സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

January 15, 2018

-ദി ഗ്രേറ്റ് വാള്‍ ഓഫ് ഇന്ത്യ.

മധ്യപ്രദേശിന്റെ ഹൃദയത്തില്‍ ഇന്ത്യയുടെ ഒത്ത നടുവിലായി ഇന്ത്യയും ഇന്ത്യക്കാരും അറിയാതെ പോയ ഒരു അത്ഭുതം ഒളിഞ്ഞിരിപ്പുണ്ട്. നാട്ടുകാര്‍ വെറും ചുമരായി തള്ളിക്കളഞ്ഞ ഒരു പൗരാണിക നിര്‍മ്മിതി. ചൈനയുടെ വന്‍ മതിലിനൊപ്പം തലയുയര്‍ത്തി നില്‍ക്കാന്‍ കെല്‍പുള്ള ഒരു നെടുനീളന്‍ മതില്‍ 



-ദി ഗ്രേറ്റ് വാള്‍ ഓഫ് ഇന്ത്യ.
മതിലെന്ന് പറഞ്ഞാല്‍ ഇകഴ്ത്തലാവും. ഇത് വന്‍മതിലാണ്. അന്വേഷിക്കും തോറും നിഗൂഢമാകുന്ന ചരിത്രകാരന്‍മാരെ കുഴപ്പിക്കുന്ന കല്ലില്‍ പടുത്തുയര്‍ത്തിയ മഹത്തായ സൃഷ്ടി. അധികമാര്‍ക്കും അറിയാത്തത്, എന്നാല്‍ പ്രദേശവാസികള്‍ക്ക് പരിചിതമായ ഘടന. ചരിത്രാന്വേഷികള്‍ ഇതിന് പേരിട്ടിരിക്കുന്നത് ദി ഗ്രേറ്റ് വാള്‍ ഓഫ് ഇന്ത്യഎന്നാണ്. 80 കിലോമീറ്റര്‍ നീളം കണക്കാക്കുന്ന ഈ മതിലിന്റെ പല ഭാഗങ്ങളും കണ്ടെത്തി വരുന്നേയുള്ളൂ. ഒരു പക്ഷെ ദി ഗ്രേറ്റ് വാള്‍ ഓഫ് ചൈന കഴിഞ്ഞാല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ മതിലായി പൈതൃകസ്വത്തുക്കളുടെ പട്ടികയില്‍ രേഖപ്പെടുത്തപ്പെടാന്‍ സാധ്യതയുള്ള ഘടന.

എന്തു തന്നെയായാലും ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയാണിതെന്ന കാര്യത്തില്‍ സംശയം വേണ്ടിവരില്ലെന്നാണ് പ്രദേശത്ത് ഗവേഷണം നടത്തുന്ന ചരിത്രകാരന്‍മാരുടെ സാക്ഷ്യപ്പെടുത്തല്‍. റായ്‌സേന്‍ ജില്ലയിലാണ് വന്‍മതിലിന്റെ പല പ്രധാന ഭാഗങ്ങളും. തേക്ക് കാടുകളിലൂടെയും വിന്ധ്യന്‍ താഴ്‌വരയിലൂടെയും ഗോതമ്പുപാടങ്ങളിലൂടെയും കടന്നു പോകുന്ന മതില്‍ 20 വര്‍ഷം പഴക്കമുള്ള ഒരു അണക്കെട്ടിനാല്‍ മുറിഞ്ഞു പോവുന്നുമുണ്ട്. ചിലയിടങ്ങളിൽ 15 അടി ഉയരമെങ്കിൽ ചിലയിടങ്ങളിൽ വെറും മണൽക്കൂനകൾ മാത്രമാണീ കോട്ട.
പിന്തുടര്‍ന്ന് പോകുന്തോറും ഒളിപ്പിച്ചുവെച്ച പല അത്ഭുതങ്ങളും ഈ മതില്‍ തുറക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട കൊട്ടാരസദൃശ്യമായ ഭവനങ്ങള്‍, മഹത്തായ ക്ഷേത്ര നിര്‍മ്മിതികളുടെ അവശിഷ്ടങ്ങള്‍, പ്രതിമകളുടെ കഷ്ണങ്ങള്‍, പടികളുള്ള വലിയ കിണറുകള്‍, കല്ല്പാകിയ കുളക്കടവുകള്‍, പടിക്കെട്ടുകള്‍ അങ്ങിങ്ങായി പാമ്പിന്‍ മുദ്രകള്‍ എന്നു വേണ്ട പഴയ കാലഘട്ടത്തിന്റെ ഉള്ളറകള്‍ തുറക്കുന്ന പല ചരിത്രാവശിഷ്ടങ്ങളും ഈ മതിലിനെ അടുത്തറിയുന്തോറും നിരന്തരം കണ്ടെത്തി കൊണ്ടിരിക്കുകയാണ്.
പാര്‍മര്‍ രാജവംശ കാലത്തുണ്ടാക്കിയ ഭോപ്പാലിലെ ഭോജേശ്വര ക്ഷേത്രത്തിന്റെ നിര്‍മ്മാണം പരസ്പരം കോര്‍ത്ത ഈ കല്ലുകളുടെ മാതൃതയിലാണെന്നത് നിഗമനങ്ങളെ ശരിവെക്കുശരിവെക്കുന്നു.അങ്ങിനെയെങ്കില്‍ ചുരുങ്ങിയത് ആയിരം വര്‍ഷമെങ്കിലും പഴക്കമുള്ള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാവും ഈ പൗരാണിക ഘടന.


കുട്ടികള്‍ കളിക്കുന്ന ബില്‍ഡിങ് ബ്‌ളോക്കിന്റെ മാതൃകയില്‍ തമ്മില്‍ കോര്‍ക്കുന്ന കല്ലിന്‍ കഷ്ണങ്ങള്‍ കൊണ്ടാണ് കോട്ടയുടെ നിര്‍മ്മാണം. ചുണ്ണാമ്പോ സിമന്റോ ഉപയോഗിക്കാതെ പരസ്പരം കോര്‍ത്താണ് കല്ലുകള്‍ പടുത്തിരിക്കുന്നത്. ചിലയിടങ്ങളില്‍ പടികള്‍ കാണാം. ചിലയിടങ്ങളില്‍ ആയുധങ്ങള്‍ സൂക്ഷിക്കാനോ ഒളിച്ചിരിക്കാനോ പാകത്തിലുള്ള നിലവറകളുണ്ട്. നിലവറകളുള്ള മതിലിന്റെ മുകള്‍ഭാഗത്തിന് നല്ല വിസ്താരമുണ്ട്. അഴുക്കുചാലുകളും നിരീക്ഷണകവാടങ്ങളും ചില ഭാഗങ്ങളില്‍ കാണാം.ഒന്‍പതാം നൂറ്റാണ്ടിനും 13ാം നൂറ്റാണ്ടിനുമിടയില്‍ പശ്ചിമ-മധ്യ ഇന്ത്യ ഭരിച്ചിരുന്ന പാര്‍മര്‍ രാജവംശത്തിന്റെ അതിരുകളാവാം ഈ വന്‍മതിലെന്ന് പറയപ്പെടുന്നു.
'ഹിന്ദുസ്ഥാന്‍ ടൈംസ്‌

No comments: