വിദേശനഗരത്തിൽ ജനിച്ചുവളർന്ന കുട്ടികൾ ആദ്യമായി നാട്ടിലെത്തി . കൃഷി ചെയ്യുന്ന പറമ്പിലേക്ക് അപ്പൂപ്പനോടൊത്തു പതിനഞ്ചുകാരൻ ഇറങ്ങി . അവൻ ചോദിച്ചു : “ ഇതൊരു വിചിത്രപ്പശുവാണല്ലോ . പശുവിനെന്താ കൊമ്പില്ലാത്തത് ? ”
“പശുവിനു കൊമ്പില്ലാതെ വരാൻ പല കാരണങ്ങളുമുണ്ട് , മോനേ . കൊമ്പാരെങ്കിലും മുറിച്ചുകളഞ്ഞതാകാം. ചിലപ്പോൾ അല്പം വൈകിയേ കൊമ്പു മുളയ്ക്കുന്നുള്ളൂ എന്നതാകാം. തീരെച്ചുരുക്കമായി ചിലതിനു കൊമ്പ് ഇല്ലെന്നും വരാം .
"ഈ പശുവിന്റെ കാര്യത്തിൽ ഇവയിലേതാണ് ?”
“ ഓ , ഇതോ ? ഇതേ , പശുവല്ല. കഴുതയാണ് .”
ഇവന്റെ നാലു വയസ്സുകാരി അനിയത്തി അപ്പൂപ്പനോടു രാവിലെ വഴക്കിട്ടിരുന്നു . പശുവിനെ കറക്കുന്നതു കാണാൻ അവൾ കൂടെപ്പോയി , പൊടിയും ചാണകനാറ്റവുമുള്ള തൊഴുത്തിലിരുന്നു പാലു വലിച്ചുകറക്കുന്നതു കണ്ടപ്പോൾ അവൾ പറഞ്ഞു : “ഈ പാലൊഴിച്ചു കാപ്പിയുണ്ടാക്കിയാൽ ഞാൻ കുടിക്കില്ല . ഞങ്ങൾക്കവിടെ എത്ര വൃത്തിയായിട്ടാ പാലു കിട്ടുന്നത് . ഒന്നാന്തരം കൂടിൽ ഭംഗിയായി പായ്ക്ക് ചെയ്ത തണുത്ത പാല് .”
കണ്ണടപ്പൻ കെട്ടിയ കുതിരയെപ്പോലെ കഴിയുന്നവരുണ്ട് . നേരേ നോക്കു മ്പോൾ കാണുന്നതൊഴികെയുള്ളതൊന്നും ശ്രദ്ധിക്കാത്തവർ. എന്റെ ഭാഷ മധുരതമം , എന്റേതൊഴികെയുള്ള വസ്ത്രധാരണരീതികളെല്ലാം മോശം , എന്റെ ഭക്ഷണശൈലിയോടു കിടപിടിക്കാൻ ലോകത്തിൽ മറ്റൊന്നില്ല , എന്റെ നാട്ടിലെ കലാരൂപങ്ങളെ വെല്ലാൻ മറ്റൊന്നിനും കഴിയില്ല , എന്റെ നാട്ടുകാർ ഏറ്റവും ബുദ്ധിമാന്മാർ , വിശ്വാസപ്രമാണങ്ങളിൽ എന്റേതുമാത്രം ഏറ്റവും പവിത്രം എന്നെല്ലാം കരുതുന്നവർക്ക് അന്യരോട് പുച്ഛം തോന്നുക സ്വാഭാവികം . അസഹിഷ്ണുത ഉള്ളിൽ വളരുമ്പോൾ വ്യക്തിബന്ധങ്ങൾ ദുർബലമാകും . വിവിധ പ്രദേശങ്ങളിലുള്ളവരും ഭിന്ന പശ്ചാത്തലത്തിലുള്ളവരുമായ കൂടുതൽ കൂടുതൽ പേരോട് ഇടപഴകുന്നതോടെ അന്യരിലുമുണ്ട് ധാരാളം നന്മയെന്നു ബോദ്ധ്യമാകും . നമ്മുടേതിനെക്കാൾ മെച്ചമായ ശീലങ്ങളും രീതികളുമായി സമ്പർക്കത്തിൽ വരുന്നതോടെ മനസ്സു വിശാലമാകുകയും ചെയ്യും . സ്വാഭിമാനം തെല്ലുപോലും നഷ്ടപ്പെടുത്താതെതന്നെ മറ്റുള്ളവരിലെ നന്മയെ ഉൾക്കൊള്ളാൻ നമുക്കു കഴിയും , കഴിയണം .
കഴിയുന്നത്ര കാറ്റും വെളിച്ചവും കടന്നുവരത്തക്കവിധം മനസ്സിന്റെ ജനൽപ്പാളികൾ തുറന്നുവയ്ക്കുന്നവരുടെ അറിവിന്റെ ചക്രവാളങ്ങൾ നിരന്തരം വികസിക്കുകയും സമീപനങ്ങൾ കരുത്താർജ്ജിക്കുകയുംചെയ്യും , അവരുടെ വ്യക്തിത്വം ശോഭനമാകും . ഇത് അറിവിന്റെ യുഗമാണ് , കൂടുതൽ അറിവുള്ളവരുടെ സ്ഥാനം ഉയർന്നുനില്ക്കും . കമ്പ്യൂട്ടറും ഇന്റർനെറ്റും വ്യാപകമായതോടെ ആ അനുഗ്രഹങ്ങൾ പ്രയോജനപ്പെടുത്താനാകാത്തവർ പിന്തള്ളപ്പെടുന്ന നിലയാണിന്ന് . ഏതു പ്രവർത്തനരംഗത്തും കാര്യശേഷിക്ക് ഇവ കൂടിയേ തീരൂ . വ്യക്തമായ ധാരണകളുണ്ടാകുന്നതിന്റെ ഇരട്ടശത്രുക്കളാണ് കോപവും അസഹിഷ്ണുതയും എന്ന് ഗാന്ധിജി . അദ്ദേഹം ഒന്നുകൂടിപ്പറഞ്ഞു : “സ്വന്തം വഴിയെപ്പറ്റി ഉറച്ച വിശ്വാസമില്ലാത്തതിനാലാണ് അസഹിഷ്ണുത ഉടലെടുക്കുന്നത് ."
അസഹിഷ്ണുതയുടെ കോവിലിൽ ഞാൻ തലകുനിക്കില്ലെന്ന് ജെഫേഴ്സൺ . “ഏതു സമൂഹത്തിന്റെയും അടിത്തറ അസഹിഷ്ണുതയാകാം ; പക്ഷേ , പരിഷ്കാരങ്ങളെപ്പോഴും സഹിഷ്ണുതയെ ആധാരമാക്കിയാവും .” -- ബർണാർഡ് ഷാ .
ദൗർബല്യത്തിന്റെ തെളിവാണ് അസഹിഷ്ണുതയെന്ന് ഇംഗ്ലിഷ് കവിയും ദാർശനികനുമായ അലീസർ കാളി (1875 – 1947) . ശരിയായ അറിവിനെയും വിവേകത്തെയും തടസ്സപ്പെടുത്തുന്നതിൽ അസഹിഷ്ണുതയുണ്ടെന്നു തിരിച്ചറിഞ്ഞാൽ വീക്ഷണവൈകല്യങ്ങളെ ഒഴിവാക്കാൻ കഴിയും .
No comments:
Post a Comment