ജീവിതസാഹചര്യത്തിന് അനുകൂലമായ സ്ഥലം കണ്ടെത്താനും അവിടെ ജീവിച്ചുകൊണ്ട് പ്രതികൂലമായ സാഹചര്യം കടന്നുപോയശേഷം സ്വന്തം വാസസ്ഥലത്തേക്കു മടങ്ങിയെത്താനുമുള്ള യാത്രയാണല്ലോ ദേശാടനം. പക്ഷികളിലെ ദേശാടനം അത്ഭുതകരമാണ്. ലക്ഷ്യം തെറ്റാതെയും കാലം മറക്കാതെയുമുള്ള പക്ഷികളുടെ ദേശാടനത്തിനെ പറ്റിയുള്ള പല വിവരങ്ങളും ശാസ്ത്രത്തിന്ന് ഇന്നും അജ്ഞാതമാണ്. പതിനായിരത്തോളം ഇനത്തിലുള്ള പക്ഷികൾ ഈ ഭൂമുഖത്തുണ്ട്. ഇതിൽ നാലായിരത്തിലധികം പക്ഷികൾ ദേശാടനം നടത്താറുണ്ട് എന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ പക്ഷികളുടെ ദേശാടനത്തിന്റെ കാരണം, ദൈർഘ്യം, ലക്ഷ്യം, കാലച്ചക്രം ഒക്കെ വ്യത്യാസപ്പെട്ടു കിടക്കുന്നു. 2007 സെപ്റ്റമ്പറിൽ ഒരു അലാസ്കൻ പക്ഷി (bar-tailed godwit) -11,500 കി. മി. സഞ്ചരിച്ച് ന്യൂസിലാന്റിലെത്തി. ന്യൂസിലാന്റിലെ മസ്സി സർവകലാശാല പഠനാർത്ഥം ഘടിപ്പിച്ച സാറ്റലൈറ്റ് ടാഗ് വഴി പക്ഷിയെ ട്രാക് ചെയിതിരുന്നു. ഭക്ഷണം കഴിക്കാതെ, വെള്ളം പോലും കുടിക്കാതെയാണ് ഈ പറക്കൽ എന്നോർക്കുക. ഒമ്പത് ദിവസം തുടർച്ചയായുള്ള ഈ പക്ഷിയുടെ പറക്കൽ അത്യന്തവും അവിശ്വസനീയവുമായതുമാണെന്നാണ് സർവകലാശാല ചാൻസലർ ഫിൽ ബെറ്റ്ലി അഭിപ്രായപ്പെട്ടത്.
എല്ലാ പറവകൾക്കും ഒരു നിശ്ചിത വിഹാരസീമയുണ്ട് (boundary). വാസസ്ഥലവും അതിന്റെ ചുറ്റുപ്പാടും അടങ്ങുന്നതാണ് ഈ വിഹാരസീമ. ഇതിനകത്ത് അവ സ്വൈരവിഹാരം നടത്തുന്നു. പാർപ്പിടം ഒരുക്കൽ, ആഹാരം കണ്ടെത്തൽ, ഇണതേടൽ, ഇണ ചേരൽ തുടങ്ങിയ ദൈനംദിനചര്യകളൊക്കെ സ്വന്തം വാസസ്ഥലതിനകത്ത് ഒതുങ്ങി നിൽക്കുന്നു. എന്നാൽ ഇതിൽ നിന്ന് ഭിന്നമായി ഒരു നിശ്ചിത കാലയളവിൽ മാത്രം വിദൂരങ്ങളിലേക്ക് ചേക്കേറുകയും പിന്നീട് പഴയ ആവാസ സ്ഥലത്ത് തന്നെ തിരിച്ചെത്തുനതു
മാണ് ദേശാടനം. പക്ഷിലോകത്തെ അത്ഭുതങ്ങളിലൊന്നായി കരുതാൻ നമ്മേ പ്രേരിപ്പിക്കും വിധം വിചിത്രമാണ് ഇവയുടെ ദേശാടനം.
