയിലും നാസയുടെ റോക്കറ്റ്‌ കൊണ്ടുവന്ന് പള്ളി മുറ്റത്ത് വെച്ച് വിജയകരമായി വിക്ഷേപിച്ച് നക്ഷത്രങ്ങളെ കീഴടക്കിയ നമുക്ക് ഈ ചന്ദ്രയാൻ 2 ന്റെ പരാജയമൊക്കെ എന്ത് !

ചന്ദ്രയാൻ പരാജയപ്പെട്ടല്ലോ എന്ന് പരിതപിക്കുന്നവരോട് മുഷ്ടിചുരുട്ടി പറയണം 
🌜പഴശ്ശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേയുളൂ🌛 എന്ന് 💪


August 16, 2019

ദൈവത്തിന്റെ സ്വന്തം നാട് അല്ല ഇത്....


ഇനിയാരും ഇതിനെ ദൈവത്തിന്റെ നാടെന്ന് വിളിക്കരുത്.

ഇതെന്തൊരു നാടാണ് !
ഇവിടുള്ളോരൊക്കെ എന്തൊരു മനുഷ്യരാണ്. !

ഉടുതുണി യില്ലാത്തവർക്കുടുക്കാൻ കടയിലെ തുണികളെല്ലാം വാരി ചാക്കിലാക്കുന്ന തെരുവ് കച്ചവടക്കാർ

അമ്മ നഷ്ടപ്പെട്ട പിഞ്ചു കുഞ്ഞിനെ മാറി മാറി മുലയൂട്ടുന്ന ദുരിതാശ്വാസ ക്യാമ്പ്‌ലെ അമ്മമാർ

മകളുടെ കല്ല്യാണം മുടങ്ങുമെന്ന് പേടിച്ചു കരഞ്ഞ അമ്മയോട് 10പവൻ സ്വർണം നൽകാമെന്ന് ഫിറോസ് കുന്നുംപറമ്പിൽ

ഫിറോസ് എത്തും മുമ്പേ സ്വർണമെത്തിച്ചു നൽകി ഷാൻ
കല്യാണത്തിന്നാവശ്യമായ വസ്ത്രങ്ങൾ സ്പോൺസർ ചെയ്ത് ബാവ ഹമീദ് 
സൗജന്യമായി ക്യാമറ മാൻ ആവാമെന്ന് ഫ്രാങ്കോ സെബാസ്റ്റ്യൻ 
പന്തലൊരുക്കാനും ഭക്ഷണം നല്കാനും മറ്റു ചിലർ

തെക്കും വടക്കും കൂട്ടി യോജിപ്പിക്കാൻ മേയർ ബ്രോയുടെ 50ൽ പരം ലോഡുകൾ

ദുരിതാശ്വാസ ക്യാമ്പിലേക് പോകുന്ന ലോറികൾ തടഞ്ഞു വെച്ചു ചായ കുടിച്ചിട്ട് പോയാ മതിയെന്ന് പറയുന്നവർ

വീടുകൾ വൃത്തിയാക്കാൻ ഒഴുകിയെത്തുന്ന യുവാക്കളെ നിയന്ത്രിക്കാനാവാതെ കളക്ടറും ഉദ്യോഗസ്ഥരും

ക്യാമ്പിലേക്കുള്ള സാധനങ്ങളുമായി പോയ പിക്കപ്പ് കുടുങ്ങിയെന്നും പറഞ്ഞു പോസ്റ്റ്‌ ഇട്ടപ്പഴേക്കും ദേ വന്നു മഹിന്ദ്രയുടെ സഹായ ഹസ്തം

ഇതെന്തൊരു നാടാണ്.
ഇനിയാരും ഇതിനെ ദൈവത്തിന്റെ നാടെന്ന് വിളിക്കരുത്

ഇത് ദൈവങ്ങളുടെ നാടാണ് 



August 15, 2019

വീണ്ടും പ്രളയം #KeralaFlood2.0 . (Special Story)



വീണ്ടും കേരളം മറ്റൊരു പ്രളയത്തിൽ മുങ്ങി നിൽക്കുന്നു . 2018    നാം അനുഭവിച്ച  ദുരിതത്തിൽ നിന്നും കരകയറാനുള്ള  ശ്രെമം നടത്തിവരുകുകയാണ് നമ്മൾ . പക്ഷെ വീണ്ടും പ്രകൃതി നമ്മോടു ക്ഷോഭത്തോടെ  അടുത്തു . യഥാർത്ഥത്തിൽ  കാര്യഗൗരവത്തോടെ    പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതെ കുറിച് മുന്നറിയിപ്പ്  നൽകുകയും ചെയ്തവരുടെ വാക്കുകൾക്കു നാം വേണ്ടത്രേ പരിഗണന നൽകിയില്ല . അതിന്റെയൊക്കെ ദുരന്തം കൂടിയാണ് ഇപ്പോൾ നമുക്ക് മുന്നിൽ നിൽക്കുന്നത് . 2018 ഓഗസ്റ്റിലെ പ്രളയാനുഭവം     നമ്മൾ മറന്നിട്ടില്ല . ഉരുൾപൊട്ടലിലും  വെള്ളപ്പൊക്കത്തിലും മരിച്ചത് ഒട്ടനവധിപേരാണ് . നമ്മുടെ  ഒത്തുചേരലും സജീവമായ രക്ഷാപ്രവർത്തനത്തിന്റെയും  ഫലമായാണ് വീണ്ടും നമ്മൾ കേരളം പഴയപോലെയാക്കിയെടുത്തത്

 അന്ന് ക്യാമ്പിൽ കഴിഞ്ഞവർ  14 ലക്ഷത്തിലധികം പേർ .  കേരള സൈന്യം  എന്ന് നമ്മൾ വിളിച്ച മത്സ്യത്തൊഴിലാളികൾ എൺപതിലധികം ബോട്ടുകൾ എത്തിച് 75000 ലധികം പേരെ ആ  വെള്ളപ്പാച്ചിലിൽ നിന്ന് രക്ഷിച്ചു .

2018  ലെ  മഹാപ്രളയത്തിനു  ഇന്നേക്ക് ഒരാണ്ട് .
കഴിഞ്ഞ വർഷത്തെ  വെള്ളപ്പൊക്കവും ഉരുൾപൊട്ടലും  ഇത്തവണയും  ആവർത്തിച്ചു . പ്രകൃതി  നൽകുന്ന അപ്രതീക്ഷിത  ആഘാതങ്ങൾക്കു  മുന്നിൽ നിസ്സഹായനായി  നിൽക്കുകയാണ് നമ്മൾ . 100  വർഷങ്ങൾക്ക് മുമ്പ്  നടന്ന   വലിയ കഴിഞ്ഞ തവണ ആവർത്തിച്ചപ്പോൾ  നമ്മളിൽ പലരും  ആശ്വസിച്ചു , ഇനി അടുത്തക്കാലത്തു ഒന്നും ഇങ്ങനെ സംഭവിക്കില്ലായെന്നു , എന്നാൽ  ഇക്കഴിഞ്ഞ ചൂടും വരൾച്ചയും കണ്ടപ്പോൾ  ചിലർ പറഞ്ഞു  ഇത് അടുത്ത പ്രളയം വരാനുള്ള ക്ഷണക്കത്താണ്  എന്ന് . പറഞ്ഞത് പോലെ അത് എത്തുകയും ചെയ്തു .
               
