ഉദാത്തമായ പ്രാർഥന ഏതു തരത്തിലുള്ളതാണ്? ചില മഹാത്മാക്കൾ നിർവചിച്ചതു നിശ്ശബ്ദതയിലുള്ള പ്രാർഥന എന്നാണ്. അതു യാചിക്കുകയോ അപേക്ഷിക്കുകയോ അല്ല, ശ്രദ്ധിക്കുകയാണ്. ‘യഹോവ കൽപിക്കുന്നതിനെ ഞാൻ ശ്രവിക്കും’ എന്നാണ് സങ്കീർത്തകൻ പ്രസ്താവിച്ചിട്ടുള്ളത്. അത്തരത്തിലുള്ള പ്രാർഥന ഏതെങ്കിലും കാര്യം ആവശ്യപ്പെടുകയല്ല. ദൈവഹിതം എന്തെന്നു ഗ്രഹിച്ച് അതു ചെയ്യുവാനുള്ള സമർപ്പണമാണ്.
നമ്മുടെ സ്വാർഥതയും അഹന്തയും വെടിഞ്ഞ് മറ്റൊരാൾക്കു വേണ്ടി, അതു ശത്രുവോ മിത്രമോ ആകട്ടെ, അയാളുടെ അവസ്ഥയെയും ആവശ്യങ്ങളെയും ഈശ്വരസമക്ഷം ഉണർത്തി അയാൾക്കുവേണ്ടി അപേക്ഷിക്കുന്നതു ശ്രേഷ്ടമായ പ്രാർഥനയാണ്. സ്നേഹമാണ് അതിന്റെ പ്രേരകശക്തി. ദൈവസ്നേഹത്തേക്കുറിച്ചുള്ള ബോധത്തിൽ നമ്മുടെ ഹൃദയം നിറഞ്ഞുകൊണ്ട്, ആർക്കുവേണ്ടി പ്രാർഥിക്കുന്നുവോ ആ വ്യക്തിയുടെ തലത്തിലേക്കു നാം എത്തി അപേക്ഷിക്കുമ്പോൾ അതു ശക്തമായിത്തീരുന്നു.
സീനായ് മലയിൽ മോശ നാൽപതു ദിവസം ദൈവസംസർഗത്തിൽ ചെലവിട്ടശേഷം താഴെ ഇസ്രായേൽ ജനതയുടെ അടുക്കലെത്തി. അപ്പോൾ അവിടെക്കണ്ട കാഴ്ച അദ്ദേഹത്തെ രോഷാകുലനാക്കി. സ്വർണം കൊണ്ട് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി അതിനു മുൻപിൽ ജനം നൃത്തം ചവിട്ടി ആരാധിക്കുകയായിരുന്നു. അതിനു നേതൃത്വം കൊടുത്തതാകട്ടെ മോശയുടെ സഹചാരിയായ അഹറോനും. വ്യക്തമായ കൽപന ലംഘനം നടത്തി വിഗ്രഹാരാധനയിലേക്കു വഴുതിപ്പോയ ജനത്തിന്റെ വലിയ വീഴ്ചയെ ഓർത്തുകൊണ്ട് മോശ വീണ്ടും മലയിലേക്കു കയറിപ്പോയി പ്രാർഥിച്ചു: ‘എങ്കിലും അവിടുന്ന് അവരുടെ പാപം ക്ഷമിക്കണമേ; അല്ലെങ്കിൽ അവിടുന്ന് എഴുതിയ അവിടുത്തെ പുസ്തകത്തിൽനിന്ന് എന്റെപേരു മായിച്ചു കളയണമേ.’
ആ പ്രാർഥന നമ്മുടെ ശ്രദ്ധയാകർഷിക്കുന്നു. ഉദാത്തമായ ആ പ്രാർഥന നിസ്വാർഥതയുടെയും ത്യാഗമനോഭാവത്തിന്റെയും പരസ്നേഹത്തിന്റെയും മകുടോദാഹരണമാണ്. ജനത്തെ ശകാരിക്കുന്നതിനോ അവരുമായി വഴക്കിടുന്നതിനോ ഒരുമ്പെടാതെ അവരുടെ പാപം ക്ഷമിക്കപ്പെടുവാൻ വേണ്ടി പ്രാർഥിക്കുന്നു. ആ പ്രാർഥനയിൽ നിസ്വാർഥമായ ത്യാഗമനോഭാവവും വെളിപ്പെടുന്നു. അവരോടു ക്ഷമിക്കുന്നതിനായി സ്വന്തം പേരുതന്നെ ജീവപുസ്തകത്തിൽനിന്നു മായിച്ചുകളയാൻ പോലും മോശ അപേക്ഷിക്കുന്നു. മറ്റുള്ളവർ രക്ഷപ്പെടുവാൻവേണ്ടി സ്വയം ഇല്ലാതാകുവാനുള്ള അഭിവാഞ്ഛ! എത്ര ഉൽകൃഷ്ടമായ മനോഭാവം!
മറ്റൊരാൾക്കുവേണ്ടി നാം പ്രാർഥിച്ചാൽ എന്തു പ്രയോജനം എന്നു ചോദിച്ചേക്കാം. മനുഷ്യബുദ്ധിക്കു നിർണയിക്കാനോ നിർവചിക്കാനോ കഴിയാത്ത വിധത്തിൽ അത്രേ ദൈവത്തിന്റെ പ്രവർത്തനങ്ങൾ. ഓരോ നിമിഷവും എന്തെല്ലാം സ്വാധീനങ്ങൾ നാമറിയാതെ നമ്മുടെമേൽ ഉണ്ടാകുന്നു! അദൃശ്യങ്ങളായ വിചാരവീചികൾ നമ്മുടെ ഹൃദയതന്തുക്കളെ ചലിപ്പിക്കുന്നു. ടെലിപ്പതിയെക്കുറിച്ചും എങ്ങനെ വിദൂരതയിലുള്ളവരുടെമേൽ നമ്മുടെ നിരൂപണങ്ങൾ കടന്നെത്തുന്നു എന്നുള്ളതിനെക്കുറിച്ചും കേൾക്കുന്നുണ്ട്.
Prayer is the expression of our love. - മറ്റുള്ളവരോടുള്ള സ്നേഹത്തിന്റെ പ്രതിസ്പുരണമാണ് അവർക്കുവേണ്ടിയുള്ള നമ്മുടെ പ്രാർഥന. പരേതരായവർക്കുവേണ്ടി പ്രാർഥിക്കുന്നത്, നമുക്ക് അവരോടുള്ള സ്നേഹം മരണത്തോടുകൂടി അവസാനിക്കുന്നില്ല എന്നുള്ളതു കൊണ്ടാണ്. ഭക്തജനങ്ങൾ തങ്ങളുടെ പ്രാർഥനകളിൽ എപ്പോഴും മറ്റുള്ളവരെ അനുസ്മരിക്കുകയും അവരുടെ ആവശ്യങ്ങൾക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യും. അബ്രഹാം സോദോം നിവാസികൾക്കുവേണ്ടിയും, മോശ ഇസ്രായേൽ ജനത്തിനുവേണ്ടിയും, ദാനിയേൽ പ്രവാസികളായ ജനതയ്ക്കുവേണ്ടിയും, ജോബ് തന്റെ സ്നേഹിതന്മാർക്കുവേണ്ടിയും, പൗലോസ് താൻ സ്ഥാപിച്ച എല്ലാ സഭകൾക്കുവേണ്ടിയും സഹപ്രവർത്തകർക്കുവേണ്ടിയും പ്രാർഥിക്കുന്നു.
മോണിക്ക എന്ന മാതാവ് ദീർഘനാൾ, അവളുടെ ദുർമാർഗിയായ മകന്റെ മാനസാന്തരത്തിനുവേണ്ടി പ്രാർഥിച്ചു. ക്ഷീണിച്ചു പോകാതെയും മടുത്തുപോകാതെയുമുള്ള പ്രാർഥന ആയിരുന്നു. അതിന്റെ ഫലമായി മകൻ അഗസ്തീനോസിന് അദ്ഭുത പരിവർത്തനമുണ്ടായി. അദ്ദേഹം പുതുജീവനിൽ പ്രവേശിച്ചു എന്നു മാത്രമല്ല ഒരു വലിയ വേദപണ്ഡിതനും, വിശുദ്ധനും ആത്മീയ ജ്യോതിസ്സുമായി പരിണമിച്ചു. സ്വന്ത ജീവിതത്തിനു മാതാവിന്റെ പ്രാർഥന എത്ര വലിയ ശക്തിയും സ്വാധീനവുമായിരുന്നു എന്ന് അദ്ദേഹം തന്നെ അനുസ്മരിക്കുന്നുണ്ട്.
അനേകരുടെ പ്രാർഥനയുടെ ഫലമായി രോഗസൗഖ്യം പ്രാപിച്ചു എന്നു സാക്ഷിക്കുവാൻ എത്രയോപേർക്കു സാധിക്കും. മാരകമായ രോഗങ്ങൾപോലും സുഖപ്രാപ്തിയിലെത്തുവാൻ പ്രാർഥനയുടെ സഹായം ലഭിച്ചു എന്നു പറയുന്നവരുണ്ട്. ആംഗ്ലിക്കൻ സഭയിൽ ജനിച്ചു വളർന്ന്, പിന്നീട് കത്തോലിക്കാ സഭയിൽ ചേർന്ന് കർദിനാൾ ആയിത്തീർന്ന ന്യൂമാൻ ചെയ്തിട്ടുള്ള ഒരു പ്രസ്ഥാവന മധ്യസ്ഥ പ്രാർഥനയുടെ പ്രയോജനത്തെ വ്യക്തമാക്കുന്നതാണ്.
By our words and deeds we can but teach or influence a few, by our prayers we may benefit the whole world, even strangers and enemies. നമ്മുടെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും കുറച്ചുപേരെ മാത്രമേ നമുക്കു സ്വാധീനിക്കാൻ കഴിയൂ. എന്നാൽ നമ്മുടെ പ്രാർഥനകൊണ്ട് ഈ ലോകത്തിനു മുഴുവൻ നന്മവരുത്താൻ കഴിയും; അജ്ഞാതരായവർക്കും ശത്രുക്കളായവർക്കുപോലും.
No comments:
Post a Comment