ഇന്നത്തെ തലമുറക്കാർ തീർച്ചയായും ഇത് മുഴുവൻ വായിക്കുക.
••••••••••••••••••••••••••••••••••••••••••••••••••••••••••••••••••
ദുഷ്ടയായ ആ അയല്ക്കാരിയുടെ ശീലമതാണ്. നിത്യവും രാവിലെ തന്റെ വീട്ടുമുറ്റം അടിച്ചുവാരിക്കഴിഞ്ഞാൽ ചപ്പുചവറുകൾ മുഴുവൻ തൊട്ടുതാഴത്തെ വീട്ടുമുറ്റത്തേക്കാണു വലിച്ചെറിയുക. ആ വീട്ടുകാരന് സൽസ്വഭാവിയായത് അവളുടെ ഭാഗ്യം.
അയൽക്കാരിയുടെ ഈ ക്രൂരതയ്ക്കെതിരേ അയാൾ ഒരക്ഷരം മിണ്ടിയില്ല. മിണ്ടിയില്ലെന്നു മാത്രമല്ല, അവളുടെ ചപ്പുചവറുകൾ വന്നശേഷമേ തന്റെ വീട്ടുമുറ്റം അയാൾ അടിച്ചുവാരാന് തുടങ്ങുകയുള്ളൂ. അതുവരെ ക്ഷമയോടെ കാത്തിരിക്കും. അവസാനം മുഴുവന് ചവറുകളും അടിച്ചുവാരി തന്റെ പറമ്പില് വളരുന്ന വൃക്ഷങ്ങള്ക്കു വളമായി ഇട്ടുകൊടുക്കും.
ഒരധ്വാനവുമില്ലാതെ നിത്യവും വീട്ടുമുറ്റത്തേക്കു മേത്തരം ജൈവവളങ്ങളെത്തുന്നെങ്കില് അതാരെങ്കിലും എതിർക്കുമോ…? ഇന്ന് അയാളുടെ പറമ്പിൽ പൂത്തുലഞ്ഞുനിൽക്കുന്ന കിടിലൻ മാവ് കണ്ടാൽ ആരും മൂക്കത്തു കൈവച്ചുപോകും. തെങ്ങുകളും കവുങ്ങുകളും മറ്റു സസ്യലതാതികളുമെല്ലാം ഒന്നിനൊന്ന് മെച്ചം എന്ന പോലെ വളര്ന്നു നില്ക്കുന്നു. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്ന ചൊല്ല് യാഥാര്ഥ്യമായി കാണണമെങ്കിൽ അയാളുടെ പറമ്പിൽ വരണം.
കായ്കനികള് മാർക്കറ്റിൽ കൊണ്ടുപോയി വില്പ്പന നടത്തിയാണ് അയാൾ ജീവിക്കുന്നത്. അയൽക്കാരിയുടെ ഈ ‘ നിസ്വാർഥമായ സേവനത്തിന് ’ അയാൾ പ്രത്യുപകാരം ചെയ്യാതിരുന്നില്ല.. കായ്കനികളുണ്ടായാൽ അതിൽനിന്ന് ഒരു വിഹിതം അയല്ക്കാരിക്കും മാറ്റിവയ്ക്കും.
ഇതു കണ്ട ഒരു സുഹൃത്ത് ഒരിക്കല് അദ്ദേഹത്തോട് ചോദിച്ചു: ”എങ്ങനെയാണ് ഇത്ര വൃത്തികെട്ട സ്വഭാവം കാണിച്ചിട്ടും അവൾക്ക് ഉപകാരം മാത്രം ചെയ്യാന് താങ്കള്ക്ക് കഴിയുന്നത്…?”
അദ്ദേഹം പറഞ്ഞു: ”അവള് എനിക്കു വേണ്ടി ചെയ്യുന്നത് മറ്റാരും ചെയ്യാത്ത ഉപകാരമാണ്…” ”നിങ്ങൾക്കെതിരേ ചപ്പുചവറുകൾ വാരിയെറിയുന്നത് ഉപകാരമോ.. നിങ്ങൾക്കെന്തു പറ്റി…?” അയാൾ കണ്മിഴിച്ചു ചോദിച്ചു.
”അതെ, ഉപകാരം തന്നെ. എനിക്കെതിരേ എറിയുന്ന ചവറുകൾ മുഴുവൻ ഞാനെന്റെ കൃഷിക്ക് വളമാക്കി മാറ്റുകയാണു ചെയ്യുക.”
വിമർശനങ്ങളെയും എതിർപ്പുകളെയും പുരോഗതിക്കുള്ള വളമാക്കിമാറ്റാൻ കഴിയുമെങ്കിൽ അതാണു നിസ്തുലമായ വിജയം.. അതുതന്നെയാണു അസാമാന്യമായ സാമര്ഥ്യവും. തിന്മയെ തിന്മകൊണ്ടെതിർക്കാൻ ഏതൊരാള്ക്കും കഴിയും. പക്ഷേ, തിന്മകൊണ്ടെതിർക്കാൻ കഴിഞ്ഞിട്ടും നന്മകൊണ്ട് പ്രതിരോധിക്കാന്‍ കഴിയുന്നിടത്താണ് കരുത്തു കിടക്കുന്നത്.
തോൽവികളെ കരുത്തുറ്റ വിജയത്തിനു വളമാക്കിമാറ്റിയവരും മാറ്റുന്നവരുമുണ്ട്. അവർക്ക് പരാജയം നിഗ്രഹമല്ല, അനുഗ്രഹമാണ്. തടസമല്ല, അവസരമാണ്. അധോഗതിയല്ല, പുരോഗതിയാണ്.
തനിക്കെതിരാണെന്നു തോന്നുന്നവയെ മുഴുവൻ അനുകൂലമാക്കി മാറ്റാനുള്ള കഴിവാണ് നാം പ്രകടിപ്പിക്കേണ്ടത്. ഒരിക്കലും തോറ്റുകൊടുക്കരുത്.
നിരന്തരം കല്ലേറുകള് വരുന്നെങ്കിൽ ആ കല്ലുകളെ ഒരിക്കലും പാഴാക്കാതിരിക്കുക.. എല്ലാം ഒരുമിച്ചുകൂട്ടി നിങ്ങൾക്ക് അതിമനോഹരമായ മണിമാളിക പണിയാം. അതാണ് കല്ലെറിഞ്ഞവർക്കു നല്കാന് കഴിയുന്ന ഏറ്റവും നല്ല മറുപടി. അത്തരം മറുപടികളാണ് നമ്മെ അനശ്വരനാക്കുന്നതും...!
.
No comments:
Post a Comment