         വീണ്ടും എന്തുകൊണ്ട് ഇത് ആവർത്തിക്കുന്നു. കഴിഞ്ഞ തവണ നദിയും അണക്കെട്ടും നിറഞ്ഞു കവിഞ്ഞാണ്  നാടിനെ മുക്കിയത് എന്നാൽ ഇത്തവണ ഉണ്ടായത് മണ്ണിടിച്ചിൽ, ഉരുൾപൊട്ടലുകൾ. എല്ലാം കേരളത്തിൻറെ കിഴക്കേ അറ്റത്തുള്ള മലനിരകളിൽ.  ഈ മലനിരകളെ കുറിച്ചുള്ള പഠനവും അതിൻറെ നിഗമനവും ഏതാനും നാളിന് മുൻപ് വിവാദമായതാണ്. പഠനം നടത്തിയ പരിസ്ഥിതി ശാസ്ത്രജ്ഞർ പറഞ്ഞത്, പശ്ചിമഘട്ടമലനിരകളിലെ ഒരു കാരണവശാലും പാറപൊട്ടിക്കരുതെന്നുംവൻകിട കെട്ടിടങ്ങൾ പണിതുയർത്തരുനെന്നുമാണ്‌. എന്നാൽ അന്നുണ്ടായ പ്രതിക്ഷേധങ്ങൾ കാരണം ആ റിപ്പോർട്ട് തന്നെ ഇല്ലാതായീ. എന്നാൽ ആ റിപ്പോർട്ടിന് ഇന്ന് ജീവൻ വെയ്ക്കുകയാണ്. ഇത്തവണ വലിയ ദുരന്തങ്ങൾ ഉണ്ടായ മേഖലകൾ എല്ലാം ആ റിപ്പോർട്ടിൽ ഉണ്ടായീരുന്നു ഇത്തവണ നടന്ന 11 ൽ 10 ഉം നടന്ന ഉരുൾപൊട്ടലുകൾ ഈ  റിപ്പോർട്ടിലെ സ്ഥലങ്ങളിൽ  ആണ് . (കവളപ്പാറ സഹിതം ഒട്ടനവധി സ്ഥലങ്ങൾ)  കവളപ്പാറക്കു  ചുറ്റും 20 ലേറെ ക്വാറികൾ ഉണ്ടെന്നാണ് റിപ്പോർട്ട്.
ഇതുതന്നാണ് സംസ്ഥാന വനഗവേഷണകേദ്രവും കണ്ടെത്തിയത്. ഉരുൾപൊട്ടലുകൾ ഉണ്ടായ 11- സ്ഥലത്തെ സ്ഥിതി അനുസരിച്ചു 12 കിലോമീറ്റർ ചുറ്റളവിൽ ക്വാറികൾ ഉണ്ടെന്നാണ്. പലയീടത്തും ഇതു     5 കിലോ മീറ്റർ അടുത്തുവരെ ഉണ്ട്.

           പാറപൊട്ടിക്കുമ്പോൾ അതിൻ്റെ പ്രകമ്പനം പരിസരത്തെല്ലാം വ്യാപിക്കും. ഇതിനാൽ പാറയും അതിനുമുകളിലുള്ള മണ്ണുമായുള്ള പിടുത്തം ഇതോടെ  കുറയും. വലിയ മഴ ഉണ്ടാകുമ്പോൾ മണ്ണ് പറയിൽനിന്നും താഴേക്ക് നിര ങ്ങിയിറങ്ങി വലിയ മണ്ണിടിച്ചിൽ ഉണ്ടാകുന്നു. കവളപ്പാറയിലേതുപോലെ കുറേ വീടുകളും ആളുകളും അവരുടെ കുറേ സ്വപ്നങ്ങളും മണ്ണിനടിയിലാവും.