പക്ഷികളെ ദേശാടനത്തിന്ന് പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് പക്ഷി നിരീക്ഷണ വിദഗ്ദർക്ക് മനസ്സിലാക്കാൻ പറ്റിയിട്ടുണ്ടെ
ങ്കിലും ചില കാര്യങ്ങളിലെ സംശയങ്ങൾ ഇന്നും ബാക്കി തന്നെ കിടക്കുന്നു. സ്വന്തം വാസസ്ഥലത്ത് താമസിച്ച് പോരാൻ ശൈത്യം അനുവദിക്കാത്തതാണ് മിക്കവയുടെയും ദേശാടനത്തിന്റെ ഒരു കാരണം. ശൈത്യം കൂടിയാൽ ആഹാരത്തിന്ന് തടസ്സമാകുമെന്ന് പക്ഷികൾ മനസ്സിലാക്കുന്നു. പ്രജനനം നടത്താനും കാലാവസ്ഥ തടസ്സമാവാറുണ്ട്. പക്ഷേ, ചിലയിനം പക്ഷികൾ ഇത്തരം പ്രതിസന്ധികളൊക്കെ തരണം ചെയിത് സ്വന്തം പ്രദേശത്ത് തന്നെ തങ്ങുമ്പോൾ ചിലത് ഒരു പ്രത്യേക സ്ഥലത്തേയ്ക്ക് മാത്രം ദേശാടനം നടത്തുന്നു. അതിൽ മിക്കതും ദീർഘദൂരത്തുള്ള സ്ഥലത്തേയ്ക്കും.
ദേശാടനം അത്ര എളുപ്പമല്ലാതിരുന്നിട്ടും ആ പ്രതികൂല സാഹചര്യങ്ങളെയൊക്കെ തരണം ചെയിത് അവ ഉദ്ദേശിച്ച സ്ഥലത്ത് തന്നെ എത്തിച്ചേരുന്നു. ചില കുഞ്ഞൻ പറവകൾ ദേശാടനത്തിന്ന് മുമ്പായി തന്റെ ശരീരഭാരം ഇരട്ടിയായി വർദ്ധിപ്പിക്കുന്നതും കാണാം. ഇങ്ങനെ ആവശ്യത്തിന്ന് കൊഴുപ്പുകൾ സംഭരിച്ചു കൂട്ടി പറക്കുമ്പോൾ ആവശ്യമുള്ള ഊർജ്ജത്തിനായി അവ വിനിയോഗിക്കുന്നു. കൂടാതെ ചില പക്ഷികൾ ഒന്നോ രണ്ടോ ഇടത്താവളങ്ങൾ ഉപയോഗിക്കുന്നതായും കണ്ടിട്ടുണ്ട്. ഈ ഇടത്താവളങ്ങളും അവിടെ താമസിക്കുന്ന ഇടവേളകളിലെ ദിവസങ്ങളൊന്നും ഇവ തെറ്റിക്കാറില്ല. പിറന്ന് വീണ പക്ഷിക്കുഞ്ഞുങ്ങളും ഒരു നാവിഗേഷന്റെയും സഹായമില്ലാതെ തന്നെ ലക്ഷ്യം കൈവരിക്കുന്നു.