   
                             "ഇടയ്ക് മാത്രം സംഭവിക്കുന്ന വൻമഴ എന്നത് മാറി എല്ലാ വർഷവും അതുണ്ടാക്കുന്ന കാലത്തേക്ക് കേരളം മാറുകയാണ്. അതുകൊണ്ട് എപ്പോളും ഒരു  ദുരന്തം തലയ്ക്കു മീതെ ഭീതിയുണ്ടാകും. പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടി എടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമായിരിക്കും. അതിനു അതിനു യുഗങ്ങൾ ഒന്നും വേണ്ട കുറച്ചു വർഷങ്ങൾ മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും ,ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുന്നത് എന്ന് നിങ്ങൾക് മനസിലാകും. 2013 ൽ മാധവ് ഗാട്ട്ഗിൽ പറഞ്ഞ ഈ വാക്കുകൾ  ഇനിയെങ്കിലും നമ്മൾ മുഖവിലയ്ക് എടുക്കേണ്ടതാണ്."

August 13, 2019

വീടുകളിൽ തിരികെ പോകുമ്പോൾ


🔥 വെള്ളം വെള്ളം ഇറങ്ങി തുടങ്ങി വീടുകളിലേക്ക് തിരിച്ചു പോകാന് ഉള്ള ശ്രമങ്ങള് തുടങ്ങി. അതോടു കൂടി ഏറ്റവും കൂടുതല് ആളുകള് വിളിച്ചു അന്വേഷിച്ചത് വീട് വൃത്തി ആക്കാന് ഡെറ്റോള് കിട്ടുമോ എന്നത് ആണ്. ഡെറ്റോള് എന്നത് മണം കൊണ്ട് നല്ലത് ആണെങ്കിലും ശക്തം ആയ ഒരു അണുനശീകരണ ഉപാധി അല്ല എന്ന് നാം തിരിച്ചറിയണം. അല്പം ദുര്ഗന്ധം ഉണ്ടെങ്കിലും, വെള്ളപൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും, വീടുകള് അണു വിമുക്തം ആക്കാനും ഏറ്റവും നല്ല മാര്ഗം ക്ലോറിനേഷന് തന്നെ ആണ്. ബ്ലീച്ചിംഗ് പൌഡര് ഉപയോഗിച്ച് വീടുകളില് തന്നെ എങ്ങിനെ അണുനശീകരണം നടത്താം എന്ന് ചുവടെ വിവരിക്കുന്നു.
➡️കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി

1. സാധാരണ വാങ്ങാന് ലഭിക്കുന്ന ബ്ലീച്ചിംഗ് പൌഡറില്30 മുതല് 40 ശതമാനം വരെ ആണ് ക്ലോറിന്റെ അളവ്. 33% ക്ലോറിന് ഉണ്ട് എന്ന നിഗമനത്തില് ആണ് ഇനി പറയുന്ന അളവുകള് നിര്ദേശിക്കുന്നത്. 

2. കിണറിലെ വെള്ളത്തിന്റെ അളവ് ആദ്യം നമ്മള്കണക്കാക്കണം. അതിനു ആദ്യം കിണറിന്റെ വ്യാസം മീറ്ററില് കണക്കാക്കുക (D). തുടര്ന്ന് ബക്കറ്റ് കിണറിന്റെ ഏറ്റവും അടിയില് വരെ ഇറക്കി നിലവില് ഉള്ള വെള്ളത്തിന്റെ ആഴം മീറ്ററില് കണക്കാക്കുക (H)
വെള്ളത്തിന്റെ അളവ് = 3.14 x D x D x H x 250 ലിറ്റര്

3. സാധാരണ ക്ലോറിനേഷന് നടത്താന് 1000 ലിറ്ററിന് 2.5 ഗ്രാം ബ്ലീച്ചിംഗ് പൌഡര് ആണ് ആവശ്യം വരിക. എന്നാല്വെള്ളപ്പൊക്കത്തിനു ശേഷം വെള്ളം അതീവ മലിനം ആയിരിക്കും എന്നത് കൊണ്ട് സൂപ്പര് ക്ലോറിനേഷന്നടത്തേണ്ടതുണ്ട്. ഇതിനായി 1000 ലിറ്ററിന് 5 ഗ്രാം (ഏകദേശം ഒരു ടീസ്പൂണ് കൂമ്പാരം ആയി) ബ്ലീച്ചിംഗ് പൌഡര് ആണ് ആവശ്യം.

4. വെള്ളത്തിന്റെ അളവ് വച്ച് ആവശ്യം ആയ ബ്ലീച്ചിംഗ് പൌഡര് ഒരു പ്ലാസ്റ്റിക്‌ ബക്കറ്റില് എടുക്കുക. ഇതില്അല്പം വെള്ളം ചേര്ത്ത് കുഴമ്പ് പരുവത്തില് ആക്കുക. നന്നായി കുഴമ്പ് ആയ ശേഷം ബക്കറിന്റെ മുക്കാല് ഭാഗം വെള്ളം ഒഴിച്ച് ഇളക്കുക. ശേഷം ബക്കറ്റ് 10 മിനിറ്റ് അനക്കാതെ വെക്കുക

5. 10 മിനിറ്റ് കഴിയുമ്പോള് ലായനിയിലെ ചുണ്ണാമ്പ് അടിയില് അടിയും. മുകളില് ഉള്ള വെള്ളത്തില് ക്ലോറിന്ലയിച്ചു ചേര്ന്നിരിക്കും. വെള്ളം കോരുന്ന ബക്കറ്റിലേക്ക് ഈ തെളി ഒഴിച്ച ശേഷം ബക്കറ്റ് കിണറിന്റെ ഏറ്റവും അടിയിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്തു വെള്ളത്തില് ക്ലോറിന് ലായനി നന്നായി കലര്ത്തുക. 

6. 1 മണിക്കൂര് സമയം വെള്ളം അനക്കാതെ വച്ച ശേഷം കിണറിലെ വെള്ളം ഉപയോഗിച്ച് തുടങ്ങാം.

➡️വീടിന്റെ തറയും പരിസരവും വൃത്തിയാക്കുന്ന രീതി

1. പരിസരം വൃത്തി ആക്കാന് പലരും ബ്ലീച്ചിംഗ് പൌഡര്വിതറുന്നത് കാണാം. ഇത് കൊണ്ട് പരിസരം അനു വിമുക്തം ആക്കാന് സാധികില്ല. 

2. 1% ക്ലോറിന് ലായനി തയ്യാറാകുന്ന വിധം: 6 ടീ സ്പൂണ്ബ്ലീച്ചിംഗ് പൌഡര് എടുത്തു കുഴമ്പ് പരുവത്തില്ആക്കുക. അതിനു ശേഷം അതിലേക്കു 1 ലിറ്റര് വെള്ളം ചേര്ക്കുക. മുകളില് പറഞ്ഞ പോലെ കലക്കി 10 മിനിറ്റ് വച്ച ശേഷം, അതിന്റെ തെളി എടുത്തു വേണം തറ തുടക്കാനും, പരിസരത്ത് ഒഴിക്കാനും. കൂടുതല് ആവശ്യം എങ്കില് ഒരു ലിറ്ററിന് 6 ടീസ്പൂണ് എന്നാ കണക്കിന് ലായനി തയ്യാറാക്കാം. 

3. നിലം തുടച്ച ശേഷം / വീട്ടു പരിസരത്ത് ക്ലോറിന് ലായനി ഒഴിച്ച ശേഷം ചുരുങ്ങിയത് 20 – 30 മിനിറ്റ് സമ്പര്ക്കം ലഭിച്ചാല് മാത്രമേ അണു നശീകരണം കൃത്യമായി നടക്കൂ. അതിനാല് അത്രയും സമയം വരെ തറ തുടക്കുവാനോ വെള്ളം ഒഴിക്കുവാണോ പാടില്ല.

4. അര മണിക്കൂറിനു ശേഷം മണം ഉള്ള മറ്റു ലായനികള്ഉപയോഗിച്ച് തറ വൃത്തി ആക്കി ക്ലോറിന് മണം മാറ്റാം.