ദേശാടനം നടത്തുന്ന പക്ഷികളിൽ പലതും നമ്മെ അത്ഭുതപ്പെടുത്തും. കിർഗ്ഗിസ്ഥാൻ ഉൾപ്പെടുന്ന മദ്ധ്യ ഏഷ്യയിൽ കണ്ടു വരുന്ന 'കുറിത്തലയൻ വാത്ത' എന്നൊരു തരം അരയന്നപ്പക്ഷി ഹിമാലയം കടന്ന് തെക്കേ ഇന്ത്യ വരെ ദേശാടനം ചെയ്യാറുണ്ട്. ഹിമാലയത്തിന്ന് മേലെ പറക്കേണ്ടി വരുന്പോൾ ഭൂമിയിൽ നിന്ന് 8 കിലോ മീറ്ററോളം ഉയരത്തിലാണ് ഈ പക്ഷി പറക്കാറുള്ളത്. സാധാരണ ദേശാടനപക്ഷികൾ ഇത്രയും ഉയരത്തിൽ പറക്കലില്ലാത്തപ്പോൾ കുറിത്തലയൻ വാത്തയുടെ ഈ പറക്കൽ ശാസ്ത്രലോകത്തിന്ന് ഇന്നും കൗതുകമുണർത്തുന്നതാൺ. 70-75 സെ. മീ. നീളവും ശരാശരി 3 കിലോ ഭാരവുമുള്ള ഈ വാത്ത ഇത്രയും ഉയരത്തിൽ നോൺ സ്റ്റോപ്പായി ഏഴ് മണിക്കൂർ പറന്ന് ഹിമാലയത്തിന്ന് ഇപ്പുറമെത്തിച്ചേരും.
ആർട്ടിക് കാക്കകൾ ദേശാടനത്തിന്നായി സഞ്ചരിക്കുന്ന ദൂരം ലോക റെക്കോർഡാണ്. പ്രജനനത്തിന്നായി ആർട്ടിക്കിലെത്തുന്ന ഈ പക്ഷി തണുപ്പ് കാലത്ത് അന്റാർട്ടിക്കയിൽ ചിലവഴിക്കുന്ന ഇവ വർഷത്തിൽ 47,000 കിലോ മീറ്റർ വരെ സഞ്ചരിക്കാറുണ്ട്. 30 വർഷത്തോളം ജീവിക്കുന്ന ഈ പക്ഷി താണ്ടുന്ന ദൂരം നമുക്ക് ചിന്തിക്കാവുന്നതിന്നപ്പുറം. ഗ്രേറ്റ് സ്നിപ് എന്ന് പേരുള്ള ഒരിനം കുരുവി റെക്കോർഡിടുന്നത് വേഗത്തിൽ പറന്ന് കൊണ്ടാൺ. 6,800 കി. മീ. ദൂരം ഇവ മണിക്കൂറിൽ നൂറു കി. മീ. വേഗതയിൽ പറന്ന് തീർക്കും. 9000 കി. മീ. ഒരിടത്തും നിർത്താതെ നോൺ സ്റ്റോപ്പായി പറന്നാണ് 'വരവാലൻ ഗോഡ്വിറ്റ്' എന്ന പക്ഷി ന്യൂസിലാന്റിൽ നിന്ന് ചൈനയിലെ മഞ്ഞക്കടലിലേക്ക് ദേശാടനം നടത്തുന്നത്. ഭക്ഷണം പോലും കഴിക്കാതെ എട്ട് ദിവസം തുടർച്ചയായി പറന്നാണ് ഗോഡ്വിറ്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.
പറക്കാതെയും ദേശാടനം നടത്തുന്ന രണ്ട് പക്ഷികളാൺ പെൻഗ്വിനുകളും എമു പക്ഷിയും. ആസ്ട്രേലിയയിലെ എമു പക്ഷി ഭക്ഷണം തേടി നടന്ന് കൊണ്ട് മൈലുകളോളം ദേശാടനം നടത്തുന്പോൾ ചിലയിനം പെൻഗ്വിൻ പക്ഷികൾ വെള്ളത്തിലൂടെ നീന്തിയും ദേശാടനം നടത്താറുണ്ട്. പക്ഷികൾക്ക് ദേശാടനമൊരു ചര്യയാണ്. ലക്ഷ്യസ്ഥാനത്ത് എത്താൻ വേണ്ടി ഒരിക്കലും മുടങ്ങാതെ, വഴി പിഴക്കാതെ, തളരാതെയുള്ള ചര്യ.. ലക്ഷ്യമെത്തും വരെ ദേശാടനക്കിളി തളരാറില്ല... ലക്ഷ്യം വളരെ അകലെയാണെന്നോർത്ത് ദേശാടനപക്ഷികൾ കരയാറുമില്ല.
No comments:
Post a Comment